Friday, July 05, 2019

ശ്രീമദ് ഭാഗവതം 201*
സ്വായം ഭൂമനുവിന്റെ വംശത്തിൽ നിന്നാണ് അംബരീഷൻ വന്നത്. അംബരീഷന്റെ വംശത്തിൽ മാന്ധാതാ മുതലായിട്ടുള്ള മഹാപ്രഭാവശാലികളായിട്ടുള്ള ചക്രവർത്തികളൊക്കെ വന്നു. ആ വംശത്തിൽ തന്നെ വളരെ പ്രസിദ്ധനായ ഖട്വാംഗൻ എന്നൊരു രാജാവ് ജനിച്ചു. ഖട്വാംഗനെ ദേവലോകത്തിലേയ്ക്ക് ദേവന്മാർ യുദ്ധത്തിനായി കൂട്ടിക്കൊണ്ടു പോയി. യുദ്ധത്തിൽ ദേവന്മാർക്ക് ജയം നേടിക്കൊടുത്ത ശേഷം ദേവന്മാർ ചോദിച്ചു,
അങ്ങേയ്ക്ക് എന്തു വരമാ വേണ്ടത്.
രാജാവ് പറഞ്ഞു,
എനിക്ക് വരമൊന്നും വേണ്ട. എനിക്കിപ്പഴാ മരണം. കുറച്ച് മൂഹൂർത്തം സമയമേ ഉള്ളൂ. അദ്ദേഹം ഉടനെ പത്മാസനസ്ഥനായി ഇരുന്ന് ബ്രഹ്മ ലീനനായി.
അതെങ്ങനെയാ ഇങ്ങനെ യുദ്ധം ഒക്കെ ചെയ്ത ആൾക്ക് ക്ഷത്രിയ ധർമ്മം അനുഷ്ഠിച്ച ആൾക്ക് ഇങ്ങനെ മരണം അറിഞ്ഞ് യോഗസ്ഥിതിയിൽ ഇരുന്ന് ശരീരം ഉപേക്ഷിക്കാൻ എങ്ങനെ സാധിക്കും എന്ന് ചോദിച്ചാൽ രാജാവ് തന്നെ പറയുന്നു.
"കുട്ടിക്കാലം മുതൽ എന്റെ മനസ്സ് മറ്റൊരു വസ്തുവിലും വ്യാപരിച്ചിട്ടില്ല്യ".
ന മേ ബ്രഹ്മകുലാത് പ്രാണാ: കുലദൈവാന്ന ച ആത്മജ:
ന ശ്രിയോ ന മഹീ രാജ്യം ന ദാരാശ്ച അതിവല്ലഭാ:
എപ്പോഴും ജ്ഞാനികളുടെ സംഗത്തിലും കുലദൈവത്തിനെ ആരാധിക്കുന്നതിലും അല്ലാതെ എനിക്ക് രാജ്യത്തിലോ ബന്ധുക്കളിലോ വസ്തുക്കളിലോ ഒന്നും തന്നെ എന്റെ മനസ്സ് ചെന്നിട്ടില്യ.
ന ബാല്യേഽപി മതിർമ്മഹ്യമധർമ്മേ രമതേ ക്വചിത്.
കൊച്ചുകുട്ടിയായിരിക്കുമ്പോൾ പോലും അധർമ്മത്തിൽ എന്റെ മനസ്സ് രമിച്ചിട്ടില്ല്യ.
അത് മാത്രമല്ല,
ന അപശ്യ ഉത്തമശ്ലോകാദ് അന്യത് കിഞ്ചന വസ്തു അഹം
ചക്രവർത്തി ആയി രാജ്യഭരണം ഒക്കെ ചെയ്ത ആളാണ് പറയണത് ഞാനെന്റെ ജീവിതത്തിൽ ഭഗവാനെ അല്ലാതെ വേറൊന്നിനേയും കണ്ടിട്ടില്ല്യാത്രേ.
അപ്പോ ഇത്രയൊക്കെ പ്രവർത്തിച്ചതും യുദ്ധം ചെയ്തതും ഒക്കെ?
അതാണ് ജ്ഞാനികളുടെ നമുക്ക് മനസ്സിലാവാത്ത രഹസ്യം. എല്ലാ പ്രവർത്തിയും ചെയ്യണു യുദ്ധം അടക്കം ചെയ്യണു. പിന്നെ കുടുംബ കാര്യം ഒക്കെ പറയണോ. യുദ്ധം അടക്കം ചെയ്തിട്ട് അദ്ദേഹം പറയാ.
ന അപശ്യ ഉത്തമശ്ലോകാദ് അന്യത് കിഞ്ചന വസ്തു അഹം
ഞാൻ ഭഗവാനെ അല്ലാതെ ഒന്നും കണ്ടിട്ടില്ല്യാ.
ദേവന്മാര് എന്ത് വരം വേണമെന്ന് ചോദിച്ചപ്പോ
ന വൃണേ തം അഹം കാമം ഭൂതഭാവനഭാവന:
ഭഗവാൻ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നതുകൊണ്ട് എനിക്ക് ആഗ്രഹം ഒന്നും തന്നെ ഇല്ല്യ.
സദാ ഇന്ദ്രിയങ്ങളെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ദേവന്മാര് ശാശ്വതമായ ആത്മാവിനെ എങ്ങനെ അറിയും. ആത്മജ്ഞാനം ഇല്ലാത്ത ദേവന്മാര് അസുരന്മാരാണെന്നാണ്.
ന വിന്ദന്തി പ്രിയം ശശ്വത് ആത്മാനം കിമുതാപരേ
അഥേശമായാരചിതേഷു സംഗം
ഗുണേഷു ഗന്ധർവ്വപുരോപമേഷു
ഈ മുമ്പില് കാണുന്ന വസ്തുക്കളൊക്കെ ണ്ടല്ലോ ഗന്ധർവ്വപുരം പോലെ, മാജിക് പോലെ കാണുന്നതാണ്.
ഇതൊന്നും സത്യമല്ല എന്ന് നല്ലവണ്ണം എനിക്കറിയാം.
രൂഢം പ്രകൃത്യാഽത്മനി വിശ്വകർത്തു:
ഭാവേന ഹിത്വാ തമഹം പ്രപദ്യേ
ഭഗവാനെ ഞാൻ ശരണാഗതി ചെയ്യുന്നു എന്ന് നിശ്ചയം ചെയ്ത് ഈ ഖട്വാംഗൻ പത്മാസനസ്ഥനായി,
യത്തദ്ബ്രഹ്മപരം സൂക്ഷ്മമശൂന്യം ശൂന്യകല്പിതം
ഭഗവാൻ വാസുദേവേതി യം ഗൃണന്തി ഹി സാത്വതാ:
ബ്രഹ്മനിഷ്ഠനായിട്ട് ശരീരം ഉപേക്ഷിച്ചു. അങ്ങനെ ഖട്വാംഗചരിത്രം.
ആ ഖട്വാംഗന്റെ വംശത്തിലാണ് ദീർഘബാഹു രഘു. രഘുവിന്റെ പുത്രനായ അജൻ.
അജന്റെ പുത്രനായി ദശരഥൻ ദശരഥപുത്രനായി ഭഗവാൻ, രാമലക്ഷ്മണഭരതശത്രുഘ്നന്മാരായി അവതരിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments: