Monday, November 04, 2019

[04/11, 23:59] Malini Dipu Athmadhara: ദേവി തത്ത്വം-39

ഒരു ചലനവുമില്ലാതെ നിശ്ചലമായി നിൽക്കുന്ന പാഷാണത്തിൽ കാരുണ്യമൂറുന്ന അന്തർയാമിയെ ഉണർത്തുക. ആ അന്തർയാമി ശ്രീരാമകൃഷ്ണ ദേവന്റെ ഉള്ളിലാണ് കല്ലിലല്ല. വേറെയാരും കണ്ടില്ല. അതു കൊണ്ടാണ് എല്ലാരും അദ്ദേഹത്തെ ഭ്രാന്തനെന്ന് വിളിച്ചത്. ശ്രീരാമകൃഷ്ണൻ കാളിയോട് വർത്തമാനം പറയുന്നു, ഭക്ഷണം നല്കുന്നു, അമ്മയോട് എന്തൊക്കെയോ പറഞ്ഞ് കരയുന്നു, ചിരിക്കുന്നു. തമാശ പറയുന്നു. ഇതൊക്കെ കണ്ടപ്പോൾ അദ്ദേഹത്തിന് ഭ്രാന്താണെന്ന് ആൾക്കാർ ഉറപ്പിച്ചു. ആ കല്ലിനെ വച്ച് ഉപാസിച്ച് ആ കല്ലിലും അന്തർയാമിയെ ഉണർത്തിയത് കൊണ്ട് ജീവനുള്ള ആളുകളെ ശ്രീരാമകൃഷ്ണ ദേവൻ ഒന്ന് നോക്കുകയോ തൊടുകയോ ചെയ്താൽ മതി അവർ ഉണരും. കാരണം നമ്മുടെ ഉള്ളിലുള്ളതാണ് അദ്ദേഹത്തിൽ നിന്ന് വരുന്നത്.

പ്രഹ്ലാദൻ ജഗത്ത് മുഴുവൻ വിഷ്ണുവാണെന്ന് കണ്ടു. നമ്മൾ വേദാന്തപരമായി പ്രഹ്ലാദ ചരിത്രത്തെ പറയുകയാണെങ്കിൽ തൂണിൽ ഭഗവാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പ്രഹ്ലാദൻ തൂണിൽ നരസിംഹ സ്വാമിയെ കണ്ടത് കൊണ്ട് പ്രഹ്ലാദന്റെ അന്തർയാമി തന്നെയാണ് തൂണിന്റെ ഉള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്നത്. പ്രഹ്ലാദൻ തന്നെ തന്നെയാണ് തൂണിന്റെ ഉള്ളിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ട് വന്നത്. പ്രഹ്ലാദന് ദർശന ശക്തിയാണ് അമൃത ദൃഷ്ടിയാണ് .

സത്യം വിധാതും നിജ ഭൃത്യ ഭാഷിതം.
വ്യാപ്തിം ച ഭൂതേഷു അഘിലേഷു ച ആത്മനഃ
അദൃശ്യതാ അത്യത്ഭുത രൂപം ഉദ്വഹൻ സ്തംഭേ മൃഗായാം ന മൃഗം ന മാനുഷം

വൈകുണ്ഠത്തിൽ നിന്ന് ഭഗവാൻ വന്നു എന്ന് പറഞ്ഞില്ല.
സത്യം വിധാതും നിജ ഭൃത്യ ഭാഷിതം.
തന്റെ ഭൃത്യന്റെ ഭാഷ സത്യമാക്കാനായി.സകല ഭൂതങ്ങളിലും ആത്മാവുണ്ടെന്ന സത്യം പ്രകാശിപ്പിക്കാനായിട്ട്.
വ്യാപ്തിം ച ഭൂതേഷു അഖിലേഷു ച ആത്മനഃ
അഖില ഭൂതങ്ങളിലും ആത്മാവുണ്ടെന്നും. ആ ആത്മാ പ്രകാശിക്കുക മാത്രമേ വേണ്ടു എന്നും.

സ്വാമി രാമ തീർത്ഥർ പറയും God sleeps in rocks, he takes breath in plants, moves about in animals and wakes up to consciousness in man. ഈശ്വരൻ പാഷാണത്തിൽ ഉറങ്ങി കിടക്കുകയും, സസ്യങ്ങളിൽ ശ്വാസ പ്രശ്വാസം ചെയ്യുകയും, മൃഗങ്ങളിൽ ചലിക്കുകയും, അറിവുള്ള മനുഷ്യനിൽ ഉണരുകയും  ചെയ്യുന്നു.

Nochurji🙏🙏
[05/11, 03:07] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 325*

നാഹം തവാങ്ഘ്രികമലം ക്ഷണാർധമപി കേശവ
ത്യക്തും സമുത്സഹേ നാഥ സ്വധാമ നയ മാമപി

അവിടുന്ന് എങ്ങോട്ടാണ് ഭഗവാനേ പോകുന്നത്? എന്നെയും കൂടെ അങ്ങടേയ്ക്ക് കൊണ്ടുപോവ്വോ...

തവ വിക്രീഡിതം കൃഷ്ണ നൃണാം പരമമംഗളം
കർണ്ണപീയൂഷം ആസ്വാദ്യ ത്യജതി അന്യസ്പൃഹാം ജന:

ഭഗവദ് ലീലകളെ കേട്ട് ആസ്വദിച്ച് സംസാരവ്യാധികളൊക്കെ എന്നെ വിട്ടു പോയി. വിഷയരസം ഒക്കെ വിട്ടു പോയി.
എത്രയോ പേര് യതികളായിട്ട് നടക്കണു!
ഭഗവദ് സംഗം കൊണ്ടും, ഭഗവദ്ലീലാശ്രവണം കൊണ്ടും എത്രയോ പേര് വിമുക്തരായിട്ട് നടക്കണു!

മറ്റു പലേ സന്യാസിമാർ,
വാതരശനാ യ മുനയ: ശ്രമണാ ഊർധ്വമന്ഥിന:
ബ്രഹ്മാഖ്യം ധാമ തേ യാന്തി
വായു ഭക്ഷണം മാത്രം കഴിച്ച് കുലകുണ്ഡലിനിയെ മൂലാധാരത്തിൽ നിന്ന് സഹസ്രാരത്തിലേയ്ക്ക് ഉയർത്തി വിഷമിച്ച് ബ്രഹ്മചര്യാദി കഠിന വ്രതങ്ങളനുഷ്ഠിച്ചു കൊണ്ട് തപസ്സ് ചെയ്യുമ്പോ,

ഞങ്ങളിതാ ഭഗവാനേ,  വയം ഭക്താ: സാധാരണ ഭക്തന്മാരായ ഞങ്ങള്  അങ്ങയുടെ കൂടെ  നടന്നും,
ഉച്ഛിഷ്ടഭോജിനോ ദാസാ:
അവിടുന്ന് ഭക്ഷിച്ച് വെയ്ക്കുന്ന ഉച്ഛിഷ്ടം കഴിച്ചും ആ പരമാനന്ദസുഖം  അനുഭവിക്കുന്നു!

ഉച്ഛിഷ്ടം എന്തിനാ കഴിക്കണത്?
ഇതിനൊക്കെ പ്രാമുഖ്യം കൊടുത്തിട്ട് ഉത്തരേന്ത്യയിലൊക്കെ ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് അവരുടെ ഉച്ഛിഷ്ടം കൊടുക്കാറുണ്ട്. ഈ ഉച്ഛിഷ്ടം കഴിച്ചാൽ ഉദ്ധവര് പറഞ്ഞത് പോലെ ഭക്തി വരുമെന്നാണ് ശിഷ്യന്മാര് വിചാരിക്കണത്.
അത് ഒരു സൂത്രമോ ടെക്നിക്കോ അല്ല.
ആ ഭാവം ആണ് മുഖ്യം.

രമണമഹർഷി ആദ്യമൊക്കെ ഭോജനം കഴിഞ്ഞാൽ അറിയാതെ ആ ഉച്ഛിഷ്ടം ആരെങ്കിലുമൊക്ക എടുത്ത് കൊണ്ട് പോകും. കുറച്ച് നാള് കഴിഞ്ഞപ്പോ മഹർഷി ഒരു വറ്റുപോലും ബാക്കി വെയ്ക്കില്യ ഇലയില്. ഒരു ദിവസം ഒരു ഭക്തൻ അടുത്ത് നിന്നിട്ട് ഒരു ഭക്തൻ പറഞ്ഞു

"സ്വാമീ എനിക്കിത്തിരി ഉച്ഛിഷ്ടം വേണം."

ഓ, ഉച്ഛിഷ്ടം എന്തിനാ?

ഉച്ഛിഷ്ടം പ്രസാദമായിട്ട്...

മഹർഷി പറഞ്ഞു.
"ഓ.. ഞാൻ ഊണ് കഴിച്ചു ബാക്കി തന്നാൽ ഉച്ഛിഷ്ടം ആവോ. നീ ഊണ് കഴിക്കുമ്പോ ഞാൻ കഴിക്കണു ഞാനാണ് കഴിക്കണത് എന്ന വിചാരമില്ലാതെ കഴിച്ചാൽ അത് പ്രസാദമായിക്കൊള്ളും"
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: