Tuesday, November 19, 2019

പ്രഹ്ലാദന്റെ നരസിംഹമൂര്‍ത്തി സ്തുതി – ഭാഗവതം (161)

ത്രസ്തോഽസ്മ്യഹം കൃപണവത്സല ദുഃസഹോഗ്ര
സംസാരചക്രകദനാദ്‌ ഗ്രസതാം പ്രണീതഃ
ബഢഃ സ്വകര്‍മ്മഭിരുശത്തമ തേഽങ്ഘ്രി മൂലം
പ്രീതോഽപവര്‍ഗ്ഗശരണം ഹ്വയസേ കദാനു (7-9-16)
മൌനവ്രതശ്രുത തപോഽധ്യയനസ്വധര്‍മ്മ
വ്യാഖ്യാരഹോജപസമാധയ ആപവര്‍ഗ്ഗ്യാഃ
പ്രായഃ പരം പുരുഷതേ ത്വജിതേന്ദ്രിയാണാം
വാര്‍ത്താ ഭവന്ത്യുത ന വാത്ര തു ദാംഭികാനാം (7-9-46)
ഭയചകിതരായ ദേവവൃന്ദവും സ്വര്‍ഗ്ഗവാസികളും ഭഗവാനെ ദൂരെനിന്നു പ്രകീര്‍ത്തിച്ചു. പ്രഹ്ലാദനാകട്ടെ ഭയലേശമില്ലാതെ ഭഗവാനെ സമീപിച്ച്‌ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ഭഗവാനേ, ദേവവൃന്ദവും വിണ്ണവരും നിരന്തരം അവിടുത്തെ മഹിമയെ വാഴ്ത്തുന്നു. പക്ഷെ അങ്ങ്‌ അവരുടെ ധനത്തേയോ, പാരമ്പര്യത്തേയോ തപശ്ചര്യയേയോ, പ്രത്യക്ഷഭാവത്തേയോ, പഠിപ്പിനേയോ, ഊര്‍ജ്ജത്തേയോ, മഹിമയേയോ, സാമര്‍ത്ഥ്യത്തേയോ, ശക്തിയേയോ, നിപുണതയേയോ, ധൈര്യത്തേയോ, ബുദ്ധിയേയോ, യോഗശക്തിയേയോ നോക്കുന്നില്ല തന്നെ. അവിടുത്തെ പ്രസാദിപ്പിക്കാന്‍ ഭക്തിക്കു മാത്രമേ കഴിയൂ. മാത്രമല്ല, അവിടേക്ക്‌ വാഴ്ത്തിപ്പാടുന്നതുകൊണ്ട്‌ നേട്ടമൊന്നുമില്ല. ആരാണോ അവിടുത്തെ മഹിമയെ വര്‍ണ്ണിക്കുന്നത്, അവന്‍ മഹാനായി മാറുന്നു. സത്യമായ മുഖത്തില്‍ ആഭരണങ്ങള്‍ അണിയുന്നതു കൊണ്ട്, കണ്ണാടിയിലെ പ്രതിബിംബം സൗന്ദര്യമേറിയതായി തോന്നും.
ഭഗവന്‍, അങ്ങയുടെ ക്രോധം അടക്കിയാലും. ആ ക്രോധത്തിന്റെ ലക്ഷ്യം സാധിച്ചു കഴിഞ്ഞിരിക്കുന്നു. ആളുകള്‍ ഭയത്തില്‍ നിന്നും രക്ഷനേടാനായി അവിടുത്തെ വാഴ്ത്തുകയാണ്‌. പക്ഷെ, എനിക്ക്‌ അവിടുത്തെ യാതൊരു ഭയവുമില്ല, ദേവന്മാര്‍ക്കും സ്വര്‍ഗ്ഗവാസികള്‍ക്കും ഉളളതുപോലെ. പക്ഷെ, നിരന്തരം ചുറ്റിത്തിരിയുന്ന ഈ ജനിമൃതിചക്രത്തിനെ എനിക്കു വലിയ ഭയം തന്നെയാണ്‌. എന്നാണെന്നെ അവിടുത്തെ പരമമുക്തിപ്രദമായ ആ താമരപ്പാദങ്ങളില്‍ ചേര്‍ക്കുന്നത്‌? കൂടുവിട്ടു കൂടുമാറി പാര്‍ക്കുന്ന ഈ അലച്ചില്‍ മതിയായി, ഭഗവാനേ. സത്സംഗം എപ്പോഴും ഉണ്ടാവാനായും അവിടുത്തെ മഹിമാവിശേഷങ്ങള്‍ കേള്‍ക്കാനും പാടാനും വേണ്ട വിവേകവിജ്ഞാനം തന്ന് എന്നെ അനുഗ്രഹിച്ചാലും. അവിടുത്തെ കൃപയില്‍ കവിഞ്ഞ് മറ്റൊരു രക്ഷകനോ മോക്ഷദായകനോ ഇല്ലതന്നെ. എന്തെല്ലാം ആരെല്ലാം എവിടെ, എങ്ങനെ ചെയ്യുന്നുവോ അതെല്ലാം അവിടുന്നുതന്നെ. അവിടുത്തെ മായാശക്തിയാല്‍ സത്യത്തിന്‌ ആവരണമിട്ടതുകൊണ്ട്‌ ഇഹലോകം ഉണ്മയാണെന്നു തോന്നിക്കുന്നു. അതുകൊണ്ട്‌ അവിടേക്കു മാത്രമേ മായയില്‍നിന്നു്‌ ഞങ്ങളെ രക്ഷിക്കാനാവൂ. ദേവന്മാര്‍ പോലും എന്റെ പിതാവിന്റെ ക്രോധത്തിനു മുന്‍പില്‍ പേടിച്ചു വിറച്ചു. ആ ഹിരണ്യകശിപുവിനെ അങ്ങ്‌ കാലപുരിക്കയച്ചു. എനിക്ക്‌ ദേവസ്ഥാനമോ ബ്രഹ്മപദമോ ഒന്നും വേണ്ട. അവിടുത്തെ പാദങ്ങളില്‍ എനിക്ക്‌ അഭയമേകിയാലും. ഈ വിശ്വം മുഴുവന്‍ അവിടുത്തെ ഊര്‍ജ്ജമത്രെ. സ്രഷ്ടാവ്‌ അതില്‍ നിന്നുണ്ടായി. അങ്ങയെ പ്രസാദിപ്പിച്ച്‌ സ്രഷ്ടാവ്‌ വിശ്വസൃഷ്ടി നടത്തി. അപ്പോള്‍ മുതല്‍ അവിടുന്നാണ്‌ വിശ്വത്തെ നിലനിര്‍ത്തി സംരക്ഷിക്കുന്നത്‌. പലേ രൂപത്തില്‍ – മനുഷ്യനായും, ഉപമനുഷ്യനായും, ദേവനായുമെല്ലാം. മലിനമായ മനസ്സ് അവിടുത്തെ കഥകളിലും മഹിമാവര്‍ണ്ണനകളിലും ആനന്ദിക്കുന്നില്ല. അങ്ങനെയുളള മനസ്സ് പലേ വിധത്തില്‍ സംഭ്രാന്തമായിരിക്കും. ലൈംഗികാവയവം മുതല്‍ നാവുവരെയും മറ്റ്‌ ഇന്ദ്രിയങ്ങളും ഉദരവുമെല്ലാം മനസ്സിനെ അങ്ങോട്ടേക്കാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ദ്രിയങ്ങളുടെ ബന്ധത്തില്‍പ്പെട്ട്‌ ആളുകള്‍ കാരാഗൃഹത്തിലെന്നപോലെ കഴിയുന്നു. അവിടുത്തെ കൃപയാല്‍ അവരെ രക്ഷിച്ചാലും. അവിടേയ്ക്ക്‌ മാത്രമേ ശ്രമരഹിതമായി അതു ചെയ്യാനാവൂ. മൗനവ്രതം, തപസ്സ്, ധ്യാനം, സമാധി തുടങ്ങിയ സാധനകളൊന്നും അവിടുത്തെ കൃപയില്ലെങ്കില്‍ വെറുമൊരു പൊങ്ങച്ചമോ ജീവസന്ധാന മാര്‍ഗ്ഗമോ മാത്രമാണ്‌. അതുകൊണ്ട്‌ വിവേകി ഭക്തിയോഗം പരിശീലിക്കുന്നു. നാരദന്‍ പറഞ്ഞുഃ പ്രഹ്ലാദന്റെ മൂര്‍ദ്ധാവില്‍ കൈവച്ച്‌ ഭഗവാന്‍ അനുഗ്രഹിച്ചു. ബ്രഹ്മാവിനോ ലക്ഷ്മിക്കോ പോലും ലഭിക്കാതിരുന്ന ഭാഗ്യമത്രെ അത്‌. ഭഗവാന്‍ പറഞ്ഞുഃ ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു. എന്തു വരം വേണമെങ്കിലും ചോദിച്ചുകൊളളൂ. ഭക്തശിരോമണിയായ പ്രഹ്ലാദന്‍ നിശ്ശബ്ദനായി നിന്നതേയുളളൂ.

No comments: