Tuesday, November 19, 2019

ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗം – ഭാഗവതം (168)

പ്രവൃത്തം ച നിവൃത്തം ച ദ്വിവിധം കര്‍മ്മ വൈദികം
ആവര്‍ത്തേത പ്രവൃത്തേന നിവൃത്തേനാശ്നുതേഽമൃതം (7-15-47)
നാരദമുനി തുടര്‍ന്നു:
വേദശാസ്ത്രങ്ങളിലുളള പാഠങ്ങള്‍ മനുഷ്യന്‌ ഇന്ദ്രിയങ്ങളെയും മനസ്സിനേയും നിയന്ത്രിക്കാനുളള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചു തരുന്നു. ഈ ഉദ്ദേശ്യം ഇല്ലാതുളള ഏതൊരു കൃതിയും തുലോം ഉപയോഗശൂന്യമത്രേ. ഈശ്വരസാക്ഷാത്ക്കാരത്തിനല്ലാത്ത ഏതൊരു പ്രവൃത്തിയും വൃഥാ വ്യായാമമാണ്‌. ഇന്ദ്രിയനിയന്ത്രണമാഗ്രഹിക്കുന്ന ഒരുവന്‍ ഒരു സംന്യാസിയായി ഒറ്റപ്പെട്ട സ്ഥലത്തു താമസിച്ച്‌ യാതൊന്നിനോടും ആസക്തി കൂടാതെ വളരെ ലളിതമായ ജീവിതം നയിച്ച്, ഭിക്ഷാടനം കൊണ്ട്‌ ജീവിക്കണം.
അങ്ങനെ ഏകാന്തതയുളള സ്ഥലത്ത്, പുല്ലുകൊണ്ടോ, മാന്‍തോലുകൊണ്ടോ, തുണികൊണ്ടോ ഉണ്ടാക്കിയ ആസനത്തിലിരുന്നു് അയാള്‍ ധ്യാനം ചെയ്യണം. “ഓം” ഉരുവിട്ടു കൊണ്ട്‌ നാസികാഗ്രത്തില്‍ ദൃഷ്ടി കേന്ദ്രീകരിച്ച്‌ പ്രാണായാമം ചെയ്യണം. മനസ്സിലെ ആഗ്രഹങ്ങള്‍ ഉപേക്ഷിക്കപ്പെടുംവരെ ശ്വാസോഛാസഗതിയെ നിയന്ത്രിച്ച്, വിറകില്ലാത്ത തീപോലെ പ്രശാന്തതയിലെത്തി നിശ്ചലമാവണം. സംന്യാസിയായ ഒരുവന്‍, പിന്നീട്‌ പരിതാപകരമായ ഏതെങ്കിലും ലൗകികകാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അത്‌ ഛര്‍ദ്ദിച്ച സാധനം വീണ്ടും ഭക്ഷിക്കുന്നതുപോലെയാണ്‌. ശരീരത്തിന്റെ ക്ഷണികതയെപ്പറ്റി മനസ്സിലാക്കിയ ശേഷം വീണ്ടും അതിന്റെ പോഷണത്തിനായി കഷ്ടപ്പെടുന്നത്‌ അയാളുടെ പതനമത്രേ. സ്വധര്‍മ്മം പാലിക്കാത്ത ഗൃഹസ്ഥന്‍, ബ്രഹ്മചര്യനിഷ്ഠ പാലിക്കാത്ത വിദ്യാര്‍ത്ഥി, ആത്മനിയന്ത്രണം നഷ്ടപ്പെട്ട സന്ന്യാസി, ഇവരെല്ലാം അവരവരുടെ സമൂഹത്തിനു മഹാഹാനിയുണ്ടാക്കുന്നു. വിജ്ഞാനിയും വിവേകിയുമായ ഒരുവന്‍ അവരെ അവഗണിക്കുന്നു.
ഏതു ഗണത്തില്‍പ്പെട്ടയാളായാലും ആത്മാവും പരമാത്മാവും ഒന്നെന്ന ബോധത്തോടെ യാതൊരു വിധത്തിലുളള ആര്‍ത്തിയുമില്ലാതെ വേണം ജീവിക്കാന്‍. ദ്വന്ദ്വഭാവങ്ങളായ ആസക്തിയും അനാസക്തിയും, ദുര്‍വാസനകളായ കാമം, ക്രോധം, ലോഭം, ദുഃഖം, പൊങ്ങച്ചം എന്നിവയെല്ലാം രജോഗുണത്തിന്റേയും തമോഗുണത്തിന്റേയും സന്തതികളത്രെ. ഇവകളും, ചില സാത്വികഗുണങ്ങള്‍ പോലും, ഉദാഹരണത്തിന്, അര്‍ഹതയില്ലാത്തിടത്ത്‌ പ്രകടിപ്പിക്കുന്ന ദയ, നമ്മുടെ ശത്രുക്കളത്രെ. സല്‍സംഗത്താലും ഭഗവല്‍കൃപയാലും ജ്ഞാനിയായ ഒരുവന്‍ ഈ ശത്രുക്കളെ വിവേകത്തിന്റെ വാളു കൊണ്ട്‌ നശിപ്പിക്കണം. അല്ലെങ്കില്‍ അവ അവനെ ജനനമരണചക്രത്തിന്റെ ഒഴുക്കിലേക്ക്‌ വീണ്ടും പോകാനിടയാക്കും.
വേദാനുസാരിയായ രണ്ടു തരം കര്‍മ്മങ്ങളുണ്ട്‌. ഒന്നു്, പ്രവൃത്തി – ജീവന്‌ നശ്വരമായ അസ്തിത്വത്തിലേക്ക്‌ തിരിച്ചു വരേണ്ടതായി വരുന്നത്‌ ഈവിധ കര്‍മ്മങ്ങള്‍ കൊണ്ടാണ്‌. രണ്ട്, നിവൃത്തി – അമര്‍ത്ത്യത നല്‍കുന്നവയാണീ കര്‍മ്മങ്ങള്‍. ശാസ്ത്രവിധി പ്രകാരമുളള കര്‍മ്മങ്ങള്‍ (ഇഷ്ടം), സാമൂഹിക പ്രവര്‍ത്തനങ്ങള്‍ (പൂര്‍ത്തം), എന്നിവ പൊതുവെ സ്വാര്‍ത്ഥപരമത്രേ. അതുകൊണ്ട്‌ അവ മനഃശാന്തി ഇല്ലാതാക്കുകയും പുനര്‍ജന്മഹേതുവായ ഇരുണ്ട പാതയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. എന്നാല്‍ നിവൃത്തിമാര്‍ഗ്ഗം അവലംബിക്കുന്നവര്‍, സന്ന്യാസം സ്വീകരിച്ച്‌ കര്‍മ്മങ്ങളെ ഇന്ദ്രിയങ്ങളിലും ഇന്ദ്രിയങ്ങളെ മനസ്സിലും, അങ്ങനെയങ്ങനെ ജീവനെ പരമാത്മാവില്‍ വിലയിപ്പിക്കുംവരെ പ്രഭാപൂര്‍ണ്ണമായ ആ പാത പിന്തുടരുന്നതു കൊണ്ട്, നശ്വരമായ അസ്തിത്വത്തിലേക്കു മടങ്ങിവരികയില്ല. ഈ രണ്ടു പാതകളും അറിയാവുന്നവന്‍ മോഹിതനാവുന്നില്ല.

No comments: