ഗജേന്ദ്രന്റെ ഭഗവല്‍സ്തുതിയും ഗജേന്ദ്രമോക്ഷവും – ഭാഗവതം (172)
സോഽന്തഃ സരസ്യുരു ബലേന ഗൃഹീത ആര്‍ത്തോ
ദൃഷ്ട്വാ ഗരുന്മതി ഹരിം ഖ ഉപാത്തചക്രം
ഉത്ക്ഷിപ്യ സാംബുജകരം ഗിരമാഹ കൃച്ഛ്‌റാ
നാരായണാഖില ഗുരോ ഭഗവന്‍ നമസ്തേ (8-3-32)
തം വീക്ഷ്യ പീഡിതമജഃ സഹസാവതീര്യ
സഗ്രാഹമാശു സരസഃ കൃപയോജ്ജഹാര
ഗ്രാഹാദ്വിപാടിതമുഖാദരിണാ ഗജേന്ദ്രം
സംപശ്യതാം ഹരിരമൂമുചദുസൃയാണാം (8-3-33)
ശുകമുനി തുടര്‍ന്നു:
ഗജേന്ദ്രന് ഈ സമയത്ത് താന്‍ കഴിഞ്ഞ ജന്മത്തില്‍ പഠിച്ച ഒരു സ്തുതി ഓര്‍മ്മ വരികയും അത് ചൊല്ലുകയും ചെയ്തു.
ഗജേന്ദ്രന്‍ പറഞ്ഞു:
ആ പരംപൊരുളിനെ ഞാന്‍ നമസ്കരിക്കുന്നു. സൃഷ്ടിയുടെ അകാരണമായ കാരണവും, ഈ വിശ്വസൃഷ്ടിയുടെ ഹേതുവും അവിടുന്നാണ്. അവിടുന്നില്‍ നിന്നുണ്ടായി അവിടുത്തെ പ്രഭയില്‍ നിലനിന്നു് അവസാനം അവിടുത്തെ പൊരുളില്‍ത്തന്നെയാണല്ലോ സൃഷ്ടികളെല്ലാം വിലയം പ്രാപിക്കുന്നുത്. ഈ വിശ്വത്തിന്റെ പ്രകടിതവും അപ്രകടിതവുമായ ഊര്‍ജ്ജം അവിടുന്നുതന്നെ. സൃഷ്ടിയുടെ പ്രത്യക്ഷഭാവം പിന്‍വലിഞ്ഞാല്‍പ്പോലും അവിടുത്തെ പ്രഭാപൂരം അവശേഷിക്കുന്നു. ദേവന്മാര്‍ക്കുപോലും അപ്രാപ്യമായ ഉണ്മയ്ക്കുടയോനായ ഭഗവാന്‍ എനിക്കു രക്ഷയേകട്ടെ. സ്വയം രൂപരഹിതനെങ്കിലും എല്ലാറ്റിലും നിലകൊണ്ട്, എല്ലാ രൂപഭേദങ്ങളായും പ്രത്യക്ഷമായി, തന്റെ മായാശക്തിയാല്‍ ഇവയെ നിയന്ത്രിക്കുന്ന അവിടേക്ക് നമോവാകം.
അവിടുന്ന് പാപപുണ്യങ്ങള്‍ക്കതീതനെങ്കിലും സ്വന്തം മായാശക്തിക്കടിപ്പെട്ടപോലെ ചിലപ്പോള്‍ കാണപ്പെടുന്നു. സര്‍വ്വസ്വതന്ത്രവും ഒന്നിനോടും ആസക്തിയില്ലാത്തതുമാണവിടുന്ന്. അവിടുത്തെ സാക്ഷാല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലൗകികമായ ശരീരാസക്തിയുണ്ടായിക്കൂടാ. അനാസക്ത ജീവിതം നയിക്കുന്ന യോഗിവര്യന്‍മാരുടെ പരമലക്ഷ്യമായ അവിടേക്ക് നമോവാകം. ആരുടെ ദര്‍ശനം ലഭിക്കാനാണോ മഹര്‍ഷിവര്യന്‍മാര്‍ കാടുകളില്‍ അനുസ്യൂതധ്യാനത്തിനായി പോവുന്നത്, ആ പരമാത്മാവിനു നമസ്കാരം. അവിടുന്ന് ഇന്ദ്രിയമനോബുദ്ധികളുടെ സര്‍വ്വസാക്ഷിയത്രെ. അങ്ങ് തികച്ചും സ്വതന്ത്രനും അവിടുത്തെ അഭയം പ്രാപിക്കുന്നവരുടെ അജ്ഞതാന്ധകാരം നശിപ്പിക്കുന്നുവനുമാണ്. ആഗ്രഹലേശമേതുമില്ലാത്ത മാമുനിമാര്‍ സാക്ഷാത്കരിക്കാനാഗ്രഹിക്കുന്ന അവിടുന്ന് ആദിപുരുഷനും പൂര്‍ണ്ണനും അതീവഗഹനനും ഇന്ദ്രിയങ്ങള്‍ക്കതീതനുമത്രെ. എന്നെപ്പോലെ അജ്ഞാനത്തില്‍ വഴുതിവീണവരെ രക്ഷിക്കാനുളള ഏകമാര്‍ഗ്ഗമായ അവിടുത്തെ ഞാന്‍ വീണ്ടുംവീണ്ടും സ്തുതിക്കുന്നു.
അവിടുന്ന് തന്റെ ചെറിയൊരംശം കൊണ്ടാണ് വിശ്വത്തേയും അതിലെ അസംഖ്യം നാമരൂപങ്ങളേയും സൃഷ്ടിക്കുന്നത്. സ്ത്രീയോ പുരുഷനോ മനുഷ്യനോ ദേവനോ ഉപമനുഷ്യനോ അല്ലാ അവിടുന്ന്. അവിടുന്ന് കാര്യവും കാരണവുമല്ല. എല്ലാ വിവരണങ്ങള്‍ക്കുമതീതനാണങ്ങ്. -നേതി, നേതി (ഇതല്ല, ഇതല്ല) – എന്ന പ്രക്രിയയാല്‍ വിവരണങ്ങളെ തിരസ്കരിച്ചശേഷവും എന്തവശേഷിക്കുന്നുവോ ആ ഭഗവാന്‍ എനിക്കു പ്രത്യക്ഷമാവട്ടെ. ഭഗവന്‍, എന്റെ ഇപ്പോഴത്തെ ദുരിതത്തില്‍ നിന്നും രക്ഷിക്കണമെന്നു ഞാനാവശ്യപ്പെടുന്നില്ല. എന്നാല്‍ അവിടുത്തെ സാക്ഷാല്‍ക്കരിക്കാന്‍ വിഘാതമായിരിക്കുന്ന ഈ അജ്ഞാനാവരണം നീക്കണമെന്ന് എനിക്ക് പ്രാര്‍ത്ഥനയുണ്ട്.
ഗജേന്ദ്രന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ ബ്രഹ്മാവും ദേവന്മാരും പ്രതികരിച്ചില്ല. കാരണം പ്രാര്‍ത്ഥന പരംപൊരുളിനോടായിരുന്നല്ലോ. ഭഗവാന്‍ ഹരി അപ്പോള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ഭഗവാനെ കണ്ട് ഗജേന്ദ്രന്‍ തന്റെ തുമ്പിക്കയ്യുകൊണ്ട് ഒരു പൂവിറുത്ത് ഭഗവാനു സമര്‍പ്പിച്ചു. സര്‍വ്വരുടേയും ഗുരുവായ ഭഗവാന്‍ നാരായണനെ ഞാന്‍ നമസ്കരിക്കുന്നു. ഭഗവാന്‍ ക്ഷണനേരം കൊണ്ട് മുതലയുടെ തലയറുത്ത് ഗജേന്ദ്രനെ രക്ഷിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
No comments:
Post a Comment