മഹത്തായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ കാണുന്ന കാരണങ്ങള്‍ മാത്രമേ നാം അറിയാറുള്ളൂ. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെയോ ഒരു ജനതയുടെയോ ഒരു കാലഘട്ടത്തിന്‍റെയോ ഇച്ഛാശക്തിയെ കുറിച്ച് നാം അറിയാറില്ല. അതാണ് ഏതിന്‍റെയും സൂക്ഷ്മരൂപത്തിലുള്ള അടിസ്ഥാന കാരണം.
ഇച്ഛാശക്തിയുടെ ഏറ്റവും ദുര്‍ബലമായ ഫലമാണ് വ്യക്തിയുടെ സ്വാര്‍ത്ഥതാല്പര്യങ്ങളും നേട്ടങ്ങളും! ഇച്ഛാശക്തിയുടെ പരമമായ ഫലമാണ് നിസ്വാര്‍ത്ഥമായ സേവനം! സ്വാര്‍ത്ഥതയും ഭിന്നതയും മാനുഷിക ദൗര്‍ബല്യമാണെങ്കില്‍ നിസ്വാര്‍ത്ഥതയും സമന്വയവും ദൈവികശക്തിയാണ്! സ്വാര്‍ത്ഥമായ ഇച്ഛാശക്തികൊണ്ട് നമുക്ക് സമൂഹത്തെ ചെറിയ ചെറിയ സംഘടനകളായ് വിഭജിക്കുവാനും അവയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാനും സാധിക്കും. എന്നാല്‍ എല്ലാ സംഘങ്ങളെയും ഒന്നില്‍ കൂട്ടി ഇണക്കണമെങ്കില്‍ അത് ദൈവികമായ ഇച്ഛാശക്തികൊണ്ടേ സാധിക്കൂ. ഭിന്നിച്ചു കലഹിച്ചു കഴിയുന്ന ഒരു ലോകത്തെ മുന്നില്‍ നിന്ന് ഏകത്വ ദര്‍ശനത്തിലേയ്ക്ക് നയിക്കുവാന്‍ കെല്പുള്ള ''അത്തരം ഇച്ഛാശക്തിയെയാണ് നാം അവതാരമെന്നു പറയാറുള്ളത്'' എന്നാണ് വിവേകാനന്ദസ്വാമികള്‍ പറയുന്നത്- ''ഒരു ജന്മംകൊണ്ട് ഒരാള്‍ നേതാവാകയില്ലെന്ന് എനിക്ക് സമ്മതമായിരിക്കുന്നു. അയാള്‍ക്ക് അതിനായ് ജനിക്കണം. ആസൂത്രണത്തിലും സംഘടനയിലുമല്ല വിഷമം, ഒരു നേതാവിന്‍റെ ശരിയായ പരീക്ഷ കിടക്കുന്നത് വിഭിന്നജനങ്ങളെ അവര്‍ക്ക് പൊതുവേയുള്ള സ്വഭാവമനുസരിച്ച് കൂട്ടിച്ചേര്‍ക്കുന്നതിലാണ്. ഇത് അബോധപൂര്‍വ്വം സ്വാഭാവികമായേ ചെയ്യാനാകൂ. ഒരിക്കലും ശ്രമംകൊണ്ട് വയ്യ.''
ശ്രീകൃഷ്ണനും ശ്രീശങ്കരാചാര്യരും എല്ലാം ജനകീയ ഇച്ഛാശക്തിയുടെ അനുഗ്രഹഫലമായ അത്തരമൊരു നേതൃത്ത്വത്തിന്‍റെ ആദര്‍ശ രൂപങ്ങളാണ്. അവര്‍ വിരല്‍ ചൂണ്ടുന്ന 'ഗീതോപനിഷത്തു'കളില്‍ സാമൂഹികവും ആദ്ധ്യാത്മികവുമായ പുരോഗതിക്കും ഏകതയ്ക്കും ആധാരമായ 'അദ്വൈതദര്‍ശനം' ഉണ്ട്. അതിനെ ഉള്‍ക്കൊള്ളുന്നൊരു വ്യക്തിയുടെ ഇച്ഛാശക്തിയോട് എതിരിടാന്‍ ലോകത്ത് ആര്‍ക്കുംതന്നെ സാധിക്കില്ല! എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒന്നിനെ എങ്ങനെയാണ് ആര്‍ക്കെങ്കിലും എതിര്‍ക്കാനാകുക? അതാണ് അദ്വൈതം! ദൈവികദര്‍ശനം!
ഓം.....krishnakumar kp
ഓം.....krishnakumar kp
No comments:
Post a Comment