Wednesday, November 13, 2019

ശതരുദ്രീയം
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)
പ്രഥമോ/നുവാക:
ശ്ലോകം - 9
നമോ അസ്തു നീലഗ്രീവായ
സഹസ്രാക്ഷായ മീഢുഷേ
അഥോ യേ അസ്യ സത്ത്വാനോ
അഹം തേഭ്യോ/കരം നമ:
അന്വയം :-
സഹസ്രാക്ഷായ മീഡുഷേ നീലഗ്രീവായ നമ: അസ്തു, അഥോ യേ അസ്യ സത്ത്വാന: ഭവന്തി തേഭ്യ: അഹം നമ: അകരം .
വിവരണം :-
"സഹസ്രാക്ഷ" എന്ന പദം കൊണ്ട് ജീവരാശിയാകുന്ന ശരീരത്തോട് കൂടിയവൻ എന്നും "മീഡുഷേ" എന്ന പദം കൊണ്ട് ലോകത്തെ സസ്യ സമ്പൂർണ്ണമാക്കി പ്രാണികളെ രക്ഷിക്കുന്നവൻ എന്നും ഈശ്വരനെ വിശേഷിപ്പിച്ചിരിക്കുന്നു. ഈശ്വരഭക്തന്മാർ ,ഈശ്വരമാത്ര ബുദ്ധികളായവർ ,ആദിത്യാദികളെപ്പോലെ ഈശ്വരാഭിജ്ഞന്മാരാകയാൽ ഈശ്വരബുദ്ധ്യ നമസ്ക്കരിക്കപ്പെടേണ്ടവർ തന്നെ. അഥവാ അവരെ നമസ്ക്കരിക്കുന്നതുകൊണ്ട് ഈശ്വരസാക്ഷാൽകാരത്തിനുള്ള സാധനങ്ങളെ അവരിൽനിന്ന് സമ്പാദിക്കാവുന്നതാണ്. അഥവാ അവരുടെ കൂട്ട്കെട്ട് ഈശ്വരഭക്തന് സംഭാഷണാദികളെക്കൊണ്ട് ഭക്തി വർദ്ധകമായി തീരുന്നു.അതു കൊണ്ടാണ് ഈശ്വരനേയും ഈശ്വരഭക്തന്മാരേയും നമസ്ക്കരിക്കുന്നതിനായി ഈ മന്ത്രം പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ഒമ്പത് മന്ത്രം കൊണ്ട് സ്വധർമ്മലോപം കണ്ടു ക്രുദ്ധനായ ഈശ്വരനെ പ്രസാദിപ്പിച്ചു.ഇനി ആറ് മന്ത്രം കൊണ്ട് ആ ആയുധങ്ങളെ യഥാക്രമം ഉപസംഹരിപ്പാൻ പ്രാർത്ഥിക്കുന്നു. ഈശ്വരന്റെ ആയുധങ്ങളല്ലാം ധർമ്മവിമുഖരേയും അധാർമ്മികരേയും പീഡിപ്പിക്കാനുള്ള പ്രപഞ്ചപരിണാമമാണന്ന് മുമ്പ് പറഞ്ഞിട്ടുണ്ടു്.ആ പരിണാമമാകുന്ന ആയുധങ്ങളെ കൈവെടിയു വാൻ ധാർമ്മികനായ ഭക്തൻ പ്രർത്ഥിക്കുന്നു.
(അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)
പി.എം.എൻ.നമ്പൂതിരി

No comments: