Saturday, November 09, 2019

നിന്ദിക്കുന്നവര്‍ നിന്ദിക്കട്ടെ...

Monday 4 November 2019 3:25 am IST
ജീവിതത്തിന്റെ വലിയൊരു ഭാഗവും ആളുകള്‍ ഇന്ന് ജീവിച്ചുതീര്‍ക്കുന്നത് സോഷ്യല്‍ മീഡിയ എന്ന വെര്‍ച്വല്‍ വേള്‍ഡിലാണ്. ചിലരാകട്ടെ, ഭക്ഷണവും, ഉറക്കവും, മറ്റ് പ്രാഥമികകാര്യങ്ങളും ഒഴിച്ചാല്‍, യഥാര്‍ഥലോകത്തേക്ക് വല്ലപ്പോഴുമൊക്കെ ഒന്നു വന്നാലായി എന്ന മട്ടാണ്! എന്നാല്‍ ഈ പുതിയ ലോകത്തിന്റെ പ്രധാനപ്രശ്‌നം സുരക്ഷിതത്വംതന്നെയാണ്. സൈബര്‍ ബുള്ളിയിങ് ആയും ട്രോളിങ് ആയുമെല്ലാം വാക്കുകള്‍കൊണ്ടുള്ള ആക്രമണങ്ങള്‍ക്ക് 
പുതിയ രണഭൂമിയാകുകയാണ് സോഷ്യല്‍ മീഡിയാ വേദികകള്‍.
നേരില്‍ കണ്ട് സംവദിക്കുമ്പോള്‍ ഇല്ലാത്ത വിധം, ഒട്ടും നിയന്ത്രണമില്ലാതെ പെരുമാറാനായി സോഷ്യല്‍ മീഡിയ ഒരുവനെ പ്രേരിപ്പിക്കുന്നു എന്നാണ് മനഃശാസ്ത്രമേഖലയിലെ ഒട്ടേറെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഓണ്‍ലൈന്‍ ഡിസിന്‍ഹിബിഷന്‍ ഇഫക്റ്റ് എന്നാണ് ഇതിനെ പേരിട്ടുവിളിക്കുന്നത്. മാത്രമല്ല, മറ്റൊരാളെ ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങി വിലസുകയും കാണുന്നവരിലെല്ലാം നിന്ദാവാക്കുകള്‍ വര്‍ഷിക്കുകയും ചെയ്യുന്ന ആളുകള്‍ ഡാര്‍ക്ക് ടെട്രാഡ് എന്ന് വിളിക്കുന്ന അപകടരമായ മനോവൈകൃതഗണത്തിന്റെ ലക്ഷണങ്ങള്‍ അസാധാരണമാംവിധം പ്രകടിപ്പിക്കുന്നു എന്നും പുതിയ മനഃശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇരപിടിയന്മാരുടെ മനഃശാസ്ത്രം ഇതാണെങ്കില്‍, ഇവരുടെ ഇരകളാകുന്നവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. നിന്ദാശരങ്ങളേറ്റ് നിരാശയും വിഷാദവും വ്യാകുലതകളും ഭീതിയുമെല്ലാം നിറഞ്ഞ മറ്റൊരു അന്ധകാര ലോകത്തിലേക്കാണ് ഇവര്‍ ചെന്നുപതിക്കുന്നത്. ഇത് കാരണമുള്ള ആത്മഹത്യകള്‍, ലോകത്ത് വിശേഷിച്ചും ഭാരതത്തില്‍ വര്‍ധിച്ചുവരുന്നതായും പഠനങ്ങള്‍ പറയുന്നു.
ഈ അവസരത്തില്‍, നിന്ദാവാക്കിന്റെ ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു അഥര്‍വവേദമന്ത്രത്തെ ഔഷധരൂപേണ മുന്നോട്ടുവെക്കുകയാണ്. ഇത് ഇരപിടിയന്മാരുടെ മനോവൈകൃതത്തിനുള്ള മരുന്നല്ല, മറിച്ച് ഇരകള്‍ക്കുള്ള പ്രതിരോധമരുന്നാണ്. മന്ത്രം കാണുക:
ഓം ശിവാസ്ത ഏകാ അശിവാസ്ത ഏകാഃ സര്‌വാ ബിഭര്ഷി സുമനസ്യമാനഃ.
തിസ്രോ വാചോ നിഹിതാ അന്തരസ്മിന്താസാമേകാ വി പപാതാനു ഘോഷമ്.
(അഥര്‍വവേദം 7.43.1)
അര്‍ഥം: (തേ=) നിന്റെ കാര്യത്തില്‍ (ഏകാഃ=) ഒന്ന് (ശിവാഃ=) മംഗളമയിയായ, സ്തുതിരൂപിയായ വാക്കാണ്. (തേ=) നിന്റെ കാര്യത്തിലുള്ള (ഏകാഃ=) മറ്റൊന്ന് (അശിവാഃ=) അമംഗളമയിയായ, നിന്ദാരൂപിയായ വാക്കുമാണ്. നീ ആ (സര്‌വാഃ=) സര്‍വ വാക്കുകളെയും (സുമനസ്യമാനഃ=) പ്രസന്നചിത്തതയുള്ളവനായി (ബിഭര്ഷി=) ധരിക്കുന്നു. (തിസ്രഃ വാചഃ=) നാലു വിധം വാക്കുകളുള്ളതില്‍ മൂന്നും (അസ്മിന്‍ അന്തഃ നിഹിതാഃ=) ശബ്ദപ്രയോക്താവിന്റെ ഉള്ളില്‍തന്നെ നിഹിതമായിരിക്കുന്നു. (താസാം ഏകാഃ=) നാലില്‍ അവശേഷിക്കുന്ന ഒന്ന് (ഘോഷം അനു വിപപാത=) ശബ്ദഘോഷത്തിനായിക്കൊണ്ട് പ്രവൃത്തമാകുന്നു.
സ്തുതിവാക്കുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മറ്റൊരാള്‍ തന്നെക്കുറിച്ച് സ്തുതിച്ചുസംസാരിക്കുമ്പോള്‍ അതില്‍ ഉള്‍പുളകം കൊള്ളുന്നവരാണ് മിക്കവരും. ചിലരാകട്ടെ, ഇതിനുവേണ്ടിയുള്ള സാഹചര്യങ്ങള്‍ മെനയുന്നതിന് സ്വയമേവ വളരെയധികം പ്രയത്‌നിക്കുന്നവരുമാണ്. പക്ഷേ, നിന്ദാവാക്കുകളെ ആരുംതന്നെ ഇഷ്ടപ്പെടുന്നുമില്ല. അതിനെ എല്ലാവരും ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. എന്നാല്‍ യോഗിയെ സംബന്ധിച്ച് ഇതു രണ്ടും ഒരേപോലെയാണ്. മറ്റൊരാള്‍ സ്തുതിച്ചു സംസാരിക്കുമ്പോള്‍ അതില്‍ സുഖം അനുഭവിക്കുകയോ മറ്റൊരാള്‍ നിന്ദിച്ചു സംസാരിക്കുമ്പോള്‍ അതില്‍ ദുഃഖം അനുഭവിക്കുകയോ ചെയ്യുന്നില്ല. 'തുല്യനിന്ദാസ്തുതിര്മൗനീ' എന്ന് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ ഇതേ കുറിച്ച് പറയുന്നത് കാണാം.
വാസ്തവത്തില്‍ ഈ ശീലത്തെ യോഗി മാത്രമല്ല, സര്‍വരും അനുശീലിക്കേണ്ടതാണ്, വിശേഷിച്ചും ഇന്നത്തെ കാലത്ത്, നിന്ദാവാക്കുകള്‍ ഏല്‍ക്കാനുള്ള സാധ്യത പണ്ടത്തേക്കാളും പതിന്മടങ്ങോ നൂറുമടങ്ങോ ആയ സോഷ്യല്‍ മീഡിയയുടെ കാലത്ത്. നിന്ദാശരങ്ങള്‍ക്കു മുന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം. അതിനൊരു പൊടിക്കൈ ആണ് മന്ത്രം പറഞ്ഞുതരുന്നത്. വാസ്തവത്തില്‍ ഇത് വാക്കിന്റെ താത്ത്വിക അപഗ്രഥനവുമാണ്.
വാക്ക് നാലുവിധമാണുള്ളത്. വൈഖരി, മധ്യമാ, പശ്യന്തി, പരാ എന്നിങ്ങനെയാണ് അവയെ ഋഷിമാര്‍ പേരിട്ടുവിളിച്ചത്. 
നാം കാതുകൊണ്ട് കേള്‍ക്കുന്നത് ഇതിലെ വൈഖരി മാത്രമാണ്. അതാണ് ഘോഷരൂപേണ പുറത്തുവരുന്നത്. മറ്റ് മൂന്നും വക്താവിന്റെ ഉള്ളിലാണ് വര്‍ത്തിക്കുന്നത്. അതായത ഒരാള്‍ നിങ്ങളോട് നിന്ദാവാക്കു പറയുന്നു എന്നുവെക്കുക, വാസ്തവത്തില്‍ വാക്കിന്റെ നാലാമത്തെ ഭാവമായ വൈഖരിമാത്രമാണ് നിങ്ങളുടെ നേരെ അയാള്‍ തൊടുത്തുവിടുന്നത്. മറ്റ് മൂന്നും അയാളുടെ ഉള്ളില്‍ അയാള്‍
പോലുമറിയാതെ തുളച്ചുകയറുന്നു. എത്രത്തോളം തീവ്രമായ വാക്കാണോ പ്രയോഗിച്ചത്, അത്രത്തോളം വാക്കിന്റെ മറ്റ് മൂന്ന് ഭാവങ്ങള്‍ അയാളില്‍ മാനസികമായ മാറ്റങ്ങളുണ്ടാക്കുന്നു. അത് മനസ്സിനും പിന്നീട് ശരീരത്തിനും രോഗങ്ങളായി മാറുന്നു. മറ്റൊരു വഴിയേ ചിത്തത്തില്‍ സംസ്‌കാരങ്ങളായി രൂപപ്പെടുന്നു. വരും ജന്മങ്ങളില്‍ പാപകര്‍മഫലങ്ങളായും വ്യാധികളായുമെല്ലാം തിരിച്ചുവരുന്നു. നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റു വിരലുകള്‍ നമ്മിലേക്ക് തന്നെ ചൂണ്ടിനില്‍ക്കുന്നു എന്നു പറയുന്നതിന് സദൃശമാണ് ഈ വാക്പ്രയോഗത്തിന്റെ തത്ത്വം നല്‍കുന്ന സന്ദേശം.
ഇവിടെ, മന്ത്രത്തിന്റെ ആദ്യ പകുതി ശ്രോതാവിന് നിന്ദാശരങ്ങള്‍ ഏല്‍ക്കാതിരിക്കാനുള്ള മാര്‍ഗം പറഞ്ഞുതരുമ്പോള്‍, രണ്ടാം പകുതിയാകട്ടെ നിന്ദാശരങ്ങള്‍ വക്താവിനുതന്നെ ദോഷമായിവരുന്നതെങ്ങനെ എന്ന് വിവരിക്കുന്നു. നിന്ദാവാക്കിന്റെ ഈ തത്ത്വം അറിയുന്നവര്‍ക്ക് സമചിത്തതയോടുകൂടി അതിനെ നേരിടാനാകും. ഈ ഔഷധത്തെ ഒന്നു സേവിച്ചുനോക്കൂ...

No comments: