Saturday, November 09, 2019

നാദാനുസന്ധാന ഷണ്‍മുഖീമുദ്ര

Wednesday 6 November 2019 2:39 am IST

മുക്താസനേ സ്ഥിതോ യോഗീ
മുദ്രാം സന്ധായ ശാംഭവീം
ശൃണുയാദ് ദക്ഷിണേ കര്‍ണേ
നാദമന്തസ്ഥമേകധീഃ  (4  67)
മുക്താസനത്തിലിരുന്നു കൊണ്ട് ശാംഭവീ മുദ്ര ബന്ധിച്ച് വലത്തു ചെവിയില്‍ കൂടി ഉള്ളില്‍ നിന്നു വരുന്ന നാദത്തെ ഏകാഗ്രമായി ശ്രദ്ധിക്കണം. മുക്താസനം സിദ്ധാസനം തന്നെ. രണ്ടു കാലിന്റെയും ഉപ്പൂറ്റി ഒന്നിനു മേലൊന്നായി ലിംഗത്തിനടിയില്‍ ആധാര സ്ഥാനത്തു ചേര്‍ത്തിരിക്കുന്നതാണ് സിദ്ധാസനത്തിന്റെ വകഭേദമായ മുക്താസനം. അതിലിരുന്ന് ശാംഭവി മുദ്ര ചെയ്യണം. എന്നിട്ടു വലതു ചെവിയുടെ ഭാഗത്ത് അനാഹത ശബ്ദത്തിനായി ഏകാഗ്രമായ മനസ്സോടെ കാതോര്‍ക്കണം.
ശ്രവണപുട നയനയുഗള
ഘ്രാണ മുഖാനാം നിരോധനം കാര്യം
ശുദ്ധ സുഷുമ്‌നാസരണൗ 
സ്ഫുടമമലഃ ശ്രൂയതേ നാദഃ  (4  68)
രണ്ടു ചെവികളും രണ്ടു കണ്ണുകളും മൂക്കും വായയും അടച്ചാല്‍ ശുദ്ധമായ സുഷുമ്‌നയില്‍നിന്ന് ഒരു നാദം സ്ഫുടമായി കേള്‍ക്കാം.
ഇവിടെ ഷണ്‍മുഖീ മുദ്രയാണ് പറയുന്നത്. അതിലൂടെ നാദാനുസന്ധാനവും. സിദ്ധാസനത്തിലിരുന്ന് പെരുവിരലുകള്‍ കൊണ്ട് ചെവികളും
( അംഗുഷ്ഠാഭ്യാം ഉഭൗ കര്‍ണൗ) ചൂണ്ടുവിരലുകള്‍ കൊണ്ട് കണ്ണുകളും (തര്‍ജ്ജനീഭ്യാം ച ചക്ഷുഷീ) നടുവിരല്‍ കൊണ്ട് മൂക്കും മററു രണ്ടു വിരലുകള്‍ കൊണ്ട് വായയും അടക്കണം. മുഖത്തെ സപ്തദ്വാരങ്ങളും ഇങ്ങനെ ഷണ്‍മുഖീ മുദ്രയിലൂടെ ബന്ധിച്ച് ചെവി കൂര്‍പ്പിച്ച് ഇരിക്കുമ്പോള്‍ ചില സൂക്ഷ്മ ശബ്ദങ്ങള്‍ ശ്രദ്ധയില്‍ വരും.
സുഷുമ്‌ന ശുദ്ധമാവുന്നത് പ്രാണായാമം കൊണ്ടാണ്. 
പ്രാണായാമത്താല്‍ എല്ലാ സുഷുമ്‌നാ മലങ്ങളും നശിക്കും. എന്നാലേ സൂക്ഷ്മ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിവു കിട്ടൂ.
ഈ അനുഭവങ്ങള്‍ ബുദ്ധി തലത്തിലുള്ള അനുഭൂതിയല്ല. ചില വെളിപ്പെടലുകളാണ്. വേദം അങ്ങിനെ കേട്ടവയാണ്. ശ്രുതികളാണ്.
പുറം മനസ്സ് ഓരോരാള്‍ക്കും വ്യത്യസ്തമാണ്. തര്‍ക്കുത്തരക്കാരനാണ്. പരിമിതനാണ്. പക്ഷെ ഉള്ളിലെ മനസ് അതീന്ദ്രിയമാണ്. വൈശ്വികമാണ്. അത് വ്യക്തിമനസ്സിനെ കടന്നു വെക്കും. 
മറ്റു രാജ്യങ്ങളില്‍ ഒരു വ്യക്തി പരസ്പര ബന്ധമില്ലാത്ത വാചകങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ അവനെ ഭ്രാന്തനെന്നു വിളിക്കും. മനോരോഗാശുപത്രിയില്‍ അയക്കും.
എന്നാല്‍ ഇന്ത്യയില്‍ അങ്ങിനെ കണ്ടാല്‍ മുതിര്‍ന്നവര്‍ അതിനെ ശ്രദ്ധിക്കും. അവനെ ഏതെങ്കിലും ഗുരുവിന്റെ അടുത്തു കൊണ്ടുപോയി മന്ത്രോപദേശം നല്കിക്കും. ഒരിക്കലും ആശുപത്രിയിലെത്തിക്കില്ല. വേണ്ട തരത്തില്‍ നയിക്കപ്പെട്ടാല്‍ ആ കഴിവ് നേര്‍വഴിയില്‍ മുന്നോട്ടു പോകും.
സ്വാമി മുക്തിബോധാനന്ദ പറയുന്നത് നമുക്കും സാധനാ സമയത്ത് ചില ചിതറിയ ശബ്ദങ്ങളോ ചില തെളിയാത്ത സംഭാഷണങ്ങളോ കേട്ടാലും കൂട്ടാക്കാതെ പരിശീലനം തുടരണമെന്നാണ്. അനുഭവങ്ങള്‍ മാറി വരും. ചില പാട്ടോ നമ്മളെ ആരെങ്കിലും ഉള്ളില്‍ നിന്നു വിളിക്കുന്നതോ കേട്ടേക്കും. ശ്രദ്ധിക്കേണ്ട. സാധനയില്‍ മുന്നോട്ടു പോകുമ്പോള്‍ ശബ്ദങ്ങള്‍ക്ക് ക്രമം വരും, തെളിവു വരും, മിഴിവു വരും.
ആരംഭശ്ച ഘടശ്ചൈവ
തഥാ പരിചയോ ള പി ച
നിഷ്പത്തിഃ സര്‍വയോഗേഷു
സ്യാദവസ്ഥാ ചതുഷ്ടയം  (4  69.)
എല്ലാ യോഗങ്ങളിലും ആരംഭം, ഘടം, പരിചയം, നിഷ്പത്തി എന്നിങ്ങനെ നാല് അവസ്ഥകളുണ്ട്.
ശാംഭവി മുതലായവയിലും ഈ അവസ്ഥകളുണ്ട്. ശിവസംഹിതയില്‍ പ്രാണായാമത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഈ നാല് അവസ്ഥകളെപ്പറ്റി പറയുന്നുണ്ട്.(ശി.സം. 331)

No comments: