ഈശാവാസ്യോപനിഷത്ത്
18 മന്ത്രങ്ങള്‍ മാത്രമുള്ള ചെറിയ ഒരു ഉപനിഷത്താണ് ഈശാവാസ്യം. ശുക്ലയജുര്‍വേദത്തിന്റെ സംഹിതാഭാഗത്ത് നാല്‍പതാം അദ്ധ്യായമാണ് ഈശാവാസ്യോപനിഷത്ത്. ഒന്നാമത്തെ മന്ത്രമായ 'ഈശാവാസ്യമിദം സര്‍വ്വം...' എന്നതില്‍ നിന്നാണ് ഈ ഉപനിഷത്തിന് ആ പേര് കിട്ടാന്‍ കാരണം. സംഹിതാ ഭാഗത്ത് വരുന്നതുകൊണ്ട് സംഹിതോപനിഷത്ത് എന്നും വിളിക്കാറുണ്ട്. യാജ്ഞവല്‍ക്യ ഋഷിയുമായി ബന്ധപ്പെട്ടതാണ് ശുക്ലയജുര്‍വേദം. ഗുരുവായ വൈശമ്പായനന്റെ അപ്രീതിക്ക് പാത്രമായ യാജ്ഞവല്‍ക്യന് താന്‍ പഠിച്ച യജുര്‍വേദമന്ത്രങ്ങളെല്ലാം അവിടെ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് സൂര്യനെ തപസ്സ് ചെയ്തപ്പോള്‍ സൂര്യന്‍ കുതിരയുടെ രൂപത്തില്‍ വന്ന് യജുര്‍വേദം ഉപദേശിച്ചു. ഇതാണ് ശുക്ല യജുര്‍വേദം. കുതിരയുടെ രൂപത്തില്‍ (വാജി) ഉപദേശിച്ചതുകൊണ്ട് ഇതിന് വാജസനേയി എന്നും പേരുണ്ട്. ശുക്ലയജുര്‍വേദ സംഹിതയിലെ ആദ്യത്തെ 39 അദ്ധ്യായങ്ങള്‍ കര്‍മകാണ്ഡമാണ്. നാല്‍പതാമത്തെ ജ്ഞാനകാണ്ഡമായ ഈശാവാസ്യവും. സകലവേദാന്ത രഹസ്യവും ആദ്യമന്ത്രത്തില്‍ തന്നെ പറഞ്ഞുവച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഈശാവാസ്യം മനസ്സിലാക്കിയാല്‍ മറ്റ് ഉപനിഷത്തുക്കള്‍ അറിഞ്ഞില്ലെങ്കിലും അതൊരു കുറവാകില്ലെന്ന് ചൊല്ല് തന്നെയുണ്ട്. മറ്റ് ഉപനിഷത്തുക്കള്‍ ഇഷ്ടപ്പെട്ടാലും ഈശാവാസ്യത്തിലെ പ്രഥമമന്ത്രം മാത്രം മതി നമ്മുടെ സംസ്‌കാരത്തെ നിലനിര്‍ത്താനെന്ന് ഗാന്ധിജി പ്രസ്താവിച്ചിട്ടുണ്ട്. ''ഈശാവാസ്യമിദം സര്‍വ്വം യത്കിഞ്ച ജഗത്യാം ജഗത് തേന ത്യക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യസ്വിദ്ധനം'' ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വര (ഈശന്‍)നാല്‍ മൂടപ്പെട്ടിരിക്കുന്നു. ഈശ്വരബുദ്ധിയാണ് എല്ലാറ്റിലും ഉണ്ടാകേണ്ടത്. ഈശ്വരന്‍ മാത്രം സത്യം. വാസ്തവത്തില്‍ ഈശ്വരന്‍ മാത്രമേയുള്ളൂ, പ്രപഞ്ചമെന്നത് തോന്നല്‍ (മിഥ്യ)മാത്രം. 'ബ്രഹ്മ സത്യം ജഗത് മിഥ്യ.' ഈശ്വരനാല്‍ (ബ്രഹ്മം)മൂടപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഈ ലോകത്തിന് മൂല്യമുണ്ടെന്ന് തോന്നുന്നത്. ആയതിനാല്‍ നശ്വരമായ ലോകസുഖഭോഗങ്ങളെ വെടിയുക തന്നെ വേണം. എല്ലാം ഈശ്വരമയമായിക്കണ്ട് ആദ്ധ്യാത്മിക സാധനയ്ക്ക് പ്രാധാന്യം കൊടുത്തുവേണം ജീവിക്കുവാന്‍. ലോകത്തെ ഉപേക്ഷിക്കലല്ല, പകരം ലൗകിക ജീവിതത്തിന്റെ നിസ്സാരതയെ അറിഞ്ഞ് കാലം കഴിക്കണം. എന്റെത് എന്ന ബോധംകൂടി ഉപേക്ഷിക്കണം. അപ്പോഴാണ് യഥാര്‍ത്ഥ ത്യാഗം. ധനമുള്‍പ്പെടെ മറ്റൊന്നിലേക്കും കണ്ണുവയ്ക്കാതെ ബ്രഹ്മധ്യാനത്തില്‍ മുഴുകണം. എല്ലായിടവും ഈശ്വരന്‍ തന്നെയാണെന്ന് അനുഭവമാകും അപ്പോള്‍. വലുതും ചെറുതുമായി എന്തൊക്കെയുണ്ടോ എല്ലാം ഈശ്വരസ്വരൂപമാണ്. ശങ്കരാചാര്യസ്വാമികള്‍ ഈ മന്ത്രത്തെ വിവരിക്കുമ്പോള്‍ ഭാഷ്യത്തില്‍ പറയുന്നത് ചന്ദനത്തിന്റെ ഉദാഹരണമാണ്. വളരെക്കാലം വെള്ളത്തില്‍ കിടക്കുമ്പോള്‍ ചന്ദനത്തിന് സൗരഭ്യത്തിനു പകരം ദുര്‍ഗന്ധമുണ്ടാകാനിടയുണ്ട്. എന്നാല്‍ ആ ചന്ദനം കല്ലില്‍ ഉരയ്ക്കുമ്പോള്‍ ശരിയായ സുഗന്ധങ്ങള്‍ പുറത്തുവരുന്നു. ഇതുപോലെ നമ്മള്‍ എല്ലാവരും അറിവില്ലായ്മ(അജ്ഞാനം) കാരണം യഥാര്‍ത്ഥ സ്വരൂപം മായ്ക്കപ്പെട്ടവരാണ്. ധ്യാനം മുതലായ സാധനകളിലൂടെ നമ്മുടെ സ്വരൂപത്തെ അനുഭവിച്ചറിയാം. അപ്പോള്‍ സര്‍വപ്രപഞ്ചവും ആത്മസ്വരൂപം തന്നെയെന്ന് മനസ്സിലാകും. ഉപേക്ഷിക്കപ്പെട്ട ഒന്ന് ആത്മരക്ഷയ്ക്ക് സമര്‍ത്ഥമല്ല എന്നതിനാല്‍ 'ത്യക്തേന' എന്ന വാക്കിന് ഏഷണാത്യാഗം എന്നാണ് അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്. ഏഷണാ എന്നാല്‍ ഇച്ഛാ, കാമന എന്നൊക്കെ അര്‍ത്ഥം. അമിതമായ ആസക്തി എന്നുംപറയാം. പുത്രേഷണാ, വിശേഷണാ, ലോകേഷണാ എന്നിവയാണ് ഏഷണാത്രയങ്ങള്‍. ഇവയെ വെടിയാനാണ് പറയുന്നത്. (ചില ആചാര്യന്മാര്‍ ദാരേഷണായും പറയാറുണ്ട്). ഏഷണാത്യാഗം ആത്മരക്ഷയ്ക്ക് വേണ്ടതും സമര്‍ത്ഥവുമാണ്. ജീവാത്മാവിനെ പരമാത്മാവിലേക്ക് ഉയര്‍ത്തലാണത്. എല്ലാം പരമാത്മാവ് എന്ന ഭാവനയുള്ളയാള്‍ക്ക് ധനം തുടങ്ങിയവയില്‍ ആഗ്രഹമുണ്ടാകില്ല. എല്ലാം താന്‍ തന്നെയെങ്കില്‍ വാസ്തവത്തില്‍ ഇല്ലാത്ത ഒന്നിന് താല്‍പ്പര്യമുണ്ടാകുകയില്ലല്ലോ. എങ്ങും നിറഞ്ഞ ഈശ്വരനെ അറിഞ്ഞ്, അനുഭവമാക്കി ത്യാഗജീവിതം നയിക്കാന്‍ കഴിയാത്തവര്‍ക്ക് ഉള്ളതാണ് രണ്ടാം മന്ത്രം. ''കുര്‍വന്നേവേഹ കര്‍മ്മാണി ജിജീവിഷേച്ഛതം സമാഃ ഏവം ത്വയി നാന്യഥേതോസ്തി നകര്‍മ്മ ലിപ്യതേ നരേ'' ശാസ്ത്രവിധിപ്രകാരമുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ജീവിതം നയിക്കാനും ക്രമത്തില്‍ കര്‍മ്മമുക്തി നേടാനുമാണ് ഇവിടെ ഉപനിഷത്ത് പറയുന്നത്. ഒരു പുരുഷായുസ്സ് അഥവാ നൂറ് വര്‍ഷം അപ്രകാരം കര്‍മ്മയോഗിയായി ജീവിക്കാനാകട്ടെ. ഇപ്രകാരം കര്‍മ്മയോഗ ജീവിതം നയിക്കുന്നതിലൂടെ യാതൊരു പാപമാലിന്യങ്ങളോ കര്‍മ്മബന്ധനമോ ഉണ്ടാകില്ല. ഇതിലൂടെ ഉള്ളം ശുദ്ധമായി (ചിത്തശുദ്ധി നേടി) ജ്ഞാനത്തിനും അതുവഴി മോക്ഷത്തിനും അര്‍ഹരാകുന്നു. മൂന്നാമത്തെ മന്ത്രം ത്യാഗജീവിതമോ, നിവൃത്തിരൂപത്തിലുള്ള കര്‍മ്മമോ അനുഷ്ഠിക്കാത്തവര്‍ക്കുള്ള അപായസൂചനയാണ്. ആദ്യത്തെ രണ്ടു മന്ത്രങ്ങളും (മാര്‍ഗ്ഗങ്ങളും) അനുസരിക്കാത്തവര്‍ സ്വയം നശിക്കുന്നവരാണ്. തന്നിഷ്ടം മൂലം അവര്‍ക്ക് ജനനമരണ രൂപമായ ഈ സംസാരത്തില്‍ കിടന്ന് കഷ്ടപ്പെടേണ്ടിവരും. അവര്‍ക്ക് മുക്തി കിട്ടില്ലെന്ന് മുന്നറിയിപ്പ് കൂടിയാണ് ഈ മന്ത്രം. ''അസൂര്യാ നാമതേ ലോകാഃ അന്ധേന തമസാ വൃതാഃ താംസ്‌തേ പ്രേതാഭിഗച്ഛന്തിയേകേചാത്മഹനോ ജനാഃ'' ആത്മജ്ഞാനത്തിനു ശ്രമിക്കാത്ത ഇവര്‍ കൂരിരുട്ടിലേക്കും അറിവില്ലായ്മയിലേക്കും വീണ്ടും വീണ്ടും കൂപ്പുകുത്തുന്നു. അറിവില്ലായ്മയുടെ ആ ഇരുട്ടില്‍ വലിയ ക്ലേശങ്ങളായിരിക്കും അനുഭവിക്കേണ്ടിവരുക. അടുത്ത അഞ്ചു മന്ത്രങ്ങള്‍ (4 മുതല്‍ 8വരെ)ആത്മസ്വരൂപത്തെയും ലക്ഷണത്തെയും പറയുന്നു. ആത്മജ്ഞാനിയുടെ അവസ്ഥയും ലക്ഷണവും അവിടെ കാണാം. ബ്രഹ്മത്തിന്റെ സോപാധിക നിരുപാധിക (ഉപാധികളോട് ചേര്‍ന്നതും അല്ലാത്തതും) ഭാവങ്ങളെയും അവയുടെ സമന്വയത്തേയും വിവരിക്കുന്നുണ്ട്. ആത്മതത്ത്വം ഇളകാത്തതും മാറ്റമില്ലാതെ ഇരിക്കുന്നതും എല്ലാറ്റിലും ഒന്നായിരിക്കുന്നതും മനസ്സിനേക്കാള്‍ വേഗമുള്ളതും ദേവന്മാര്‍ക്കോ ഇന്ദ്രിയങ്ങള്‍ക്കോ ഗ്രഹിക്കാന്‍ കഴിയാത്തതും ഒരേസമയം ഒരു സ്ഥലത്ത് നില്‍ക്കുകയും ഓടുന്നവയെകൂടി മറികടക്കുകയും ചെയ്യുന്നു. ഈ ആത്മതത്ത്വത്തില്‍ വായു പ്രാണികളുടെ ചേഷ്ടാകര്‍മ്മങ്ങളെ നടത്തുന്നു. പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളെന്ന് തോന്നിക്കുന്ന കാര്യങ്ങളെക്കൊണ്ടാണ് ആത്മതത്ത്വം വിവരിക്കുന്നത്. അത് ചലിക്കുന്നു, ചലിക്കുന്നില്ല. ദൂരെയാണ്-അടുത്താണ്, എല്ലാറ്റിന്റെയും ഉള്ളിലാണ്-പുറത്താണ് എന്നിങ്ങനെ. എങ്ങും നിറഞ്ഞതിനാല്‍ ഇളകാനോ ചലിക്കാനോ കഴിയില്ല. ഒന്നുമാത്രമേ ഉള്ളൂ എന്നതിനാല്‍ ഏകമാണ്. സര്‍വവ്യാപിയായതിനാല്‍ മനസ്സ് എത്തും മുന്‍പേ എവിടേയും എത്തിയിരിക്കും. നമ്മുടെ ഉപകരണങ്ങളായ ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായി ഇരിക്കുന്നതിനാല്‍ അവകൊണ്ടൊന്നും അറിയാന്‍ കഴിയില്ല. സ്ഥിരമായി ഇരിക്കുമ്പോഴും മറ്റുള്ളവയെ മറികടക്കുന്നു എന്നത് ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളിലേക്ക് അതിവേഗം കുതിക്കുന്നവയെങ്കിലും ആത്മതത്ത്വം എങ്ങുമുള്ളതിനാല്‍ അവയൊക്കെ നിസ്സാരങ്ങളായിത്തീരുന്നു. പ്രാണന്റെ പ്രവര്‍ത്തനംപോലും ആത്മശക്തികൊണ്ടാണ് ഇന്ദ്രിയ മനോബുദ്ധികളോട് ചേര്‍ന്നിരിക്കുമ്പോള്‍ ആത്മാവ് ചലിക്കുന്നു അഥവാ ചലിക്കുന്നപോലെ തോന്നും. വാസ്തവത്തില്‍ ചലിക്കുന്നില്ല. ചലിക്കുവാന്‍ ഇടമില്ല തന്നെ. അജ്ഞാനികള്‍ക്ക് ദൂരത്താണ്, അറിവുള്ളവര്‍ക്ക് വളരെ അടുത്തും. സര്‍വ്വം നിറഞ്ഞുനില്‍ക്കുന്നതിനാല്‍ അത് അകത്തുംപുറത്തും ഉണ്ട്. ഇങ്ങനെ എത്ര മനോഹരമായാണ് വാക്കുകള്‍ക്കും ചിന്തകള്‍ക്കും അതീതമായ ആത്മതത്ത്വത്തെ ഉപനിഷത് വിവരിക്കുന്നത്. നാല്, അഞ്ച് മന്ത്രങ്ങളില്‍ ആത്മസ്വരൂപ വര്‍ണ്ണന അത്രമേല്‍ കേമമായിട്ടുണ്ട്. ഇപ്രകാരമുള്ള ആത്മതത്ത്വത്തെയാണ് നാം ഓരോരുത്തരും സാക്ഷാത്കരിക്കേണ്ടത്.
No comments:
Post a Comment