Tuesday, January 21, 2020

ദേവി തത്ത്വം- 66

ജീവിതത്തിന് സ്ഥൂലമായ ഒരു നിഷ്ഠയുണ്ടെങ്കിൽ തന്നെ മതിയാകും. കർമ്മം ചെയ്യുന്ന ആൾക്ക് മഹാസങ്കൽപ്പമുണ്ടെങ്കിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. ഇല്ലെങ്കിലോ ഏതെങ്കിലും കർമ്മത്തിൽ പെട്ട് പോകും. അതിനാണ് ചില അനുഷ്ഠാനങ്ങളെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്നത്. ശിവപൂജ, പ്രദക്ഷിണം, നമസ്കാരം,സന്ധ്യാ വന്ദനം ,അമ്പലത്തിൽ ഈ സമയത്ത് പോകണം, രാമ നാമം ജപിക്കണം അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞ് വേറൊന്നിലും പെടാതെ അത് തന്നെ നിത്യ നിരന്തരം ചെയ്ത് ഒരു ചക്രം ചുറ്റുന്ന പോലെ ചെയ്തു കൊണ്ടേയിരുന്നാൽ നമ്മുടെ ഉള്ളിൽ നിഷിദ്ധ കർമ്മം ചെയ്യാനുള്ള വാസന കുറയുകയും ശാന്തിയുണ്ടാവുകയും ചെയ്യുന്നു. ഇതിന്റെയൊക്കെ ലക്ഷ്യം തന്നെ കുറേ കഴിഞ്ഞ് ചിത്തം ശാന്തമാകും എന്നതാണ്.

ഒരുദാഹരണം പറയുകയാണെങ്കിൽ ഒരാൾ കുറേ വിറക് കെട്ടി കൊണ്ട് വന്നു. വീട്ടിൽ വന്നപ്പോൾ വിറകിന്റെ കെട്ട് അഴിക്കാൻ പറ്റുന്നില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ മറ്റൊരാൾ അവിടേയ്ക്ക് വന്നു .എന്താ വിഷമിച്ചിരിക്കുന്നതെന്ന് ചോദിച്ചു. വിറകിന്റെ കെട്ടഴിക്കാൻ സാധിക്കുന്നില്ലെന്ന് അയാൾ പറഞ്ഞു. വന്നയാളും കെട്ടഴിക്കാൻ ശ്രമിച്ച് നോക്കിയെങ്കിലും സാധിച്ചില്ല. അയാൾ മറ്റൊരു കയർ കൊണ്ടുവരാൻ പറഞ്ഞു. കയർ കൊണ്ടു വന്നപ്പോൾ അത് ആദ്യത്തെ കെട്ടിന് മുകളിലായി ഇട്ട് നല്ലവണ്ണം വലിച്ചു അപ്പോൾ ആദ്യത്തെ കെട്ട് ഒന്നയഞ്ഞു. അങ്ങനെ അഴിച്ചെടുത്തു. അതേ പോലെ കർമ്മത്തിനുള്ളിൽ പെട്ടിട്ട് നമുക്ക് പുറത്തേയ്ക്ക് വരാൻ സാധിക്കുന്നില്ല. അഞ്ച് മിനിറ്റ് വെറുതെയിരിക്കാം എന്ന് വച്ചാൽ ഈ കർമ്മം ഉള്ളിൽ അശാന്തിയുണ്ടാക്കുന്നു. ഒരു നിഷ്ഠ അഥവാ സ്വധർമ്മം ചെയ്യുക എന്നത് അഭ്യസിച്ച് കഴിഞ്ഞാൽ പതുക്കെ നിഷ്ഠ കർമ്മ വാസന പോകും. അവസാനം ഈ കെട്ടിയ കയർ അഴിച്ച പോലെ ഈ കർമ്മവും താനേ കെട്ടടങ്ങും.

മനസ്സ് ശാന്തമാകുമ്പോൾ ഒന്നും ചെയ്യാനുള്ള ഉത്സാഹം ഉണ്ടാകില്ല. ആ സമയം വേദാന്ത വിചാരത്തിനും, സത്സംഗത്തിനും വിനിയോഗിച്ചാൽ നമുക്ക് കാണാം നമ്മുടെ ഉള്ളിലുള്ള ചിത്തത്തിന്റെ യാതൊരു ശല്യവുമില്ലാതെ ഞാനെന്നുള്ള അനുഭവം, ഞാനെന്നുള്ള ബോധം, ഞാനെന്നുള്ള അഹങ്കാരം, ഞാനെന്നുള്ള അഹം സ്ഫൂർത്തി, ഞാനെന്നുള്ള അഹം ബോധം, മൂന്ന് മണ്ഡലങ്ങളിൽ നമ്മുടെ വ്യക്തിത്വം വികസിച്ച് തെളിഞ്ഞ് വരുന്നത് കാണാം. സ്ഥൂല മണ്ഡലത്തിൽ നമ്മൾ അഹങ്കാരികളാണ്. ഞാൻ ചെയ്യുന്നു, ഞാൻ അതാണ് ഇതാണ് എന്നീ വാദങ്ങൾ. ഈ അഹങ്കാരം ശ്രദ്ധിക്കുന്തോറും പതുക്കെ ഈ 'ചിത്തം' ചിത്തായിട്ട് മാറും. അവിടെ അതിനെ ചിത് ശക്തി എന്ന് പറയുന്നു. അത് അഹങ്കാരം അല്ലാതായി നമ്മുടെ കേന്ദ്രത്തിൽ ഒരു ആനന്ദ നൃത്തം ചെയ്യുന്നത് കാണാം. അതാണ് ചിത്ത്. അഹങ്കാരത്തിന്റെ പിടി വിടുമ്പോഴാണ് ചിത്ത് ആനന്ദ നൃത്തം ചെയ്ത് തുടങ്ങുന്നത് . അപ്പോഴാണ് അത് ചിത്താകുന്നത് അതിന് മുമ്പ് അത് 'ചിത്തം' ആണ്.

അഹങ്കാരം ചിത്തമാണ് . അഹങ്കാരത്തിന്റെ ബലം കുറയുമ്പോൾ ആഗ്രഹങ്ങളും വാസനകളും ഒക്കെ കുറയും അഹങ്കാരം ചിത്തായിട്ട് പരിണമിക്കും . അവിടെ ചിത്തിന്റെ ആനന്ദം ഉണ്ടായി തുടങ്ങുകയും ചെയ്യുന്നു. ചിത്തിന്റെ ഉള്ളിലുള്ള ആ ധാര അഥവാ സ്രോതസ്സ് നമ്മളകമേ കാണും. ഭാഗവതത്തിൽ ഇതിന് ആത്മ സ്രോതസ്സ് എന്ന് പറയുന്നു. ആ സ്രോതസ്സ് ശുദ്ധമായ ശക്തിയുടെ മണ്ഡലമാണ് . ഗുരുമണ്ഡല രൂപിണ്യേ നമഃ ചിച്ഛക്ത്യൈ ചേതനാ രൂപായൈ നമഃ ചിത്സ്വരൂപിണ്യേ നമഃ എന്നൊക്കെ പറയുന്ന ആ ചിത്തിന്റെ ശുദ്ധമായ രൂപം ഉള്ളിൽ തെളിഞ്ഞ് അനുഭവപ്പെട്ട് തുടങ്ങുമ്പോഴാണ് നമുക്ക് ആനന്ദമുണ്ടാകുന്നത്. അഹങ്കാരം കുറയുന്തോറും ആ ചിത്ത് തെളിഞ്ഞ് തെളിഞ്ഞ് വരും.

പതുക്കെ പതുക്കെ ആ ചിത്ശക്തിയിലെ ശക്തിയുടെ അംശം അതിലുള്ള സ്പന്ദനം അസ്പന്ദമായി നിശ്ചലമായി. ചിത് സ്പന്ദനം ഉണ്ടാകുമ്പോഴാണ് ആനന്ദവും, ഭാവ സമാധിയുമൊക്കെ ഉണ്ടാകുന്നത്. ശ്രീരാമകൃഷ്ണൻ ആനന്ദം കൊണ്ട് ആടുകയും പാടുകയും ഒക്കെ ചെയ്യുമായിരുന്നു.
പ്രഹ്ളാദനെ കുറിച്ച് പറയുന്നു
ക്വചിദ്രുദതി വൈകുണ്ഠചിന്താശബലചേതനഃ ।
ക്വചിദ്ധസതി തച്ചിന്താഹ്ലാദ ഉദ്ഗായതി ക്വചിത് ॥

നദതി ക്വചിദുത്കണ്ഠോ വിലജ്ജോ നൃത്യതി ക്വചിത് ।
ക്വചിത്തദ്ഭാവനായുക്തസ്തന്‍മയോഽനുചകാര ഹ ॥

ക്വചിദുത്പുലകസ്തൂഷ്ണീമാസ്തേ സംസ്പര്‍ശനിര്‍വൃതഃ ।
അസ്പന്ദപ്രണയാനന്ദസലിലാമീലിതേക്ഷണഃ ॥

അസ്പന്ദപ്രണയാനന്ദസലിലാമീലിതേക്ഷണഃ
ചില സമയത്ത്  ഒരു സ്പന്ദനവും ഇല്ലാതെ ആ ചിത്തിൽ അടങ്ങിയിരിക്കുകയും ചെയ്യുന്നു. അങ്ങനെ താൻ സമ്പൂർണ്ണമായി തന്നിൽ അടങ്ങിയിരിക്കുന്ന സ്ഥിതിയാണ് ആനന്ദ സ്ഥിതി. ആ ആനന്ദമാണ് യേശോസ്യ പരമോ ആനന്ദഃ .

നാരായണ ഗുരു സ്വാമികൾ പറയുന്നു സ്പഷ്ടം നിലാവങ്ങ് നീങ്ങി ദിനകരൻ ഉദയം ചെയ്തു ചന്ദ്രൻ മറഞ്ഞു തട്ടി തട്ടി പെരുക്കി പെരുവെളി അതിലാക്കുവാൻ പിന്നെയാട്ടെ. ആ തട്ടി തട്ടി പെരുക്കി ഉള്ളിലാക്കലാണ് തന്നിലിരിക്കൽ. ആ സ്ഥിതിയിലിരിക്കുമ്പോൾ കർമ്മം ഒന്നും നടക്കില്ല. അവിടെ ശാന്തിയാണ് പൂർണ്ണ നിർവൃതിയാണ്. പക്ഷേ സത്യം കണ്ടെത്തിയാൾക്ക് അതിലേയ്ക്കുള്ള വഴിയറിയാം. അതാണ് പിന്നെയാട്ടെ എന്ന് നാരായണ ഗുരു സ്വാമികൾ പറയുന്നത്. കഷ്ടം ദീനം പിടിച്ചോ മദിര അത് കുടിച്ചോ കിടക്കുന്ന ലോകർക്ക് ഉത്തിഷ്ഠോ ഉത്തിഷ്ഠ ശീഘ്രം നദിയിൽ മുങ്ങുവാൻ കാലമായി വന്നതിപ്പോൾ. അല്പം കാരുണ്യമുണ്ടായി പോയി അതുകൊണ്ട് ഈ ലോകത്ത് അല്പം പ്രവർത്തിക്കാനുണ്ട്. അത് കഴിഞ്ഞിട്ട് കൂട്ട കൊട്ടോടെ കോട്ടയ്ക്കകമേറി സുഖിപ്പാൻ വരം താ. അമ്പലങ്ങളിൽ സ്വാമിയെ എഴുന്നള്ളത്ത് കഴിഞ്ഞാൽ കൂട്ട കൊട്ടോടെ ഉള്ളിൽ കൊണ്ട് പോയി ഇരുത്തും .അതു പോലെ ഈ ചിത്ത വൃത്തികളെ തന്നിൽ തന്നെ അടക്കി ശാന്തമാവുക. അപ്പോഴാണ് ജീവൻ ധന്യനായി തീരുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തിനെ കണ്ടെത്തിയവന് മരണം ഒരു വിഷയമേയല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തിലൂടെ കടന്ന് പോയവൻ അമൃതത്വത്തിനെ കണ്ടവനാണ്.
മൃത്യുവോ നോ ഭതക്ഷന്തി മൃത്യു നാം മൃത്യും ഈശ്വരം . മൃത്യു അങ്ങനെയുള്ളവനെ തൊടില്ല എന്നാണ്. അത്തരത്തിലുള്ള ഒരു ആനന്ദ സ്ഥിതിയാണ് ഈ ബ്രാഹ്മീ സ്വരൂപിണിയായ, വിദ്യാ സ്വരൂപിണിയായ അംബികയുടെ കൃപ കൊണ്ട് ഉണ്ടാകുന്നത്.

Nochurji 🙏🙏

No comments: