Sunday, January 19, 2020

ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ആസ്ഥാനമായ പ്രശാന്തിനിലയത്തിലെ രക്ഷാവിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിക്കുന്ന ശ്രീ കുമാർ ഈ ലേഖകനോട് വെളിവാക്കിയ സംഗതി ശ്രദ്ധേയമാണ്.
കുമാറിന്റെ സ്വദേശം മംഗലാപുരമാണ്. 13ആം വയസ്സിൽ കുമാറിന് ഒരു വിചിത്രരോഗം പിടിപെട്ടു രണ്ടു കാലുകളും അസാധാരണമായി വണ്ണംവച്ചു വികൃതമായി.മംഗലാപുരത്തുള്ള ഡോക്ടർമാരെല്ലാം ചികിൽസിച്ചു യാതൊതു ഫലവുമില്ല. ബോംബെയിലുള്ള കുമാറിന്റെ അമ്മാമൻ കുമാറിനെ ചികിത്സയ്ക്കായി ബോംബെയിലേക്ക് കൊണ്ടുപോയി.അവിടെയുള്ള വിദഗ്ധ ഡോക്ടർമാരെ കാണിച്ചു ചികിത്സ തുടങ്ങി.കാലിന്റെ വണ്ണം അത്തരത്തിൽത്തന്നെ.മുപ്പതിനായിരം രൂപയോളം ചികിത്സയ്ക്കായി ചിലവഴിച്ചു.അപ്പോഴാണ് നിത്യാനന്ദ ഭഗവാനെകുറിച്ച് അറിയുവാനിടയായത്.ഗുരുദേവനെ ശരണം പ്രാപിക്കണമെന്നുകരുതി അമ്മാമനോടൊപ്പം കുമാർ ഗണേഷ്‌പുരിയിലെത്തി.
കൈലാസത്തിൽ ഒരു ചാരുകസാലയിലിരുന്നു ഗുരുദേവൻ ദർശനം നൽകുന്ന അവസരമായിരുന്നു. കുമാർ ഗുരുദേവന്റെ സമീപമെത്തിയതും തൃപ്പാദംകൊണ്ട് രോഗബാധിതമായ കാലിന് നല്ലൊരു ചവിട്ടു കിട്ടി. കുമാർ അന്ധാളിച്ചു.അമ്മാമനോടൊപ്പം പുറത്തുവരികയും ചെയ്തു. (ഈ ലേഖകനോട് കുമാർ സരസമായി ഇങ്ങനെ പറയുകയുണ്ടായി. 'നിത്യാനന്ദസ്വാമികളുടെ ഗണേഷ്‌പുരിയിൽ നിന്നുള്ള ആ ഒരു ചവിട്ട് എന്നെ ഒരു പന്തുപോലെ പുട്ടപർത്തിയിലെ സത്യസയിബാബയിലേക്കെത്തിച്ചു.') കുമാർ വീണ്ടും ഗുരുദേവദർശനത്തിനായി ഗണേഷ്‌പുരിയിലേക്ക് പോയി.തദവസരം ഗുരുദേവൻ ഒരു ജനാലിൽക്കൂടെ പുറത്തുള്ള ഭക്തജനങ്ങളെ നോക്കിക്കൊണ്ടു ദർശനം നൽകുകയായിരുന്നു.കുമാറിന്റെ ഊഴമെത്തിയപ്പോൾ അത്യുജ്ജലമായ ഒരു പ്രകാശരശ്മി ഗുരുദേവന്റെ ദൃഷ്ടിയിൽ നിന്നും ബഹിർഗമിച്ച് കുമാറിന്റെ കണ്ണുകളിൽ പതിയുന്നതായി കുമാറിന് അനുഭവമായി. പെട്ടെന്ന് കണ്ണുകൾ കൂച്ചിപ്പോയി. അസഹ്യമായൊരനുഭവം, കണ്ണുകൾ പൊട്ടിപ്പോയോ എന്നോർത്തു കുമാർ അയ്യോ എന്നു നിലവിളിച്ചു. ഗുരുദേവൻ അപ്പോൾ പൊട്ടിച്ചിരിക്കുകയായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സാധാരണ നിലയിലായി കണ്ണുതുറന്നു. അപ്പോൾ ഗുരുദേവൻ ഇങ്ങനെ പറയുന്നത് കേട്ടു "അവതാരം, ആന്ധ്ര." അവിടെ പോകൂ.കൂടാതെ കൈ ആംഗ്യംകൊണ്ട് ശിരസ്സിൽ ധാരാളം മുടിയുള്ളതായി സൂചിപ്പിക്കുകയും ചെയ്തു. ഗുരുദേവൻ സൂചിപ്പിച്ചത് പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയെക്കുറിച്ചാണെന്നു പിന്നീട് മനസ്സിലായി. അങ്ങനെ കുമാർ പുട്ടപർത്തിയിൽ സത്യസായിബാബയുടെ സന്നിധിയിലെത്തി. കുമാറിനെ കണ്ടതും ബാബ ഇങ്ങനെ പറഞ്ഞു. നിത്യാനന്ദരുടെ നിർദ്ദേശമനുസരിച്ച് വന്നതല്ലേ? എല്ലാം അറിയും. ഒന്നും പറയേണ്ട. ബാബ അല്പം വിഭൂതി സൃഷ്ടിച്ച് കുമാറിന് കഴിക്കുവാൻ കൊടുത്തു.പ്രശാന്തി നിലയത്തിൽ താമസിക്കുവാനും ഉപദേശിച്ചു. രോഗം നിശ്ലേഷം മാറി.കുമാർ ആദ്യം കാന്റീനിൽ സേവ ചെയ്തു. പിന്നീട് പ്രിന്റിങ് പ്രസ്സിലും.ഇപ്പോൾ രക്ഷാവിഭാഗത്തിലും. പ്രശാന്തി നിലയത്തിലെ പ്രധാന കവാടത്തിനടുത്ത് കുമാറിനൊരു മുറി ബാബ നൽകിയിട്ടുണ്ട്.അതിൽവെച്ച് ബാബയുടെ പടങ്ങളോടൊപ്പം ഗുരുദേവന്റെ പടങ്ങളും പൂജിക്കപ്പെടുന്നു. കുമാർ ബാബാ സേവചെയ്തുകൊണ്ടു ബാബാ ഭക്തിയിൽ മുഴുകി ആനന്ദിക്കുന്നു. നിത്യാനന്ദ ഭഗവാനെ കൃതജ്ഞതാപൂർവ്വം സ്മരിക്കുകയും വന്ദിക്കുകയും ചെയ്യുന്നു.നിത്യാനന്ദഭഗവാന്റെ കൃപയാലെ ഈ ദിവ്യസന്നിധിയിലെത്തിയെന്ന് കുമാർ പരമാനന്ദത്തോടെ പറയുകയുണ്ടായി.
*_ചിദാകാശഗീത_*
*_ശ്രീ. അമൃത്_*

No comments: