ഓം പ്രാതര്ജിതം ഭഗമുഗ്രങ് ഹുവേമ വയം പുത്രമദിതേര്യോ വിധര്ത്താ.
ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ
(യജുര്‍വേദം 34.35)
യജുര്‍വേദത്തിലെ പ്രസിദ്ധമായ ഭാഗ്യസൂക്തം അഥവാ പ്രാതഃസൂക്തത്തിലെ രണ്ടാം മന്ത്രമാണിത്. മന്ത്രാര്‍ഥം എന്താണെന്നു നോക്കാം. ഈ പ്രപഞ്ചത്തില്‍ ധനമില്ലാതെ ജീവിക്കാനാവില്ല. എന്നാല്‍ അന്യായമായി സമ്പാദിക്കുന്ന ധനം മനുഷ്യന്റെ പതനത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍ മന്ത്രത്തിന്റെ ഋഷിയായ വസിഷ്ഠന്‍ ഈശ്വരനോടു പറയുന്നു, ഞങ്ങള്‍ (പ്രാതഃ=) ഉത്തമമായ ഭാവനകള്‍ മനസ്സില്‍ നിറയുന്ന ഈ പ്രഭാതവേളയില്‍ (ജിതമ് ഭഗമ്=) നമ്മുടെ പുരുഷാര്‍ഥംകൊണ്ട് നേടിയ ധനത്തെ ആവാഹിക്കുന്നു. പുരുഷാര്‍ഥമില്ലാതെ നേടുന്ന ധനം പതനത്തിനു കാരണമാകും. സ്ഥിരപ്രയത്നമാണ് പുരുഷാര്‍ഥം. ഞങ്ങള്‍ ഉദാത്തമായ ധനത്തെ സമ്പാദിക്കുന്നു. അതു നേടുന്നതിലൂടെ നാം ഒരിക്കലും അഹങ്കാരിയോ അല്പനോ ആവുകയില്ല.
(ഉഗ്രമ്=) കഠിന പരിശ്രമത്തിലൂടെ നാം നേടുന്ന ധനം നമ്മെ തേജസ്വികളാക്കുന്നു. (വയമ് പുത്രമ് (ഭഗമ് ഹുവേമ)=) ഞങ്ങള്‍, പുത്രനാകുന്ന (പുനാതി + ത്രായതേ) ജീവനെ പവിത്രീകരിക്കയും, വാസനകളില്‍ രക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്ന ആ ധനത്തെ ആവാഹനം ചെയ്യുന്നു. ആ ധനത്തെ ഞങ്ങള്‍ക്ക് നല്‍കിയാലും (യഃ=) യാതൊന്ന് (അദിതേഃ=) അണമുറിയാത്ത, അതായത് എല്ലാ സ്വസ്ഥതയും പ്രദാനം ചെയ്യുന്ന (വിധര്‍ത്താ=) വിശേഷ ധനമാകുന്നു. അസ്വസ്ഥത ജനിപ്പിക്കുന്ന ധനം ഞങ്ങള്‍ക്ക് ഒരിക്കലും ആവശ്യമില്ല.
അദിതിശബ്ദത്തിന്് നിരുക്തത്തില്‍ 'അദീനാ ദേവമാതാ' എന്നാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ദേവമാതാവായ ധനത്തെയാണ് ഇവിടെ നാം ആവശ്യപ്പെടുന്നത്. നമ്മെ ദേവമാതാവാക്കുന്ന ധനത്തെയാണ് നമുക്ക് വേണ്ടത്. ആ ദേവമാതാവ് അദീനയാണ്. യാതൊരു ദീനതയും ഏല്‍ക്കാത്തവളാണ്. ദീനര്‍ മുട്ടുവിറയ്ക്കുന്നവരാണ്. ആരുടെ മുന്‍പിലും നമുക്ക് മുട്ടു വിറയ്ക്കരുത്. എന്നു മാത്രമല്ല, നമ്മുടെ ഹൃദയപങ്കജം വികസിക്കുകയും വേണം. (യം ഭഗമ്=) അപ്രകാരമുള്ള ആ ധനത്തെ (ആധ്രഃ ചിത്=) കൈത്താങ്ങിന് അര്‍ഹരായവരും അതായത് വികലാംഗരോ ആലംബഹീനരോ ആയവരും (ഭക്ഷി ഇതി ആഹ=) 'ഞാന്‍ ഭുജിക്കുന്നു' എന്ന് പറയുന്നു. അതായത് നമ്മുടെ ആ ധനത്തിന്റെ പങ്ക് സമൂഹത്തിലെ ആലംബഹീനര്‍ക്കും അവകാശപ്പെട്ടതാണ്. അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങിന് ഉപകരിക്കുന്നതായിരിക്കണം എന്റെ പക്കലുള്ള ധനം.
അതേപോലെ (മന്യമാനഃ തുരഃ ചിത്=) സമൂഹത്തിന്റെ അജ്ഞാനാദി തിന്മകളെ ഇല്ലാതാക്കുന്ന മാന്യവ്യക്തികളും 'ഞാന്‍ ഭക്ഷിക്കുന്നു' എന്നു പറയുന്നു; അതായത് നമ്മുടെ ധനത്തില്‍നിന്ന് ഒരു ഭാഗം സമാജ താത്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആദരണീയരായവര്‍ക്കുകൂടി നല്‍കേണ്ടതുണ്ട്. ഈ 'മന്യമാനഃ' എന്ന വിശേഷണം കൊടുക്കാന്‍ കാരണം ഈ ധനം ഒരു കാരണവശാലും അപാത്രങ്ങളില്‍ ചെന്നു പതിക്കരുത് എന്നതിനാലാണ്. നാം ധനം നല്‍കുന്നത് സമൂഹത്തിന്റെ ആദരവ് നേടിയ വ്യക്തികള്‍ക്കായിരിക്കണം. അതായത് ആ വ്യക്തി ചെയ്യുന്ന സദ്വ്യയത്തെക്കുറിച്ച് നല്ല ധാരണ നമുക്ക് ഉണ്ടാകണമെന്നര്‍ഥം.
ഏറ്റവും ഒടുവില്‍ നമ്മുടെ ആ ധനത്തെ (രാജാ ചിത് ഭക്ഷി ഇതി ആഹ=) ഭരണാധിപനും 'ഞാന്‍ കഴിക്കുന്നു'വെന്ന് പറയുന്നു. ഈ ധനംകൊണ്ടാണ് ഭരണാധിപന്് ഉചിതമായത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. ഇത്തരത്തില്‍ കരമായി ലഭിക്കുന്ന ധനംകൊണ്ടാണ് ഭരണാധിപന്‍ രാഷ്ട്രരക്ഷയ്ക്കുള്ള വ്യവസ്ഥകള്‍ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ കരം നല്‍കാത്തവര്‍ രാഷ്ട്രത്തെ കട്ടുമുടിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ നമ്മുടെ ധനത്തില്‍നിന്ന് അനാഥര്‍ക്കും സമാജസേവകര്‍ക്കും ഭരണാധിപനും അതായത് സ്റ്റേറ്റിനും വേണ്ടതു നല്കാന്‍ നാം തയ്യാറാകണം.
ഇവിടെ, മന്ത്രത്തിന്റെ ആദ്യപകുതിയില്‍ ധനം സ്ഥിരപ്രയത്നത്തിലൂടെ സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുമ്പോള്‍ രണ്ടാം പകുതിയാകട്ടെ നമ്മോട് പറയുന്നത്, അപ്രകാരം നാം സമ്പാദിച്ച ധനം സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രം വിനിയോഗിച്ചാല്‍ പോരാ, അതില്‍നിന്ന് ഒരു ഭാഗം നിരാലംബര്‍ക്കും, സമൂഹസേവകരായ മാന്യവ്യക്തികള്‍ക്കും, അതേ പോലെ കരരൂപത്തില്‍ രാഷ്ട്രത്തിനുമായി നല്‍കണമെന്നാണ്. ഇതാകട്ടെ നമ്മുടെ ഔദാര്യമല്ല, മറിച്ച് കര്‍ത്തവ്യമാണുതാനും
0495 2724700
No comments:
Post a Comment