Thursday, January 16, 2020


ഹരി ഓം .
 പൂജ്യ ബോധാനന്ദ സ്വാമിജിയുടെ തൈത്തിരീയ ഉപനിഷത് , ദക്ഷിണാമൂർത്തി സ്തോത്രം പ്രഭാഷണത്തിൽ നിന്നും എന്താണ് അറിയേണ്ടത് ?. ഏറ്റവും മഹത്തായ കാര്യം നമ്മുടെ ജീവിതലക്ഷ്യമായ മോക്ഷത്തെ പ്രാപിക്കാൻ വേണ്ടി ധർമാനുസാരിയായി ജീവിക്കണം. അതിനു വേണ്ടി നമ്മുടെ ഇപ്പോഴത്തെ ജീവിതത്തെ ചിട്ടപ്പെടുത്തി എടുക്കണം.അതെങ്ങനെ സാധിക്കാം.സ്വാമിജി പറഞ്ഞ വേദാന്ത സത്യങ്ങളെ നിരന്തരം സ്വാധ്യായഃ മനനങ്ങൾ ചെയ്യണം.എന്നിട്ടു മായാമോഹിതകല്പിതമായ ഈ വിശ്വത്തിലെ വ്യാവഹാരിക ജീവിതത്തിലുള്ള കാമ്യ കർമങ്ങളെ  കുറച്ചു കുറച്ചു പാരമാര്ഥികമായ ആ പരമസത്യത്തെ അറിയുക.ഇതിനു അത്യാവശ്യം അറിയേണ്ടത് എന്തെന്നാൽ നമ്മൾ ഇന്ദ്രിയം കൊണ്ട് കാണുന്നതെല്ലാം സത്യമല്ല മായയാണെന്നു അറിയേണം.സത്യം നമ്മുടെ ഉള്ളിലുള്ള സ്പൂര്ത്തിയായിരിക്കുന്ന ബോധം തന്നെയാണ്.സുഷുപ്തിയിൽ നമ്മൾ പരമസുഖം മാത്രം അനുഭവിക്കുന്നു.അവിടെ നമുക്ക് എല്ലാം നഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു അവസ്ഥയാണല്ലോ.പക്ഷെ നമ്മളിലുള്ള ഭഗവദ്‌ചൈതന്യം മാത്രം ഉണ്ട്.ആ ഭഗവാൻ നമ്മുടെ ശരീരത്തേയും അന്തക്കരണങ്ങളെയും സൂക്ഷിച്ചു കാത്തു രക്ഷിക്കുന്നു.ഉണരുമ്പോൾ അതെ പോലെ തിരിച്ചു തരുന്നു.ഒരു കൊച്ചു കുഞ്ഞു എങ്ങനെയാണോ അമ്മയുടെ മടിയിൽ കിടന്നു ഉറങ്ങന്നതു അതുപോലെ സുഷുപ്തിയിൽ ഭഗവാന്റെ മടിത്തട്ടിൽ നമ്മൾ സുഖമായി സുരക്ഷിതമായി ഉറങ്ങുകയാണ്.ഈ സുഷുപ്തിയിൽ ഭഗവാനിൽ നിന്ന് കിട്ടുന്ന അനുഗ്രഹം കൊണ്ട് മാത്രമാണ് നമുക്ക് ജാഗ്രത്തിലും സ്വപ്നത്തിലും കഴിയാൻ സാധിക്കുന്നത്.അതുകൊണ്ടു (തസ്മാത്) വ്യാവഹാരിക ജീവിതത്തിൽ ആസക്തിയില്ലാതെ ആഹാരം നിയന്ത്രിച്ചു യോഗവും ധ്യാനവും ചെയ്തു എല്ലാ കർമങ്ങളും  ഈശ്വരാർപ്പിതമായി ചെയ്യുക.അങ്ങനെ ജീവിതത്തെ സന്തോഷഭരിതമാക്കുക.അതിനു സ്വാമിജിയുടെ പ്രഭാഷണം ശ്രവിച്ച എല്ലാ സുകൃതികൾക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  

No comments: