Saturday, January 18, 2020

ക്ഷേത്ര ചൈതന്യ രഹസ്യം
----------------------------------
ക്ഷേത്രങ്ങളുടെ അടിസ്ഥാനമായ തന്ത്രശാസ്ത്രം - ഒരു വിഹഗവീക്ഷണം :-
(തുടർച്ച)
C- വൈദികചിന്തയുടെ താന്ത്രികമായ ആവിഷ്കരണം:-
കാലക്രമത്തിൽ യുഗപരിവർത്തനങ്ങളോടെ മനുഷ്യരുടെ കഴിവുകൾ വീണ്ടും കുറഞ്ഞുപോയി. അങ്ങനെ കലിയുഗമാകുമ്പോഴേക്കും വൈദികമായ ഈ ആരാധനാ സമ്പ്രദായം താന്ത്രിക മാർഗ്ഗങ്ങളായി പരിണമിയ്ക്കുകയാണുണ്ടായത് .വൈദികവും താന്ത്രികവുമായ സമ്പ്രദായങ്ങൾ വിഭിന്നങ്ങളും പലപ്പോഴും പരസ്പരവിരുദ്ധ ങ്ങളുമായ ചിന്താഗതികളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അവയ്ക്ക് ആര്യൻ , ദ്രാവിഡൻ എന്നിങ്ങനെ വർഗ്ഗപരമായ അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് ഇവിടെ വിസ്മരിക്കുന്നില്ല. ആ വാദഗതി സമ്മതിക്കുകയാണെങ്കിൽ ത്തന്നെയും ഈ രണ്ടു വിചാരധാരകളും വേർതിരിയ്ക്കുവാൻ കഴിയാതെ ഒന്നായി ഉരുകിച്ചേരുകയാണ് ചെയ്തതെന്ന് പറയേണ്ടിവരും. പക്ഷേ വെറും സ്ഥൂലമായ അർത്ഥ കല്പനയല്ല വേദത്തിലുള്ളത് എന്നു മനസ്സിലാക്കുന്ന സൂക്ഷ്മ ചിന്തകന്മാർക്ക് പിൻകാലത്തെ പല താന്ത്രികസങ്കൽപങ്ങളും വേദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നും കാണുവാൻ പ്രയാസമില്ല. രണ്ടു സമ്പ്രദായങ്ങളുടേയും അടിസ്ഥാന ചിന്താഗതി "കുണ്ഡലിനീയോഗം " തുടങ്ങിയ ആദ്ധ്യാത്മിക രഹസ്യങ്ങൾ തന്നെയായിരുന്നുഎന്ന് വ്യക്തമാണ്. പല ഉപനിഷത്തുക്കളും വേദസൂക്തങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.
വൈദികചിന്താസരണിയിൽ അക്ഷരങ്ങളുടെ സ്പന്ദനങ്ങൾക്കും പ്രത്യേക ശക്തിയുണ്ട് എന്ന് നാം കണ്ടുവല്ലോ . ഓം , വഷട് , വൌഷട് , സ്വാഹ തുടങ്ങി വൈദിക കർമ്മങ്ങൾക്ക് ഉപയോഗിച്ചിരുന്ന ശബ്ദങ്ങൾ തന്നെയാണ് പിൻ കാലത്തും താന്ത്രികമായ മന്ത്രോച്ചാരണ സമ്പ്രദായത്തിലും സ്വീകരിച്ചിരുന്നത് .യജ്ഞത്തിൽ നാലും അതിലധികവും ഋത്വിക്കുകൾ ( പുരോഹിതന്മാർ) കൂട്ടായി ചേർന്ന് ചെയ്തിരുന്ന 'ഹവനക്രിയതന്നെ 'പിൻകാലത്ത് മന്ത്ര ദേവതകളെ ഉദ്ദേശിച്ച് ഒരാൾ മാത്രം ചെയ്യുന്ന ഹോമമായി പരിണമിച്ചു. ഇന്ദ്രാദിദേവന്മാരെ പ്രാപഞ്ചിക സൂക്ഷ്മ ശക്തികളായി മാത്രം വേദങ്ങൾ പരിഗണിച്ചിരുന്നു.പക്ഷെ തന്ത്രകാലത്ത് ആ ദേവതകൾക്ക് കരചരണാദ്യവയവ സഹിതങ്ങളായ രൂപകല്പനകൾ ഉണ്ടായതാണല്ലോ, ഓരോ മന്ത്രത്തിന്റേയും ദേവതയുടെ ധ്യാനോക്തരൂപമായി പരിണമിച്ചത്. അതുപോലെ ഗണപതി , വിഷ്ണു , ശവൻ , ദുർഗ്ഗ എന്നിങ്ങനെ വ്യക്തമായി ഉരുത്തിരിഞ്ഞ മാന്ത്രിക ദേവതകൾക്ക് സമാന്തരങ്ങളായ വേദസൂക്തങ്ങൾ അതാതു ദേവന്മാരുടെ ഉപാസനകളിൽ ഇന്നും ഉപയോഗിച്ചു വരുന്നുണ്ട്. ശക്തി നിഗർഭിതങ്ങളായ ദീർഘ വൈദിക സൂക്തങ്ങളുടെ ചുവട് പിടിച്ച് മേൽപ്പറഞ്ഞ തരത്തിലുള്ള ബീജാക്ഷരങ്ങൾ ചേർത്ത് താന്ത്രിക മന്ത്രങ്ങൾ ഉത്ഭിവിച്ചു. ആ മന്ത്ര ശബ്ദത്തിലും തദർത്ഥ സംബന്ധിയായ ദേവതാ സങ്കൽപ്പത്തിലും പ്രപഞ്ചത്തിന്റെ നിയാമശക്തികൾ ഉണ്ടെന്ന താന്ത്രിക ദർശനം വൈദിക ഭാവനയുടെ തുടർച്ചയല്ലാതെ മറ്റെന്താണ്? അതു മാത്രമല്ല ,വേദങ്ങളിൽ അനുപേക്ഷണീയങ്ങളായ ഋഷി - ചന്ദസ്സ് -ദേവതാ സങ്കൽപ്പങ്ങൾ താന്ത്രിക -മന്ത്ര ഉപാസനയുടേയും അംഗങ്ങളായിത്തീർന്നു. വൈദിക സമ്പ്രദായം അതിന്റെ ഉള്ളടക്കം കളയാതെ പിൻ കാലത്തെ താന്ത്രിക സമ്പ്രദായമായി പരിണമിച്ചതിന്റെ നിരവധി ഉദാഹരണങ്ങളിൽ ചിലത് മാത്രമാണ് ഇവിടെ പ്രസ്താവിച്ചിട്ടുള്ളത്.
( തുടരും)
പി.എം.എൻ.നമ്പൂതിരി

No comments: