Tuesday, January 21, 2020

വൈദികത്തിന്റെ വിവിധ വശങ്ങള്‍

Wednesday 7 March 2018 6:35 am IST
വൈദികനിഘണ്ടുവിലുള്ള ഓരോ പദത്തിനും ലൗകിക സംസ്‌കൃതത്തോടു യോജിച്ച നിര്‍വചനം നല്‍കുകയാണ്, അതായത് വൈദികസംസ്‌കൃതപദങ്ങളെ ലൗകിക സംസ്‌കൃതപദങ്ങള്‍ക്കു തുല്യമാക്കുകയാണ്, യാസ്‌കാചാര്യര്‍ ചെയ്യുന്നത്. ഈ മൂലവും ഭാഷ്യവും ചേര്‍ത്താണ് ഇപ്പോള്‍ നിരുക്തം എന്നു പറയുന്നത്.നിര്‍വചനത്തിനുള്ള അടിസ്ഥാനം അഞ്ചു വിധമാണത്രേ. അവ വര്‍ണ്ണാഗമം, വര്‍ണ്ണവിപര്യയം, വര്‍ണ്ണവികാരം, വര്‍ണ്ണലോപം, ധാത്വര്‍ത്ഥത്തെ വാക്യാര്‍ത്ഥത്തോടു യോജിപ്പിക്കല്‍ എന്നിവയാണ്.
നിരുക്തം എന്നാല്‍ ലൗകിക സംസ്‌കൃതത്തിലെ അമരകോശം പോലെ വൈദിക നിഘണ്ടു എന്നു പറയാം. ഇത് ഗവാദിദേവപര്യന്തമുള്ള വൈദികപദങ്ങളെ കാണിക്കുന്ന ആര്‍ഷ (ഋഷിപ്രോക്തം) ഗ്രന്ഥമാണ്. ഇതിന് യാസ്‌കാചാര്യര്‍ ഒരു ഭാഷ്യം എഴുതിയിട്ടുണ്ട്. വൈദികനിഘണ്ടുവിലുള്ള ഓരോ പദത്തിനും ലൗകിക സംസ്‌കൃതത്തോടു യോജിച്ച നിര്‍വചനം നല്‍കുകയാണ്, അതായത് വൈദികസംസ്‌കൃതപദങ്ങളെ ലൗകിക സംസ്‌കൃതപദങ്ങള്‍ക്കു തുല്യമാക്കുകയാണ്, യാസ്‌കാചാര്യര്‍ ചെയ്യുന്നത്. ഈ മൂലവും ഭാഷ്യവും ചേര്‍ത്താണ് ഇപ്പോള്‍ നിരുക്തം എന്നു പറയുന്നത്.
നിര്‍വചനത്തിനുള്ള അടിസ്ഥാനം അഞ്ചു വിധമാണത്രേ. അവ വര്‍ണ്ണാഗമം, വര്‍ണ്ണവിപര്യയം, വര്‍ണ്ണവികാരം, വര്‍ണ്ണലോപം, ധാത്വര്‍ത്ഥത്തെ വാക്യാര്‍ത്ഥത്തോടു യോജിപ്പിക്കല്‍ എന്നിവയാണ്. മലയാളഭാഷയിലും നിര്‍വചനം കാണാം. സംസാരഭാഷയെ നിര്‍വചിച്ചതാണ് എഴുതുന്ന ഭാഷ. ഉദാഹരണം- ഓപ്പോള്‍= ഉടപ്പിറന്നവള്‍, ആത്തേമ്മാര്= അകത്തമ്മമാര്, ഏട്ടന്‍= ജ്യേഷ്ഠന്‍, വാദ്ധ്യാന്‍= ഉപാധ്യായന്‍ തുടങ്ങിയവ. സംസ്‌കൃതത്തിലും അവയവാര്‍ത്ഥം കിട്ടുവാന്‍ നിര്‍വചിക്കണം. ഉദാഹരണം- ശാഖ:=ഖശാ:. ഖശാ:= ഖേ ശേരതേ ഇതി ഖശാ:. അത്ഭുതം= അഭൂതം. നിരുക്തത്തിന്റെ സഹായമില്ലാതെ മന്ത്രങ്ങളുടെ പദപാഠവും അര്‍ത്ഥജ്ഞാനവും സിദ്ധിക്കുകയില്ല.
കല്‍പം- ബ്രാഹ്മണം എന്നാല്‍ മന്ത്രങ്ങളുടെ വിനിയോഗം എന്നാണര്‍ത്ഥം. കല്‍പ്പത്തില്‍ ഓരോ ഋക്കിന്റെയും സൂക്തത്തിന്റെയും വിനിയോഗം പറയുന്നുണ്ട്. എല്ലാ വേദശാഖകള്‍ക്കും കല്‍പം വേറെവേറെ ഉണ്ട്. ആശ്വലായനശ്രൗതസൂത്രം. കൗഷീതകശ്രൗതസൂത്രം, ബൗധായനകല്‍പം ഇത്തരത്തിലാണ് അവയുടെ പേരുകള്‍. അതാതു കര്‍മ്മങ്ങള്‍ യോജിപ്പിച്ചുകൊണ്ടു മാത്രമേ മന്ത്രങ്ങള്‍ക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ കഴിയൂ. ഋഗ്വേദമന്ത്രങ്ങള്‍ക്ക് എങ്ങനെയെങ്കിലും അര്‍ത്ഥം പറയാന്‍ കഴിഞ്ഞേക്കും. യജുര്‍വേദത്തില്‍ ഇതു തീരെ സാധ്യമല്ല. അപ്പോള്‍ മന്ത്രങ്ങളുടെ അതാത് സന്ദര്‍ഭത്തിലെ അര്‍ത്ഥം അറിയാന്‍ കല്‍പജ്ഞാനം കൂടിയേ തൂരൂ.
ജ്യോതിഷം-  ശ്രൗതകര്‍മ്മങ്ങളുടെ കാലം അറിയാനുള്ള ശാസ്ത്രമാണ് ജ്യോതിഷം. കൃത്തികാസു അഗ്നിം ആദധീത, വസന്തേ ജ്യോതിഷാ യജേത, ദര്‍ശപൂര്‍ണ്ണമാസാഭ്യാം സ്വര്‍ഗകാമോ യജേത മുതലായ വാക്യങ്ങളിലുള്ള കൃത്തിക, വസന്തം, ദര്‍ശം, പൂര്‍ണ്ണമാസം എന്നീ കാലസൂചക ശബ്ദങ്ങളുടെ അര്‍ത്ഥം ജ്യോതിശ്ശാസ്ത്രത്തിന്റെ സഹായമില്ലാതെ അറിയുവാന്‍ സാധ്യമല്ല.
വേദങ്ങള്‍- അനാദിയായ കാലത്തെ ഗണനാര്‍ത്ഥം കൃത, ത്രേതാ, ദ്വാപര, കലി എന്നീ നാലു യുഗങ്ങള്‍ അടങ്ങിയ യുഗചക്ര (സൈക്കിള്‍) ങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ യുഗചക്രവും കഴിയുമ്പോള്‍ പ്രളയം ഉണ്ടാകുന്നു. ചതുര്‍യുഗങ്ങള്‍- പ്രളയം എന്ന ചാക്രിക പ്രക്രിയ നടന്നുകൊണ്ടേയിരിക്കുന്നു.
പാരമ്പര്യ വിശ്വാസമനുസരിച്ച് ഓരോ യുഗചക്രത്തിലും കൃതയുഗം മുതല്‍ ദ്വാപരയുഗത്തിന്റെ അവസാനം വരെ നാലു വേദങ്ങളും ചേര്‍ന്ന്, ഇടകലര്‍ന്ന്, ഒന്നായി നിലകൊള്ളുന്നു. അതു മുഴുവന്‍ അധ്യയനം ചെയ്താലേ വേദജ്ഞനാകാന്‍ കഴിയൂ. കലിയുഗത്തില്‍ മനുഷ്യരുടെ ആയുസ്സും, ബുദ്ധിശക്തിയും, ദേഹശക്തിയും തുലോം കുറവായിരിക്കും. അപാരമായ സമുദ്രം പോലെ വളരെ വലുതാണത്രേ വേദം. അതിന്റെ ചെറിയൊരംശം മാത്രമേ ഇന്ന് അദ്ധ്യയനം ചെയ്യുന്നുള്ളൂ. ഓരോ വേദത്തിലും 18,000 വീതം ഗ്രന്ഥങ്ങള്‍ ഉണ്ട്. അപ്പോള്‍ നാലു വേദത്തിലും കൂടി 72,000 ഗ്രന്ഥങ്ങള്‍. ഒരു ഗ്രന്ഥം എന്നാല്‍ 32 (അനുഷ്ടുപ്പ്) അക്ഷരം. അത്രയും ഹൃദിസ്ഥമാക്കുക അസാധ്യം. അതുകൊണ്ട് വേദവ്യാസന്‍ ഈ ഒന്നായിക്കിടന്ന വേദരാശിയെ ഋക്ക്, യജുസ്സ്, സാമം, അഥര്‍വം എന്നു നാലായി പകുത്ത് യഥാക്രമം പൈലന്‍, വൈശമ്പായനന്‍, ജൈമിനി, സുമന്തു എന്ന നാലു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചുകൊടുത്തു. ഈ നാലു ശിഷ്യപ്രശിഷ്യപരമ്പരയായിട്ടാണത്രേ ഇന്നും വേദങ്ങള്‍ അധ്യയനം ചെയ്തുവരുന്നത്.
ഓരോ യുഗത്തിലും ഈ വിഭജനം ആവര്‍ത്തിക്കുന്നു. തന്മൂലം വേദവ്യാസന്‍ എന്നത് വേദവിഭജനം നടത്തുന്ന ആളിന്റെ സാമാന്യനാമം അഥവാ സ്ഥാനപ്പേരാണ്. ഓരോ യുഗത്തിലും, അപ്പോള്‍ ഓരോ വ്യാസനുണ്ടാകും. ഇത്തരം 28 വ്യാസന്മാരുടെ വിശേഷപ്പേരുകള്‍ ദേവീഭാഗവതത്തില്‍ പറയുന്നുണ്ട്. ഈ ചതുര്‍യുഗത്തിലെ വ്യാസന്റെ വിശേഷനാമങ്ങളാണ് കൃഷ്ണദ്വൈപായനന്‍, പാരാശര്യന്‍ എന്നിവ.  
ഋഗ്വേദസംഹിത- ഋഗ്വേദത്തിന് ശാകലസംഹിത, ബാഷ്‌കലസംഹിത എന്നു രണ്ടു സംഹിതകള്‍ ഉണ്ട്. ഈ രണ്ടു സംഹിതകള്‍ക്കും കൂടി ആകെ 21 ബ്രാഹ്മണങ്ങള്‍  ഉണ്ട്. ഏര്‍ക്കരയുടെ അറിവില്‍ ഇപ്പോള്‍ സംഹിതകളില്‍ ശാകലസംഹിതയും ബ്രാഹ്മണങ്ങളില്‍ ഐതരേയവും കൗഷീതകവും മാത്രമേ ഉപയോഗത്തിലുള്ളൂ എന്നദ്ദേഹം പറയുന്നു.
ഋഗ്വേദത്തെ പത്ത് മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഈ പത്തിലും കൂടി ആകെ 1,017 സൂക്തങ്ങളും ആ സൂക്തങ്ങളില്‍ 10,472 ഋക്കുകളുമാണത്രേ ഇപ്പോള്‍ ഉള്ളത്. ഋക്കുകള്‍ അഞ്ചു ലക്ഷത്തിലധികം കാണേണ്ടതാണെന്നു കണക്കുകള്‍ ഉദ്ധരിച്ച് ഏര്‍ക്കര സൂചിപ്പിക്കുന്നു. ഇവ കൂടാതെ ശ്രൗതസ്മാര്‍ത്തകര്‍മ്മങ്ങളിലുപയോഗിക്കുന്ന മന്ത്രങ്ങള്‍ വേറെയുമുണ്ട്. ഇവയില്‍ ചിലത് സൂക്തങ്ങളും ചിലത് ഋക്കുകളും മറ്റു ചിലത് നിഗദങ്ങള്‍ അതായത് ഗദ്യങ്ങളുമാണ്. ഇവയെ പരിശിഷ്ടങ്ങള്‍ എന്നു പറയുന്നു. ഇവയെല്ലാം ഋഗ്വേദസംഹിതയില്‍പെടുന്നു. മേല്‍പ്പറഞ്ഞ ശാകല-ബാഷ്‌കല ഭേദമനുസരിച്ച് ഈ മന്ത്രങ്ങളില്‍ പലതിനും പാഠഭേദങ്ങളുമുണ്ട്.
ഇപ്പോള്‍ ശാകലസംഹിതക്കാരെ ആശ്വലായനന്മാരെന്നും ബാഷ്‌കലസംഹിതക്കാരെ കൗഷീതകന്മാരെന്നും പറഞ്ഞുവരുന്നു. ഓരോ സംഹിതയേയും ആശ്രയിച്ച് ശ്രൗതസ്മാര്‍ത്തകര്‍മ്മങ്ങളെ സൂത്രരൂപത്തില്‍ പ്രതിപാദിച്ചിട്ടുള്ള ആചാര്യന്മാരാണ് ആശ്വലായനനും കൗഷീതകനും. ആ നിലയ്ക്ക് മേല്‍പ്പറഞ്ഞ രണ്ടു സംഹിതകളും കേരളത്തില്‍ നിലവിലുണ്ടെന്നു പറയാമെന്ന്  ഏര്‍ക്കര തുടര്‍ന്നു പറയുന്നു.

No comments: