Sunday, February 16, 2020

ഹരിനാമകീർത്തനം-96

   ബന്ധുക്കളർത്ഥ 
   ഗൃഹപുത്രാദിജാലമതിൽ
   ബന്ധിച്ചവന്നുലകിൽ 
   നിൻതത്ത്വമൊക്കെയിതു
   അന്ധന്നു കാട്ടിയൊരു   
   കണ്ണാടിപോലെ വരു-
   മെന്നാക്കൊലാ മമ ച
   നാരായണായ നമഃ                   (52)

   ബന്ധുക്കൾ, പണം, വീട്, പുത്രൻ, ഭാര്യ, ഭർത്താവ് എന്നു തുടങ്ങിയ
ലോകവിഷയങ്ങളിൽ ഞാൻ എന്റേത് എന്നിങ്ങനെ മമതാബദ്ധനായിത്തീരുന്നവന് ഈ ലോകത്തു നിറഞ്ഞുനിൽക്കുന്ന ഭഗവത്സാന്നിദ്ധ്യം കുരുടനു കാണിക്കുന്ന കണ്ണാടിയിലെ പ്രതിബിംബം അവനു കണ്ടറിയാൻ
കഴിയാതിരിക്കുന്നതുപോലെ ഒരിക്കലും അനുഭവിക്കാൻ കഴിയുകയില്ല. എനിക്കു അതുപോലൊരവസ്ഥ വരാൻ ഇടയാകരുത്. നാരായണനു നമസ്കാരം.

നിസ്സംഗത്വം സത്യദർശനോപായം

   ഈ ലോകത്തുവരുമ്പോൾ ശരീരം മാത്രമേ നാം കൊണ്ടുവരുന്നുള്ളൂ. അതുതന്നെയും ബോധസ്വരൂപനായ ആത്മാവിന് ഭഗവാൻ നൽകുന്ന
ഉപകരണമാണ്. ഇവിടുന്ന് പോകുമ്പോൾ ആ ഉപകരണം പോലും ഉപേക്ഷിച്ചു പോകേണ്ടതായും വരുന്നു. സ്വദേഹത്തിന്റെ കഥതന്നെ ഇതാണെങ്കിൽ ഇടയ്ക്ക് വന്നുചേരുന്ന ബന്ധുക്കളും ധനവും മറ്റും ആർക്കും സ്വന്തമാക്കാൻ പറ്റുന്നതല്ലെന്നു തീർച്ചയാണല്ലോ. ബന്ധുക്കൾ, പണം മുതലായ നാനാവിഷയങ്ങളിൽ മനസ്സു മമതാബദ്ധമായുഴലുന്നിടത്തോളം ഏകാഗ്രത സമ്പാദിക്കാൻ കഴിയുകയില്ല. ഇതിനൊരുപായമേയുള്ളു. ഇവയൊന്നും എന്റേതല്ല, എല്ലാം ഭഗവാന്റേതാണെന്നു കാണുകയാണ് ആ ഉപായം. അവയ്ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളും ഭഗവദാരാധനയാണെന്നു കാണണം. എല്ലാം ഭഗവാന്റേതാണെന്നു കാണുന്നതാണ് ത്യാഗം.
ഈ ത്യാഗം അഭ്യസിപ്പിച്ചാൽ ചിത്തം നിസ്സംഗമാവും. തുടർന്ന് ഏകാഗ്രതയും ആത്മസാക്ഷാത്ക്കാരവും നേടാൻ കഴിയും. ഭഗവാൻ ഗീതയിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു.

   ഭോഗൈശ്വര്യപ്രസക്താനാം
   തയാപഹൃതചേതസാം
   വ്യവസായാത്മികാ ബുദ്ധിഃ
   സമാധൗ ന വിധീയതേ.     
                                            (ഗീത, 2-44)

 ഭോഗൈശ്വര്യങ്ങളിൽ സംഗബദ്ധനായി ഉഴലുന്നവന് ലക്ഷ്യത്തിലുറച്ചു നിൽക്കുന്ന ഏകാഗ്രതാബുദ്ധി ധ്യാനവേളയിൽ ഒരിക്കലും കൈവരികയില്ല. ധ്യാനത്തിൽ ബുദ്ധി ഏകാഗ്രപ്പെടാത്തിടത്തോളം സമാധിയിൽ ആത്മാനുഭവം ഉണ്ടാകുന്നില്ല. സമാധിയിൽ ആത്മാനുഭവം ഉണ്ടാകാത്തിടത്തോളം ജഗത്തിലും നിറഞ്ഞുനിൽക്കുന്ന സത്യം തെളിയുകയില്ല. കുരുടന്റെ മുമ്പിൽ കണ്ണാടി കാണിച്ചാൽ അതിൽ പ്രതിബിംബം ഉണ്ടെങ്കിൽപ്പോലും അവനു കാണാൻ കഴിയുന്നില്ല. സംഗബദ്ധമായ ഹൃദയവും അതുപോലെ സർവത്ര നിറഞ്ഞിരിക്കുന്ന ഭഗവാനെ കാണുന്ന കാര്യത്തിൽ കുരുടനാണ്. തനിക്ക് ഈ അന്ധത്വം ഉണ്ടാക്കിത്തീർക്കരുതേയെന്നാണ് ആചാര്യൻ പ്രാർത്ഥിക്കുന്നത്.
 
    മമതാബദ്ധനായി ഉഴലുന്ന മനുഷ്യന് അമൃതത്വം വരിക്കാനോ കഴിയുന്നില്ല. മാത്രമല്ല, സ്വന്തമായി കരുതുന്ന സകലതിൽ നിന്നും അവനെ വേർപെടുത്തുന്ന കരാളമായ മരണം തവളയെ വിഴുങ്ങാൻ സർപ്പമെന്ന
പോലെ സദാ അവനെ പിന്തുടരുകയും ചെയ്യുന്നു. ഈ ദയനീയസ്ഥിതിയാണ് ഭാവനാമയമായി ആചാര്യൻ അടുത്ത പദ്യത്തിൽ ചിത്രീകരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.

No comments: