Monday, February 03, 2020

ചോ: മാര്‍ഗ്ഗങ്ങള്‍ പലതെന്തിന്‌? മുക്തിക്കു ഭക്തിയാണുത്തമമെന്നു ശ്രീരാമകൃഷ്ണന്‍ പറയുന്നു.

ഉ: അത്‌ അധികാരിഭേദമനുസരിച്ചു പറഞ്ഞതാണ്‌. നിങ്ങള്‍ ഗീത പഠിച്ചിട്ടുണ്ടല്ലോ. അതില്‍ കൃഷ്ണന്‍ പറയുന്നു: “അര്‍ജ്ജുനാ! ഞാനോ നീയോ ഈ രാജാക്കന്മാരാരുമോ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഭാവിയിലുണ്ടാകാന്‍ പോകുന്നില്ല. സത്യമല്ലാത്തത്‌ നിലച്ചിരിക്കുകയില്ല. ഉള്ളതെപ്പോഴുമുണ്ടായിരിക്കും. ഞാനിതാദ്യം സൂര്യനുപദേശിച്ചു. സൂര്യന്‍ മനുവിനുപദേശിച്ചു”. അപ്പോഴിപ്രകാരം അര്‍ജ്ജുനന്‍ ചോദിച്ചു: “അങ്ങ്‌ അല്‍പവര്‍ഷത്തിനു മുമ്പുമാത്രമാണല്ലൊ ജനിച്ചത്?” കൃഷ്ണന്‍ പ്രതിവചിച്ചു: “അതെ, നമുക്ക്‌ ധാരാളം മുജ്ജന്മങ്ങള്‍ ഉണ്ടായിട്ടുണ്ട്‌, എനിക്കറിയാമത്‌, പക്ഷെ നിന്റേത്‌ നിനക്കറിയാന്‍ പാടില്ല. മുജ്ജന്മങ്ങളിലെന്തു സംഭവിച്ചു എന്നു ഞാന്‍ പറഞ്ഞു തരാം”. നോക്കൂ! മുന്‍പു പരമാത്മതത്ത്വം പറഞ്ഞ കൃഷ്ണനാണിപ്പോളിതെല്ലാം പറയുന്നത്‌. ഇതെല്ലാം അധികാരിഭേദം നോക്കിപ്പറഞ്ഞതാണ്‌!. ക്രിസ്തുദേവന്‍ ഇപ്രകാരം പറഞ്ഞു. “അബ്രഹാം ഉണ്ടാകുന്നതിനുമുമ്പു ഞാന്‍ ഉണ്ട്” ഇതു പോലെ മഹത്തുക്കള്‍ അവസ്ഥാഭേദവും അധികാരിഭേദവും നോക്കി ഉപദേശിക്കാറുണ്ട്‌.

ലാക്കൊംബ്‌ ഭഗവാനെ ഉടനെ വിട്ടുപിരിയേണ്ടതില്‍ ഖേദം പ്രകടിപ്പിച്ചു.

ഭഗവാന്‍: ആരും വിട്ടുപിരിയുകയോ മടങ്ങുകയോ ചെയ്യുന്നില്ല. ലാക്കൊംബ്‌ ഉടനെ പറഞ്ഞു: “മഹര്‍ഷി ദേശകാലാദികളെ കടന്നു നില്‍ക്കുന്നു”. സന്ദര്‍ശകന്‍ യാത്ര പറഞ്ഞ്‌ പോണ്ടിച്ചേരിക്കു പോയി.

190. ആശ്രമത്തിലൊരു വളര്‍ത്തണ്ണാന്‍ കുഞ്ഞ്‌. ഒരു രാത്രിയില്‍ ഭഗവാന്‍ അതിനോട്‌ പതിവുപോലെ കൂട്ടില്‍ പോയുറങ്ങാന്‍ പറഞ്ഞു. തനിക്ക് അതീതനില സിദ്ധിച്ചു എന്നു ധരിച്ചിരുന്ന ഒരു ഭക്തന്‍ ഇതു കേട്ടിട്ട്‌ അണ്ണാന് ദാഹമുണ്ട്‌, വെള്ളം കൊടുക്കേണ്ടതാണെന്നു മെല്ലെപ്പറഞ്ഞു. ആരും ശ്രദ്ധിക്കാത്തതതുകൊണ്ട്‌ അയാളത് ആവര്‍ത്തിച്ച്‌ പല തവണ പറഞ്ഞു.

ഭഗവാന്‍: പാറപ്പുറത്ത്‌ കൊടുംവെയിലില്‍ ധ്യാനത്തിലിരുന്നതിനാല്‍ നിങ്ങള്‍ക്ക്‌ ദാഹമുണ്ടായിരിക്കും.

ഭക്തന്‍: ശരിയാണ്‌. ഞാന്‍ വെള്ളം കുടിച്ചു.

ഭഗവാന്‍: എന്നാല്‍ അണ്ണാനത്ര ദാഹമില്ല, നിങ്ങള്‍ നട്ടുച്ചയ്ക്കു പാറപ്പുറത്ത്‌ സൂര്യനെ നോക്കിയിരുന്നു ധ്യാനിക്കുന്നത്‌ ഞാന്‍ കണ്ടു.

No comments: