Saturday, February 01, 2020

മള്ളിയൂരിന്റെ പുണ്യം...

Saturday 1 February 2020 3:00 am IST
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 99-ാം ജയന്തി ആഘോഷങ്ങള്‍ നാളെ മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രസന്നിധിയില്‍ നടക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി 99 ഭാഗവതാചാര്യന്മാര്‍ ഒരുമിച്ചിരുന്ന് നടത്തുന്ന ഭാഗവത ഏകോന ശതക്രതു നവാഹയജ്ഞം ക്ഷേത്രസന്നിധിയില്‍ ഇന്ന് സമാപിക്കുന്നു. സ്വജീവിതം ഭാഗവതപുണ്യത്തിനായി സമര്‍പ്പിച്ച മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെ സ്മരിക്കുന്നു
ഭാഗവത പരമഹംസ പദവിയിലേക്ക് പറന്നുയര്‍ന്ന്, ആ പദവി പങ്കിടുവാന്‍ മറ്റാരെയും കാണാഞ്ഞ്, മറ്റു പരമ്പരകളെക്കൂടി ആ പരമോന്നത ശ്രേണി പങ്കുവെയ്ക്കുന്നതില്‍ പങ്കാളികളാവാന്‍ ക്ഷണിക്കുന്ന ഒരു മഹാദയാലു! വാത്സല്യ സ്‌നേഹങ്ങളുടെ പാരാവാരം! അതാണ് മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരി എന്ന ഭാഗവതോത്തമന്‍ നിഗമ കല്‍പ്പതരു- ശ്രീ മഹാഭാഗവതം -നമുക്കുവേണ്ടതെല്ലാം വാരിക്കോരി ചൊരിയുന്ന പ്രപന്ന പാരിജാത ഫലംതന്നെയാണെന്ന് സ്വന്തം ജീവിതംകൊണ്ട് കാട്ടിത്തന്നു ഈ മഹാത്മാവ്. അര്‍ത്ഥനകള്‍ മാത്രം കൈമുതലായുള്ള നമുക്ക് അര്‍ച്ചനകള്‍ മാത്രമേ ആവശ്യമുള്ളൂ, പ്രാര്‍ത്ഥനകളും. അല്ലാതെ നാം അര്‍ത്ഥികളെപ്പോലെ, യാചകരെപ്പോലെ ആകരുതെന്ന് ഓര്‍മ്മിപ്പിച്ചു ഈ നവീന യുഗത്തിലെ ഭീഷ്മ പിതാമഹനായ മള്ളിയൂര്‍!

ചെറുപ്പത്തില്‍തന്നെ നേടിയെടുത്ത പാണ്ഡിത്യവും സംസ്‌കൃത ജ്ഞാനവും രോഗാദികള്‍കൊണ്ട് വീര്‍പ്പ്മുട്ടിയപ്പോള്‍, അവ ഈശ്വര സേവയ്ക്കുള്ള ഉപായമെന്നറിഞ്ഞ് 'ഹേ രോഗാനനു യൂയമേവ സുഹൃദഃ' (രോഗങ്ങളെ നിങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ തന്നെ) എന്ന് ഉദ്‌ഘോഷിച്ച മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയെപ്പോലെ, മള്ളിയൂര്‍ തിരുമേനിയും ആ ദുര്യോഗങ്ങളെക്കൂടി ഭഗവത് സേവയ്ക്ക് ഉപയോഗിച്ചു. 'വിപദഃ സന്തുനഃ ശശ്വല്‍' എന്ന ഭാഗവതത്തിലെ മുത്തശ്ശിയായ കുന്തിദേവിയുടെ പ്രാര്‍ത്ഥന, ഇത്രമാത്രം സ്വന്തം ജീവിതത്തിലെ അനുഭവങ്ങളിലൂടെ ലോകത്തിന് കാട്ടിതന്ന മറ്റൊരു മഹാപുരുഷനെ നമുക്ക് കാണാനാകില്ല. രോഗങ്ങള്‍ മാറ്റിയ കണ്ണനുണ്ണിയായ ശ്രീ ഗുരുവായൂരപ്പനും പരദേവതയായ ഉണ്ണിഗ്ഗണപതിയും ഭാഗവതമാധുര്യം പരസ്പരം പങ്കുവെയ്ക്കുന്ന പൊന്നോമനക്കുട്ടന്‍ന്മാരായി  മള്ളിയൂര്‍ മുത്തശ്ശന്‍ ദര്‍ശിച്ചതാണ് നമുക്കെല്ലാം ഇന്ന് അനുഭവവേദ്യമാകുന്ന ഭാഗവതാമൃത ലഹരിയുടെ ആദ്യകാല ചരിത്രം. 

ഭക്തശിരോമണി വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരി തൃപ്പൂണിത്തുറയിലെ പരീക്ഷിത്ത് തമ്പുരാന്റെ  പ്രിയ ശിഷ്യനായിരുന്നുവെന്ന് കേട്ടറിവുണ്ട്. ആ ഭാഗവത നിഗമ കല്‍പ്പതരുവിന്റെ ശാഖോപശാഖകളില്‍നിന്നും (ഗളിതം ഫലം) ഉതിര്‍ന്ന് വീഴുന്ന ഫലങ്ങളാവാന്‍ പുതിയ തലമുറക്ക് ലഭിച്ച ഭാഗ്യാതിരേകം -മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, പടപ്പ നമ്പൂതിരിയുടെ ശിഷ്യനായി, ഭാഗവതം സ്വീകരിച്ചപ്പോഴുണ്ടായതാണ്. വാഴകുന്നം വാസുദേവന്‍ നമ്പൂതിരിയുടെ ഭാഗവത പ്രഭാഷണ സന്ദര്‍ഭങ്ങളില്‍ പങ്കാളിയായിരുന്ന  പടപ്പ നമ്പൂതിരി വഴി പകര്‍ന്നുകൊടുത്ത ശ്രീമദ്ഭാഗവത സപര്യായോഗം, മള്ളിയൂരിനെ ഭാഗവതാഗ്രേസരനാക്കി മാറ്റി. ശ്രീ ഗുരുവായൂരപ്പനും ഉണ്ണിഗ്ഗണപതിയും കനിഞ്ഞരുളിയ ഭാഗവത സപര്യയെ ശ്രീ കുമാരനല്ലൂര്‍ ഭഗവതി മാതൃഭാവത്തിലിരുന്ന് വാത്സല്യാമൃതം വര്‍ഷിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 
ജീവിത ക്ലേശങ്ങളില്‍ ശ്രീകൃഷ്ണഭഗവാന്റെ ഉത്തമ സുഹൃത്തായ സുദാമാവിന് (കുചേല ബ്രാഹ്മണന്) ഉണ്ടായിരുന്ന മനോഭാവംതന്നെയായിരുന്നു മള്ളിയൂരിനും സഹധര്‍മ്മിണിക്കും ഉണ്ടായിരുന്നുവെന്നത് ഏവര്‍ക്കും അനുഭവമുള്ള കാര്യമാണ്. 'തസൈ്യവ മേ!... സൗഹൃദ സംഖ്യ മൈത്രിീദാസ്യം, പുനര്‍ജന്മനി ജന്മനി സ്യാല്‍...' (ഈ സൗഹൃദം സംഖ്യം മൈത്രി ദാസ്യം എന്നീ ഭാവങ്ങള്‍ ജന്മജന്മാന്തരങ്ങളിലും എനിക്കുണ്ടാകേണമേ) എന്ന് തന്നെയാണ് മള്ളിയൂര്‍ പ്രാര്‍ത്ഥിച്ചിരുന്നതും. 
പ്രേമഭക്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ വിളങ്ങുന്ന സിതമണി വര്‍ണ്ണാഭമായ മള്ളിയൂരിന്റെ ഭക്തജന മധ്യത്തിലെ കോലം കയറ്റി എഴുന്നള്ളിക്കാനുള്ള തലയെടുപ്പ് ഇനി മറ്റൊരു ഗജേന്ദ്രനും നേടാന്‍ ആവില്ലാ എന്ന് ഉണ്ണിഗ്ഗണപതിയും ശ്രീഗുരുവായൂരപ്പനും ചേര്‍ന്ന് തെളിയിച്ച് കഴിഞ്ഞല്ലോ. അദ്ദേഹത്തിന്റെ ഗൃഹസ്ഥാശ്രമ തറവാട്ടിലെ മാനസ സരോവരത്തിലെ താമരപ്പൂക്കളായി നമുക്ക് നില്‍ക്കാന്‍ കഴിഞ്ഞാല്‍ നമ്മെ എല്ലാം ആ സജ്ജന ശിരോമണി അനായാസം ഭഗവത് പാദാരവിന്ദങ്ങളിലേക്ക് പുഷ്പാഞ്ജലി ചെയ്ത് എത്തിക്കുമെന്ന് ഉറപ്പാണ്. 
'ഹ്രദാജലരുഹ ശ്രീയഃ-' എന്ന ഭാഗവതത്തിലെ പദങ്ങള്‍ ഓര്‍ത്തുകൊണ്ട് ഈ താമരപൊയ്കയിലെ പങ്കജങ്ങളായ പുതിയ തലമുറയെ ഭഗവാങ്കലേക്ക് എത്തിക്കാന്‍ മള്ളിയൂരിലെ ശ്രീമദ് ഭാഗവാതാമൃത നവാഹസത്രം ഉപകരിക്കുമാറാകട്ടെ എന്ന്  പ്രാര്‍ത്ഥിക്കുന്നു! ഷഷ്ഠിിപൂര്‍ത്തി, സപ്തതി, അശീതി (80-ാം പിറന്നാള്‍) എന്നീ നിലകളില്‍ ജന്മദിനം ആഘോഷിക്കുന്ന ഭാഗവത സപ്താഹരംഗങ്ങള്‍ വിപുലീകരിച്ച് 'ഏകോന ശതക്രതു' എന്ന (100ല്‍ ഒന്ന് കുറവുള്ള യജ്ഞം) ദിവ്യനാമത്തില്‍ പ്രത്യക്ഷപ്പെടുന്നത് സഹസ്രദളം എന്ന താമരപ്പൂവിന്റെ പര്യായം അന്വര്‍ത്ഥമാകുന്നു.
ഉണ്ണിഗണപതിയും ഉണ്ണികൃഷ്ണനുംകൂടി നയിക്കുന്ന ഈ ശ്രീമദ് ഭാഗവത നവാഹയജ്ഞസത്രം 'ദിശീന്ദുരിവ പുഷ്‌കലഃ' എന്ന അവതാര ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു. ദിവാകരനായ ഭാഗവത സൂര്യന്റെ പ്രകാശം, ഓജസ്, പകല്‍വെളിച്ചം എന്നിവയും ചന്ദ്രന്റെ പുഞ്ചിരിപൂനിലാവും ചേര്‍ന്ന ഈ ദിനരാത്രങ്ങളില്‍ എത്രയെത്ര ഭാഗവത പരമഹംസങ്ങളും കോകിലങ്ങളും ഉയര്‍ന്നു പൊങ്ങി ദിവ്യനക്ഷത്രശോഭ ഈ പ്രപഞ്ച വിഹായസ്സിന് സമ്മാനിച്ചുവെന്നത്  പറയേണ്ടതില്ലല്ലോ. ആ പരമ ശ്രേഷ്ഠാപരമഹംസ പദവിക്ക് ആയിരമായിരം, ലക്ഷോപലക്ഷം, കോടാനുകോടി പ്രണാമങ്ങള്‍....

No comments: