പഞ്ചീകരണം .
ആകാശതന്മാത്രയുടെ ഒരു പകുതി പിന്നെ നാലായി വിഭജിക്കപ്പെട്ടു. ആദ്യത്തെ പകുതിയില്‍ ഒരു ഭൂതത്തിന്റെ ആദ്യപകുതിയും പിന്നെയുള്ള ഭൂതങ്ങളുടെയെല്ലാം എട്ടിലൊരംശവും കൂടിച്ചേരുന്നു. അതായത് ആകാശതന്മാത്രയുടെ പകുതിയുടെ കൂടെ വായുവിന്റെ എട്ടിലൊന്ന്, അഗ്നിയുടെ എട്ടിലൊന്ന്, ജലത്തിന്റെ എട്ടിലൊന്ന്, ഭൂമിയുടെ എട്ടിലൊന്ന് ഇവ കൂടിച്ചേരുന്നു. ഇങ്ങനെ ഓരോന്നിലും കൂടിച്ചേരുന്നതിന് പഞ്ചീകരണം എന്നുപേര്. പഞ്ചീകരണത്തിന്റെ ഫലമായി തന്മാത്രകള്‍ ഘനീഭവിച്ച് സ്ഥൂലരൂപത്തില്‍ നാം കാണുന്ന പഞ്ചഭൂതങ്ങളുണ്ടായി. പഞ്ചഭൂതങ്ങളിലും സത്വ-രജോ-തമോ ഗുണങ്ങളുണ്ട്. പഞ്ചഭൂതങ്ങളുടെ സാത്വികാംശത്തില്‍ നിന്നും ജ്ഞാനേന്ദ്രിയങ്ങളുണ്ടാകുന്നു- ചെവി- ശബ്ദ ശ്രവണത്തിന് ആകാശഭൂതത്തില്‍ നിന്നും ഉണ്ടായി ത്വക്ക്- സ്പര്‍ശനത്തിന്- വായുവില്‍നിന്നും, കണ്ണ്- രൂപദര്‍ശനത്തിന് അഗ്നിയില്‍നിന്നും, നാക്ക്-രസമറിയാന്‍ ജലത്തില്‍നിന്നും, മൂക്ക്- ഗന്ധമറിയാന്‍ ഭൂമിയില്‍നിന്നും ഉണ്ടായി. പഞ്ചഭൂതങ്ങളുടെ രാജസാംശത്തില്‍നിന്നും കര്‍മ്മേന്ദ്രിയങ്ങളുണ്ടായി- ആകാശത്തില്‍നിന്ന് വാക്ക്, വായുവില്‍നിന്ന് പാണി, അഗ്നിയില്‍ നിന്ന് പാദം, ജലത്തില്‍നിന്ന് ഉപസ്ഥം (ജനനേന്ദ്രിയം), ഭൂമിയില്‍നിന്ന് പായു (വിസര്‍ജനേന്ദ്രിയം) ഇവയുണ്ടായി. ജ്ഞാനേന്ദ്രിയങ്ങളുടെ ദേവതകള്‍- ചെവിയുടേത് ദ്വിഗ്‌ദേവത, ത്വക്കിന് വായു, കണ്ണിന് സൂര്യന്‍, രസനയ്ക്ക് വരുണന്‍, മൂക്കിന് അശ്വിനീ കുമാരന്മാര്‍ ഇവരാണ് ദേവതകള്‍. കര്‍മ്മേന്ദ്രിയ ദേവതകള്‍- വാക്കിന്റെ ദേവത അഗ്നി, കൈകള്‍ക്ക് ഇന്ദ്രന്‍, പാദങ്ങള്‍ക്ക് വിഷ്ണു, പായുവിന് യമന്‍, ഉപസ്ഥത്തിന് പ്രജാപതിമാരും ദേവതകളാണ്. മൂന്നു ശരീരങ്ങള്‍- സ്ഥൂല ശരീരം- പഞ്ചീകരിക്കപ്പെട്ട പഞ്ചഭൂതങ്ങളില്‍ നിന്നുണ്ടായി. സത്കര്‍മ്മങ്ങളില്‍ നിന്നും ജനനം. സുഖദുഃഖാദികളെ അനുഭവിപ്പിക്കുന്നതും ഉണ്ടാകല്‍, ജനനം, വളര്‍ച്ച, മാറ്റം, ക്ഷയം, നാശം എന്നീ ആറു വികാരങ്ങളുള്ളതുമാണ് സ്ഥൂല ശരീരം. സൂക്ഷ്മ ശരീരം- പഞ്ചീകരിക്കപ്പെടാത്ത മഹാഭൂതങ്ങളില്‍ നിന്നുണ്ടായി. സുഖദുഃഖങ്ങള്‍ക്ക് ആധാരം. അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ചു പ്രാണന്മാര്‍, മനസ്സ്, ബുദ്ധി ഇവയോടുകൂടിയതാണ് സൂക്ഷ്മ ശരീരം. കാരണ ശരീരം- നിര്‍വചിക്കാന്‍ കഴിയില്ല. ആദിയില്ല. അവിദ്യയുടെ രൂപത്തിലുള്ള കാരണ ശരീരമാണ് സ്ഥൂല- സൂക്ഷ്മ-ശരീരങ്ങള്‍ക്ക് കാരണമായത്. സ്വന്തം രൂപത്തെപ്പറ്റി അറിവില്ലാതിരിക്കുന്നു. ജന്മമെടുക്കാനും സുഖങ്ങള്‍ അനുഭവിക്കാനും കാരണമായ ശരീരം.
No comments:
Post a Comment