Wednesday, April 29, 2020

*🎼മാഹേശ്വരസൂത്രം*

മാഹേശ്വരസൂത്രത്തില്‍ അക്ഷരമാലയെ ക്രമീകരിച്ചിരിക്കുന്നത് നാം പഠിച്ചിട്ടുള്ള മാതിരി അ മുതല്‍ ക്ഷ വരെയുള്ള അനുക്രമണികയിലല്ല. പ്രപഞ്ചസൃഷ്ടിക്രമത്തിന്റെ ആദ്യഘട്ടത്തെ സമൂര്‍ത്തമായി പ്രതിനിധാനം ചെയ്യുന്നവണ്ണം സ്പന്ദനങ്ങള്‍ ആയിത്തീരുകയാണ് ആദ്യത്തെ ഈ മൂന്നക്ഷരങ്ങളായ
അ, ഇ, ഉ എന്നിവ.

സംസ്‌കൃതഭാഷാ സാഹിത്യവും വ്യാകരണവുമായി ബന്ധപ്പെട്ടവരെല്ലാം കേട്ടിട്ടും പഠിച്ചിട്ടുമുണ്ടാകാവുന്ന മാഹേശ്വരസൂത്രം മുതലായ സൂത്രങ്ങള്‍ ഉരുവിട്ടു പഠിക്കുന്നതോടൊപ്പം വ്യാകരണ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു ശ്ലോകം ഇവിടെ ചേര്‍ക്കുന്നു.

നൃത്താവസാനേ നടരാജരാജോ
നനാദ ഢക്കാം നവപഞ്ചവാരം
ഉദ്ധര്‍ത്തുകാമഃ സനകാദിസിദ്ധാന്‍
ഏതദ്വിമര്‍ശേ ശിവസൂത്രജാലം

വിശ്വരൂപങ്ങളുടെ ആന്തരികലീലാവിശേഷമായി നൃത്തരൂപത്തില്‍ വിരാജിക്കുന്ന ഭഗവാന്‍ ശിവന്‍ നടരാജനായി ഭവിച്ചു. വാചാമഗോചരമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നതിന് സനകാദികളായ ഋഷിമാര്‍ക്ക് വിജ്ഞാനം പകര്‍ന്ന് അവരെ അനുഗ്രഹിക്കുന്നതിനുവേണ്ടി ശിവന്‍ തന്റെ നൃത്തത്തിന്റെ അവസാനം കൈയിലുള്ള ഉടുക്കുകൊണ്ട് പതിന്നാലു പ്രാവശ്യം (നവപഞ്ചവാരം) ശബ്ദിച്ചു എന്നാണ് കഥ. ഈ നാദമാണ് പതിന്നാല് ശിവസൂത്രസമൂഹമെന്ന മാഹേശ്വരസൂത്രങ്ങളായി പരിഗണിക്കപ്പെട്ടത്. ഈ സൂത്രങ്ങളെ ആധാരമാക്കിയാണ് പാണിനി സംസ്‌കൃതഭാഷാവ്യാകരണം ചമച്ചത്. ഈ മാഹേശ്വരസൂത്രം അവലംബമാക്കിയാണത്രെ പാശ്ചാത്യഭാഷാപണ്ഡിതര്‍ ഭാഷാശബ്ദശാസ്ത്രമായ ലിംഗ്വിസ്റ്റിക്‌സ് എന്ന പ്രത്യേക ശാസ്ത്രശാഖയ്ക്ക് രൂപം കൊടുത്തത്.

മാഹേശ്വരസൂത്രം

(01) അ ഇ ഉ (ണ്)
(02) ഋ ള് (ക്)
(03) എ ഓ (ങ്)
(04) ഐ ഔ (ച്)
(05) ഹ യ വ ര (ട്)
(06) ല (ണ്)
(07)ഞ മ ങ ണ ന (മ്)
(08) ഝ ഭ (ഞ്)
(09) ഘ ഢ ധ (ഷ്)
(10) ജ ബ ഗ ഡ ദ (ശ്)
(11) ഖ ഫ ഛ ഠ ഥ ച ട ത (വ്)
(12) ക പ (യ്)
(13) ശ ഷ സ (ര്)
(14) ഹ (ല്).
ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം ബ്രാക്കറ്റിനുള്ളിലെ വര്‍ണ്ണംകൂടി കൂട്ടിവായിച്ചാലേ സൂത്രമാകൂ. ബ്രാക്കറ്റിനുള്ളിലെ വര്‍ണം വിട്ടുവായിച്ചാല്‍ അക്ഷരമാലയായി. സൂത്രത്തിലെ ക്രമത്തില്‍ ചില സവിശേഷതകളുണ്ട്. ഈ സൂത്രങ്ങള്‍ ഉച്ചത്തില്‍ ഉച്ചരിച്ചാല്‍ ഉടുക്ക് (ഡമരുകം) കൊട്ടുന്ന നാദംപോലെ തോന്നും. ഒരു ചതുരനായ ഇടയ്ക്കാവാദകന്‍ ശ്രദ്ധാപൂര്‍വം ശ്രമിച്ചാല്‍ ആ ഉപകരണത്തില്‍ ഈ സൂത്രങ്ങള്‍ വായിക്കാവുന്നതാണ്.
മാഹേശ്വരസൂത്രത്തില്‍ അക്ഷരമാലയെ ക്രമീകരിച്ചിരിക്കുന്നത് നാം പഠിച്ചിട്ടുള്ളമാതിരി അ മുതല്‍ ക്ഷ വരെയുള്ള അനുക്രമണികയിലല്ല. പ്രപഞ്ചസൃഷ്ടിക്രമത്തിന്റെ ആദ്യഘട്ടത്തെ സമൂര്‍ത്തമായി പ്രതിനിധാനം ചെയ്യുന്നവണ്ണം സ്പന്ദനങ്ങള്‍ ആയിത്തീരുകയാണ് ആദ്യത്തെ ഈ മൂന്നക്ഷരങ്ങളായ അ, ഇ, ഉ എന്നിവ. നന്ദികേശ്വരന്‍ ഇങ്ങനെ പറയുന്നു-

അകാരോ ബ്രഹ്മരൂപസ്യാ-
ന്നിര്‍ഗുണഃ സര്‍വവസ്തുഷു
ചിത്കലാമിം സമാശ്രിത്യ
ജഗദ്രൂപ ഉണീശ്വരഃ
സര്‍വവസ്തുക്കളിലുംവച്ച് നിര്‍ഗുണമാകുന്ന ബ്രഹ്മരൂപമാകുന്നു ‘അ’ കാരം. ആ ബ്രഹ്മവസ്തു ‘ഇ’ കാരമാകുന്ന മായയെ ആശ്രയിച്ച് ‘ഉ’ കാരമാകുന്ന സഗുണവും ജഗദ്രൂപവുമായ ഈശ്വരചൈതന്യമായിത്തീരുന്നു. ‘ണ്എന്നത് ആയിത്തീരുന്നു എന്നുള്ള അര്‍ത്ഥത്തെ പ്രതിനിധാനം ചെയ്യുന്ന ഇത്താണ്. അക്ഷരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിതമായതും ഇതേവരെ പറയപ്പെട്ടതുമായ ദര്‍ശനത്തിന്റെ സ്വരൂപത്തിലേക്ക് ഒന്നാം സൂത്രം വിരല്‍ചൂണ്ടുന്നു.

സൃഷ്ടിയുടെ ആദ്യയാമം മുതല്‍ പ്രളയത്തിന്റെ അന്ത്യയാമം വരെയും അഥവാ ആബ്രഹ്മപര്യന്തമുള്ള സമസ്ത സൃഷ്ടികളെയും ആദ്യാക്ഷരമായ ‘അ’ കാരത്തിനും അന്ത്യാക്ഷരമായ ‘ഹ’ കാരത്തിനും ഇടയില്‍ മാഹേശ്വരസൂത്രം അനുസരിച്ച് ദര്‍ശിക്കാമെന്ന് നന്ദികേശ്വര ടീകയില്‍ പറയുന്നു. അണുമുതല്‍ ആനവരെയുള്ള ബഹുജീവകോടികളുടെയും ബോധതലത്തില്‍ തെളിയുന്ന ‘അഹ’ത്തെയും പരമാണുമുതല്‍ ആണ്ഡകടാഹംവരെ വ്യാപ്തമായിരിക്കുന്ന വിശ്വചൈതന്യധാമത്തിന്റെ മഹദഹങ്കാരത്തെയും ആദ്യത്തെ സൂത്രത്തിലെ ആദ്യാക്ഷരംകൊണ്ടും അവസാന സൂത്രാക്ഷരംകൊണ്ടും സൂചിപ്പിച്ചിരിക്കുന്നു.

ആദ്യസൂത്രത്തിലെ ‘അ’കാരം സര്‍ഗ്ഗക്രിയയെയും അവസാന സൂത്രത്തിലെ ‘ഹകാരം സര്‍ഗ്ഗക്രിയാ വിലോമമായ വിലയത്തെയും സൂചിപ്പിക്കുന്നു. ‘അഹ’ത്തിന്റെ പരിണാമകോടികളാണ് വിശ്വംമുഴുവനും. അതിന്റെ വിശദീകരണമാണ് മറ്റ് അക്ഷരങ്ങള്‍.

No comments: