യാതൊരുവനാണ് അറിയപ്പെടാന്‍ സാധിക്കുന്ന ഒന്നല്ല ബ്രഹ്മം എന്നു അറിഞ്ഞിട്ടുള്ളത്, തസ്യമതം- അവനറിയാം ഇതറിയാന്‍ സാധിക്കുന്നതല്ല എന്ന്. പല വഴികളിലൂടെ ശിഷ്യന്‍ കിണഞ്ഞു പരിശ്രമിച്ചു, അന്വേഷണങ്ങള്‍ നടത്തി. അവസാനം അവന്‍ കണ്ടെത്തുന്ന വലിയൊരു സത്യമാണിത്. ഏതെങ്കിലും വിധത്തില്‍ ബ്രഹ്മത്തെ അറിയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനെക്കുറിച്ച് യാതൊന്നും അറിയില്ല എന്നു മനസ്സിലാക്കാം. അതുക്കൊണ്ട് അത് അറിയാന്‍ പറ്റുന്ന ഒന്നല്ല എന്ന് ആര് മനസ്സിലാക്കിയിട്ടുണ്ടൊ അയാള്‍ക്ക് ഇതിനെ പറ്റി അറിയാം എന്നു നമ്മള്‍ക്കു നിശ്ചയിക്കാം.
മതം യസ്യ ന വേദസഃ - സത്യം അല്ലെങ്കില്‍ ഈശ്വരന്‍ എന്താണെന്നു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന് ആരാണൊ പറയുന്നത് അയാള്‍ അത് മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. അവിജ്ഞാതം വിജാനതാം- അറിയുന്നു എന്നു കരുതുന്നവന്‍ അറിയുന്നില്ല. വിജ്ഞാതമവിജാനതാം- അറിയാന്‍ സാധിക്കുന്നതല്ല എന്ന് ആരാണൊ അറിയുന്നത് അവന്‍ ഇത് മനസ്സിലാക്കിയിരിക്കുന്നു. വളരേയധികം ആലോചനാമൃതമായിട്ടുള്ള ഒരു വാക്യം തന്നെ ! ഈയൊരു ചിന്തയുടെ വഴിയിലേക്കാണ് നമ്മുടെ ശ്രദ്ധ പൂര്‍ണ്ണമായും തിരിയേണ്ടത്.അറിയുന്നു, അറിയുന്നില്ല ഇതിന്റെ പൊരുള്‍ മനസ്സിലാക്കുകയെന്നത് ശ്രമകരമായൊരു പണിതന്നെയാണ്. ഇതിനെ വിശദീകരിക്കാനായി ചിന്‍മയാനന്ദസ്വാമികള്‍ നല്ലൊരു കഥ പറയാറുണ്ട്.
ഒരു കള്ളന്‍ രാജകൊട്ടാരത്തില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ചു. അയാളെ രാജാവ് കണ്ടു. കള്ളന്‍ മനസ്സിലാക്കി ആരോ തന്നെ കണ്ടിരിക്കുന്നു. ഇനി ഓടി മറയുകയാണ് രക്ഷ. രാജാവ് കള്ളനെ പിന്‍തുടര്‍ന്ന് ഓടി ഏതോ കാട്ടിനകത്ത് ചെന്നെത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കള്ളന്‍ ഒരു പര്‍ണ്ണശാലയില്‍ കയറിക്കൂടി. അവിടെ കിടന്നിരുന്ന കാവിവസ്‌ത്രമെടുത്തു പുതച്ചു കണ്ണുകളടച്ചു ഇരിപ്പായി. അധികം താമസിയാതെ രാജാവും അവിടെയെത്തി. പര്‍ണ്ണശാലയില്‍ കയറി കാവി ഉടുത്തിരിക്കുന്ന മഹാത്മാവിനോട് ആദരപൂര്‍വ്വം ചോദിച്ചു, `` ഇതിലെ ഒരു കള്ളന്‍ അല്‌പം മുമ്പേ ഓടിപ്പോയി. അവിടുന്ന് കണ്ടുവോ?'' രാജാവിന്റെ ചോദ്യം കള്ളനോടാണ്. പക്ഷെ രാജാവിനറിഞ്ഞുകൂടാ തന്റെ മുമ്പിലിരിക്കുന്നത് താന്‍ പിന്‍തുടര്‍ന്നു വന്ന കള്ളനാണ് എന്ന്.
കള്ളന്റെ വായില്‍ നിന്ന് ഇങ്ങനെയൊരു ഉത്തരം വന്നാലോ......`` എനിക്കറിയാം എന്നു ഞാന്‍ വിചാരിക്കുന്നില്ല. അറിയുകയില്ല എന്നും കരുതുന്നില്ല.'' അതിനര്‍ത്ഥം ഞാന്‍ തന്നെയാണ് കള്ളന്‍ എന്നല്ലെ? പരോക്ഷമായുള്ള ഒരു മറുപടി പറയല്‍! അവനവന്റെ ആധാരത്തിലേക്കു എത്തിച്ചേരുമ്പോഴത്തെ അവസ്ഥയാണത്. ശരി. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് സത്യത്തെ അറിയുക? സത്യത്തിനെത്തിച്ചേരാനുള്ള ഒരു വഴിയാണ് ധ്യാനം. ഉപനിഷത്ത് നമ്മളെ നയിക്കുന്നത് അവിടേക്കാണ്. അതുക്കൊണ്ടു തന്നെ തുടര്‍ന്നു വരുന്ന ശ്ലോകം വളരേ പ്രധാനപ്പെട്ടതാണ്. ധ്യാനം എന്തിനായിക്കൊണ്ടാണ്, ഏതുരീതിയിലാണത് ചെയ്യേണ്ടത് എന്നെല്ലാം ഋഷി അടുത്ത വരികളിലൂടെ പറഞ്ഞു തരുന്നു.
പ്രതിബോധവിദിതം മതമമൃതത്വം ഹി വിന്ദതേ
ആത്മനാ വിന്ദതേ വീര്യം. വിദ്യയാ വിന്ദതേ അമൃതം
പ്രതിബോധ വിദിതം മതം- മതം എന്നു പറഞ്ഞാല്‍ അഭിപ്രായം എന്നാണ്. ചിന്തയാണ് മതം. പ്രതി ഉദിച്ചുയരുന്ന സങ്കല്‍പ്പങ്ങള്‍ അതിനെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ശ്രമിച്ചാല്‍ അമൃതത്വം ഹി വിന്ദതേ- മരണമില്ലായ്‌മയെ പ്രാപിക്കാം. ആത്മനാ വിന്ദതേ വീര്യം- വിദ്യയാ വിന്ദതേ അമൃതം. ആത്മാവിന്റെ വീര്യത്താല്‍ അമൃതത്വത്തെ പ്രാപിക്കാം. ആത്മജ്ഞാനം നേടിക്കൊണ്ട് ആര്‍ക്കും മരണമില്ലാത്ത അവസ്ഥയില്‍ ചെന്നു ചേരാം.
C and P
No comments:
Post a Comment