Sunday, April 19, 2020

*🎼ഭാഷ്യപ്രഭ*
         *(34)*

*🎼ബ്രഹ്മാത്മൈകത്വവിജ്ഞാനം സംപദ്രൂപമല്ല*

ഞാൻ ബ്രഹ്മമാണ് എന്നറിയുന്ന ബ്രഹ്മാത്മൈകത്വവിജ്ഞാനം മാറിനിന്നനുഭവിക്കാവുന്ന ഒരു സമ്പത്താണെന്നു കരുതാനും വയ്യ. കയ്യിലുളള അല്പഭാഗ്യം വെടിഞ്ഞ് അധിക ഭാഗ്യം നേടുന്നതാണ് സമ്പത്ത്, യജ്ഞങ്ങളെല്ലാം ഈ രീതിയിൽ സമ്പത്ത് നേടിത്തരുന്നവയാണ്. ബൃഹദാരണ്യകോപനിഷത്തിൽ യാജ്ഞവൽക്യൻ ഇക്കാര്യം വ്യക്തമായ പ്രതിപാദിക്കുന്നു. ബ്രഹ്മാവ് മനോദേവതയിൽ കൂടി വ്യാപാരിച്ചാണ് യജ്ഞഫലം നേടിക്കൊടുക്കുന്നത്. മനോവൃത്തി അനന്തമാണെന്ന് പ്രസിദ്ധമാണല്ലോ. അപ്പോൾ മനോവൃത്തികളിൽ കൂടി താദാത്മ്യം പ്രാപിക്കാവുന്ന ദേവന്മാരും അനന്തമാണ്.
അതുകൊണ്ട് മനോമാർഗ്ഗമായി അനന്തലോകങ്ങളെ ജയിക്കാൻ കഴിയുന്നു. യജ്ഞം കൊണ്ടുനേടാവുന്ന ഈ ലോക ജയം യജമാനന് മാറിനിന്നു   ഭുജിക്കാവുന്നതായതുകൊണ്ട്
സമ്പദ്രൂപമാണ്. ബ്രഹ്മാത്മൈകത്വ വിജ്ഞാനമാകട്ടെ ഇപ്രകാരമുള്ള
ഒരു സമ്പത്തല്ല.

*🎼ബ്രഹ്മജ്ഞാനം അധ്യാസരൂപത്തിലുള്ളതുമല്ല.*

ഒന്നിൽ ഇല്ലാത്ത മറെറാന്നിനെ ആരോപിച്ചനുഭവിക്കുന്നതാണല്ലോ അധ്യാസം. ആത്മബ്രഹ്മൈക്യം  ഇപ്രകാരമുള്ള ഉള്ള ഒരധ്യാസമേയല്ല. മനസ്സിനെ ബ്രഹ്മമാണെന്നുപാസിക്കൂ. ആദിത്യനെ ബ്രഹ്മമായി കരുതു, എന്നും മറ്റും ഛാന്ദോഗ്യോപനിഷത്തിൽ കാണുന്ന ഭാഗങ്ങൾ അധ്യാസരൂപത്തിലുളള സഗുണോപാസനകൾക്ക് ദൃഷ്ടാന്തങ്ങളാണ്. ഇവിടെ മനസ്സിലും ആദിത്യനിലും ബ്രഹ്മത്വം അധ്യസിച്ച് ഭാവനചെയ്ത് ഉപാസിക്കാനാണ് ആവശ്യപ്പെടുന്നത്. അപരോക്ഷ ബ്രഹ്മജ്ഞാനം ഇത്തരത്തിലുള്ളതല്ല.

*🎼ബ്രഹ്മത്വം* പ്രത്യേകമായ ക്രിയായോഗം
കൊണ്ടുണ്ടാകുന്നതല്ല.

ചില വിശിഷ്ട ക്രിയകൾ ചെയ്യാനുള്ള കരുത്തുള്ളതുകൊണ്ട് വായു മുതലായ ഭൂതങ്ങൾക്ക് പ്രത്യേക പദവികൾ  നൽകികാണുന്നുണ്ട്. വായുവാകട്ടെ സംവർഗ്ഗമാണ്. പ്രാണനാകട്ടെ സംവർഗ്ഗമാണ് എന്നും മറ്റും ഉപനിഷത്തുക്കളിൽ കാണുന്നത് ഇതിന് ദൃഷ്ടാന്തമാണ്. മറ്റു ഭൂതങ്ങളെയെല്ലാം തന്നിൽ ലയിപ്പിച്ചു ചേർക്കാനുള്ള കഴിവുളളതുകൊണ്ടാണ് വായുവിനും പ്രാണനും സംവർഗ്ഗപദവി ലഭിച്ചത്. അധിഭൂത ദശയിൽ വായുവും അദ്ധ്യാത്മദശയിൽ പ്രാണനും സംവർഗ്ഗ പദവിക്കർഹരാണ്. ഉപനിഷത്തു തന്നെ ഇക്കാര്യം ഇങ്ങിനെ വെളിപ്പെടുത്തുന്നു. അഗ്നി ശമിച്ചാൽ വായുവുമായി എകീഭവിക്കുന്നു. പ്രളയകാലത്ത് സൂര്യനും ചന്ദ്രനുമെല്ലാം
ഇല്ലാതായി മാറുന്നത് വായുവിലാണ്. അതുപോലെ ഉറക്കത്തിൽ വാക്കും മറ്റ് ഇന്ദ്രിയങ്ങളും പ്രാണനിൽ ലയിച്ചു മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെ മറ്റുഉളവയെ തന്നിൽ ലയിപ്പിക്കുകയെന്ന വിശിഷ്ട ക്രിയാ യോഗം നിമിത്തമാണ് വായുവിനും പ്രാണനും സംവർഗ്ഗപദവി ലഭിച്ചിരിക്കുന്നത്. ഇപ്രകാരമുളള യാതൊരു ക്രിയായോഗം കൊണ്ടും ഉണ്ടാകുന്നതല്ല മോക്ഷം അഥവാ ബ്രഹ്മജ്ഞാനം.

*🎼ബ്രഹ്മജ്ഞാനം* കർമ്മാംഗസംസ്കാരവുമല്ല.

യാഗാദികർമ്മങ്ങളിൽ അംഗഭൂതങ്ങളായ ഹോമദ്രവ്യങ്ങളെ നോക്കി
സംസ്ക്കരിക്കണമെന്ന് വിധിയുണ്ട്. ബ്രഹ്മജ്ഞാനം ഇതുപോലെ കർമ്മാംഗമായ ആത്മാവിൻറ ത്തിലുള്ളതാണെന്നും കരുതുക വയ്യ. സംസ്ക്കാര രൂപ

*🎼വേദവാക്യങ്ങളുടെ അർത്ഥയോജന*

മോക്ഷം അഥവാ ബ്രഹ്മജ്ഞാനം സംപദ്രൂപത്തിലോ
അധ്യാസരൂപത്തിലോ സംസ്ക്കാരരൂപത്തിലോ കർമ്മസാദ്ധ്യമാണെന്നുവന്നാൽ ഉപനിഷത്തുക്കളിലെ മഹാവാക്യങ്ങളുടെ പദഘടന യോജിക്കാതെ പോകും. മഹാവാക്യങ്ങൾ നേരിട്ടുള്ള ബ്രഹ്മാനുഭവത്തെക്കുറിക്കുന്നവയാണ്, ഛാന്ദോഗ്യോപനിഷത്തിലെ മഹാവാക്യമാണ്  അതു  നീതന്നെ എന്നുള്ളത്. ഞാൻ ബ്രഹ്മമാകുന്നു
എന്ന മഹാവാക്യം ബ്യഹദാരണ്യകോപനിഷത്തിലുള്ളതാണ്. ഈ ആത്മാവ് ബ്രഹ്മമാണ് എന്ന് മറെറാരു മഹാവാക്യവും ബൃഹദാരണ്യത്തിൽ തന്നെ കാണാം.
മോക്ഷം സമ്പദാദി രൂപത്തിലുഉള്ളതാണെന്ന് അംഗീകരിച്ചാൽ മുണ്ഡകോപനിഷത്തിൽ കാണുന്ന ഹൃദയഗന്ഥി ഭേദിക്കപ്പെടുന്നു.
സർവ്വ സംശയങ്ങളും ചോദിക്കപ്പെടുന്നു
ഇത്യാദി ബഹ്മാനുഭവ വിവരണങ്ങളും യോജിക്കാതെപോകും. ഈ വിവരണം പ്രത്യക്ഷത്തിൽ തന്നെ അവിദ്യാനിവൃത്തിയെ കാണിക്കുന്നതാണെന്ന് സ്പഷ്ടമാണല്ലോ. ബ്രഹ്മത്തെ അറിയുന്നവൻ ബ്രഹ്മമായിത്തന്നെ ഭവിക്കുന്നു. എന്നു മറെറാരു വാക്യവും മുണ്ഡകോപനിഷത്തിൽ കാണുന്നുണ്ട്.
അറിഞ്ഞതായിത്തീരുകയെന്ന നില മോക്ഷം സംപദ്രൂപത്തിലുള്ളതാണെന്നംഗീകരിച്ചാൽ സിദ്ധിക്കുന്നതല്ല.
സംപദാദിരൂപത്തിലുളള എല്ലാ കർമ്മ സിദ്ധികളും കർത്താവ് മാറിനിന്നനുഭവിക്കേണ്ട നേട്ടങ്ങളാണ്. മോക്ഷമാകട്ടെ അതായിത്തീരലാണ്. ആത്മാവിന്റെ ബ്രഹ്മത്വം നിത്യസ്വരൂപമായാലേ ഇതു സാദ്ധ്യമാകു. അപ്പോൾ കർമ്മത്തിനു ചെയ്യാനുളളത് സ്വരൂപാനുഭവത്തെ തല്ക്കാലത്തേക്ക് തടഞ്ഞിരിക്കുന്ന അവിദ്യയെ അകറ്റുക മാത്രമാണ്. അവിദ്യ അകലുന്നതോടുകൂടി നിത്യമായുളള സ്വരുപാനുഭവം തെളിയുന്നുവെന്നുളളത് സർവ്വഥാസമഞ്ജസവുമാണ്. അതുകൊണ്ട്  ബ്രഹ്മാത്മൈകത്വവിജ്ഞാനം സംപദാദി രൂപത്തിലുളളതല്ലെന്നു സിദ്ധമാകുന്നു.

(പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ)
തുടരും.

No comments: