Wednesday, April 29, 2020

നമുക്കും ഒന്ന് ശീലിച്ചാലോ  മിനിമലിസം.. !!

എന്താണ് മിനിമലിസം

മിനിമലിസം എന്നത് ഒരു  ജീവിതരീതിയാണ്... "കുറവാണ് അധികം" എന്ന ആശയത്തിലൂന്നിയുള്ള ജീവിതശൈലി..  'ഉള്ളതുകൊണ്ട് ഓണംപോലെ' എന്നൊക്കെ പറയില്ലേ..  അതുതന്നെ... കുറഞ്ഞ വസ്തുവകകളുമായി സന്തോഷപൂർവ്വം ജീവിതം നയിക്കുക.. !!

ജപ്പാനിലെ സെൻ ബുദ്ധിസത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ് മിനിമലിസമെന്നും,  അതല്ല അമേരിക്കയിൽ നിന്നും കടംകൊള്ളുകയായിരുന്നെന്നും വാദങ്ങളുണ്ട്...!!

മിനിമലിസ്റ്റുകൾ ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു.. ലളിതമായ വസ്ത്രധാരണം... ഇവരുടെ സ്വീകരണ മുറിയിൽ ശ്വാസം മുട്ടിക്കുന്ന ഫർണിച്ചറുകളോ, അലങ്കാര വസ്തുക്കളോ കാണില്ല... അച്ചടക്കത്തിന്റെയും,  മനസ്സമാധാനത്തിന്റെയും വഴികളിലേക്കാണ് മിനിമലിസത്തിന്റെ വാതിൽ തുറക്കുന്നത്... ഭൗതിക ഭ്രമങ്ങളിലുള്ള അമിതമായ ആർത്തിയാണ് മിനിമലിസം വേണ്ടന്നു വയ്ക്കുന്നത്... സന്തോഷം എന്നത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെ കിട്ടുന്ന ഒന്നല്ല എന്ന ബോധ്യം... ഒരു കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ മിനിമലിസ്റ്റുകൾ കൈയിൽ വയ്ക്കാറുള്ളൂ...!!

ബിൽ ഗേറ്റ്സിനെപ്പോലെ,  വാറൻ ബഫറ്റിനെപ്പോലെ കൊട്ടാരങ്ങൾ വിറ്റ് ചെറിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവർ... ഒന്നോ രണ്ടോ ഫർണീച്ചറുകളും,  വിരലിലെണ്ണാവുന്ന പാത്രങ്ങളും,  വസ്ത്രങ്ങളും മാത്രം ഉപയോഗിക്കുന്നവർ...  വലിയ ജോലിയുടെ ഭാരമുപേക്ഷിച്ച് ചെറിയ ജോലിചെയ്ത്, യാത്ര ചെയ്ത് ഭാരമിറക്കി വയ്ക്കുന്നവർ....
മിനിമലിസ്റ്റുകൾ ജീവിതത്തെ നിരാകരിക്കുന്നില്ല,  മറിച്ച് ലളിത വഴികളിലൂടെ അതിനെ നേരിടുന്നു... മിനിമലിസം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്...!!

നമുക്കും ഒന്ന് മാറി ചിന്തിച്ചാലോ.. 

എടുത്താൽ പൊങ്ങാത്ത ഹോം ലോൺ അടച്ചു തീർക്കാൻ വേണ്ടിയാണോ  നമ്മൾ ജീവിക്കേണ്ടത് ?  ഒരു ചെറിയ വീട് പോരേ നമുക്ക് ജീവിക്കാൻ.. വീട്,  സുരക്ഷിതമായി അന്തിയുറങ്ങാനുള്ള ഒരിടം അല്ലേ,  അതോ പൊങ്ങച്ചം കാണിക്കാനുള്ളതോ..   അടുത്തുള്ള വീട്ടുകാർ വാങ്ങിയതെല്ലാം നമ്മുടെ വീട്ടിലും വേണമെന്ന വാശി എന്തിനാണ്.. നമുക്ക് ആവശ്യമുള്ളത് മാത്രം  പോരേ.... ബ്രാൻഡഡ് വസ്ത്രങ്ങളേക്കാൾ നല്ലത് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങളല്ലേ...  വണ്ടികളും,  ഇലക്ട്രോണിക് സാധനങ്ങളും കേടാകുമ്പോൾ മാറ്റിയാൽ പോരേ.... ചൂടുള്ള കഞ്ഞിയും,  പയറുമല്ലേ ആരോഗ്യത്തിനു നല്ലത്,  ഒരാഴ്ച്ച പഴക്കമുള്ള ചിക്കനേക്കാൾ..  കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ജീവിതാവസാനം ആശുപത്രിയിൽ കൊടുത്തു നരകിച്ചു മരിക്കേണ്ടി വരില്ലല്ലോ... !!

ഒരു മാസം പണിയില്ലാതെ വന്നപ്പോൾ, ആറക്ക ശമ്പളം വാങ്ങിയിരുന്നവർ പോലും  വല്ലാതെ തകർന്നുപോയത് അടച്ചു തീർക്കാനുള്ള ഹോം ലോണിനെപ്പറ്റി ഓർത്തല്ലേ..  കാർ ലോണിനെപ്പറ്റി ഓർത്തല്ലേ..  കടം വാങ്ങിക്കൂട്ടിയ ക്രെഡിറ്റ് കാർഡുകളെ ഓർത്തല്ലേ..  !!  അല്ലാതെ അരി മേടിക്കുന്നതോർത്തല്ലല്ലോ.. !!

ഇനിയെങ്കിലും നമുക്ക് മിനിമലിസത്തിലേക്കു മാറിക്കൂടെ.  നമുക്ക് ജീവിക്കാൻ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി.... അത്യാർത്തി മാറ്റിവെച്ചാൽ വളരെ ലളിതമായി  സന്തോഷത്തോടെ ജീവിക്കാം,  ഇനിയിപ്പോൾ,  ആറുമാസം ജോലിയില്ലെങ്കിലും.. !! വർഷങ്ങളായി ഞാനൊരു  മിനിമലിസ്റ്റ് ആണ്.. എന്റെ ആവശ്യങ്ങൾ വളരെ ചെറുതാണ്..  ആവശ്യമില്ലാത്തതൊന്നും ഞാൻ വീട്ടിലോ,  കയ്യിലോ വെക്കാറില്ല..  എനിക്കത് തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പ്രയാസമാണ്...  അനുഭവിച്ചു തന്നെ അറിയണം... !!copied

No comments: