Sunday, April 19, 2020

ഇന്ന് വരൂഥിനി.

 സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷസ്ഥലശോഭികൌസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം"

ഹിന്ദു കാലഗണന പ്രകാരം ഇന്ന് ശകവർഷത്തിൽ ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയാണ്‌ വരൂഥിനി ഏകാദശി .മലയാളത്തിന്റെ പുതുവർഷമായ മേടം ഒന്നിനുശേഷം വരുന്ന ആദ്യത്തെ ഏകാദശി എന്ന പ്രത്യേകത കൂടിയുണ്ട് വരൂഥിനി ഏകാദശിക്ക്‌.
വരൂഥിനി ഏകാദശിക്ക് സനാതനധർമ്മത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം വിധിയാംവണ്ണം പൂജകളും, ദാനധർമ്മങ്ങളും ചെയ്ത് ഉപവാസം അനുഷ്ടിക്കുന്നതിലൂടെ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങൾ നശിക്കുമെന്നും,മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

"സംസാരാഖ്യ മഹാഘോര
ദുഃഖിനാം സര്‍വ്വദേഹിനാം
ഏകാദശ്യുപവാസോയം
നിര്‍മ്മിതം പരമൌഷധം"

നിത്യജീവിതത്തിലെ ദുഃഖസാഗരത്തിൽ നിന്നും കരകയറുവാൻ ഏകാദശി നോറ്റ് ഉപവാസം അനുഷ്ടിച്ചു പൂജകൾ ചെയ്ത് സാക്ഷാൽ വൈകുണ്ഠനാഥനെ ശരണം പ്രാപിക്കുക മാത്രമേ വഴിയുള്ളൂ എന്നാണ് ആചാര്യൻമാർ പറയുന്നത്.

സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്.അതോടൊപ്പം വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിലേക്കുള്ള ലളിതമാര്‍ഗ്ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയും കൂടിയാണ് വ്രതങ്ങൾ എന്നു പറയാം.

ഏകാദശി, ചതുർത്ഥി , ശിവരാത്രി ,നവരാത്രി തുടങ്ങിയ വ്രതങ്ങളുടെ പ്രഭാവം വഴി മനുഷ്യന്റെ ആത്മാവ് ശുദ്ധമാവുകയും സങ്കല്‍പ്പശക്തി വര്‍ദ്ധിച്ചു ബുദ്ധിവികാസം, വിചാരജ്ഞാനം എന്നിവ വര്‍ദ്ധിക്കുകയും ഭക്തി, ശ്രദ്ധ എന്നിവയുണ്ടാവുകയും ചെയ്യുന്നുവെന്നും ആചാര്യന്മാര്‍ പറയുന്നു.

പൈതൃകമായി ഹൈന്ദവാചാര്യന്മാര്‍ പകര്‍ന്നു നല്കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതം തന്നെയാണ്. അതിനാൽ ശാരീരികമായി അസ്വസ്ഥതകൾ ഇല്ലാത്ത സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന നമ്മുടെ എല്ലാ സഹോദരങ്ങളും തങ്ങളാൽ കഴിയുന്ന എല്ലാ ഏകാദശികളും ,ചതുർത്ഥി ,ശിവരാത്രി ,നവരാത്രി വ്രതങ്ങളും വിധിയാംവണ്ണം അനുഷ്ടിക്കുകയും ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുമല്ലോ.

"ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ്വ ലോകൈക നാഥം"

ഏവർക്കും സാക്ഷാൽ വൈകുണ്ഠനാഥനായ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകുവാൻ പ്രാർത്ഥിച്ചുകൊണ്ട്‌ ഭക്തിസാന്ദ്രമായ വരൂഥിനി ഏകാദശി ആശംസകൾ നേരുന്നു.

ഓം നമോ നാരായണായ:
ഓം നമോ നാരായണായ:
Kalakaumudi

No comments: