Friday, April 24, 2020

തിരുമലയുടെ അടിവാരത്ത് പൂക്കച്ചവടം ചെയ്യുന്ന പണ്ടാരത്തിന്റെ ഇളയമകൻ ആനന്ദൻ മലമുകളിൽ നിത്യവാസം കൊള്ളുന്ന ശ്രീഹരിയുടെ പരമഭക്തനാണ്. ഇദ്ദേഹം തന്റെ കുടിലിനുചുറ്റും പലതരത്തിലുള്ള പൂച്ചെടികൾ നട്ടും നനച്ചും വളർത്തിയിരുന്നു. ആനന്ദനാണ് നിത്യവും അച്ഛനെ സഹായിച്ചിരുന്നത്. പൂക്കൾ പറിച്ചെടുത്ത് അതിമനോഹരമായി മാല കോർക്കാൻ മകനെ അച്ഛൻ പഠിപ്പിക്കുകയും ചെയ്തു. ഹരിനാമ ജപത്തോടെ മകൻ പൂക്കെട്ടൽ എന്ന വിദ്യ സ്വായത്തമാക്കി. നിത്യവും ബ്രഹ്മമുഹൂർത്തത്തിനുള്ളിൽ നറുമണം പൊഴിക്കുന്ന പൂക്കൾ പറിച്ചെടുത്ത് മാലകോർത്ത് ഉഷഃപൂജയ്ക്ക് മുമ്പ് മല ചവിട്ടിക്കയറി ഭഗവാന് സമർപ്പിക്കുന്ന പതിവ് ചെറുപ്പം മുതലേ ആനന്ദനുണ്ടായിരുന്നു. പൂക്കച്ചവടം വരുമാനമാർഗ്ഗമായിരുന്നെങ്കിലും ഭഗവാനെ വിവിധതരത്തിലുള്ള മാലയണിയിച്ച് അലങ്കരിച്ച് ഭംഗി നോക്കുന്നതിലാണ് ആനന്ദൻ ആത്മതൃപ്തി കണ്ടെത്തിയത്. ബാല്യത്തിൽ നിന്ന് കൗമാരത്തിലേയ്ക്കും അവിടെ നിന്ന് യുവത്വത്തിലേയ്ക്കും കടന്നപ്പോഴും ആനന്ദന്റെ ഹരിഭക്തിയിലും നിത്യവ്രതത്തിലും ഒരു മാറ്റവുമുണ്ടായില്ല.

അച്ഛൻ പണ്ടാരം മരിക്കും മുമ്പ് മകന്റെ ജീവിതത്തിലേയ്ക്ക് ലക്ഷ്മിയെ കൊണ്ടുവന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കത മുഴുവനും ആവാഹിച്ചെടുത്ത ആ പെൺകുട്ടി ഭർത്താവിന്റെ സപര്യയിൽ പങ്കുചേർന്നു. മഴയോ, വെയിലോ, മഞ്ഞോ, കാറ്റോ ഒന്നും ആനന്ദന്റെ സപര്യയ്ക്ക് തടസ്സമായില്ല. ആനന്ദന്റെ മാലയ്ക്കായി ഭഗവാൻ തന്നെ കാത്തുനിൽക്കുന്നു വെന്ന് തിരുമലയിൽ എത്തുന്നവർ പരസ്പരം പറയുന്നത് പതിവായി.
സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്ത് തന്റെ തോട്ടത്തിലും മലയടിവാരത്തുനിന്നും പലവർണ്ണത്തിലുള്ള പൂക്കൾ ശേഖരിക്കും ആനന്ദൻ.
തോട്ടത്തിന് നടുവിലുള്ള കൊച്ചുകുടിലിന്റെ തിണ്ണയിലിരുന്നു കൊണ്ട് ഹരിനാമകീർത്തനം പാടി മാലകോർത്ത് തുടങ്ങും.
പൂക്കളുടെ ആവശ്യക്കാരെത്തുമ്പോൾ ലക്ഷ്മി തോട്ടത്തിൽ നിന്നും പൂപറിച്ച് അവർക്ക് നൽകും. അന്നന്ന് മനസ്സിൽ തോന്നുന്നരീതിയിൽ വർണ്ണങ്ങൾ ഇടകലർത്തി മനോഹരമായ വനമാല കോർത്തുകഴിഞ്ഞ് അത് ഓലവട്ടിയിൽ എടുത്തുവച്ച് ഇലകൊണ്ടുമൂടും. അതിനുശേഷം സഹസ്രനാമവും ഗായത്രിയും ജപിച്ച് തന്റെ തോട്ടത്തിന് പിന്നിലൂടെ ഒഴുകുന്ന പാപവിനാശനം നീർച്ചോലയിൽ വീണ്ടും മുങ്ങിക്കുളിച്ച് ആ നനവോടെ കുടിലിൽ തിരിച്ചെത്തും.

ആനന്ദൻ താൻതന്നെ തലേദിവസം നനച്ച് തോരാനിട്ടിരുന്ന ശുഭ്രവസ്ത്രമണിഞ്ഞ് പൂവട്ടിയുമായി മലചവിട്ടുവാൻ തുടങ്ങും.
ഭക്തിനിർഭരമായ ആ യാത്രയ്ക്ക് വെട്ടം നൽകണമെന്ന ലക്ഷ്യത്തോടെ സൂര്യഭഗവാൻ പതുക്കെപ്പതുക്കെ കിഴക്കൻ മലയ്ക്കിടയിലൂടെ ഉദിച്ചുയരും. നിത്യവും മാലസമർപ്പണം മുടങ്ങാതെ നടന്നു.
 
  ഒരുദിവസം പുലർകാലയിരുട്ടിൽ പൂക്കൾ ശേഖരിച്ചു കൊണ്ടിരുന്ന ആനന്ദന്റെ കാലിൽ ഒരു സർപ്പം തീണ്ടി. തീണ്ടിയത് എന്താണെന്നുപോലും ശ്രദ്ധിക്കാതെ തന്റെ പണിതുടർന്നു ആനന്ദൻ. അപ്പോൾ എവിടെനിന്നോ ഒരു അശരീരി കേട്ടു.....
 
  'ഭക്തശിരോമണിയെ നിന്നെ തീണ്ടിയത് ഒരു സർപ്പമാണ്. '
 
  തന്റെ പണിയിൽ മുഴുകിയിരുന്ന ആനന്ദൻ തനിക്കതറിയാമെന്നമട്ടിൽ തലയാട്ടി.

    'നിനക്ക് പേടിയില്ലേ...?

എങ്ങനെ ഇത്രയും നിശ്ചലനായി നിനക്ക് ഇരിക്കാനിങ്ങനെ കഴിയുന്നു? 'അശരീരി ചോദിച്ചു.
 
 ആനന്ദൻ മാല കോർക്കുന്നത് നിർത്തിവെച്ച് കൈകൾകൂപ്പി നമ്രശിരസ്ക്കാരനായി പറഞ്ഞു.....

    'പാമ്പ് എന്നെ കടിച്ചത് ഞാനറിഞ്ഞു. പക്ഷേ അത് വിഷമുള്ളതാണോ, അല്ലാത്തതാണോ എന്ന് എനിക്കറിയില്ല. അതുകൊണ്ട് എനിക്ക് ഭയപ്പാടുണ്ടായില്ല. '
 
  'അത് വിഷമുള്ള പാമ്പാണെങ്കിൽ...? അശരീരി ചോദിച്ചു.
 
ആനന്ദൻ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി...
 
  'വിഷമില്ലാത്ത സർപ്പമാണെങ്കിൽ ഞാൻ പതിവുപോലെ കുളിച്ച് മാലയുമെടുത്ത് അങ്ങയെ വന്ന് ദർശിക്കും. ഒരു പക്ഷേ അത് വിഷസർപ്പമാണെങ്കിൽ കുളിക്കാൻ പോലും ഞാൻ മെനക്കെടേണ്ടാ.

മരിച്ചുകിടക്കുന്ന എന്നെ മറ്റുള്ളവർ കുളിപ്പിച്ചോളും. അങ്ങയെ വൈകുണ്ഠത്തിലെത്തി ഞാൻ ദർശിക്കും. '
   
  ആനന്ദന്റെ അടിയുറച്ച വിശ്വാസത്തിനുമുമ്പിൽ ഭഗവാൻതന്നെ ഒരുനിമിഷം സ്തബ്ധനായിപ്പോയത്രേ.
      മഹാവിഷ്ണുഭക്തന്മാരിൽ ഏറെ പ്രസിദ്ധനായ ആനന്ദാൾവാരുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണിത്.

ഭഗവദ് ഭക്തിയിൽ അടിയുറച്ച വിശ്വാസമുണ്ടെങ്കിൽ മരണഭയം പോലും ഉണ്ടാകുകയില്ല. ആൾവാരുടെ സുദൃഢമായ ഭക്തിയാണ് ഭഗവാനെ അശരീരിയായി അദ്ദേഹത്തിന് മുന്നിലെത്തിച്ചത്. ഭഗവാൻ ഓരോ ഭക്തരിൽനിന്നും കാംക്ഷിക്കുന്നതും അടിപതറാത്ത ഭക്തി തന്നെ.

ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ.

No comments: