Tuesday, April 28, 2020

*_ചുമ്മാതിരിയപ്പാ_* ..

🌱🌷🌱🌷🌱🌷🌱

ആരെന്തു വിഷമതകൾ വന്നു പറഞ്ഞാലും, ഏത് പ്രശ്നത്തിന് പരിഹാരം തേടിയാലും ആ സാത്വികനായ അവധൂതൻ ഇങ്ങനെ പറയുമായിരുന്നു:
' _ചുമ്മാതിരിയപ്പാ_ .. '

പുറംലോകത്തേക്കുള്ള വാതിലുകളെല്ലാം താൽക്കാലികമായി അടഞ്ഞുകിടക്കുന്ന ഈ ലോക്ക് ഡൗൺ കാലത്ത് ആ ഋഷിവര്യന്റെ വാക്കുകൾ ഏറെ മനോജ്ഞമായി അകമേ മുഴങ്ങുന്നു. പുറമേക്കുള്ള കാഴ്ചകൾ അകമേക്ക് തിരിഞ്ഞു, സ്വസ്ഥിയിൽ ഇരിയ്ക്കാൻ കഴിയുമ്പോൾ മാത്രമാണ് യഥാർത്ഥ കാഴ്ച സിദ്ധിക്കുന്നതെന്ന് പറയാതെ പറയുകയായിരുന്നു ആ സംന്യാസിശ്രേഷ്ഠൻ.

നിഷ്ക്രിയമായി വെറുതെ ഇരിയ്ക്കണമെന്നോ, ഒരു പണിയും ചെയ്യാതിരിക്കണമെന്നോ അല്ല ചുമ്മാതിരിയപ്പാ എന്ന് ഗുരു പറഞ്ഞതിന്റെ സാരം. മറിച്ച്, പ്രശ്നങ്ങളും പ്രതിസന്ധികളുമെല്ലാം വന്നുപോകുമെന്നും അതിനുള്ള സമയം സ്വസ്ഥമായി അനുവദിച്ചു കൊടുക്കാൻ മനസ്സിനെ പാകപ്പെടുത്തണമെന്നുമാണ് ഗുരു ഓർമ്മപ്പെടുത്തിയത്.

വന്നെത്തുന്ന ഓരോ വിഷയങ്ങൾക്കും അതാതിന്റെ സമയവും നിയോഗവുമുണ്ടെന്നും, അതുവരെ കാത്തിരിക്കാനുള്ള കരുത്താർജ്ജിക്കണമെന്നും ഈ മൊഴി നമ്മെ ബോധ്യപ്പെടുത്തുന്നു. മാത്രമല്ല, ചെയ്യുന്ന കർമ്മങ്ങളുടെ കർതൃത്വത്തിൽ കുടുങ്ങിക്കിടക്കാതെ സ്വയം സൂക്ഷിക്കണമെന്നും ഈ ഗുരുവചനം ഉണർത്തുന്നു.

പുറംലോകം മാത്രം കണ്ട്, ആസക്തമായി അലഞ്ഞുനടക്കുന്ന മനുഷ്യരോട് റൂമി പറയുന്നു:

 *' ആസക്തന്റെ കണ്ണാകുന്ന കൂജ നിറയില്ലൊരിക്കലും.
തൃപ്തി നിറവായി വിരിയാതെ
ചിപ്പിയിൽ മുത്ത് നിറയില്ല.
ഈ മഹാസമുദ്രത്തിൽ നിന്ന് നിന്റെ കുഞ്ഞുകൂജയിൽ
എത്ര നിറയ്ക്കാനാവും* ?'

പുറത്തേക്കു കണ്മിഴിക്കുംതോറും അടങ്ങാതെ അലഞ്ഞു കൊണ്ടിരുന്ന കണ്ണുകളെ, അകമേക്ക് കൊണ്ടുവന്നു വിശ്രാന്തമാക്കി സ്വസ്ഥനാവൂ എന്ന് തന്നെയാണ് എക്കാലവും എല്ലാ ഗുരുക്കന്മാരും നമ്മെ ഉണർത്തിയത്.

ആൾക്കൂട്ടങ്ങളുടെ ആസക്തമായ ഊർജ്ജവലയത്തിൽ നിന്ന് മുക്തമായി നിലകൊള്ളാൻ അവസരം കിട്ടുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. നമ്മുടെ ആഴങ്ങളറിയാൻ നമുക്ക് ലഭിക്കുന്ന സൗഭാഗ്യമാണത്.

പരമശിവൻ അഗാധ മൗനത്തിലൂടെ പഠിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്ന 'ദക്ഷിണാമൂർത്തി സ്തോത്രം' പറഞ്ഞു തരുമോ എന്ന് രമണമഹർഷിയോട് ഒരിക്കൽ ശിഷ്യർ ചോദിച്ചു. ഒരു സന്ധ്യാ സമയത്തെ സത്സംഗം ആയിരുന്നു അത്. ചോദ്യം ചോദിച്ചു നിശ്ശബ്ദരായി കാത്തുനിന്ന ശിഷ്യർക്ക് മുന്നിൽ ഗുരു പൂർണ്ണമൗനിയായി കണ്ണുകൾ അടച്ചിരുന്നു. ആ വിശ്രാന്ത മൗനത്തിൽ, പാകപ്പെട്ട ശിഷ്യഹൃദയങ്ങളോട് പരമശിവൻ സംവദിച്ചു സുബോധ്യമാക്കിയിട്ടുണ്ടാവും ദക്ഷിണാമൂർത്തി സ്തോത്രം.

ഇതുപോലെ മൗനത്തിലൂടെ ധ്യാനമായ് മൊഴിഞ്ഞ മുനിമാരുടെ പരമ്പര തന്നെ മിസ്റ്റിക്കുകളുടെ ലോകത്ത് നമുക്ക് കാണാനാവും. ആ മനോബോധത്തിലേക്ക് വളരാൻ നാം പുറംവാതിലുകളടച്ച് സ്വസ്ഥമായി, ചുമ്മാ ഇരുന്നു കൊടുക്കണം എന്ന് മാത്രം.

ചുമ്മാ ഇരിയ്ക്കാൻ പാകപ്പെട്ട ആത്മാന്വേഷിയോട്
റൂമി പറയുന്നു:

' യഥാർത്ഥമായി
നിനക്ക് വേണ്ടതൊന്നും
ഈ ബാഹ്യപ്രപഞ്ചത്തിൽ ഇല്ല.
അകമേ നോക്കുക.
നിനക്ക് വേണ്ടതെല്ലാം അകത്തുണ്ട്.
'നീ തന്നെ' ആണത്. '

കണ്ണടച്ച് അകത്തേക്ക് നോക്കിയിട്ട് കൂരിരുട്ട് മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞ ശിഷ്യനോട് ജ്ഞാനിയായ ഗുരു പറഞ്ഞു:

' അകത്തെ എല്ലാ വെളിച്ചവും അണഞ്ഞു സിനിമ തുടങ്ങിയ ശേഷം തിയേറ്ററിനകത്തു കയറുമ്പോൾ, ആദ്യം കൂരാകൂരിരുട്ട് അനുഭവപ്പെടുന്നു. എന്നാൽ, കുറച്ചു സമയം ക്ഷമയോടെ കാത്തിരുന്നാൽ ക്രമേണ കാഴ്ച വ്യക്തമാകുന്നതായി കാണാം. ഇതുപോലെ ആണ് ആത്മസ്വത്വത്തിലേക്ക് കൺതുറക്കുന്നവരുടെ അവസ്ഥയും. '

ചുമ്മാതെ സ്വസ്ഥനായിരുന്ന്, മൗനിയായി അകമേയുള്ള വസന്തത്തിലേക്ക് മിഴിതുറക്കാൻ പഠിപ്പിച്ച അവധൂതൻ തന്നെയാണ് ഈ ലോക്ക് ഡൗൺ കാലത്തെ സ്നേഹതാരകം.

🌱🌷🌱🌷🌱🌷🌱

No comments: