Monday, April 27, 2020

സ്വർണ്ണത്ത് മന

ശ്രീ ശങ്കരാചാര്യ ചരിതത്തിന്റെ അടയാള ബാക്കികളിൽ ഒന്നാണ് സ്വർണ്ണത്ത് മന ; അഥവാ പുന്നോർക്കോട്ട് മന.
ശ്രീ ശങ്കരാചാര്യരുടെ പാദസ്പർശ്ശമേറ്റിട്ട് 1200 ഓളം വർഷങ്ങളുടെ മഹത്വപൂർണ്ണമായ പൈതൃക പാരമ്പര്യം ഉണ്ട് , 3 നടുമുറ്റങ്ങളോടെ 12 കെട്ടുകളുള്ള ഈ മനയ്ക്ക്.

എറണാകുളം ജില്ലയിലെ പട്ടിമറ്റത്തിനടുത്ത്, 'പഴന്തോട്ടം' എന്ന ഗ്രാമത്തിൽ, ഏകദേശം 15 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്ന വിധം ഈ മനയുടെ പണി പൂർത്തീകരിച്ചിട്ട് 250 ൽ അധികം വർഷങ്ങളായിരിക്കുന്നു. മനയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന പത്തായപ്പുരയ്ക്ക് 106 വർഷം പഴക്കവും. മനയുടെ മുകളിലത്തെ നിലയിൽ നിന്നും പത്തായപ്പുരയുടെ മുകളിലത്തെ നിലയിലേയ്ക്ക് പ്രവേശിക്കാനായി ഒരു നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.

രണ്ടു വർഷം മുൻപ് വരെ ഈ മനയിൽ താമസിച്ചിരുന്ന, കാരണവർ സ്ഥാനത്തുള്ള ശ്രീ.നാരായണൻ നമ്പൂതിരിപ്പാടും കുടുംബവും ഇപ്പോൾ തൊട്ടടുത്ത് തന്നെയായി പുതിയ വീട്ടിലേയ്ക്ക് മാറി താമസിക്കുന്നു. എങ്കിലും ക്ഷേത്രസമാനമായ പവിത്രതയോടെ ഈ മനയ്ക്കുള്ളിൽ തേവാരപൂജയും മറ്റും നടത്തിവരുന്നതിനാൽ സന്ദർശകരെ ഇതിനകത്തേയ്ക്ക് പ്രവേശിപ്പിക്കാറില്ല.

AD - 788 - 820 കാലഘട്ടത്തിലാണ് ശ്രീശങ്കരാചാര്യർ ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം സംന്യാസം സ്വീകരിച്ചതിന്റെ ഭാഗമായി ഭിക്ഷയാചിച്ചു നടന്ന ശ്രീ ശങ്കരാചാര്യർ ഏറെ ദാരിദ്ര്യമനുഭവിച്ചിരുന്ന ഈ മനയിലെത്തുകയും ഇവിടുണ്ടായിരുന്ന അന്തർജ്ജനം ഇദ്ദേഹത്തിന് ഭിക്ഷ നൽകുവാൻ കഴിയാതെ സങ്കടപ്പെടുകയും, ഏറെ പരതിയശേഷം മനയിൽ നിന്നും ആകെ ലഭിച്ച ഒരു ഉണക്ക നെല്ലിയ്ക്ക ഇദ്ദേഹത്തിന് ഭിക്ഷയായി നൽകുകയും ചെയ്തു. മനയിലെ ദാരിദ്ര്യവും, അന്തർജ്ജനത്തിന്റെ മനസ്സിന്റെ നന്മയും മനസ്സിലാക്കിയ ആദിശങ്കരൻ ആ മുറ്റത്തു വച്ചുതന്നെ ' കനകധാരാ സ്തോത്രം ' രചിക്കുകയും, അത് പൂർത്തിയായതോടെ ഐശ്വര്യ ദേവതയായ മഹാലക്ഷ്മി ദേവി ആ സ്ത്രീയുടെ മേൽ സ്വർണ്ണ നെല്ലിയ്ക്കകൾ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

 ഇത്രയേറെ പൈതൃക പാരമ്പര്യ പെരുമ പേറുന്ന ഈ മനയുടെ എല്ലാ ഭാഗങ്ങളും വേണ്ടത്ര അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ ഇപ്പോഴത്തേ തലമുറയ്ക്ക് ശരിയാംവണ്ണം സാധിക്കുന്നുണ്ടോ ? എന്ന സംശയവും ഇല്ലാതില്ല.

No comments: