Wednesday, April 29, 2020

വിവേകചൂഡാമണി - 119
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

നിത്യ-മുക്തസ്വരൂപമായ ആത്മാവ്

മനോമയകോശ വിവരണം തുടരുന്നു;

ശ്ലോകം 174
തസ്മാന്മനഃ കാരണമസ്യ ജന്തോഃ
ബന്ധസ്യമോക്ഷസ്യ ച വാ വിധാനേ
ബന്ധസ്യ ഹേതുര്‍ മലിനം രജോഗുണെഃ
മോക്ഷസ്യ ശുദ്ധം വിരജസ്തമസ്‌കം

അതിനാൽ ജീവന് ബന്ധമോ മോക്ഷമോ ഉണ്ടാവാൻ കാരണം മനസ്സാണ്.  രജോഗുണത്താൽ മലിനമായ മനസ്സ് ബന്ധത്തിന് കാരണമാകും.  രജസ്സും തമസ്സും അടങ്ങി ശുദ്ധമായ മനസ്സ് മോക്ഷത്തിന് കാരണമായിത്തീരും.

കഴിഞ്ഞ ശ്ലോകങ്ങളിൽ പറഞ്ഞ കാരണങ്ങൾകൊണ്ട് മനസ്സ് തന്നെയാണ് ബന്ധത്തിനും മോക്ഷത്തിനും കാരണമെന്ന് ഉറപ്പിക്കാം.  ബന്ധനവും മുക്തിയുമൊക്കെ മനസ്സിന്റെ കല്പനയാണ്.

ആത്മാവ് ഒരിക്കലും ബന്ധനാവുന്നില്ല.  ബന്ധനമുള്ളതിനല്ലേ മോക്ഷത്തിന്റെ ആവശ്യമുള്ളത്.  ആത്മാവ് നിത്യമുക്ത സ്വരൂപമാണ്.  അത് തന്നെയാണ് ഞാൻ.

മനസ്സിന്റെ ഗുണഭേദംകൊണ്ട് തോന്നുന്ന ഭാവങ്ങളാണ് ബന്ധവും മോക്ഷവും.  മനസ്സ് വിക്ഷേപത്തിൽ കലങ്ങിമറിഞ്ഞിരിക്കുകയാണെങ്കിൽ ജീവൻ ബന്ധനത്തിലാണ്.  മനസ്സിൽ രജസ്സും തമസ്സും വർദ്ധിച്ചിരിക്കുന്ന കാലം വരെ ജീവൻ ബദ്ധനായിരിക്കും.  വിക്ഷേപം നീങ്ങി മനസ്സ് ശാന്തമായാൽ സത്വഗുണം കൂടും.  അപ്പോൾ മുക്തനെന്ന അനുഭവം ഉണ്ടാകും.  സത്വഗുണ പ്രധാനമായ മനസ്സിന് മാത്രമേ ആത്മോന്മുഖമാകാനാവൂ.  രജസ്സും തമസ്സും നിറഞ്ഞതിനാലാണ് മനസ്സ് വിക്ഷേപത്താൽ മലിനമായി ബന്ധിതനാകുന്നത്.

ശ്ലോകം 175
വിവേകവൈരാഗ്യ ഗുണാതിരേകാത്
ശുദ്ധത്വമാസാദ്യ മനോ വിമുക്തൈ്യ
ഭവത്യതോ ബുദ്ധിമതോ മുമുക്ഷോഃ
താഭ്യാം ദൃഢാഭ്യാം ഭവിതവ്യമഗ്രേ

ദൃഢ വിവേകം കൊണ്ടും തീവ്ര വൈരാഗ്യം കൊണ്ടും പരിശുദ്ധമായ മനസ്സ് മോക്ഷത്തിന് കാരണമാകുന്നു.  അതിനാൽ വിവേക വൈരാഗ്യങ്ങളെ ദൃഢമാക്കുകയാണ് ബുദ്ധിമാനായ മുമുക്ഷു ആദ്യമായി ചെയ്യേണ്ടത്.

വിവേകവും വൈരാഗ്യവും നല്ലപോലെയുള്ളവർക്ക് മനഃശുദ്ധിയെ നേടാം.  അങ്ങനെ ശുദ്ധമായ മനസ്സ് മോക്ഷത്തിലേക്ക് വഴിയൊരുക്കും.

നിത്യമായ ആത്മാവിനേയും അനിത്യമായ അനാത്മാവിനേയും തിരിച്ചറിയുന്നതാണ് വിവേകം.  ആത്മാവ് ചൈതന്യവും അനാത്മവസ്തുക്കൾ ജഡവുമാണ്.  അനാത്മവസ്തുക്കളെ വെടിയാനുള്ള  കഴിവാണ് വൈരാഗ്യം.  ഇവയിലോരോന്നിലും ഉണ്ടാകുന്ന വിരക്തിയാണത്.

വിവേകവും വൈരാഗ്യവും വേണ്ടതുപോലെ വളർത്തിയെടുക്കാൻ സാധകർ യത്നിക്കണം.  ശാസ്ത്രപഠനം, ശ്രുതിവാക്യ മനനം, ധ്യാനം എന്നിവ വഴി വിവേകത്തിനെ ഉറച്ചതാക്കണം.  വിവേകം വർദ്ധിക്കുമ്പോൾ വൈരാഗ്യവും കൂടും.  എത്ര കണ്ട് വൈരാഗ്യമുണ്ടോ അത്രയും വിവേകവും സമൃദ്ധമാകും.  ഇവ പരസ്പര പൂരകങ്ങളാണ്.  വിവേക വൈരാഗ്യങ്ങളുടെ ഉറയ്ക്കലോടെ മനസ്സ് ശുദ്ധമാകുന്നു.  വിക്ഷേപങ്ങളെല്ലാമടങ്ങി മനസ്സ് മോക്ഷത്തിലേക്ക് നയിക്കും. 

ആത്മദർശനത്തിനുള്ള ഉപകരണമല്ല മനസ്സ്.  പരിശുദ്ധമായ മനസ്സ് വഴി സാധകനിലെ വ്യക്തിത്വത്തെ പരമാത്മാവിൽ വിലയം പ്രാപിപ്പിക്കാനാവും.  അതിനാൽ, ബുദ്ധിമാന്മാരായ മുമുക്ഷുക്കൾ വിവേക-വൈരാഗ്യങ്ങളെ നന്നായി ബലപ്പെടുത്താൻ യത്നിക്കും.
Sudha bharat 

No comments: