Wednesday, April 22, 2020

🐚🐚🐚🐚🐚🐚🐚🐚🐚

 *കരിമുട്ടം ദേവി ക്ഷേത്രം*

📜📜📜📜📜📜📜📜📜
📜📜📜📜📜📜📜📜📜

 *ഐതിഹ്യമാല കഥകൾ*

📖📖📖📖📖📖📖📖📖

 *98.* *മണ്ണാറശ്ശാല മാഹാത്മ്യം*
'
 *ഭാഗം 1*

കേരള ഭൂമിയുടെ ഉത്ഭവവും അതിനെ സംബന്ധിച്ചുള്ള ചരിത്രവും ഏതു വിധമെങ്കിലും ആയിരുന്നുകൊള്ളട്ടെ. അതിനെക്കുറിച്ചു ചിന്തിക്കുകയോ തീർച്ചപ്പെടുത്തുകയോ ചെയ്യണമെന്ന് ഇവിടെ വിചാരിക്കുന്നില്ല. മേൽപ്പറഞ്ഞിരിക്കുന്ന ക്ഷേത്രത്തെ സംബന്ധിച്ചു പഴമ പരിചയമുള്ള വയോവൃദ്ധന്മാരിൽ നിന്നു കേട്ടിട്ടുള്ള ഐതിഹ്യങ്ങൾ മാത്രം ചുരുക്കത്തിൽ വിവരിക്കണമെന്നേ ഇപ്പോൾ ഉദ്ദേശിക്കുന്നുള്ളു.

ശ്രീപരശുരാമൻ പരദേശങ്ങളിൽ നിന്നു ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തിൽ താമസിപ്പിച്ച കാലത്ത് ഇവിടെ സർവത്ര സർപ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു എന്നുമാത്രമല്ല, ഓരില്ലാത്ത നല്ല വെള്ളം കേരളഭൂമിയിൽ ഒരിടത്തും കിട്ടുകയുമില്ലായിരുന്നു. അതിനാൽ ഇവിടെ താമസിക്കുന്ന കാര്യം പ്രയാസമാണെന്നു തോന്നുകയാൽ ബ്രാഹ്മണരെല്ലാവരും വന്ന വഴിയേ പരദേശങ്ങളിലേയ്ക്കുതന്നെ മടങ്ങിപ്പോയി. അപ്പോൾ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. പിന്നെ അദ്ദേഹം കൈലാസത്തിൽച്ചെന്നു സർവ്വജ്ഞനും സർപ്പഭൂ‌ഷണനും തന്റെ ഗുരുനാഥനുമായ ശ്രീപരമേശ്വരനെ കണ്ടു വിവരമറിയിച്ചപ്പോൾ ശി‌ഷ്യവത്സലനായ ഭഗവാൻ ശ്രീപരമേശ്വരൻ "സർപ്പരാജാവായ വാസുകിയെ സേവിച്ചു പ്രസാദിപ്പിച്ചാൽ ഇതിനൊക്കെ സമാധാനമുണ്ടാക്കിത്തരും" എന്നരുളിച്ചെയ്തു. അതുകേട്ടു പരശുരാമൻ വീണ്ടും കേരളത്തിൽ വന്നു വാസുകിയെക്കുറിച്ച് തപസ്സുചെയ്തുകൊണ്ടിരുന്നു. പരശുരാമന്റെ തപസ്സ് അതികഠിനമായിരുന്നതിനാൽ വാസുകി അചിരേണ സന്തുഷ്ടനായിത്തീരുകയും പ്രത്യക്ഷമായി പരശുരാമന്റെ അടുക്കൽചെന്ന്, "അല്ലയോ മഹാത്മൻ! ഭവാന്റെ അതിഘോരമായ ഈ തപസ്സുകൊണ്ട് ഞാൻ അത്യന്തം പരിതുഷ്ടനായിരിക്കുന്നു. അവിടുത്തെ അഭീഷ്ടമെന്താണെന്നു പറഞ്ഞാൽ അപ്രകാരം ചെയ്വാൻ ഞാൻ സന്നദ്ധനായിരിക്കുന്നു" എന്നു പറഞ്ഞു. വാസുകിയുടെ ഈ വാക്കുകേട്ടു പരശുരാമൻ, "അലയോ സർപ്പകുലാധിപതേ! ഈ കേരളഭൂമിയിൽ ഭവാന്റെ വംശന്മാരും പരിജനങ്ങളും മറ്റുമായ സർപ്പങ്ങളുടെ സാർവ്വത്രികമായ സഞ്ചാരം കൊണ്ടും ഇവിടെയുള്ള വെള്ളമെല്ലാം ലവണരസപൂർണ്ണമായിരിക്കുന്നതിനാലും ഈ പ്രദേശത്തു മനു‌ഷ്യർക്കു നിവസിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു. അതിനാൽ ഈ രണ്ടു സംഗതികൾക്കും പരിഹാരമുണ്ടാക്കി ഭവാൻ ഈ ഭൂഭാഗം മനു‌ഷ്യവാസ യോഗ്യമാക്കിത്തരണമെന്നാണ് എന്റെ അപേക്ഷ" എന്നു പറഞ്ഞു.

വാസുകി: ഭവാന്റെ ഇഷ്ടം പോലെ, ഈ കേരളഭൂമിയിലുള്ള വെള്ളത്തിൽ കലർന്നിരിക്കുന്ന ലവണ രസമെല്ലാം ഞാൻ ആകർ‌ഷിച്ചു സമുദ്രത്തിലും അതോടുചേർന്നുള്ള ജലാശയങ്ങളിലുമാക്കാം. സർപ്പങ്ങൾ മിക്കവയും ഭവാൻ തപസ്സുചെയ്തു കൊണ്ടിരുന്ന ഈ വനപ്രദേശത്തു വന്നു മനു‌ഷ്യോപദ്രവം ചെയ്യാതെ താമസിച്ചു കൊള്ളുന്നതിനും അന്യത്ര താമസിക്കുന്നതായാലും ഭൂദ്വാരങ്ങളിൽ ഇരുന്നു കൊള്ളുന്നതിനും ചട്ടം കെട്ടാം. എന്നാൽ കേരളവാസികൾ അവരുടെ വാസഗൃഹങ്ങളുടെ സമീപത്ത് ഓരോ കാവിൻകൂട്ടങ്ങളുണ്ടാക്കി, അതാതു സ്ഥലങ്ങളിലുള്ള സർപ്പങ്ങളെ ആ കാവുകളിൽ കുടിയിരുത്തുകയും തങ്ങളുടെ കുലദൈവങ്ങളെന്നു വിചാരിച്ച് അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനു കേരളത്തിൽ താമസിക്കുന്ന മനു‌ഷ്യരോടു ഭവാനും ആജ്ഞാപിക്കണം. അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും ചെയ്യാതിരിക്കുകയോ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുകയോ ചെയ്താൽ അവർ ഉപദ്രവിക്കുമെന്നും സർപ്പങ്ങൾ സന്തോ‌ഷിച്ചാൽ സർവ്വൈശ്വര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നതിനും കോപിച്ചാൽ സകല വിധത്തിലുള്ള അനർത്ഥങ്ങളും ആപത്തുകളും ഉണ്ടാക്കിത്തീർക്കുന്നതിനും ശക്തിയുള്ള വകക്കാരാണെന്നും ഭവാൻ മനു‌ഷ്യരെ ഗ്രഹിപ്പിക്കയും വേണം. ഇപ്രകാരമെല്ലാം ചെയ്താൽ ഈ ഭൂഭാഗം മനു‌ഷ്യവാസയോഗ്യമായിത്തീരും.

ഇപ്രകാരം വാസുകി പറഞ്ഞതിനെ കേട്ട് അപ്രകാരമെല്ലാം ചെയ്തുകൊള്ളാമെന്നു പരശുരാമൻ സമ്മതിച്ചു. ഇങ്ങനെ അവർ തമ്മിൽ പറഞ്ഞു സമ്മതിച്ചതിന്റെ ശേ‌ഷം പരശുരാമൻ പിന്നെയും പരദേശങ്ങളിൽ പോയി ബ്രാഹ്മണരെയും മറ്റും കൂട്ടികൊണ്ടു കേരളത്തിൽ വന്നു. അപ്പോഴേക്കും ഇവിടെ വെള്ളത്തിനുണ്ടായിരുന്ന ലവണരസം മാറി സാർവ്വത്ര ശുദ്ധജലം കാണപ്പെട്ടു. സർപ്പങ്ങൾ മിക്കവയും പരശുരാമൻ തപസ്സുചെയ്തിരുന്ന വനത്തിൽച്ചെന്നു താമസമായി. ശേ‌ഷമുണ്ടായിരുന്നവ വിലേശയങ്ങളായും (വിലങ്ങളിൽ പൊത്തുകളിൽ കിടക്കുന്നവ) തീർന്നിരുന്നു. അതിനാൽ പരദേശങ്ങളിൽ നിന്നു വന്നവരാരും മടങ്ങിപ്പോകാതെ കേരളത്തിൽത്തന്നെ ഗൃഹങ്ങളുണ്ടാക്കി താമസ മുറപ്പിച്ചു. പരശുരാമന്റെ ആജ്ഞപ്രകാരം എല്ലാവരും ഒന്നും രണ്ടും അതിലധികവും കാവുകളുണ്ടാക്കി അവിടെയെല്ലാം സർപ്പങ്ങളെ കുടിയിരുത്തി (നാഗപ്രതിമകൾ പ്രതിഷ്ഠിച്ച്) പൂജയും മറ്റും നടത്തിത്തുടങ്ങുകയും ചെയ്തു. അനന്തരം പരശുരാമൻ താൻ തപസ്സുചെയ്തുകൊണ്ടിരുന്ന സ്ഥലത്തു ചെന്ന് അവിടെ നാഗരാജാവിനെ (വാസുകിയെ)യും നാഗയക്ഷിയെയും പ്രതിഷ്ഠിക്കുകയും പരിവാരങ്ങളായ മറ്റനേകം സർപ്പങ്ങളെ കുടിയിരുത്തുകയും ചെയ്തു. ആ സർപ്പങ്ങൾ വസിക്കുന്ന ഏതാനും സ്ഥലം (ഇപ്പോഴത്തെ അളവുപ്രകാരം 14 ഏക്കർ) സർപ്പക്കാവാക്കി നിശ്ചയിച്ച് അതിരിട്ടു തിരിക്കുകയും, ശേ‌ഷം സ്ഥലത്തു കാടു വെട്ടിത്തെളിച്ച് ഗൃഹങ്ങളുണ്ടാക്കി ജനങ്ങൾ നിവസിച്ചുകൊള്ളാനനുവദിക്കുകയും ചെയ്തു. ഈ സർപ്പങ്ങൾക്കു പതിവായി പൂജ നടത്തുന്നതിനും ഈ കാവ് ആരും വെട്ടിയഴിക്കാതെ സൂക്ഷിക്കുന്നതിനും മറ്റുമായി കാവിന്റെ അതിരിനകത്തുതന്നെ ഒരു ഗൃഹം പണിയിച്ചു ഒരു ബ്രാഹ്മണ കുടുംബക്കാരെ അവിടെ താമസിപ്പിച്ചു. ഈ കാവുസംബന്ധിച്ചുള്ള സർവ്വാധികാരങ്ങളും അവകാശങ്ങളും ഈ കുടുംബക്കാർക്കായി കൊടുക്കുകയും ചെയ്തു. അവർ അക്കാലം മുതൽ സർപ്പങ്ങളെ തങ്ങളുടെ പരദേവതമാരാക്കി വെച്ചു പൂജിക്കുകയും സേവിക്കുകയും ചെയ്തു തുടങ്ങി. അതിന് ഇപ്പോഴും യാതൊരു ഭേദഗതിയും അവർ വരുത്തീട്ടില്ല. ആ ഇല്ലക്കാരെയാണ് ഇപ്പോൾ "മണ്ണാർശാല നമ്പ്യാതിരിമാർ" എന്നു പറഞ്ഞുവരുന്നത്.

(തുടരും)

(ഇതിൽ കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാല എഴുതിയ കാലഘട്ടത്തിലെ കാലയളവാണ് സൂചിപ്പിച്ചിട്ടുള്ളത്)
🍃🍃🍃🍃🍃🍃🍃🍃🍃
⚜⚜⚜⚜⚜⚜⚜⚜⚜
 *കരിമുട്ടം ദേവി ക്ഷേത്രം*
 *പെരുങ്ങാല, കായംകുളം*

No comments: