Monday, April 27, 2020

ശ്രീ.മഹാഭാരതം 117
കരിമ്പിൽ രാധാകൃഷ്ണൻ

      ശപിച്ചും കോപിച്ചും
പോയ മൈത്രേയ മഹർഷിയുടെ പെരുമാറ്റം ധൃതരാഷ്ട്രരുടെ മനസിനെ തളർത്തി.അടുത്തു നിൽക്കുന്ന വിദുരനോട്
രാജാവ് ചോദിച്ചു "അനുജാ കിർമ്മീരനെ എങ്ങനെയാണ് ഭീമൻ കൊന്നത്.?"
    കിർമ്മീരവധം കഥ രാജാവിന് വിദുരൻ വിസ്തരിച്ചു പറഞ്ഞു കൊടുത്തു.
   "ജ്യേഷ്ഠാ നമ്മുടെ പെരുമാറ്റം കൊണ്ടു വിഷണ്ണരായ പാണ്ഡവർ മൂന്നു രാപകലുകൾ സഞ്ചരിച്ചു കാമ്യക വന
ത്തിലെത്തി.നരഭോജികളുംഘോരചിത്തരുമായ രാക്ഷസ പരിഷകൾ
നിർബാധം സഞ്ചരിക്കുന്ന ആ കൊടുംകാട്ടിൽ നിന്ന് മുനിമാരും ഇടയന്മാരും എന്നോ സ്ഥലം വിട്ടിരുന്നു.കിർമ്മീരനും കിങ്കരന്മാരും പാർക്കുന്ന ആ സ്ഥലം ഭീകരത മുറ്റിനിൽക്കുന്ന
വിജനസ്ഥലിയായിരുന്നു.പാണ്ഡവർ അവിടെയെത്തുമ്പോൾ പാതിരാത്രിയായി. '.കുറേ
മുന്നോട്ടു ചെന്നപ്പോൾ മഹാമേരു പോലെ പന്തവും കൈയ്യിലേന്തി പാണ്ഡവരുടെ വഴി തടഞ്ഞു കൊണ്ട് ഒരു
ഘോര രാക്ഷസൻ നിൽക്കുന്നു.! ചുവന്നു
തുറിച്ച കണ്ണുകളും പുറത്തേക്കുന്തി വെട്ടിത്തിളങ്ങുന്ന ദംഷ്ട്രകളും കൂർത്ത മുടിനാരുകളും പർവ്വതാ കാരവും പൂണ്ട അവനെ കാണുന്ന മാത്രയിൽത്തന്നെ സാധുക്കൾ
മരിച്ചു പോകും.
മാൻതോലുടുത്തു നടന്നു വരുന്ന പാണ്ഡവരെക്കണ്ട് അവൻ തടുത്തു നിർത്തി. അവന്റെ ഘോരാകാരം കണ്ട പാഞ്ചാലി ബോധരഹിതയായി മറിഞ്ഞു വീണു. വിഷയാസക്തമായ ഇന്ദ്രിയങ്ങൾ കാമത്തെ താങ്ങി നിർത്തുമ്പോലെ അവർ അഞ്ചു പേരും
പാഞ്ചാലിയെ താങ്ങി.
വഴിയടഞ്ഞു നിൽക്കുന്ന അവനോട് യുധിഷ്ഠിരൻ ചോദിച്ചു
"അങ്ങാരാണ്? എന്തിനാണ് ഞങ്ങളെ തടുക്കുന്നത്?"
"ഹേ മനുഷ്യാ ഈ ത്രിലോകങ്ങളിൽ എന്നെ അറിയാത്തവർ ആരുണ്ട്? ഞാൻ ബകന്റെ അനുജനായ കിർമ്മീരനാണ്. പോരിൽത്തോൽപ്പിച്ച
മനുഷ്യരാണ് എന്റെ ആഹാരം. എന്റെ ഇന്നത്തെ ആഹാരത്തിനുള്ള വകയായി ഇവിടെത്തിച്ചേർന്ന നിങ്ങൾ ആരാണ് '?

    അവന്റെ ചോദ്യത്തി
നുത്തരമായി ധർമ്മജൻ
തങ്ങളുടെ കുലവും പേരുകളും പറഞ്ഞു.
അത് കേട്ട് അവൻ ആഹ്ളാദത്തോടെ പറഞ്ഞു. " അതു നന്നായി ! വളരെക്കാലമായി ഞാൻ മനസിൽ കൊണ്ടു നടന്ന ഒരു ആഗ്രഹം ഇതാ സഫലമാകാൻ പോകു
ന്നു. എന്റെ ജ്യേഷ്ഠൻ ബകനെ കൊന്ന ഭീമസേനനെ ഇന്നു കയ്യിൽ കിട്ടിയതിനാൽ എനിക്കു വളരെ സന്തോഷമുണ്ട്. എന്റെ സുഹൃത്തായ ഹിഡിംബനെ വധിച്ച് അവന്റെ സഹോദരിയെ ഇവൻ കൈക്കലാക്കിയത്രേ. അതു കൊണ്ട് ഹേയുധിഷ്ഠിരാ നിന്റെ അനുജനെ അഗസ്ത്യൻ മഹാശക്തനായ വാതാപിയെന്ന അസുരനെ തിന്നു ദഹിപ്പിച്ച പോലെ ഞാൻ
ഇന്നു തിന്നും! ഇങ്ങനെ പറഞ്ഞു കൊണ്ട് കിർമ്മീരൻ പൊട്ടിച്ചിരിക്കുമ്പോൾ ഭീമൻ ഒരു മരം പിഴുത് അതിന്റെ ഇലകൾ ഊരി., വസ്ത്രം മുറുക്കിയുടുത്ത് കൈ കൾ കുടഞ്ഞു കൂട്ടിത്തി
രുമ്മി ഇലയൂരിയ മരം കൊണ്ട് കിർമ്മീരന്റ് തലക്ക് ആഞ്ഞടിച്ചു.അത് ചാടിത്തടുത്തടുത്ത
കിർമ്മീരൻ അടുത്ത് കണ്ട തീക്കുണ്ഡത്തിൽ നിന്നും വലിയൊരു തീക്കൊള്ളിയെടുത്ത് ഭീമനു നേരെ വീശി.ഇടങ്കാലുകൊണ്ട് അതിനെ തട്ടിക്കളഞ്ഞ ഭീമൻ ചക്രം തിരിഞ്ഞു വലം കാലുകൊണ്ട് രാക്ഷസന്റെ കവിൾത്തടത്തിൽ ആഞ്ഞടിച്ചു' ആഞ്ഞു പോയ കിർമ്മീരൻ ഒരു മരം പിഴുതെടുത്തപ്പോഴേക്കും ഭീമനും ഒരു മരം കൈക്കലാക്കി' അതു കൊണ്ടായി പിന്നെ പോരാട്ടം' നിലത്തടിച്ചു ചതഞ്ഞു പോയ താമരത്തണ്ടു പോലയായി അവരുടെ കൈയ്യിലെ മരങ്ങൾ
ദുര്യോധനൻ ചെയ്ത ചതിയോർത്തും അടുത്തു നിൽക്കുന്ന പഞ്ചാലിയുടെ പ്രണയ കടാക്ഷം കൊണ്ടും വർദ്ധിത വീര്യനായിരുന്ന ഭീമൻ !കുംഭം പൊട്ടി മദജലമൊഴുകുന്ന ഗജേന്ദ്രൻ തനിക്കൊത്ത മദയാനയോടെന്ന പോലെ കിർമ്മീര നോടേറ്റുമുട്ടി.ദ്വന്ദയുദ്ധത്തിനിടയിൽ വൃകോദരൻ കിർമ്മീരന്റെ അരക്കെ.-
ട്ടിന് ആഞ്ഞുപിടിച്ചു.
ഭീമന്റെ ആ പിടുത്തത്തിൽ നിന്നു മോചിതനാകാൻ രാക്ഷസൻ ഒരുപാടു ശ്രമിച്ചു. പക്ഷേസാധിച്ചില്ല.ക്രമേണ കിർമ്മീരൻ തളർന്നു
തുടങ്ങി.ഭീമൻ അവന്റെ കഴുത്തിന് ഞെക്കിപ്പിടിച്ച് താഴോട്ടു
താഴ്ത്തി അരക്കെട്ടിന് കാൽമുട്ടു കൊണ്ട് കഠിനമായ പ്രഹരമേൽപ്പിച്ച് കാട്ടുമൃഗത്തെ കൊല്ലുമ്പോലെ അവനെ കൊന്നു.കിർമ്മീരന്റെ അലർച്ചകേട്ട് ആ കാടു
മുഴുവൻ കിടുങ്ങിപ്പോയി.
      കിർമ്മീരവധം കഴിഞ്ഞു് പാണ്ഡവർ കാമ്യക വനത്തിൽ കുറേ നാൾ സുഖമായി
പാർത്തു.ഭീമന്റെ ബാഹു
പരാക്രമം കണ്ട എല്ലാ 'രാക്ഷസന്മാരും ആ കാടു് ഉപേക്ഷിച്ചു സ്ഥലം വിട്ടു. മഹർഷിമാരുടെ മനം തെളിഞ്ഞു പഴയ പോലെ പൂക്കളിലെ തേൻ തേടി വരുന്ന വണ്ടുകളേപ്പോലെ അവിടെ എത്തിച്ചേർന്ന സജ്ജനങ്ങളും  മുനിമാരും കാമ്യക വനത്തെ തങ്ങളുടെ ആശ്രമ സ്ഥാനമാക്കി മാറ്റി.
            തന്റെ കരുത്ത് തന്റെ ഗുണത്തിനു വേണ്ടി മാത്രം ചെലവാക്കുന്നവനല്ല ബലവാൻ'.' ആരോണോ തനിക്കു വേണ്ടി ചെയ്യുന്ന കർമ്മങ്ങളെ മറ്റുള്ളവർക്കു കൂടി ഉപകാര പ്രദമാക്കുന്നത് അവനാണ് യഥാർത്ഥ ബലശാലി. ഇവിടെ ഭീമൻ ശരിക്കും ബലശാലി തന്നെ!🙏

      തുടരും.

No comments: