Thursday, April 30, 2020

എന്തുകൊണ്ട് അഭിമന്യു അല്പ്പായുസ് ആയി ❓❓
എന്തുകൊണ്ട് അമ്മാവനായ ശ്രീകൃഷ്ണന്‍ രക്ഷിച്ചില്ല ❓❓

മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണ സഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.

അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണന്റെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.

മഹാഭാരതയുദ്ധത്തിന്റെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.

എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.

തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു.

ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.

ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്.ദുര്യോധന പുത്രനായ ലക്ഷ്മണനെ അഭിമന്യു കൊന്നു . തുടർന്ന് ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു.

വ്യാസന്റെ വർണ്ണന ഇങ്ങനെയാണ് . "അശ്വത്തോട് കൂടിയ ദുശ്ശാസ്സനപുത്രന്റെ രഥം അഭിമന്യു ഗദ കൊണ്ടടിച്ചു തകർത്തു . ദുശ്ശാസ്സന പുത്രൻ ചൊടിച്ചുകൊണ്ടു ഗദയുമെടുത്തു അഭിമന്യുവിനോട് പാഞ്ഞേറ്റു . ആ വീരന്മാർ ഗദയുമായി പരസ്പരം കൊല്ലാനൊരുങ്ങി . രുദ്രനും അന്തകനുമെന്നപോലെ ആ ഭ്രാതൃവ്യർ പരസ്പരം പോരടിച്ചു . അവർ തമ്മിൽ ഗദകൊണ്ട് അടിച്ചു രണ്ടുപേരും ഭൂമിയിലഴിച്ച ചക്രധ്വജങ്ങളെന്നപോലെ വീണു .കുരുക്കളുടെ കീർത്തിയെ വളർത്തിയ ദുശ്ശാസ്സനപുത്രൻ ഉടനെ പിടഞ്ഞെഴുന്നേറ്റു . എഴുന്നേൽക്കാനൊരുങ്ങുന്ന അഭിമന്യുവിനെ അവൻ തഞ്ചത്തിൽ തലയ്ക്കടിച്ചു . ഗദാവേഗം കൊണ്ടും , അത്യധികമായ ആയാസം കൊണ്ടും ശത്രുനാശകനായ സുഭദ്രാപുത്രൻ ഉഴന്നു ഭൂമിയിൽ മോഹിച്ചു വീണു . അപ്രകാരം പലരും കൂടി അഭിമന്യുവിനെ കൊന്നു ".

മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.

എന്തുകൊണ്ട്  അഭിമന്യു  അല്‍പ്പായുസ്  ആയി ❓❓എന്തുകൊണ്ട്  അമ്മാവനായ കൃഷ്ണന്‍  രക്ഷിച്ചില്ല ❓❓

സ്വാഭാവികമായും എല്ലാവര്‍ക്കും  തോന്നാവുന്ന ഒരു സംശയം

വീരയോദ്ധാവിന്റെ പൂർവ്വജന്മത്തെക്കുറിച്ച് മഹാഭാരതത്തിലുള്ള ഒരു കഥ നോക്കാം. ഭൂമിയിൽ ദുഷ്ട സർഗ്ഗം വർദ്ധിച്ചുവന്ന നാളുകളിൽ ദേവന്മാർ കൂടിയാലോചന നടത്താനായി സമ്മേളിച്ചു. ഒരോ ദേവനും ഏതേത് രൂപങ്ങളിൽ ഭൂമിയിൽ അവതരിക്കണമെന്നതിനെ കുറിച്ച് അവർ ചർച്ച ചെയ്തു തുടങ്ങി. മഹാവിഷ്ണു അപ്പോൾ ചന്ദ്രനോട് ഇങ്ങനെ പറഞ്ഞു.ദേവാ അങ്ങയുടെ പുത്രൻ ഭൂമിയിൽ അവതരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഭഗവാന്റെ വാക്കുകൾ കേട്ടപ്പോൾ ചന്ദ്രൻ ആകെ സംങ്കടത്തിലായി. ഭഗവാന്റെ നിർദ്ദേശം നിരസിക്കുന്നതെങ്ങനെ? ചന്ദൻ പറഞ്ഞു. ഭഗവാനെ എന്റെ പുത്രനായ വർച്ചസ്സ് എന്റെ ജീവനാണ് അവനെ പിരിഞ്ഞിരിക്കാൻ എനിക്ക് സാധിക്കില്ല എങ്കിലും ദേവനിയോഗത്തിന് തടസ്സം നിൽക്കാൻ ഞാനാളല്ല. അതിനാൽ ഒരു ഉടമ്പടിയ്ക്ക് അങ്ങ് തയ്യാറാകണം. ഭൂമിയിൽ അർജ്ജുനന്റെ പുത്രനായി അവൻ ജനിക്കട്ടെ പക്ഷേ കുറച്ച് വർഷങ്ങൾ മാത്രമേ അവൻ ഭൂമിയിൽ വസിക്കാവൂ. അതിനു ശേഷം കുരുക്ഷേത്രയുദ്ധത്തിൽ ശത്രുക്കളുടെ ചക്രവ്യൂഹത്തിൽ പ്രവേശിച്ച് അവൻ മരിക്കണം.. വിഷ്ണുദേവൻ ആ ഉടമ്പടിസമ്മതിച്ചു. അങ്ങനെ വർച്ചസ്സ് അഭിമന്യുവായി സുഭദ്രയുടെ ഉദരത്തിൽ ജനിച്ചു. കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യു കൊടുങ്കാറ്റിനെപോലെ സംഹാര താണ്ഡവമാടി വ്യൂഹത്തിൽ നിന്നും പുറത്ത് വരാൻ അഭിമന്യുവിന് സാധിച്ചില്ല ഒടുവില്‍ വീരമൃത്യു വരിച്ചു.

ഇവിടെ അഭിമന്യുവിന് ചക്രവ്യുഹത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കാതെവന്നതിന് ഒരു കാരണമുണ്ട്. സുഭദ്ര ഗർഭവതിയായിരുന്ന നാളിൽ ഒരു ദിവസം അന്ത:പുരത്തിലെഴുന്നള്ളിയ ജ്യേഷ്ഠനായ ശ്രീകൃഷ്ണനോട് സുഭദ്ര പറഞ്ഞു ജ്യേഷ്ഠാ പലവിധത്തിലുള്ള ആയുധപ്രയോഗരീതികളും അങ്ങ് എനിക്ക് ഉപദേശിച്ചു തന്നിട്ടുണ്ട് എന്നാൽ ചക്രവ്യൂഹം ചമയ്ക്കുന്നത് എങ്ങനെയെന്ന് മാത്രം പറഞ്ഞു തന്നില്ല എനിക്ക് ചക്രവ്യൂഹം ഉപദേശിച്ചാലും.തന്റെ സഹോദരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭാവാൻ തീർച്ചയാക്കി... അനുജത്തി ചക്രവ്യൂഹനിർമ്മാണം അസാധാണ പരാക്രമിയായ ഒരുവനുമാത്രമേ സാധിക്കുകയുള്ളു. വണ്ടിചക്രത്തിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന വ്യൂഹത്തെഭേദിക്കാൻ ചക്രവ്യൂഹനിർമ്മാണത്തെക്കാൾ കഴിവ് ആവശ്യമാണ്...ഇങ്ങനെ ഭഗവാൻ ചക്രവ്യൂഹനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ച് കൊടുത്തു. സുഭദ്ര എല്ലാം ശ്രദ്ധ പൂർവ്വം മൂളികേട്ടിരുന്നു. ചക്രവ്യൂഹം ഭേദിച്ച് അകത്ത് കടക്കുന്നതുവരെയുള്ള കാര്യങ്ങൾ കൃഷ്ണൻ പറഞ്ഞു കഴിഞ്ഞു. അപ്പോൾ അദ്ദേഹത്തിന് ഒരു സംശയം തോന്നി താൻ പറയുന്ന കാര്യങ്ങൾ കേൾക്കുന്നത് സുഭദ്ര തന്നെയാണോ? ഭഗവാൻ അൽപനേരത്തെക്ക് സംസാരം നിർത്തിനോക്കിയപ്പോൾ തന്റെ സഹോദരി ഇരിപ്പിടത്തിൽ തല ചായ്ച്ച് മയങ്ങുന്നതാണ് കൃഷ്ണൻകണ്ടത്.. എങ്കിൽ താൻ പറയുന്നത് മൂളികേൾക്കുന്നതാരാണ്.ശ്രീകൃഷ്ണൻ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. സുഭദ്രയുടെ ഉദരത്തിൽ നിന്നാണ് ആ ശബ്ദംകേൾക്കുന്നതെന്നും. ആ ശിശു ചക്രവ്യൂഹനിർമ്മാണവും അതിനകത്ത് പ്രവേശിക്കുന്നതും ശ്രദ്ധാപൂർവ്വം പഠിച്ചിരിക്കുന്നുവെന്നും ഭഗവാന് മനസ്സിലായി. പെട്ടെന്ന് ശ്രികൃഷ്ണൻ ചന്ദ്രദേവന്റെ അഭ്യർത്ഥന ഓർമ്മ വന്നു. ചക്രവ്യൂഹത്തിൽ പ്രവേശിച്ച് വർച്ചസ്സ് മരിക്കണമെന്നല്ലേ ചന്ദ്രദേവൻ ആഗ്രഹിക്കുന്നത്. അങ്ങനെയാണങ്കിൽ ചക്രവ്യുഹത്തിൽനിന്ന് പുറത്ത് വരുന്ന രീതി ഇനി പറയേണ്ടതില്ലെന്ന് ഭഗവാൻ തീർച്ചയാക്കി. ഇങ്ങനെ ഗർഭസ്ഥനായിരുന്ന സമയത്ത് ഭഗവാനിൽ നിന്ന് കേട്ടുപഠിച്ച അറിവ് ഉപയോഗിച്ചാണ് അഭിമന്യു ചക്രവ്യുഹത്തിൽ പ്രവേശിച്ചത്.ചന്ദ്രദേവനും ഭഗവാനും തീർച്ചയാക്കിയതുപോലെ അതിൽ നിന്ന് പുറത്ത് വരാൻ സാധിക്കാതെ അഭിമന്യു മരണപെട്ടു തന്റെ പിതാവിന്റെയടുത്തെത്തി.

🙏

No comments: