Friday, June 29, 2018

വാമോരു മൂലാര്‍പ്പിത ദക്ഷപാദം
ജനോര്‍ ബഹിര്‍ വേഷ്ടിത വാമപാദം
പ്രഗ്യ ഹ്യ നിഷ്‌ഠേത് പരിവര്‍ത്തിതാംഗഃ
ശ്രീ മത്‌സ്യനാ ഥോദിതമാസനം സ്യാത്  1-26
ഇടത്തെത്തുടയിടുക്കില്‍ (വാമ-ഊരുമൂലം) വലതു കാല്‍പ്പത്തി ചേര്‍ക്കുക. ആ കാല്‍മുട്ടിന്റെ പുറത്ത് ഇടതുപാ
ദം ചേര്‍ത്ത് അതു പിടിച്ചുകൊണ്ട് ദേഹം പിരിച്ചുനിര്‍ത്തുന്നതാണ് മത്‌സ്യേന്ദ്രന്‍ പറഞ്ഞ ആസനം- മത്‌സ്യേന്ദ്രാസനം.
മത്‌സ്യനാഥന്‍ തന്നെ മത്‌സ്യേന്ദ്രന്‍. അദ്ദേഹം അഭ്യസിച്ചതായതിനാല്‍ മത്‌സ്യേന്ദ്രാസനം എന്ന പേരുവന്നു.
ചെയ്യുന്ന വിധം ഇങ്ങനെ:- കാലുകള്‍ നീട്ടിയിരിക്കുക. വലതുകാല്‍ മടക്കി ഇടതു തുടയ്ക്കിടയില്‍ ഇടതുവശം ചേര്‍ത്തുവയ്ക്കുക. ഇടതുകാല്‍ മടക്കി അതിന്റെ കാല്‍പ്പത്തി വലതു കാല്‍മുട്ടിന്റെ വലത്തു വശത്തായി പതിച്ചുവെക്കുക. ദേഹം ഇടത്തോട്ടു പിരിച്ചു പിന്നിലോട്ടു നോക്കുക. അതേസമയം വലതുകൈയുയര്‍ത്തി ഇടതുകാല്‍മുട്ടിന്റെ ഇടതുകൂടി താഴ്ത്തി ഇടതുകാല്‍പ്പത്തിയില്‍ പിടിക്കുക. ഇടതുകൈ പിന്നില്‍ നിലത്തു കുത്തും. ഇതിനെ സാധാരണ അര്‍ധമത്‌സ്യേന്ദ്രാസനം എന്നാണ് പറയുന്നത്.
വലതുകൈ ഇടതു തുടയുടെ ഉള്ളിലൂടെ എടുത്ത് ഇടതുകൈകൊണ്ട് വലതു മണികണ്ടത്തില്‍ പിടിക്കുന്നതിനെ പൂര്‍ണ മത്‌സ്യേന്ദ്രാസനം എന്നു പറയും. വലതുകാല്‍ തുടയുടെ താഴേ വെക്കുന്നതിനു പകരം മേലെ വെച്ചും ചെയ്യുന്നുണ്ട്.
ഇനി ഈ ആസനത്തിന്റെ ഗുണങ്ങള്‍ പറയുന്നു:-
മത്‌സ്യേന്ദ്രപീഠം ജംര പ്രദീപ്തി-
പ്രചണ്ഡ രുഗ്മണ്ഡല ഖണ്ഡനാസ്ത്രം
അഭ്യാസതഃ കുണ്ഡലിനീ പ്രബോധം
ചന്ദ്രസ്ഥിരത്വം ച ദദാതി പുംസാം  1-27
ഇതഭ്യസിച്ചാല്‍ ജഠരാഗ്‌നി (ദഹനശക്തി) വര്‍ധിക്കും. ദുഃസഹമായ (പ്രചണ്ഡം) രോഗങ്ങളുടെ കൂട്ടത്തെ (രുഗ്-മണ്ഡലം) ഭേദിക്കുന്ന (ഖണ്ഡനം) അസ്ത്രമാണിത്. കുണ്ഡലിനിയുടെ ഉണര്‍വുണ്ടാകും. ചന്ദ്രന് സ്ഥിരത്വവും നല്‍കും.
മത്‌സ്യേന്ദ്രാസനം എന്നതിന് മത്‌സ്യേന്ദ്രപീഠം എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ആസനത്തിന് പീഠം എന്നു പറയുമ്പോള്‍ ആസനത്തിന്റെ പ്രയോജനം സ്ഥിരമായും സുഖമായും ഇരിക്കുക എന്നതുതന്നെയാണ്. 'സ്ഥിരസുഖമാസനം' എന്ന് പത്ഞ്ജലി പറഞ്ഞുവെച്ചിട്ടുണ്ട്.
ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീശക്തിയെ ഉണര്‍ത്താന്‍ (കുണ്ഡലിനീ പ്രബോധം) ഈ ആസനം പര്യാപ്തമാവുമെന്നു പറയുന്നുണ്ട്. വയറിനാണ് ഇതില്‍ കൂടുതല്‍ പിരിച്ചില്‍ കിട്ടുന്നത്. ആ ഭാഗത്തുള്ള ആന്തരാവയവങ്ങളും ഗ്രന്ഥികളും സ്വാഭാവികമായും ഉത്തേജിതമാവുകയും ദഹനശക്തി കൂടുകയും ചെയ്യുന്നുണ്ട്. വയറിന്റെ ഭാഗത്തു വരുന്ന ചക്രം ഏതാണ്? മണിപൂരകമാണ്. പ്രാണങ്ങളില്‍ സമാനപ്രാണനാണ് ഉത്തേജിതമാവുക. പഞ്ചപ്രാണങ്ങളില്‍ പ്രാണന്‍ മേലോട്ടും (ഊര്‍ധ്വഗതി) അവാനന്‍ താഴോട്ടുമാണ് സഞ്ചരിക്കുക. 'അനന്‍' എന്ന വാക്കില്‍നിന്ന് (പ്ര+അനന്‍) പ്രാണനും അപാനനും
 (അപ+അനന്‍) ഉണ്ടായത്. മലയാളത്തിലെ 'അനങ്ങുക' എന്ന വാക്കും ഇതില്‍നിന്നുതന്നെയുണ്ടായതാണ്.
ഈ ഊര്‍ധ്വ, അധോ ഗമനങ്ങളെ തിരിച്ചാക്കി അപാനനെ മേലോട്ടും പ്രാണനെ താഴോട്ടും തിരിച്ച് മധ്യത്തിലെ സമാനനോടു ചേര്‍ക്കുന്ന സ്ഥലമാണ് മണിപൂരകചക്രം എന്നതുകൊണ്ട് ഈ കേന്ദ്രത്തിന് വളരെ പ്രാധാന്യമുണ്ട്. ഇതിനു താഴെയുള്ള രണ്ട് ചക്രങ്ങള്‍- സ്വാധിഷ്ഠാനവും മൂലാധാരവും- മൃഗീയ ചോദനകളെ ഉണര്‍ത്തുന്നവയും മണിപൂരകത്തില്‍നിന്നു മേലോട്ടു ദൈവിക ഗുണങ്ങള്‍ വളര്‍ത്തുന്നവയുമത്രേ. മണിപൂരകം മധ്യസ്ഥാനത്താണെന്നര്‍ത്ഥം. അതുകൊണ്ടാണ് കുണ്ഡലിനി പ്രബോധനത്തില്‍ അഗ്രിമസ്ഥാനം ഇതിനു വന്നത്.ആജ്ഞാചക്രത്തിനും മേലെ ബിന്ദുസ്ഥാനത്തെ ചന്ദ്രമണ്ഡലത്തില്‍നിന്നു അമൃതബിന്ദുക്കള്‍ മണിപൂരകത്തിലെ സമാനാഗ്‌നിയില്‍ പതിച്ചു നഷ്ടപ്പെടുന്നതിനെ തടഞ്ഞ് അതിനെ ഊര്‍ധ്വഗതിയാക്കുമ്പോള്‍ അമൃതിന്റെ ഫലം ചെയ്യുന്നു. ബിന്ദു എന്നതിന് സപ്ത
ധാതുക്കളില്‍ അവസാനത്തെതായ ശുക്ലം എന്നും അര്‍ത്ഥമുണ്ട്. ആഹാരം ദഹിച്ചു ശുക്ലമാവാനാണ് കൂടുതല്‍ സമയമെടുക്കുന്നത്. പിട്യൂട്ടറി, പീനിയല്‍ ഗ്രന്ഥികളുടെ സ്രാവവും 'ചന്ദ്രസ്ഥിരത്വ'വുമായും ബന്ധമുണ്ട്. മത്‌സ്യേന്ദ്രാസനം ഹഠയോഗ പ്രദീപികയിലും ഘോരണ സംഹിതയിലും മറ്റെല്ലാ ഗ്രന്ഥങ്ങളിലും സുപ്രധാനമായ സ്ഥാനമലങ്കരിക്കാന്‍ ഇതായിരിക്കാം കാരണം. ജീവികളുടെയുംമറ്റും പേരുകൊടുക്കാതെ ഒരു 'നാഥന്റെ' പേരില്‍ തന്നെ അറിയപ്പെടുന്നതും ഇതുകൊണ്ടാവാം...janmabhumi

No comments: