Sunday, June 24, 2018

ഉത്തരായനം... ദക്ഷിണായനം

ഉത്തരായനം.... ദക്ഷിണായനം.
മകരം ഒന്നിന് ഉത്തരായനം ആരംഭിക്കുന്നു. കര്‍ക്കടകത്തിലാണ് ദക്ഷിണായനം തുടങ്ങുന്നത്. ഭാരതയുദ്ധാനന്തരം ശരശയ്യയില്‍കിടന്ന ഭീഷ്മ പിതാമഹന്‍ മരണം വരിക്കാന്‍ ഉത്തരായനം വരാന്‍ കാത്തുനിന്നു. മകരപ്പത്തിനു മുന്‍പ് മരിക്കുകയും, മേടപ്പത്തിനുമുന്‍പ് ജനിക്കുകയും നന്നെന്ന് പറയാറുണ്ട്. ഉത്തരായനകാലത്ത് നവീകരണ കലശാദി ചടങ്ങുകള്‍ നടത്തുവാന്‍ അനുയോജ്യമായ കാലമാണ്. ഉപനയനം, മൂന്നു മഹാവ്രതങ്ങള്‍, ഗോദാനം, സമാവര്‍ത്തനം തുടങ്ങിയവ ഉത്തരായനത്തിലേ നടത്താവൂ. സൂര്യന്റെ ദിനചലനപഥം ക്രമേണ വടക്കോട്ടു നീങ്ങിവരുന്ന പ്രതിഭാസമാണ് ഉത്തരായനം. സംസ്‌കൃതത്തില്‍ ഉത്തരം എന്ന വാക്കിനു വടക്കുഭാഗത്ത് എന്നും അയനം എന്ന വാക്കിനു യാത്ര എന്നുമാണ് അര്‍ത്ഥം. അതിനാല്‍ ഉത്തരായനം എന്ന വാക്കിനു 'വടക്കുഭാഗത്തേക്കുള്ള യാത്ര' എന്നര്‍ത്ഥം വരുന്നു. ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23മ്മത്ഥ ചരിവ് മൂലം സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളില്‍ നിന്ന് തെക്കോട്ടോ വടക്കോട്ടോ നീങ്ങി ഉദിക്കുന്നതിനെയാണ് അയനം എന്നതുകൊണ്ട് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നത്. അതില്‍ വര്‍ഷത്തില്‍ ആറു മാസക്കാലം, സൂര്യന്‍ തെക്കു നിന്നും വടക്കോട്ടു സഞ്ചരിക്കുന്നു (സഞ്ചരിക്കുന്നു എന്നു പറയുമ്പോള്‍ സൂര്യന്‍ സഞ്ചരിക്കുകയല്ല, മറിച്ച് ഭൂമിയുടെ ഭ്രമണപരിക്രമണങ്ങളും അക്ഷങ്ങളുടെ ചരിവും മൂലം സൂര്യന്റെ ഉദയസ്ഥാനത്തിനുണ്ടാകുന്ന ആപേക്ഷികസ്ഥാനാന്തരമാണ് ഉദ്ദേശിക്കുന്നത്). ഈ ആറുമാസക്കാലത്തില്‍ സൂര്യന്‍ മാര്‍ച്ച് 21നു ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളില്‍ വരുന്നു. ആ ദിവസം സൂര്യന്‍ നേരെ കിഴക്കാണ് ഉദിക്കുന്നത്. ആ പ്രതിഭാസത്തെ മഹാവിഷുവം എന്ന് പറയുന്നു. വിഷുവങ്ങളുടെ സ്ഥാനനിര്‍ണ്ണയം നടത്തപ്പെട്ട സമയത്ത് മേടം രാശിയിലായിരുന്ന മേഷാദി അഥവാ മഹാവിഷുവം (Vernal Equinox)- പുരസ്സരണം മൂലം ഇപ്പോള്‍ മീനം രാശിയിലാണ്. എ.ഡി 2600 നോടടുത്ത് ഇത് കുംഭം രാശിയിലേക്ക് മാറും. അതുപോലെ തുലാം രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം ഇപ്പോള്‍ കന്നി രാശിയിലാണ്. അയനാന്തങ്ങള്‍ക്കും ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്. ഡിസംബര്‍ 22നു ദക്ഷിണ അയനാന്തത്തില്‍ എത്തുന്ന സൂര്യന്‍ പിന്നീട് വടക്കോട്ട് സഞ്ചരിച്ചു തുടങ്ങുന്നു. മാര്‍ച്ച് 21നു മഹാവിഷുവത്തില്‍ എത്തുകയും ജൂണ്‍ 21നു ഉത്തര അയനാന്തത്തില്‍ എത്തുന്നു. ആ സമയം സൂര്യന്‍ ഉത്തരായനരേഖയുടെ നേരെ മുകളിലായിരിക്കും.  

No comments: