Thursday, June 28, 2018

വിദുരനീതി....................(മഹാഭാരതം)
(ധൃതരാഷ്ട്രമഹാരാജാവിനോട്‌ വിദുരമഹാശയൻ തുടരുന്നു.)
രോഗാർദിതാ ന ഫലാന്യാദ്രിയന്തേ
ന വൈ ലഭന്തേ വിഷയേഷു തത്ത്വം
ദുഃഖോ പേതാ രോഗിണോ നിത്യമേവ
ന ബുദ്ധ്യന്തേ ധനഭോഗാൻ ന സൗഖ്യം
അല്ലയോ ഭരതർഷഭാ,രോഗപീഡിതനായ മനുഷ്യൻ മധുരഫലങ്ങളെ ആദരിക്കുന്നില്ല ,അവയുടെ സ്വാദും അവൻ
അറിയുന്നില്ല ,വിഷയ ഭോഗങ്ങളിലും അവന് സുഖമോ ആസ്വാദനമോ ലഭിക്കുന്നില്ല .അവൻ സദാ ദുഃഖിതനായി
തന്നെയിരിക്കുന്നു ,ധനസംബന്ധമായ സുഖഭോഗങ്ങൾ അനുഭവിക്കുവാൻ അവൻ ശക്തനുമല്ല .
പുരാ ഹ്യുക്തം നാകരോസ്ത്വം വചോ മേ
ദ്യുതേ ജിതാം ദ്രൗപതിം പ്രേക്ഷ്യ രാജൻ
ദുര്യോധനം വാരയേത്യക്ഷവത്യാം
കിതവത്വം പണ്ഡിതാ വർജ്ജയന്തി
ജ്യേഷ്ഠാ, ഞാൻ ആദ്യമേ അങ്ങയോട് പറഞ്ഞതല്ലേ ,ദ്രൗപതിയെ നിർത്തിയുള്ള ഈ ചൂതുകളി വിലക്കണമെന്ന്,
അറിവുള്ളവർ വഞ്ചനയെ വർജ്ജിക്കുകയാണ് വേണ്ടത്,എന്നാൽ അങ്ങ് അന്ന് ഞാൻ പറഞ്ഞത് കേട്ടില്ല .
(കള്ള ചൂതുകളിയിൽ പാണ്ഡവരെ പരാജയപ്പെടുതിയതുമുതൽ സംജാതമായ അപകടം മുൻകൂട്ടി കാണുന്ന
വിദുരർ ഒരു കുലം ഒന്നാകെ നശിക്കുവാൻ പോകുന്നുവെന്ന മുന്നറിയിപ്പ് വീണ്ടും ജ്യേഷ്ടന് നൽകുന്നു)
അയം ധത്തേ വേണുരിവാത്മഘാതി
ഫലം രാജാ ധൃരാഷ്ട്രസ്യ പുത്ര:
ദ്യുതം ഹി വൈരായ മഹാഭയായ
മത്തേന ബുദ്ധ്യത്യയമന്തകാലം
മഹാരാജാവേ , പുത്രന്മാരിൽ ഭിന്നഭാവം വന്നാൽ അങ്ങേക്ക് അവരുടെ കലഹത്തേ ഒരിക്കൽ നേരിടേണ്ടി
വരും ,മുളക്കൂട്ടം അതിൻറെ വിനാശകാലതാണ് പുഷ്പ്പിക്കുകയും ഫലിക്കുകയും ചെയ്യുന്നത് ,അതുപോലെയാണ് അങ്ങേക്ക് ഈ ദുര്യോധനൻ പിറന്നത്‌,മഹാഭയാനകമായ വൈരം സൃഷ്ടിച്ച് ഈ ചൂതുകളി
ഇവനാണ് സംഘടിപ്പിച്ചത്,ഇവൻറെ ശിരസ്സിൽ മരണം നൃത്തം വെക്കുന്ന വിവരവും ഇവൻ അറിയുന്നില്ല ,
ഈ മുന്നറിയിപ്പുകളെ വിദുരർ തൻറെ പുരാഹ്യുക്തം എന്ന പരാമർശം കൊണ്ട് വീണ്ടും ഓർമ്മിപ്പിക്കുകയാണ്.
വിദുരനീതി ( മഹാഭാരതം ഉദ്യോഗപർവ്വം മുപ്പത്തിയാറാം അദ്ധ്യായം)

No comments: