Sunday, June 24, 2018

ഭാരതം ചിരപുരാതനമായ ഹിന്ദുരാഷ്ട്രമാണ്. ധര്‍മ്മം, സംസ്‌കാരം, സമാജം എന്നീ മൂന്നു ഘടകങ്ങളെ ആശ്രയിച്ചാണ് ഭാരതം ജീവിക്കുന്നത്. സംസ്‌കാരത്തെയും സമാജത്തെയും ആശ്രയിച്ച് ജീവിച്ചിരുന്ന നിരവധി രാഷ്ട്രങ്ങള്‍ ഈ ഭൂമുഖത്ത് ഉദയം ചെയ്യുകയും മണ്‍മറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ധര്‍മ്മമെന്ന വിശേഷം ഭാരതത്തില്‍ ജനതയേയും സംസ്‌കാരത്തേയും കൂട്ടിയിണക്കുന്നതിനാല്‍ നാം ഹിന്ദുരാഷ്ട്രമായി വര്‍ത്തിക്കുന്നു. 'ധാരണാത് ധര്‍മ്മമിത്യാഹു ധര്‍മ്മോ ധാരയതി പ്രജാഃ' എന്നതാണു പ്രമാണം. സമാജത്തെ സ്വമാര്‍ഗത്തില്‍  നിലനിര്‍ത്തുന്നത് ധര്‍മ്മമാണ് എന്നര്‍ത്ഥം.  
ധര്‍മ്മാധിഷ്ഠിത ജീവിതക്രമം തലമുറകളുടെ ജീവിതചര്യയിലൂടെ പാകമായതാണ് ഹിന്ദു സംസ്‌കാരം. ധര്‍മ്മം, സംസ്‌കാരം, സമാജം ഈ മൂന്നും കൂടിച്ചേര്‍ന്ന 'ഒന്ന്' ആകുന്നു ഭാരതം. അതുകൊണ്ടു തന്നെ ഭാരതത്തില്‍ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും നീതിബോധം ധര്‍മ്മത്തെ ആധാരമാക്കുന്നു. വ്യക്തിയും സമൂഹവും ഭരണകൂടങ്ങളുമെല്ലാം മാറ്റുരയ്ക്കപ്പെടുന്നത് ധാര്‍മ്മിക നീതിയുടെ കാഴ്ചപ്പാടിലൂടെയാകുന്നു. അര്‍ത്ഥകാമങ്ങള്‍ക്കടിസ്ഥാനം ധര്‍മ്മമാകണമെന്ന് മഹാഭാരതത്തിലൂടെ വ്യാസന്‍ വിധിക്കുന്നു. വേദോഖിലോ ധര്‍മ്മമൂലം എന്നതത്രേ പ്രമാണം. 
ഭാരതമാതാവിന്റെ സത് സന്താനങ്ങളെല്ലാം തന്നെ താന്താങ്ങളുടെ ജീവിതമേഖലകളില്‍ ഈ കാഴ്ചപ്പാടിന്റെ പ്രയോക്താക്കളായിരുന്നു. ഋഷികളും രാജാക്കന്മാരുമെല്ലാം ഈ പാത പിന്തുടര്‍ന്നു പോന്നിരുന്നു. പിന്നീട് സഹസ്രാബ്ദത്തോളം നീണ്ട വൈദേശികാക്രമണങ്ങളാല്‍ രാജനൈതികമായെങ്കിലും പ്രതിരോധത്തിലായ ദേശീയ ജീവിത പ്രവാഹത്തെ പുനരുജ്ജീവിപ്പിച്ചത് ഛത്രപതി ശിവാജിയുടെ ഉദയവും ഹിന്ദുപദപാദശാഹിയുടെ സ്ഥാപനവുമായിരുന്നു. ശിവാജിയുടെ 'സ്വരാജ്'എന്ന ആശയം സനാതന ധര്‍മ്മത്തിലൂന്നിയ ഭരണവ്യവസ്ഥയുടെ കാലാനുസൃതമായ ആവിഷ്‌കരണമായിരുന്നു. ഹൈന്ദവിസ്വരാജ് എന്ന സങ്കല്‍പ്പത്തേയും അതിന്റെ സവിശേഷതകളേയും ആവശ്യകതയേയും കുറിച്ചുള്ള ബോധ്യം ഗ്രാമഗ്രാമാന്തരങ്ങളിലുള്ള സര്‍വസാധാരണക്കാരില്‍പോലും സൃഷ്ടിക്കുവാന്‍ ശിവാജിക്കു കഴിഞ്ഞിരുന്നു. സമര്‍ഥ രാമദാസും സന്ത് തുകാറാമും അടക്കം നിരവധി സന്ന്യാസി ശ്രേഷ്ഠന്മാരുടെ പിന്തുണയും ആശീര്‍വാദവും ശിവാജിയുടെ മുന്നേറ്റത്തിനുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന യോദ്ധാക്കള്‍ക്കു ജീവിതം മുഴുവന്‍ ഹിന്ദുസാമ്രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കാനും പോരാടാനുമുള്ള പ്രേരണയും ദീക്ഷയും ശിവാജി നല്‍കി. സ്വരാജ്യസംസ്ഥാപനം തനിക്കുവേണ്ടിയല്ല മറിച്ച് 'ശ്രീ' യുടെ അഥവാ ഭഗവതിയുടെ ഇച്ഛയാണ് എന്ന പ്രഖ്യാപനത്തിലൂടെ 'ത്വദീയായ കാര്യായ' എന്ന കാഴ്ചപ്പാട് സമൂഹത്തിനു നല്‍കി. വ്യവസ്ഥാപിതവും സുനിയന്ത്രിതവുമായ ഭരണ സംവിധാനം നടപ്പില്‍ വരുത്തി. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി നൂതന സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തു. സൈനിക വ്യവസ്ഥ ജനകീയമായിരുന്നതിനാല്‍ സമാധാന കാലത്ത് സൈനികര്‍ കര്‍ഷകരെ സഹായിക്കാന്‍ വ്യവസ്ഥ ചെയ്തു. ഹിന്ദു സ്വരാജില്‍ ഭൂവുടമാ സംവിധാനം ഇല്ലാതെയാക്കാന്‍ പരിശ്രമിച്ചു. ഭൂമി രാജ്യലക്ഷ്മിയായതിനാല്‍ ധാര്‍മ്മികവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി പകുത്തെടുക്കാന്‍ പാടില്ലെന്ന കാഴ്ചപ്പാട് ശിവാജി നടപ്പിലാക്കി. കടല്‍ യാത്ര ചെയ്യരുതെന്ന വിലക്കു മറികടന്ന് വിദേശവ്യാപാരം വിപുലമാക്കുകയും അതിലൂടെ സാമ്പത്തികമായും സൈനികമായും അഭിവൃദ്ധിയുണ്ടാക്കുകയും ചെയ്തു. അതിശക്തമായ നാവികസേനയും വലുതും ചെറുതുമായ നിരവധി തുറമുഖങ്ങളും ശിവാജിയുടെ ഭരണസംവിധാനത്തെ സുസജ്ജവും സമൃദ്ധവുമാക്കി മാറ്റി.
ഭഗവത് ഗീതയിലെ നാലാം അധ്യായത്തില്‍ 'രാജര്‍ഷി' എന്നൊരു പദമുണ്ട്. ശങ്കരഭഗവത് പാദര്‍ ഈ പദത്തെ വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്- 'രാജാനഃ ച തേ ഋഷയഃ ച' രാജാവും ഋഷിയും ആരില്‍ സമ്മേളിക്കുന്നുവോ അവര്‍ രാജര്‍ഷി. ഭരണാധികാരിയില്‍ രാജാവും ഋഷിയും ഒന്നാകുന്നതിനെ പൗരുഷവും ദൈവികഗുണവും സമന്വയിക്കുന്നതായും സ്വഭാവശുദ്ധി, സൂക്ഷ്മചിന്ത, അര്‍പ്പണമനോഭാവം, പ്രായോഗിക ക്ഷമത ഇവയില്‍ നിന്ന് രൂപംകൊള്ളുന്ന ശക്തി അധികാരവും സാമൂഹ്യ ഉത്തരവാദിത്വവുമായി ചേരുമ്പോള്‍ ഗീതയിലെ രാജര്‍ഷിയുടെ സവിശേഷമായ ഏകീകരണം വ്യക്തിയില്‍ രൂപം കൊള്ളുന്നുവെന്നുമുള്ള രംഗനാഥാനന്ദസ്വാമികളുടെ നിരീക്ഷണത്തിനു മകുടോദാഹരണമാണ് ശിവാജി. തികച്ചും പ്രതികൂല സാഹചര്യങ്ങള്‍ നിറഞ്ഞ ജീവിത പന്ഥാവിലൂടെ മുന്നേറിക്കൊണ്ടുതന്നെ ആത്മവിസ്മൃതിയിലും അടിമത്തബോധത്തിലും ആണ്ടുപോയ ഹിന്ദു ജനതയെ ഉണര്‍ത്തി അവരില്‍ വിജിഗീഷു മനോഭാവം സൃഷ്ടിച്ച് രാഷ്ട്രബോധമുണര്‍ത്തി അവരിലൂടെ അജയ്യമായ ഹിന്ദുപദപാദശാഹി സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ ജീവിതവും പ്രവര്‍ത്തനവും രാഷ്ട്രപുനര്‍നിര്‍മാണമെന്ന തന്റെ ജീവിതദൗത്യനിര്‍വ്വഹണത്തില്‍ സംഘ സ്ഥാപകനെ വളരെയധികം സ്വാധീനിച്ചിരിക്കണം. 'ഞാന്‍ ഒരു സാധാരണ വ്യക്തിയായിരിക്കാം. ഹിന്ദുരാഷ്ട്രമെന്ന മഹത്തായ ആശയത്തിന്റെയും സംവിധാനത്തിന്റെയും ഭാഗമാകുമ്പോള്‍ ഞാന്‍ സാധാരണത്വത്തില്‍ നിന്നുയരുന്നു. നമുക്കുചുറ്റുമുള്ള ദേശീയ ജീവിതസ്രോതസ്സിന്റെ ഭാഗമാകുമ്പോള്‍ നാം പ്രബുദ്ധ വ്യക്തിത്വത്തിലേക്കുയരുന്നു' എന്ന കാഴ്ചപ്പാട് ഛത്രപതി ശിവാജിയുടെ ജീവിതത്തില്‍ നിന്ന് സംഘസ്ഥാപകന്‍ സ്വയംസേവകരിലേക്ക് പകര്‍ന്നു നല്‍കി. 
 ഹിന്ദുരാഷ്ട്രത്തിന്റെ വൈഭവം നമ്മുടെ സംഘടിത കാര്യശക്തിയിലൂടെയാണ് നിറവേറുന്നത്. അതിനുപകരണമാകേണ്ടതു വ്യക്തിയാണ്. വ്യക്തിയിലെ ഗുണങ്ങളാണ്. സംഘടനയുടെ കാര്യശക്തിയെത്ര വലുതായാലും അതിനെ വിജയശാലിയാക്കുന്നത് കാര്യകര്‍ത്താക്കളുടെ ജീവിത വിശുദ്ധിയും ശരിയായ സംഘടനാ കാഴ്ച്ചപ്പാടുമാണ്. ഈ വിചാര തന്ത്രത്തിലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജീവിതം. ഈ പ്രവര്‍ത്തനം നിശ്ശബ്ദവും ശാന്തവുമാണ്. ഒരു സാമൂഹ്യപ്രവര്‍ത്തനം ബഹളമയവും കോലാഹലം നിറഞ്ഞതും അസാന്മാര്‍ഗ്ഗികവുമാകുന്നത് അതിന്റെ അടിസ്ഥാന പ്രവര്‍ത്തനവും കാഴ്ചപ്പാടുകളും കാര്യകര്‍ത്താക്കളുടെ ജീവിതവും മലിനമാവുമ്പോഴാണ്. സമകാലിക രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും ഉദാഹരണം. നിലവാരം കുറയുമ്പോള്‍ ബഹളം കൂടുന്നു, നേരെ മറിച്ചും. 
ഈ കാഴ്ചപ്പാടിലാണ് സംഘം വ്യക്തിനിര്‍മ്മാണം എന്ന മൗലിക പ്രവര്‍ത്തനത്തെ ആശ്രയിക്കുന്നതും സാധാരണക്കാരനെ ഹിന്ദുജീവിതായോധനത്തിന് പാകപ്പെടുത്തുന്ന പ്രവര്‍ത്തനം നടത്തുന്നതും സ്വഭാവദാര്‍ഢ്യവും ഔദാര്യശീലവും ധീരതയുമാര്‍ന്ന വ്യക്തിത്വങ്ങളെ രൂപപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നതും ആത്മസമര്‍പ്പിതരായ സ്വയംസേവകരെ, കാര്യകര്‍ത്താക്കളെ നിര്‍മ്മിക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നതും. ഈ കാഴ്ചയില്‍ ഉത്തമ മാതൃകയാണ് ഛത്രപതി ശിവാജിയുടെ ജീവിതവും പ്രവര്‍ത്തനവുമെന്നതുകൊണ്ടാണ് സംഘസ്ഥാപകന്റെ ക്രാന്തദൃഷ്ടിയില്‍ ഹിന്ദുസാമ്രാജ്യദിനം സംഘകാര്യപദ്ധതിയുടെ ഭാഗമായത്.  സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു;. 'സമര്‍പ്പണവും സേവനവുമാണ് ഭാരതത്തിന്റെ ദേശീയാദര്‍ശങ്ങള്‍. ഈ വഴികളില്‍ നാടിനെ ശക്തമാക്കൂ. ബാക്കിയെല്ലാം തനിയേ ശരിയായിക്കൊള്ളും. ആയിരിക്കുകയും ഉണ്ടാക്കുകയുമായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം'. ഇതാണു സംഘമാര്‍ഗം. ഹ്രസ്വമെങ്കിലും ആധികാരികമായ തന്റെ ഗീതാഭാഷ്യത്തിന്റെ ഉപോത്ഘാതത്തില്‍ ശങ്കരാചാര്യര്‍ ഈ കാഴ്ചപ്പാടിനെ ഇങ്ങനെ അവതരിപ്പിക്കുന്നു. ബാഹ്യദിശാബോധത്തോടുകൂടിയ കര്‍മം അഥവാ പ്രവൃത്തി, ആന്തരിക ദിശാബോധത്തോടുകൂടിയ ധ്യാനം അഥവാ നിവൃത്തി, ഇവ ചേര്‍ന്നുള്ള ദ്വന്ദ്വസ്വഭാവമുള്ള ധര്‍മ്മമാണ് വേദാന്തം. ജഗത്തിനെ മുറയ്ക്ക് നിര്‍ത്തുന്നത് ഇതാണ്; എന്തുകൊണ്ടെന്നാല്‍ എല്ലാ ജീവികളുടെയും സാമൂഹ്യക്ഷേമം അഥവാ അഭ്യുദയവും ആത്മീയവികാസം അഥവാ നിഃശ്രേയസവും ഇതിനാല്‍ സാധ്യമാകുന്നു. 
സ്വാര്‍ത്ഥതയില്‍ നിന്നുയര്‍ന്ന് ഹൈന്ദവജീവിത സ്രോതസ്സിന്റെ ഭാഗമാകാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്ന ദര്‍ശനത്തെയാണ് ഭാരതം 'യോഗം' എന്നു വിളിക്കുന്നത്.  'തസ്മാദ് യോഗീ ഭവാര്‍ജ്ജുന'. ആയതിനാല്‍ അര്‍ജ്ജുനാ നീയൊരു യോഗിയാവൂ എന്ന കൃഷ്ണവചനം ആധുനിക യുഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാര്യപദ്ധതിയിലൂടെ നടപ്പിലാവുന്നു എന്നു കാണാന്‍ കഴിയും...janmabhumi

1 comment:

Madhu Soodanan said...

ധാരണാത് ധർമ്മമിത്യാഹു
ധർമ്മോ ധാരയതി പ്രജാ:
ഇത് ഏത് ഗ്രന്ഥത്തിെലെ ശ്ലോകമാണ് ?