ഛാന്ദോഗ്യോപനിഷത്ത് 66
എട്ടാം അദ്ധ്യായം
ഏകവും അദ്വിതീയവുമായ ആത്മാവാണ് ബ്രഹ്മമെന്നു ആറും ഏഴും അദ്ധ്യായങ്ങളില്‍ പറഞ്ഞു. ദിക്ക്, ദേശം, കാലം മുതലായവയുടെ ഭേദങ്ങള്‍ ഒന്നുമില്ലാത്തതും എല്ലാ ജഗത്തിന്റെയും ആത്മാവുമാണത്.ആ ബ്രഹ്മത്തിനെ പറ്റിയുള്ള ജ്ഞാനം കൊണ്ടേ പുരുഷാര്‍ഥസിദ്ധി ഉണ്ടാവൂഎന്നും പറഞ്ഞു. മന്ദ അധികാരികളായ സാധാരണക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ ബ്രഹ്മത്തെ ഉപാസിക്കാനുള്ള മാര്‍ഗത്തെ വിവരിക്കുകയാണ് ഇനി.
ഓം അഥ യദിദമസ്മിന്‍ ബ്രഹ്മപുരേദഹരം പുണ്ഡരീകം വേശ്മദഹരോളസ്മിന്നന്തരാകാശഃ തസ്മിന്‍ യദന്തസ്തദന്വേഷ്ടവ്യം തദ് വാവ വിജിജ്ഞാസിതവ്യമിതി
ഈ ബ്രഹ്മപുരമായ ശരീരത്തില്‍ ചെറുതായ ഹൃദയപുണ്ഡരീകമാകുന്ന ഗൃഹം ഉണ്ട്. അതിനുള്ളില്‍ ചെറുതായ ആകാശം ഉണ്ട്.അതിനുള്ളില്‍ ഏതാണോ ഉള്ളത് അതിനെയാണ് അന്വേഷിക്കേണ്ടത്. അതു തന്നെയാണ് അറിയപ്പെടെണ്ടതും.
അനേകം പരിചാരകന്മാരോടുകൂടിയ രാജാവിന്റെ പട്ടണം പോലെയാണ് ഈ ശരീരം അതിനെ ബ്രഹ്മത്തിന്റെ പുരമായി പറയുന്നു. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഭ്രുത്യന്മാര്‍ അവിടെയുണ്ട്. ആ പുരത്തില്‍ രാജകൊട്ടാരം പോലെ ഹൃദയത്താമരയായ ഒരു ഗൃഹമുണ്ട്. അതിനകത്ത് ചെറുതായ ആകാശമുണ്ട്. അതിനുള്ളിലാണ് ആത്മാവ് ഇരിക്കുന്നത്. ആകാശം ബ്രഹ്മം തന്നെ എന്നും പറയാം. വിരക്തരും സാധകരുമായ യോഗികള്‍ ആ ബ്രഹ്മത്തെ അറിഞ്ഞു സാക്ഷാത്കരിക്കുന്നു.നിരാകാരവും സൂക്ഷ്മവും സര്‍വഗതവും ആയതിനാലാണ് ബ്രഹ്മത്തെ ആകാശം എന്ന് പറഞ്ഞത്. ഹൃദയപുണ്ഡ രീകത്തിനുള്ളിലെ ആകാശത്തിനകത്തുള്ള ആകാശമായ ബ്രഹ്മത്തെ വിവിധ സാധനകളെകൊണ്ടു അന്വേഷിച്ച് സാക്ഷാത്കരിക്കണം.
തം ചേദ് ബ്രൂയുര്‍യദിദസ്മിന്‍ ബ്രഹ്മപുരേ ദഹരം പുണ്ഡരീകം വേശ്മ ദഹരോളസ്മിന്നന്തരാകാശ: കിം തദത്ര വിദ്യതേ യദ ന്വേഷ്ടവ്യം യദ്വാവ വിജിജ്ഞാസിതവ്യമിതി സ ബ്രൂയാത്.
വളരെയേറെ ചെറുതായ ഹൃദയ പുണ്ഡരീകത്തില്‍ അന്വേഷിക്കേണ്ടതോ അറിയേണ്ടതോ ആയി എന്താണ് ഉള്ളത് എന്ന ശിഷ്യരുടെ ചോദ്യത്തിനു ആചാര്യന്‍ വേണ്ട വിധം മറുപടി കൊടുക്കണം. ഇതിനെ അറിഞ്ഞത് കൊണ്ടു വലിയ പ്രയോജനമൊന്നും ഇല്ലെന്നും തോന്നിയേക്കാം. ആ സംശയത്തെ ദൂരീകരിക്കുന്നു അടുത്ത മന്ത്രത്തില്‍.
യാവാന്‍ വാ അയമാകാശസ്താവാനേഷോളന്തര്‍ ഹൃദയ ആകാശ, ഉഭേ അസ്മിന്‍ ദ്യാവാപൃഥ് വീ ..........സര്‍വം തദസ്മിന്‍ സമാഹിതമിതി.
ഈ ഭൌതികാകാശം എത്ര കണ്ട് മഹത്താണോ അത്രത്തോളം മഹത്താണ് ഹൃദയാകാശവും. സ്വര്‍ഗവും ഭൂമിയും ഉള്‍പ്പെടെയുള്ളവയും അഗ്‌നിയും വായുവും സൂര്യചന്ദ്രന്മാരും മിന്നലും നക്ഷത്രങ്ങളും ഒക്കെ ഇതില്‍ നിലനില്‍ക്കുന്നു. ഈ ലോകത്തില്‍ ഉള്ളതും ഇല്ലാത്തതും എല്ലാംഹൃദയാകാശത്തില്‍സ്ഥിതി ചെയ്യുന്നു.ഭൌതികാകാശത്തെ അറിയാവുന്നവര്‍ക്ക് ഹൃദയാകാഷത്തെ അറിയാന്‍ എളുപ്പമാണ്. ആകാശത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്നത് പോലെ ഹൃദയാകാശത്തില്‍ ഇടം പിടിക്കാത്ത യാതൊന്നുമില്ല.സകല ലോകങ്ങളും പഞ്ച ഭൂതങ്ങളും ജ്യോതിര്‍ഗോളങ്ങളും എല്ലാം ഹൃദയാകാശത്തിലുണ്ട്. ടെഹിക്ക് ഇപ്പോള്‍ ഇവിടെ ഉള്ളതും ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതും ഹൃദയാകാശത്തില്‍ തന്നെ കുടികൊള്ളുന്നു. ഇങ്ങനെ അതിന്റെ അപ്രമേയ മഹത്വത്തെ ഗുരു ശിഷ്യര്‍ക്ക് ഉപദേശിക്കുന്നു. ..janmbhumi
No comments:
Post a Comment