നിങ്ങള്‍ കുതിരപ്പുറത്തു കയറുമ്പോള്‍ അതിനെ ഏങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കണം. അതേപടി നിങ്ങള്‍ മനസ്സെന്ന ഉപാധിയുമായി ബന്ധപ്പെട്ടു കഴിയുന്നിടത്തോളം അതിനെ നിയന്ത്രിക്കാനും, നയിക്കാനും,
നേര്‍വഴിക്കു തെളിക്കാനും, വശത്താക്കാനും, കീഴടക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കണം. അങ്ങനെ മനസ്സിനെ നിയന്ത്രിക്കാനും, നയിക്കാനും, നേര്‍വഴിക്കു നയിക്കാനും വശത്താക്കാനും, കീഴടക്കാനുമുള്ള ശക്തിയെയാണ് ആദ്ധ്യാത്മിക ശക്തി എന്നു പറയുന്നത്.
നിങ്ങളുടെ ബഹുമുഖമായ കര്‍ത്തവ്യത്തിന്റെ മദ്ധ്യത്തിലും, വൈവിദ്ധ്യമാര്‍ന്ന സ്വഭാവക്കാരുമായുള്ള പെരുമാറ്റത്തിനിടയിലും എന്നു വേണ്ട ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും മനശ്ശാന്തി പുലര്‍ത്തുന്നതിന് നിങ്ങള്‍ക്ക് ആദ്ധ്യാത്മിക ശക്തി ആവശ്യമുണ്ട്. സാധനകൊണ്ടും, കര്‍ത്തവ്യനിഷ്ഠകൊണ്ടും, ഈശ്വരകാരുണ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകൊണ്ടും ആ ശക്തിയെ വികസിപ്പിക്കുവിന്‍. ആരുടെ മനസ്സിനും പരിക്കോ വേദനയോ ഏല്‍പിക്കരുത്. കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ തിരുത്തേണ്ട എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്വധര്‍മ്മം പാവനമാണ്. കുട്ടികളെ നേരായ വഴിക്കു നയിക്കുന്നത് അച്ഛനമ്മമാരുടെ ധര്‍മ്മമാണ്. കുട്ടികള്‍ നിഷ്‌ക്കളങ്കചിത്തരാണ്. അവര്‍ ശക്തരും പൗരുഷശാലികളും, ധീരോദാത്തരുമായി വളരണം. സന്മാര്‍ഗ്ഗ പരിശീലനംകൊണ്ട് അവരുടെ സ്വഭാവം രൂപീകരിക്കണം. അവര്‍ കുടുംബത്തിന് ഉജ്ജ്വലരത്‌നങ്ങളായും, മനുഷ്യസമൂഹത്തിനു മുഴുവന്‍ മാര്‍ഗ്ഗദീപമായും പ്രശോഭിക്കണം. അവര്‍ ഭൂമിയുടെ ചേവടികളില്‍ അര്‍പ്പിക്കപ്പെട്ട പൂജാമലരുകളായി ഭവിക്കണം.
No comments:
Post a Comment