Saturday, June 23, 2018

മഹാഭാരതത്തിലെ വനപര്‍വത്തിലെ കൗശികന്‍ എന്ന ബ്രാഹ്മണന്‍ സ്വന്തം വികസനം ലക്ഷ്യമാക്കി വനത്തില്‍ തപസ്സിനു പോകുന്നു. പക്ഷേ, അതുവഴി സ്വന്തം മാതാപിതാക്കളോടള്ള ധര്‍മത്തില്‍ നിന്ന് അയാള്‍ ഒഴിഞ്ഞുമാറി. ബ്രാഹ്മണന്‍ തപസ്സ് ചെയ്യുമ്പോള്‍ മുകളില്‍നിന്നു പക്ഷിയുടെ കാഷ്ഠം ശരീരത്തില്‍ വീണു. അതിനു കാരണക്കാരനായ കൊക്കിനെ അദ്ദേഹം നോക്കി. രൂക്ഷമായ ആ നോട്ടത്തില്‍ കൊക്കു ഭസ്മമായിപ്പോയി. അതില്‍ അയാള്‍ക്ക് അഭിമാനവും അല്‍പം അഹന്തയും തോന്നി. അടുത്ത ദിവസം അയാള്‍ ഭിക്ഷാടനത്തിനായി ഗ്രാമത്തിലേക്കു പോയി. ഒരു വീട്ടില്‍ ചെന്നപ്പോള്‍ അകത്ത് ഒരു സ്ത്രീ സംസാരിക്കുന്നതു കേള്‍ക്കാം. പക്ഷേ, ആരും ഭിക്ഷ നല്‍കാന്‍ വന്നില്ല. കാത്തുനിന്ന ബ്രാഹ്മണനെ പിന്നെ കേട്ടത് അമ്പരപ്പിച്ചു. ആ സ്ത്രീ പറഞ്ഞു: ''പക്ഷിയെപ്പോലെ എന്നെ ഭസ്മമാക്കല്ലേ, അല്‍പം കാത്തിരിക്കണം.'' പിന്നീട് അവര്‍ വന്നു. താന്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കുകയായിരുന്നു എന്നും ''അടുത്ത ഗ്രാമത്തില്‍ ഒരു ഇറച്ചിവെട്ടുകാരനുണ്ട്, അയാളില്‍നിന്ന് ധര്‍മം പഠിക്കണം'' എന്നും പറഞ്ഞു. അമ്പരപ്പു തോന്നി. പക്ഷേ, അയാള്‍ അടുത്ത ഗ്രാമത്തിലേക്കു പോയി ഇറച്ചിവെട്ടുകാരനെ കണ്ടു. അയാള്‍ തന്റെ പതിവുകാര്‍ക്കു വേണ്ടതു ചെയ്യുന്ന തിരക്കിലായിരുന്നു. അതിനുശേഷം കൈകള്‍ കഴുകി അയാള്‍ വന്നു പറഞ്ഞു: ''നമുക്കു വീട്ടിലേക്കു പോകാം.''അവര്‍ അയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ തന്റെ മാതാപിതാക്കളെ പരിചരിക്കാന്‍ പോയി. അതും കഴിഞ്ഞു കൗശികനെ കണ്ടു പറഞ്ഞു: ''ഒരാള്‍ സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതാണു പരമോന്നതമായ ധര്‍മം. അതു മാതാപിതാക്കളോടുള്ള ഭക്തിയുമാണ്.'' ഇതു മനസ്സിലാക്കി ബ്രാഹ്മണന്‍ വീട്ടിലേക്കു പോയി മാതാപിതാക്കളെ പരിചരിച്ചു. 'മഹാഭാരത'ത്തില്‍ 'വ്യാധഗീത' അഥവാ ഇറച്ചിവെട്ടുകാരന്റെ ഗീതതന്നെ ഉണ്ടല്ലോ. ഇക്കഥയും  ഉത്തരവാദിത്വമാണു ധര്‍മം എന്നാണു പഠപ്പിക്കുന്നത്. ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോട്ടമായി മതത്തെയും ഭക്തിയെയും കാണുന്ന വീക്ഷണത്തിനെതിരായ വിമര്‍ശവുമാണിത്. ധര്‍മം വെടിഞ്ഞു പുണ്യം നേടാന്‍ പോകുന്നതിനെതിരായ വിമര്‍ശനം. ഭക്തി ദൈവത്തോടു കാണിക്കുമ്പോള്‍ അതു മാതാപിതാക്കളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള ഒളിച്ചോട്ടമല്ല.

No comments: