Tuesday, June 26, 2018

ന്ത്രം-  തുടര്‍ന്ന് ഭട്ടാചാര്യ  വിവിധ താന്ത്രികാചാരങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ചും ലതാസാധന, ചക്രപൂജ മുതലായ ചടങ്ങുകളെക്കുറിച്ചും വിവരിക്കുന്നു. ഇതിനായി മഹാനിര്‍വാണതന്ത്രം, കൗളാവലീനി
ര്‍ണ്ണയം, കാളീവിലാസതന്ത്രം, പരാനന്ദസൂത്രം എന്നിവയോടൊപ്പം യശസ്തിലകചമ്പു, മത്തവിലാസം, ക്ഷേമേന്ദ്രന്റെ ദശാവതാരചരിതം, കല്‍ഹണന്റെ രാജതരംഗിണി, രാജശേഖരന്റെ കര്‍പ്പൂരമഞ്ജരി എന്നിവയിലെ വര്‍ണ്ണനകളും വിമര്‍ശനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. 
 കല്‍ഹണന്റെ രാജതരംഗിണി അനുസരിച്ച് കലസന്‍ എന്ന രാജാവ് (എ. ഡി. 1063-89) പ്രമദകണ്ഠന്‍ എന്ന ഗുരുവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഇത്തരം വൈകൃതങ്ങള്‍ അനുഷ്ഠിച്ചിരുന്നത്രേ. ദിവാന്‍ ജര്‍മണിദാസ് ഇന്‍ഡ്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരുടെ സ്വകാര്യജീവിതങ്ങളെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ പഞ്ചാബിലെ കൊട്ടാരത്തില്‍ നടന്ന ഇത്തരം ക്രിയയുടെ വിവരണം നല്‍കുന്നുണ്ടെന്നും ഭട്ടാചാര്യ പറയുന്നു. സമ്പന്നരും സുഖലോലുപരുമായവര്‍ ഇന്നും അത്തരം ഗുരുക്കന്മാരുമൊത്ത് ഇവ പലയിടങ്ങളിലും തുടരുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു.
തുടര്‍ന്ന് ഈ വാമാചാരത്തിലെ പ്രധാനഘടകമായ മൈഥുനം മറ്റൊരു തരത്തില്‍ വൈദികമായ അശ്വമേധയാഗത്തില്‍ നടത്തുന്നതിനെ ഭട്ടാചാര്യ വിവരിക്കുന്നു. ഋഗ്വേദമന്ത്രങ്ങള്‍, വാജസനേയീസംഹിതയിലെ ക്രിയാവിവരണങ്ങള്‍, ശതപഥബ്രാഹ്മണം, ഛാന്ദ്യോഗ്യോപനിഷത് എന്നിവയിലെ പ്രസക്തഭാഗങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വൈദികര്‍ മൈഥുനത്തെ യജ്ഞമായിട്ടാണ് കരുതിവന്നത്. ഉപനിഷത്തുകളിലെ പല വരികളിലും സ്ത്രീയെ ആജ്യാഹുതിക്കുള്ള ഹോമകുണ്ഡമായും വിത്തുവിതക്കാനുള്ള നിലം (ക്ഷേത്രം) ആയും കല്‍പ്പിക്കുന്നതും കാണാം. ഛാന്ദോഗ്യോപനിഷത്തില്‍ മൈഥുനക്രിയ വാജപേയയാഗത്തിനു തുല്യമാണെന്നു പറഞ്ഞിരിക്കുന്നു. മനുസ്മൃതിയില്‍ പുരുഷന്‍ വിത്തും സ്ത്രീ ക്ഷേത്രവും ആണെന്നു പറഞ്ഞിരിക്കുന്നു. തന്ത്രത്തില്‍ സ്ത്രീക്കാണ് ഔന്നത്യമെങ്കില്‍  വൈദികത്തില്‍ പുരുഷനാണ് മേല്‍ക്കൈ എന്നു കാണാം.
 തൈത്തിരീയസംഹിത, ശതപഥബ്രാഹ്മണം എന്നിവയില്‍ അശ്വമേധയാഗം അവ എഴുതിയ കാലമായപ്പൊഴേക്കും നിലച്ചു എന്നു പറയുന്നുണ്ട്. അതായത് അതിപ്രാചീനമായ ഏതോ ഗോത്രച്ചടങ്ങിന്റെ പില്‍ക്കാലത്ത് പരിഷ്‌കരിക്കപ്പെട്ടതും സങ്കീര്‍ണ്ണതയാര്‍ന്നതും ആയ രൂപമാകാം ഇതെന്നു ഭട്ടാചാര്യ അനുമാനിക്കുന്നു. വിത്തു വിതച്ച് വിളവെടുക്കുന്നതും മൈഥുനവും ഗര്‍ഭധാരണവും പ്രസവവും എല്ലാം സംബന്ധിച്ച് ശാസ്ത്രീയമായ അറിവ് വേണ്ടത്ര ഇല്ലാതിരുന്ന കാലത്ത് ഇവയെല്ലാം അത്ഭുതം ജനിപ്പിക്കുന്ന ദൈവികമോ ഐന്ദ്രജാലികമോ ആയ സംഭവങ്ങളായി കരുതപ്പെട്ടു. വിചിത്രങ്ങളായ വിശ്വാസങ്ങളും അവയെ കേന്ദ്രീകരിച്ചുടലെടുത്തു. ഇവയെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ചടങ്ങുകളും രൂപം കൊണ്ടു എന്ന തരത്തിലുള്ള കീത്ത്, വെബര്‍, ബെര്‍ഗെയിന്‍, ഗെല്‍ഡ്‌നര്‍, വിന്റര്‍നിറ്റ്‌സ്, മക്‌ഡൊനെല്‍, തോംസണ്‍, ഫ്രേസര്‍ തുടങ്ങിയ വിദേശപണ്ഡിതരുടെ നിഗമനങ്ങളുമായി ഭട്ടാചാര്യ യോജിക്കുന്നു.
ലിംഗയോനിരൂപങ്ങള്‍ക്ക് സംരക്ഷണം, സമ്പത്ത് എന്നിവ നല്‍കുവാനുള്ള കഴിവ് ഉണ്ടെന്നു കരുതി അവയെ ദേഹത്ത് അണിഞ്ഞിരുന്നു. ആദ്യകാലത്ത് ഭൂമിയെന്ന ശക്തിസ്വരൂപിണിയുടെ പ്രതീകമായി ത്രികോണത്തേയും കലപ്പയുടെ പ്രതീകമായി ലിംഗത്തേയും കരുതിയിരുന്നത്രേ. കലപ്പയുടെ മറ്റൊരു പേരായ ലാംഗലത്തിന് ഭാഷാശാസ്ത്രപരമായി ലിംഗം എന്ന പദത്തോട് ബന്ധം ഉണ്ട് എന്നും കലപ്പയുടെ ആദിമരൂപത്തിന് ലിംഗാകാരമായിരുന്നു എന്നും ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു. യോനിയുടെ പര്യായപദമായ ഭഗം (ഋഗ്വേദത്തില്‍ ഈ അര്‍ത്ഥം ഉണ്ടത്രേ) എന്ന വാക്കിന് പില്‍ക്കാലത്ത് ആറുതരം ഐശ്വര്യങ്ങള്‍ (സമ്പത്തുകള്‍) എന്ന അര്‍ത്ഥം കൈവന്നു. ലിംഗയോനികള്‍ക്ക് പില്‍ക്കാലത്ത് താത്ത്വികമായ പല അര്‍ത്ഥതലങ്ങളും നല്‍കപ്പെട്ടു.
 ശാക്തതന്ത്രങ്ങളില്‍ വിവരിക്കുന്ന വാമാചാരത്തിലെ ചില സമ്പ്രദായങ്ങളില്‍ ചില അവിഹിതബന്ധങ്ങള്‍ തെറ്റല്ല എന്നു കരുതിവരുന്നതിനു പിറകിലും അതിപ്രാചീനങ്ങളായ ചില വിശ്വാസാചാരങ്ങളാണെന്നു വൈദിക, ബൗദ്ധ, ജൈന സാഹിത്യങ്ങളിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭട്ടാചാര്യ വ്യക്തമാക്കുന്നു. പുരുഷശുക്ലത്തിലും സ്ത്രീരേതസ്സിലും അതീന്ദ്രിയശക്തികള്‍ പ്രദാനം ചെയ്യാനുള്ള കഴിവ് അന്തര്‍ലീനമാണെന്നു കരുതിപ്പോന്നിരുന്നു. സ്ത്രീരേതസ്സിനു ഖപുഷ്പം എന്നു തന്ത്രത്തില്‍ പറയുന്നു. തന്ത്രഗ്രന്ഥങ്ങളില്‍ ഇതിനെ പലതരത്തില്‍ തരം തിരിച്ചു അവയുടെ പ്രയോജനസഹിതം പറയുന്നുണ്ട്. വിളവു നല്‍കുന്ന ഭൂമിയേയും സന്തതികള്‍ക്കു ജന്മം നല്‍കുന്ന രജസ്വലയായ സ്ത്രീയേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പല വിശ്വാസങ്ങളും ചടങ്ങുകളും ഭട്ടാചാര്യ വിവരിക്കുന്നു. 
 ആര്‍ത്തവരക്തം അശുദ്ധവും വര്‍ജ്യവും ദോഷകരവും ആണെന്ന വൈദികകാഴ്ച്ചപ്പാടിനെ ഗൃഹ്യസൂത്രങ്ങള്‍, പുരാണങ്ങള്‍, സ്മൃതികള്‍ എന്നിവ ഉദ്ധരിച്ചുകൊണ്ട് ഭട്ടാചാര്യ അവതരിപ്പിക്കുന്നു. ബ്രഹ്മചര്യം തുടങ്ങിയ നാല് ആശ്രമങ്ങളില്‍ ഉള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ട വിധിനിഷേധങ്ങളെ അദ്ദേഹം വിവരിക്കുന്നു. ബൈബിള്‍, കൊറാന്‍ എന്നീ സെമിറ്റിക് മതഗ്രന്ഥങ്ങളിലും ഈ നിഷേധാത്മകസമീപനം കാണുന്നതായി ഭട്ടാചാര്യ പറയുന്നുണ്ട്.
 താന്ത്രികരാകട്ടെ ആര്‍ത്തവരക്തത്തില്‍ വിശുദ്ധിയും അഭൗമശക്തിയും കാണുന്നു എന്നു ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. ആസ്സാമിലെ കാമാഖ്യയിലെ ദേവി രജസ്വല ആകുന്ന ചടങ്ങ് അവിടെ അംബുജിമഹോത്സവമാണ്. ദേവിയുടെ ആര്‍ത്തവരക്തത്തിന്റെ പ്രതീകമായ ചുവപ്പുനിറത്തിലുള്ള തീര്‍ത്ഥജലം സേവിക്കുവാന്‍ അവിടെ ഭക്തതതിയുടെ തിരക്കാണത്രേ. കേരളത്തിലെ ചെങ്ങന്നൂരിലെ ഭഗവതിയുടെ തൃപ്പൂത്താഘോഷം ഇവിടെ സ്മരണീയമാണ്.
 തുടര്‍ന്ന് കൗളാവലീനിര്‍ണ്ണയം മുതലായ തന്ത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന ശവസാധനയുടെ പൊരുള്‍ ഭൗതികകാഴ്ച്ചപ്പാടില്‍ ഭട്ടാചാര്യ വിശദമാക്കുന്നു. പടിഞ്ഞാറന്‍ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ പ്രസിദ്ധമായ താരാപീഠത്തില്‍ ഇത്തരം സാധനകള്‍ ഇപ്പോഴും നടന്നുവരുന്നുണ്ടത്രേ. ശരീരത്തെ അരോഗദൃഢമാക്കുവാനുള്ള താന്ത്രികരുടെ പരിശ്രമത്തിന്റെ ഭാഗമായി മൃതദേഹപഠനം അവര്‍ വ്യാപകമായി നടത്തിയതിന്റെ ഫലമായിട്ടാകാം ഈ ശവസാധന രൂപപ്പെട്ടത് എന്ന് അദ്ദേഹം അനുമാനിക്കുന്നു. മറ്റൊരു കാരണം മരണം, പുനര്‍ജനി, പ്രജനനശേഷി എന്നിവയുമായി ബന്ധപ്പെട്ട അതിപ്രാചീനവിശ്വാസങ്ങളും ചടങ്ങുകളും ആകാം എന്നും അദ്ദേഹം പറയുന്നു. ഇത്തരം ചടങ്ങുകളെ അദ്ദേഹം വിവരിക്കുന്നുണ്ട്. 
പഞ്ചമകാരങ്ങളിലെ മറ്റൊരു പ്രധാനഘടകമായ മദ്യം, അതുപോലെ തന്ത്രത്തിന്റെ ഭാഗമായ ദീക്ഷ എന്ന ചടങ്ങ്, അഷ്ടസിദ്ധികള്‍ നേടാനുള്ള ഉപായങ്ങള്‍, ഷള്‍കര്‍മ്മങ്ങള്‍ എന്നിവയുടെയും ഭൗതികവാദപരമായ വിശദീകരണം ഭട്ടാചാര്യ തുടര്‍ന്നു നല്‍കുന്നുണ്ട്. അവ എന്താണെന്നും നമുക്കു പരിശോധിക്കാം...vamanan

No comments: