അഹംഭാവത്തിന്റെ സത്തയെപ്പറ്റി, ‘ഞാന്‍’, ‘നീ’, എന്നിവയെപ്പറ്റി, ദ്വൈതാദ്വൈതങ്ങളെപ്പറ്റി, എല്ലാം നമുക്കെങ്ങിനെയാണ് വിശ്വസിക്കാനാവുക? തീവ്രമായ സാധനയോടെ, സത്യാന്വേഷണകുതുകികളായി ഗുരുമുഖത്തു നിന്നും ശാസ്ത്രജ്ഞാനം നേടിയവര്‍ അനായാസം ആത്മജ്ഞാനം പ്രാപിക്കുന്നു. ലോകമായി കാണപ്പെടുന്നത് ഒരുവന്റെ ധാരണകളും സങ്കല്‍പ്പചിന്തകളുമാണ്. അവ ബോധത്തില്‍ അധിഷ്ഠിതമാണ്. ബോധമെന്ന പൊരുളില്‍ പ്രതിഫലിക്കുന്ന ഭ്രമക്കാഴ്ചയാണ് ലോകം.
അതിനാല്‍ ലോകത്തെ സത്തെന്നും അസത്തെന്നും പറയാം.
സ്വര്‍ണ്ണവളയിലെ സ്വര്‍ണ്ണമാണ് ഉണ്മ. വളയെന്ന നിര്‍മ്മിതിയാണ് ധാരണ, അല്ലെങ്കില്‍ സങ്കല്പം. ലോകമെന്ന ഈ ഭ്രമക്കാഴ്ചയുടെ പ്രത്യക്ഷപ്പെടലും മറയലും ഈ സങ്കല്‍പ്പത്തിന്റെ മാറിമറയലുകള്‍ മാത്രമാണ്. ഈ അറിവുറച്ചവന് ഭൂമിയിലെയോ സ്വര്‍ഗ്ഗത്തിലെയോ സുഖങ്ങളില്‍ താല്‍പ്പര്യമേതുമില്ല. അയാള്‍ക്കിനി ജനനമരണങ്ങള്‍ ഇല്ല.
No comments:
Post a Comment