Monday, June 25, 2018

കുടുംബജീവിതം ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകണമെന്ന് ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങള്‍ പാരാവാരം പറയുന്നുണ്ട്. കാരണം ഇന്നത്തെക്കാലത്തെപ്പോലെ ദരിദ്രമായ ചുറ്റുപാടായിരുന്നില്ല പ്രാചീന ഭാരതീയര്‍ക്ക് ഉണ്ടായിരുന്നത്. മറിച്ച് സര്‍വത്ര സുലഭമായ ഐശ്വര്യത്തിന്റെ പ്രതീകമായി ഭാരതം വിരാജിച്ചിരുന്നു. കാരണം അക്കാലത്ത് നമുക്ക് വഴികാട്ടിയായിരുന്നത് വേദങ്ങളായിരുന്നു.
സമൂഹത്തിന്റെ കേന്ദ്രബിന്ദുവാണ് കുടുംബങ്ങള്‍. നമ്മുടെ കുടുംബത്തില്‍ ദാരിദ്ര്യം ഉണ്ടായാല്‍ നമുക്കൊന്ന് ജപിക്കാനോ സാധനചെയ്യാനോ ഒന്നും കഴിയാതെ വരും. ജീവിതം വെറുക്കപ്പെട്ടതാകും. അത് മാറണം. അതിന് വേദങ്ങളെ ആശ്ലേഷിക്കേണ്ടതുണ്ട്. മനുഷ്യന്‍ ജനിക്കുമ്പോള്‍തന്നെ പാപികളാണെന്ന് ഹിന്ദുവിശ്വസിക്കുന്നില്ല. മറിച്ച് സൗഭാഗ്യങ്ങളുടെ നിറകുടമാണ് ഓരോ ജന്മവുമെന്ന് നാം വിശ്വസിക്കുന്നു. നമുക്ക് അനേകം കഴിവുകള്‍ ജന്മനാ ഉണ്ട്. എന്നാല്‍ ആത്മവിശ്വാസക്കുറവും അതിലേറെ അലസതയും വന്നു ചേരുമ്പോള്‍ ജീവിതം ഒരു പാരാജയമായി മാറുന്നു. നാം ഈ ജീവിതത്തെ പഴിക്കുന്നത് കാണാം. എന്നാല്‍ വേദങ്ങളില്‍ ഈ ജീവിതത്തെ കൂടുതല്‍ ഐശ്വര്യമുള്ളതാക്കാന്‍ ചില സൂത്രവാക്യങ്ങള്‍ പറയുന്നുണ്ട്. അവ എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം..
ജീവിതത്തെ പഴിക്കുന്ന നമുക്കുള്ള വലിയൊരു സന്ദേശമാണ് അഥര്‍വവേദത്തിലെ ഈ മഹത്തായ മന്ത്രം.
''ഏകശതം ലക്ഷ്‌മ്യോ മര്ത്യസ്യ സാകം
തന്വാ ജനുഷോ?ധി ജാതാഃ.
താസാം പാപിഷ്ഠാ നിരിതഃ പ്ര ഹിണ്മഃ ശിവാ
അസ്മഭ്യം ജാതവേദോ നി യച്ഛ''
(അഥര്‍വവേദം 7.115.3)
ഈ മന്ത്രത്തിലെ ഓരോ വാക്കിന്റെയും അര്‍ഥം ആദ്യം എഴുതാം.
(മര്ത്യസ്യ=) മനുഷ്യന്റെ (തന്വാ സാകം=) ശരീരത്തോടൊപ്പം (ഏകശതം=) നൂറ് (ലക്ഷ്മ്യഃ=) ലക്ഷ്മികള്‍ അഥവാ  വിഭൂതികള്‍ (ജനുഷഃ അധി ജാതാഃ=) ജന്മനാതന്നെ  ഉത്പന്നമായിരിക്കുന്നു. (താസാമ്=) ആ ലക്ഷ്മികളില്‍തന്നെ (പാപിഷ്ഠാഃ=) പാപി, അധമം, നീചം എന്നീ വൃത്തികളെ (ഇതഃ=) ഇവിടെനിന്ന് അഥവാ തങ്ങളുടെ ഹൃദയത്തില്‍നിന്ന് (നിഃ പ്രഹിണ്മഃ=) ദൂരെ അകറ്റിയാലും. ഹേ (ജാതവേദഃ=) സൃഷ്ടിയുടെ ജ്ഞാതാവായ പരമാത്മനേ, (ശിവാഃ=) ശുഭവും കല്യാണകരവുമായ വൃത്തികളെ (അസ്മഭ്യമ് =) ഞങ്ങള്‍ക്ക് (നി യച്ഛ=) നല്‍കിയാലും.
അതീവ രസകരമായ ഈ മന്ത്രത്തില്‍ ലക്ഷ്മികളെ കാത്തുസൂക്ഷിക്കാനുള്ള രഹസ്യത്താക്കോലുണ്ട്. ഈ താക്കോല്‍ കൈവശം വെയ്ക്കുന്നവന് ഐശ്വര്യമുണ്ടാകും, അവന്റെ കുടുംബത്തില്‍ സമൃദ്ധി കളിയാടും. ഇതില്‍ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. മന്ത്രം പറയുന്നതെന്താണ് ? 
'മനുഷ്യഗോത്രം ജനിക്കുമ്പോള്‍തന്നെ അതിനോടൊപ്പം അനേകം ലക്ഷ്മികളും ജന്മമെടുക്കുന്നു. അവയില്‍ നികൃഷ്ടമായ സമസ്ത പാപീലക്ഷ്മികളെയും സ്വഹൃദയത്തില്‍നിന്ന് അകറ്റിയാലും. അല്ലയോ സര്‍വജ്ഞനായ പരമേശ്വരാ, ഞങ്ങള്‍ക്ക് ശുഭവൃത്തികളെ പ്രദാനം ചെയ്താലും.''
അതായത് മനുഷ്യന്‍ ജനിക്കുമ്പോള്‍ത്തന്നെ അനേകം സര്‍ഗവാസനകളുമായാണ് ജനിക്കുന്നത്. കാരണം മനുഷ്യന്‍ പരമേശ്വരപുത്രനാണ്. ഈ പ്രപഞ്ചത്തിലെ സമസ്ത സമ്പത്തിന്റെയും ഉടയോന്‍ ആ പരമേശ്വരന്‍തന്നെയാണ്.  അച്ഛന്റെ സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശമുണ്ടല്ലൊ. പൈതൃകമായി സ്വത്ത് ലഭിക്കുമ്പോള്‍ അത് നല്ലപോലെ രക്ഷിച്ച് നോക്കിനടത്തണം. അത് വളര്‍ത്തി എടുക്കുകയും വേണം. അതിനുള്ള ഉത്തരവാദിത്തം മക്കള്‍ക്കുണ്ട്. അതുപോലെ ജന്മനാ നൂറ് കണക്കിന് സര്‍ഗശക്തികള്‍ നമുക്ക് ഭഗവാന്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ പലപ്പോഴും ഈ സര്‍ഗവാസന എന്തെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്തവര്‍ അവ കുവിചാരങ്ങളാല്‍ ഭസ്മീകരിക്കുന്നു. ഇക്കാര്യമാണ് വേദമന്ത്രം ചൂണ്ടിക്കാണിക്കുന്നത്.
അപ്പോള്‍ ജന്മനാ നമുക്ക്  ലഭിക്കുന്ന ലക്ഷ്മികളെ എങ്ങിനെയാണ് സംരക്ഷിക്കേïതും വളര്‍ത്തേണ്ടതും? നമ്മുടെ ഉള്ളില്‍ ശുഭവൃത്തികള്‍ വളര്‍ത്തുന്നതുകൊണ്ടു മാത്രമേ ആ ലക്ഷ്മികളാകുന്ന സര്‍ഗവാസനകളെ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇവിടെ വേദമന്ത്രം ചൂണ്ടിക്കാട്ടുന്നു. അതിനോടൊപ്പം നെല്ലില്‍ കളയെന്നപോലെ വളര്‍ന്നുവരുന്ന ചീത്ത വൃത്തികളെ ഇല്ലാതാക്കുകയും വേണം.
ഈശ്വരീയ വരദാനമായി നമുക്ക് ലഭിക്കുന്ന സര്‍ഗശേഷികളെ സുരക്ഷിതമാക്കിവെക്കാന്‍ ശ്രമിക്കുമ്പോള്‍ ശുഭവൃത്തികള്‍ തങ്ങളുടേതായിത്തീരും. അവനവന്റെ ജീവിതത്തെ അത് പ്രശോഭിപ്പിക്കുകയും ചെയ്യും. എവിടെയാണോ ശുഭവിചാരങ്ങളും സദ്‌വിചാരങ്ങളും സത്കര്‍മനിഷ്ഠയും നിലനില്‍ക്കുന്നത്  അവിടെ ലക്ഷ്മിയുടെ നിവാസമുണ്ടാകുമെന്ന് വേദമന്ത്രം പറയുന്നു. മറിച്ച്, എവിടെയാണോ അശുഭവൃത്തികളും പാപഭാവനകളും, കുകര്‍മങ്ങളും ശക്തമായി നടമാടുന്നത് അവിടെ ലക്ഷ്മിയുടെ നാശമുണ്ടാകുന്നു. അതിനാല്‍ ലക്ഷ്മി നമ്മിലും നമ്മുടെ വീടുകളിലും പ്രശോഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാപവൃത്തികളെ ഇല്ലാതാക്കി ശുഭവൃത്തികളെ തങ്ങളില്‍ നിറയ്ക്കണമെന്ന് വേദം ആഹ്വാനം ചെയ്യുന്നു.
ഇതാണ് നമ്മുടെ പ്രാചീനര്‍ ചെയ്തത്. അനന്തരഫലമാകട്ടെ, അക്ഷയമായ ലക്ഷ്മി ഭാരതത്തിലെ ഓരോ കുടുംബത്തിലും പരിലസിക്കുകയും ചെയ്തു. ഈ സൂത്രവാക്യത്തെ സാക്ഷാത്കരിച്ച് നമുക്ക് ലക്ഷ്മിയെ ആവാഹിക്കാം...rajesh

No comments: