Wednesday, June 27, 2018

ഛാന്ദോഗ്യോപനിഷത്ത് 65
അഹം എന്നത് ദേഹമല്ല ആത്മാവ് തന്നെയാണ് എന്ന് ഉറപ്പിക്കാനാണ് ആത്മാവിനെപ്പറ്റിയുള്ള ആദേശം പറഞ്ഞത്. ഞാന്‍ ദേഹമാണ് എന്ന് തെറ്റിദ്ധരിച്ച അവിവേകികള്‍ അഹം എന്ന് പറയുന്നതും കേള്‍ക്കുന്നതും ശരീരത്തെയാണ്. എന്നാല്‍ അഹം എന്നത് എങ്ങും നിറഞ്ഞ് വിളങ്ങുന്ന ആത്മസ്വരൂപം തന്നെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. അദ്വിതീയമായ ആത്മാവിനെ മനനം, വിജ്ഞാനം എന്നിവയാല്‍ അറിഞ്ഞയാള്‍ക്ക് രതിയും ക്രീഡയും ദ്വന്ദ്വ സുഖവും ആനന്ദവുമൊക്കെ ആത്മാവില്‍ നിന്ന് ലഭിക്കുന്നു.രതി എന്നത് സ്വദേഹം കൊണ്ട് നിര്‍വഹിക്കുന്നതാണ്. മറ്റ് സാധന സഹായത്താല്‍ ചെയ്യുന്നത് ക്രീഡ. ഇണചേരുമ്പോള്‍ കിട്ടുന്നത് മിഥുനം അഥവാ ദ്വന്ദ്വ സുഖം. ഇവയെല്ലാം തന്നില്‍ തന്നെ കിട്ടും. അപ്പോള്‍ അവയെ ആത്മരതി, ആത്മക്രീഡ, ആത്മമിഥുനം, ആത്മാനന്ദം എന്ന് പറയുന്നു. അയാള്‍ ആത്മ സാമ്രാജ്യത്തിന്റെ അധിപനാകുന്നതിനാല്‍ എല്ലാ ലോകങ്ങളിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്നു.
ഭൂമാവില്‍ പ്രതിഷ്ഠിതനായ ഒരാള്‍ക്ക് തന്നില്‍ നിന്ന് അന്യമായി മറ്റൊന്നും ഇല്ലാത്തതിനാല്‍ അയാള്‍ സ്വയം പ്രകാശ സ്വരൂപനാകുന്നു. സ്വരാട് എന്ന വിശേഷണം ഇതിനെ കുറിക്കുന്നു.  ആ ആത്മ പ്രകാശം കൊണ്ടാണ് മറ്റുള്ളതിനെല്ലാം പ്രകാശം ഉണ്ടാകുന്നത്.
തസ്യ ഹ വാ ഏതസൈ്യ വം പശ്യത ഏവം മന്വാന സൈ്യവം വിജാനത ആത്മത: ....... കര്‍മ്മാ ണ്യാത്മത ഏവേദം സര്‍വമിതി.
ഇങ്ങനെ  കാണുകയും മനനം ചെയ്യുകയും അറിയുകയും ചെയ്യുന്നയാള്‍ക്ക് പ്രാണന്‍ ആത്മാവില്‍ നിന്നാണ്. ആശ, സ്മരണം, ആകാശം, തേജസ്സ്, അപ്പുകള്‍, ഉല്‍പത്തി, പ്രളയം, അന്നം, ബലം, വിജ്ഞാനം, ധ്യാനം, ചിത്തം, സങ്കല്പം, മനസ്സ്, വാക്ക്, നാമം, മന്ത്രങ്ങള്‍, കര്‍മ്മങ്ങള്‍ തുടങ്ങി എല്ലാം ആത്മാവില്‍ നിന്നാണ്.
ആത്മസാക്ഷാത്കാരം നേടി ഭൂമാവില്‍ പ്രതിഷ്ഠിതനായ ജ്ഞാനിക്ക് എല്ലാറ്റിന്റെയും ആധാരവും പ്രഭവ സ്ഥാനവും ആത്മാവാണെന്ന് ബോധ്യം വരും. എല്ലാം ആത്മാവില്‍ നിന്നാണ് ഉïായത്. ആത്മാവല്ലാതെ മറ്റൊന്നുമില്ല. അത് മാത്രമാണ് സത്യം .
ഇതിനെ കാണിക്കാന്‍ ഒരു  ശ്ലോകമുണ്ട്. ന പശ്യോ മൃത്യും പശ്യതി ന രോഗം നോത ദുഃഖതാം സര്‍വം ഹ പശ്യ ....... മൃദിതകഷായായ തമസസ്പാരം ദര്‍ശയതി ഭഗവാന്‍ സനത് കുമാര സ്തം സ്‌കന്ദ ഇത്യാചക്ഷതേ തം സ്‌കന്ദ ഇത്യാചക്ഷതേ.
സത്യത്തെദര്‍ശിക്കുന്നയാള്‍ മരണത്തെ കാണുന്നില്ല. രോഗത്തേയും ദുഃഖത്തേയും കാണുന്നില്ല. സത്യദര്‍ശി എല്ലാറ്റിനേയും കാണുന്നു. എല്ലാ തരത്തിലും എല്ലാറ്റിനേയും നേടുന്നു. അയാള്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന്, നൂറ്റിപതിനൊന്ന്, ആയിരത്തി ഇരുപത് എന്നിങ്ങനെ ആയിത്തീരുന്നു.
ആഹാരം ശുദ്ധമായാല്‍  അന്തഃകരണം ശുദ്ധമാകും.അന്തഃകരണം ശുദ്ധമായാല്‍ ഉറച്ച സ്മൃതി ഉണ്ടാകും.  സ്മൃതി ഉണ്ടായാല്‍ ഹൃദയത്തിന്റെ എല്ലാ കെട്ടുകളും പൊട്ടും. അപ്പോള്‍ മനസ്സിലെ മാലിന്യങ്ങളെല്ലാം നീങ്ങും. അങ്ങനെ മനോ മാലിന്യങ്ങള്‍ നീങ്ങിയ നാരദനെ ഭഗവാന്‍ സനത് കുമാരന്‍ അറിവില്ലായ്മയുടെ കൂരിരുട്ടിന്റെ മറുകരയ്‌ക്കെത്തിച്ചു. പരമാര്‍ഥത്തെ കാട്ടിക്കൊടുത്തു. അതിനാല്‍ അദ്ദേഹത്തെ സ്‌കന്ദന്‍ എന്ന് പറയുന്നു.
ആത്മസാക്ഷാത്കാരം ലഭിച്ചയാള്‍ക്ക് മരണമോ രോഗമോ ദുഃഖമോ ഉïാകില്ല. എല്ലാം തന്റെ ആത്മാവായി കാണുന്നതിനാല്‍ എല്ലാറ്റിനേയും പ്രാപിക്കും. ഏകവും അദ്വയവുമായ താന്‍ തന്നെയാണ് പലതായത് എന്ന് അയാള്‍ക്കറിയാം.
ആത്മസാക്ഷാത്കാരത്തിന് മനന നിദിധ്യാസങ്ങളോടൊപ്പം അന്തഃകരണ ശുദ്ധി ഉണ്ടാകേണ്ടതിനെപ്പറ്റിയും പറയുന്നു. ആഹാര ശുദ്ധി പ്രധാനം. സ്വാതികാഹാരം കഴിക്കണം.ഓരോ ഇന്ദ്രിയങ്ങളിലൂടെ അറിയുന്നതും ആഹാരമാണ്. രാഗം, ദ്വേഷം തുടങ്ങിയവയുടെ സംബന്ധമില്ലാതിരിക്കുന്നതാണ് ആഹാര ശുദ്ധി. അതിലൂടെ ഉള്ളം ശുദ്ധമാകും. നല്ല ഉറച്ച ഓര്‍മ്മശക്തിയുണ്ടാകും.അപ്പോള്‍ അജ്ഞാനത്തിന്റെ കെട്ടുകള്‍ പൊട്ടിപ്പോകും.മനോ മാലിന്യങ്ങള്‍ നീങ്ങി നിരതിശയമായ പരമശാന്തിയെ നേടാനാകും.നാരദന്‍ ഇപ്രകാരം എല്ലാ ദോഷങ്ങളേയും ഗുരു ഉപദേശത്താല്‍ കഴുകിക്കളഞ്ഞു. നാരദന് അജ്ഞാനം നീക്കി പരമ പദത്തെ കാണിച്ചു കൊടുത്തതിനാലാണ് സനത് കുമാരനെ സ്‌കന്ദന്‍ എന്ന് വിളിക്കുന്നത്.
'സ്‌കന്ദിര്‍ ഗതി ശോഷണ യോ:'
 സ്‌കന്ദന്‍ എന്നാല്‍ അവിദ്യയെ നശിപ്പിച്ച് വിദ്യയെ നല്‍കുന്നയാള്‍ എന്നര്‍ത്ഥം.
സ്വാമി അഭയാനന്ദ, ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: