Thursday, June 21, 2018

അക്ഷയ തൃതീയ 1 വൈശാഖമാസത്തിലെ പുണ്യദിനങ്ങളില്‍ ഏറ്റവും പ്രശസ്തമായത് അക്ഷയ തൃതീയയാണ്.കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വളരെയധികം പ്രശസ്തമായ ഒരു ഹൈന്ദവാഘോഷ ദിനമാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ(വെളുത്ത പക്ഷ)ത്തിലെ മൂന്നാം ദിനം (തൃതീയാ തിഥി) ആണ് അക്ഷയ തൃതീയ. സ്വര്‍ണ്ണാഭരണശാലകളും മറ്റും അേന്നദിവസം പ്രതേ്യക പരസ്യങ്ങളും സമ്മാനങ്ങളും ഇളവുകളുമൊക്കെയായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. അേന്ന ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം കൂടുമെന്നും അതിനാല്‍ സ്വര്‍ണ്ണം വാങ്ങാനുളള ഏറ്റവും നല്ല ദിവസമാണ് എന്നുമേ ബഹുഭൂരിപക്ഷത്തിനും അക്ഷയ തൃതീയയെ കുറിച്ച് അറിവുളളൂ. ഈ ദിവസം ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം അക്ഷയം(ക്ഷയിക്കാത്തത്) ആയിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നതു കൊണ്ട് ഈ തിഥിക്ക് അക്ഷയ തൃതീയയെന്ന പേരു ലഭിച്ചു. അക്ഷയ തൃതീയ എന്ന ദിനത്തിന്റെ പ്രാധാന്യം വര്‍ണ്ണിക്കുന്ന മഹാ പുരാണങ്ങളും - മത്സ്യപുരാണം, സ്‌കന്ദപുരാണം, ഭവിഷ്യപുരാണം,പദ്മ പുരാണം - ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നത് അക്ഷയ തൃതീയയിലെ ദാനത്തിന്റെ മഹിമയെക്കുറിച്ചും അന്നേ ദിനം ചെയ്യുന്ന വിഷ്ണു പൂജയുടെ ഫലത്തേക്കുറിച്ചുമാണ്. അതിനാല്‍ എന്താണ് അക്ഷയ തൃതീയ എന്നും അതിന്റെ പ്രാധാന്യമെന്തെന്നും വ്യക്തമാക്കുകയാണു ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ചൈത്രമാസത്തിലെ അമാവാസി കഴിഞ്ഞു വെളുത്ത പക്ഷത്തിലെ പ്രഥമ തിഥിയില്‍ വൈശാഖ മാസം ആരംഭിക്കുന്നു. ശുക്ലപക്ഷത്തിലെ മൂന്നാം തിഥിയായ തൃതീയ(വൈശാഖ ശുക്ല തൃതീയ) 'അക്ഷയ തൃതീയ' എന്ന് അറിയപ്പെടുന്നു. അക്ഷയ ശബ്ദത്തിനു ശബ്ദകല്‍പദ്രുമത്തില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥം 'നാസ്തി ക്ഷയോ യസ്യ സഃ' അഥവാ ക്ഷയരഹിതമായത് എന്നാണ്. 'നാസ്തി ക്ഷയോ അസ്യ. ക്ഷയരഹിതേ സര്‍വദാ വര്‍ത്തമാനേ' എന്ന് വാചസ്പത്യം. വിഷ്ണു പ്രിയങ്കരങ്ങളായ തിഥികളില്‍ തൃതീയയും ഉള്‍പ്പെടുന്നുവെന്ന് പദ്മപുരാണം. തൃതീയാചാഷ്ടമീചൈവനവമീച ചതുര്‍ദ്ദശീ ഏകാദശീവിശേഷേണതിഥിരേഷാ ഹരിപ്രിയാ സര്‍വതീര്‍ഥാധികം പുണ്യം സത്യം സത്യം ന സംശയഃ (പദ്മപുരാണം ഉത്തരഖണ്ഡം 38:105) അതിനാല്‍ വിഷ്ണു പൂജയ്ക്കു ശ്രേഷ്ഠമായ അക്ഷയ തിഥിയാണു വൈശാഖ ശുക്ല തൃതീയ. 'അക്ഷ യതൃതീയ വൈശാഖശുക്ലതൃതീയാ സാ തു സത്യയുഗാദ്യാ തത്ര സ്‌നാനദാനാദാവക്ഷയ ഫലം' എന്ന് ശബ്ദകല്‍പദ്രുമം. സത്യയുഗാരംഭമായ ഈ ദിവസം ചെയ്യുന്നസ്‌നാനദാനാദി പുണ്യ കര്‍മ്മങ്ങളെല്ലാം അക്ഷയം(ക്ഷയിക്കാത്തത്) ആയിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നതു കൊണ്ട് ഈ തിഥിക്ക് അക്ഷയ തൃതീയയെന്ന പേരു ലഭിച്ചു. യുഗങ്ങളില്‍ സത്യയുഗം(കൃതയുഗം) ആരംഭിക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. ശ്രീകൃഷ്ണ സഹോദരനായ ബലരാമന്‍ അവതരിച്ചത് ഈ തിഥിയിലാണ്. മധുരയില്‍ മീനാക്ഷി ദേവിയുടേയും സുന്ദരേശ്വരനായ പരമശിവന്റേയും വിവാഹം മഹാവിഷ്ണുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നതും അക്ഷയ തൃതീയയിലാണ്. കപില ശാപമേറ്റ് ഭസ്മമായിപ്പോയ സഗരപുത്ര•ാരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ കൊടും തപം ചെയ്ത ഭഗീരഥ ചക്രവര്‍ത്തി ഗംഗാദേവിയെ ഭൂമിയിലേക്ക് ആനയിച്ചതും അക്ഷയതൃതീയ നാളില്‍ തന്നെ. വ്യാസ മഹര്‍ഷി മഹാഭാരത രചന സമാരംഭിച്ചതും, ധര്‍മ്മപുത്രര്‍ക്ക് സൂര്യന്‍ അക്ഷയ പാത്രം സമ്മാനിച്ചതും, ഒരു പിടി അവിലുമായി കുചേലന്‍ കൃഷ്ണനെ സന്ദര്‍ശിച്ചതും അക്ഷയ തൃതീയയിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഭിക്ഷ യാചിച്ചു ചെന്ന ഇല്ലത്തെ ദയനീയ സ്ഥിതി മനസ്സിലാക്കി കനകധാരാ സ്‌തോത്രം ചൊല്ലി ആദിശങ്കരന്‍ സ്വര്‍ണ്ണ നെല്ലിക്കകള്‍ വര്‍ഷിച്ചതും ഇതേ നാളിലാണ്. മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്ക് ഉത്തരഭാരതത്തില്‍ ഈ ദിനം പ്രസിദ്ധമാണ്. അക്ഷയ തൃതീയയെക്കുറിച്ച് വിവിധ പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അക്ഷയ തൃതീയയിലെ ദാന മഹിമ വര്‍ണ്ണിക്കുന്ന ആപുരാണ പരാമര്‍ശങ്ങള്‍ നമുക്കൊന്ന് അവലോകനം ചെയ്യാം. അക്ഷയ തൃതീയാ വ്രതവിധിയും മാഹാത്മ്യവും മത്സ്യപുരാണം 65-ാം അദ്ധ്യായത്തില്‍ വ്യക്തമാക്കു ന്നു. ഭഗവാന്‍ പരമേശ്വരന്‍ നാരദ മഹര്‍ഷിയോട് പറയുന്നു. ഹേ നാരദാ, സമസ്ത കാമനകളേയും പ്രദാനം ചെയ്യാന്‍ കഴിവുള്ള തൃതീയാ തിഥിയെക്കുറിച്ചു വര്‍ണ്ണിക്കാം. ഈ തൃതീയയില്‍ ദാനം ചെയ്യുക, ഹവനം ചെയ്യുക, ജപം ചെയ്യുക എന്നിവ ചെയ്താല്‍ ഫലം അക്ഷയമായിരിക്കും. വൈശാഖ മാസത്തിലെ ശുക്ലപക്ഷതൃതീയയില്‍(അക്ഷയ തൃതീയയില്‍) വ്രതോപവാസങ്ങള്‍ ആരനുഷ്ഠിക്കുന്നുവോ അവര്‍ക്ക് സമസ്ത സത്കര്‍മ്മങ്ങളുടേയും അക്ഷയ(നാശമില്ലാത്ത) ഫലം ലഭിക്കും. കാര്‍ത്തിക നക്ഷത്രത്തോടു ചേര്‍ന്നു വരുന്ന അക്ഷയ തൃതീയ കൂടുതല്‍ ഫലദായകവും വിശേഷിച്ച് പൂജിക്കപ്പെടേണ്ടതുമാണ്(കാര്‍ത്തിക നക്ഷത്രത്തോടു ചേര്‍ന്നാണു ഈ വര്‍ഷത്തെ അക്ഷയതൃതീയ). അന്നേ ദിവസം ചെയ്യപ്പെടുന്ന ദാനം, അനുഷ്ഠിക്കപ്പെടുന്ന ഹോമ, ഹവന, ജപ, പൂജാദികള്‍ ഇവയെല്ലാം അക്ഷയമെന്നു പറയപ്പെടുന്നു. അക്ഷയതൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അക്ഷയ സന്താനങ്ങളും അക്ഷയ പുണ്യവും ലഭിക്കും. അക്ഷതം കൊണ്ട്(ഉണക്കലരിയും നെല്ലും) ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്ന ദിനമായതിനാലാണ് ഈ തിഥിയെ അക്ഷയ തൃതീയ എന്നു പറയുന്നത്. (അക്ഷതം കൊണ്ട് വിഷ്ണു പൂജ ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പദ്മപുരാണം(6:16:20) - 'നാക്ഷതൈരര്‍ച്ചയേത് വിഷ്ണും'. അക്ഷയ തൃതീയ ഒഴികെയുള്ള ദിനങ്ങളിലെല്ലാം വെളുത്ത എള്ളുകൊണ്ട് വിഷ്ണു പൂജ ചെയ്യണമൊണു വിധി). അക്ഷയ തൃതീയയില്‍ അക്ഷതയുക്തമായ ജലത്തില്‍ സ്‌നാനം ചെയ്ത് മഹാവിഷ്ണു വിഗ്രഹത്തെ അക്ഷതം കൊണ്ട് ആരാധിച്ച് അക്ഷതത്തോടു കൂടി ശുദ്ധരും സദ്‌വൃത്തരുമായ ബ്രാഹ്മണര്‍ക്ക് (ജ്ഞാനികള്‍ക്ക്) ദാനം നല്‍കുക. തുടര്‍ന്ന് വിഷ്ണു നിവേദ്യം ഭക്ഷിക്കുക. നാരദ മഹര്‍ഷേ, ഇപ്രകാരം ചെയ്യുന്ന മനുഷ്യന്‍ അക്ഷയ സൗഭാഗ്യങ്ങള്‍ അനുഭവിക്കും. വിധിപ്രകാരം ഒരു തവണയെങ്കിലും അക്ഷയ തൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ വര്‍ഷത്തിലെ സകല തൃതീയാ വ്രതങ്ങളും അനുഷ്ഠിച്ച ഫലം നേടുന്നു. ഏതൊരു മനുഷ്യന്‍ അക്ഷയ തൃതീയയില്‍ ഉപവാസമനുഷ്ഠിച്ച് ജനാര്‍ദ്ദന സ്വാമി യായ മഹാവിഷ്ണുവിനെ പൂജിക്കുന്നുവോ അവനു രാജസൂയയാഗം ചെയ്ത ഫലവും അന്ത്യത്തില്‍ വിഷ്ണു പ്രാപ്തിയുമുണ്ടാകും. ഉണക്കലരിയും നെല്ലും ചേര്‍ന്നതാണു കേരളീയാചാരപ്രകാരമുള്ള അക്ഷതം. എന്നാല്‍ അക്ഷതം എന്ന വാക്കിനു യവം(ബാര്‍ലി) എന്നും അര്‍ത്ഥമുണ്ട്. യവം കൊണ്ട് അക്ഷയതൃതീയാദിനത്തില്‍ വിഷ്ണു പൂജ നടത്തണമെന്നു പുരാണങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണാം. സ്‌കന്ദമഹാപുരാണം വൈഷ്ണവഖണ്ഡം വൈശാഖമാസമാഹാത്മ്യം 23-ാം അദ്ധ്യായം 'അക്ഷയതൃതീയാ മാഹാത്മ്യവര്‍ണ്ണന'മാണ്. ശ്രുതദേവന്‍ അക്ഷയ തൃതീയയെക്കുറിച്ച് പറയുന്നു. 'മാധവമാസത്തിലെ ശുക്ലപക്ഷത്തിലുള്ള അക്ഷയതൃതീയയുടെ പാപനാശന മാഹാത്മ്യം ഞാന്‍ പറയുന്നതാണ്. അന്നേ ദിനം സൂര്യോദയത്തില്‍ സ്‌നാനം ചെയ്യുന്നവര്‍ സര്‍വപാപങ്ങളില്‍ നിന്നും മുക്തരായി വിഷ്ണുപദം പൂകും. അന്ന് ദേവകളേയും മുനിമാരേയും പിതൃക്കളേയും ഉദ്ദേശിച്ച് ചെയ്യുന്ന തര്‍പ്പണങ്ങളില്‍ അവര്‍ പ്രീതരാകുകയും നൂറു ശ്രാദ്ധങ്ങളുടെ ഫലം ലഭിക്കുകയും ചെയ്യും. അക്ഷയ തൃതീയയില്‍ മാധവനായ വിഷ്ണുവിനെ പൂജിക്കുകയും ഭഗവദ്കഥകള്‍ കേള്‍ക്കുകയും ചെയ്യുന്ന മനുഷ്യന്‍ മുക്തിക്ക് അര്‍ഹനായിത്തീരും. മധുവൈരിയായ ഭഗവാന്റെ പ്രീതിക്കായി അന്നേ ദിനം ദാനം ചെയ്യുന്നവര്‍ക്ക് അക്ഷയ ഫലം ലഭിക്കും. ദേവ•ാര്‍, ഋഷിമാര്‍, പിതൃക്കള്‍ എന്നിവര്‍ക്കെല്ലാം തൃപ്തി നല്‍കുന്ന മഹാശുഭതിഥിയാണിത്.മധുവൈരിയായ മഹാവിഷ്ണുവിനു പ്രിയങ്കരമായ മാസമാണു വൈശാഖം. മാധവനു പ്രിയമായ മാധവമാസത്തിലെ എല്ലാ തിഥികളും പുണ്യദായകങ്ങളാണ്. അതില്‍ തന്നെ ശുക്ലപക്ഷത്തിലെ അക്ഷയയെന്ന തിഥിയില്‍ സ്‌നാനദാനാദികള്‍ ശ്രദ്ധയോടെ ചെയ്യുന്നവരുടെ ആയിരക്കണക്കിനുള്ള പാപങ്ങള്‍ പോലും നശിച്ചു പോകും എന്നതില്‍ തര്‍ക്കമില്ല. ഭവിഷ്യമഹാപുരാണം ഉത്തരപര്‍വ്വം 30ാം അദ്ധ്യായത്തിലും അക്ഷയതൃതീയയുടെ മാഹാത്മ്യം നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാന്‍ യുധിഷ്ഠിരന് അക്ഷയ തൃതീയയേക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു. ശ്രീകൃഷ്ണന്‍ പറഞ്ഞു - 'മഹാരാജാവേ, അങ്ങ് ഇനി വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയയെ സംബന്ധിക്കുന്ന കഥ കേള്‍ക്കുക. ഈ ദിവസം സ്‌നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, തര്‍പ്പണം തുടങ്ങി ഏതേതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുവോ, അവയെല്ലാം അക്ഷയമായി ഭവിക്കുന്നു. സത്യയുഗത്തിന്റെ ആരംഭം ഈ തിഥിയിലാണ് ഉണ്ടായത്. അതിനാല്‍ ഈ തിഥിയെ കൃതയുഗാദി തൃതീയ എന്നും പറയുന്നു. സമസ്ത പാപങ്ങളേയും അകറ്റുന്നതും സര്‍വ്വസുഖങ്ങളേയും പ്രദാനം ചെയ്യുന്നതുമാണ് ഈ ദിനം. അല്ലയോ യുധിഷ്ഠിര മഹാരാജാവേ, ഈ തൃതീയയുടെ ഫലം അക്ഷയമാണെന്നു മനസ്സിലാക്കുക. ഇനി അക്ഷയതൃതീയ വ്രത വിധി കേള്‍ക്കുക - സകല രസങ്ങളോടും കൂടിയ അന്നം, ജലകുംഭം, നാനാവിധ ഫലങ്ങള്‍, ഗോക്കള്‍, ഭൂമി, സ്വര്‍ണ്ണം, വസ്ത്രം എന്നിങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും; ഏറ്റവും ഉത്തമമെന്നും തോന്നുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യണം. ഈ തിഥിയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷയം സംഭവിക്കുകയില്ല. അതിനാല്‍ മുനിമാര്‍ ഈ തിഥിയെ അക്ഷയ തൃതീയ എന്ന് പ്രകീര്‍ത്തിക്കുന്നു. (തുടരും) സുകേഷ് പി. ഡി

No comments: