Sunday, June 24, 2018

ധ്യാത്മജീവിതത്തിന്റെ പ്രധാനഭാഗമാണ് ധ്യാനം.  ഇത് എല്ലാവര്‍ക്കുമറിയാം. മിക്ക സാധകന്മാരും അവരവരുടെ രീതിയില്‍ ധ്യാനിക്കാറുമുണ്ട്; എന്നാല്‍ ശരിയായ അധ്യാത്മജീവിതത്തില്‍, മറ്റെല്ലാത്തിനേക്കാളും പ്രധാനമായ ഒന്നല്ല ധ്യാനം. എല്ലാ സാധകന്മാരും ആദ്യം മുതല്‍ക്കുതന്നെ ധ്യാനിക്കാന്‍ തുടങ്ങണമോ എന്നു ചോദിച്ചാല്‍,  ഉത്തരം എപ്പോഴും  അതേ, വേണം എന്നല്ല.
സത്യസാക്ഷാത്കാരത്തിന്, ആത്മാനുഭവത്തിന്, ധ്യാനമാവശ്യമാണ്; എന്നാല്‍ ധ്യാനം  അഭ്യസിക്കുന്നവരെല്ലാം സത്യം സാക്ഷാത്കരിക്കുമോ? തീര്‍ച്ചയായും ഇല്ല. എന്തുകൊണ്ട്? കാരണം, ധ്യാനം സഫലമാവുന്നതിനു മനഃപരിശുദ്ധി ഒഴിച്ചു കൂടാത്തതാണ്. അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു; ഈ പരിശുദ്ധി എങ്ങനെ കൈവരുത്താം? വേണ്ടത്ര പരിശുദ്ധി വന്നശേഷമേ  ധ്യാനം തുടങ്ങാവൂ എന്നുണ്ടോ? അതോ ധ്യാനാഭ്യാസം കൊണ്ടുതന്നെ പരിശുദ്ധി സിദ്ധിക്കുമോ? രണ്ടും ശരിയാണെന്നു പറയണം.
ധ്യാനമഭ്യസിക്കാന്‍ തുടങ്ങുമ്പോള്‍, അത് ആത്മസാക്ഷാത്കാരത്തിനാണെന്നു നിങ്ങള്‍ വിചാരിച്ചേക്കാം; എന്നാല്‍ മനസ്സ് ശുദ്ധമല്ലെങ്കില്‍ ധ്യാനം നിങ്ങളെ ശരിയായ മനഃശമനത്തിലേക്ക് എത്തിക്കില്ല.  പിന്നെ അതെന്തു ചെയ്യും?  എങ്ങനെ മനഃശുദ്ധി കൈവരുത്തും, അല്ലെങ്കില്‍ മനസ്സിന്റെ സൂക്ഷ്മത വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യം സാധിപ്പിക്കും? ഭഗവദ്ഗീതയില്‍ ശ്രീ കൃഷ്ണന്‍ പറയുന്നു: യോഗമാത്മവിശുദ്ധയേ,  അവനവന്റെ  പരിശുദ്ധിയ്ക്കുവേണ്ടി  യോഗം അഭ്യസിക്കുക.
എന്താണ് പരിശുദ്ധി? താന്‍ പരിശുദ്ധനാവുന്നുണ്ടോ ഇല്ലയോ എന്ന് ഒരാള്‍ക്ക് എങ്ങനെ നിശ്ചയിക്കാം?
ഒന്നാമതായി, പരിശുദ്ധിയെന്നുവെച്ചാല്‍  ആഗ്രഹങ്ങള്‍ കുറഞ്ഞ് ഇല്ലാതാവലാണ്. ആഗ്രഹങ്ങള്‍ ഭൗതികവും ലൗകികവും ആവാം; അല്ലെങ്കില്‍, അധ്യാത്മികവും പാരലൗകികവും ആവാം, വേദാന്തത്തില്‍ വൈരാഗ്യത്തെ ഇഹാമുത്രഫല ഭോഗവിരാഗഃ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്; ഈ ലോകത്തും പരലോകത്തുമുള്ള സുഖങ്ങളും കര്‍മഫലങ്ങളും അനുഭവിക്കുന്നതില്‍ ആഗ്രഹമില്ലാതാകുകയെന്നാണ് ഇതിനര്‍ഥം.  അപ്പോള്‍, ലൗകികവും ആധ്യാത്മികവുമായ ആഗ്രഹങ്ങളെല്ലാം തീരെ നീങ്ങണം. ആഗ്രഹങ്ങളില്ലാതാകണമെന്നു തോന്നാത്ത മനസ്സ് പരിശുദ്ധിക്കുവേണ്ടി ശ്രമിക്കുന്നുവെന്നു കരുതിക്കൂടാ.
പരിശുദ്ധിയുടെ രണ്ടാമത്തെ വശം അഹങ്കാരം തേയുന്നതാണ്. പരിശുദ്ധിയുണ്ടാവുന്നതനുസരിച്ച് അഹങ്കാരവും കുറഞ്ഞുവരണം. അവസാനം അഹങ്കാരം നീങ്ങിക്കിട്ടുന്ന അവസ്ഥയുണ്ട്. എന്താണീ അഹങ്കാരം? മറ്റു വസ്തുക്കളില്‍നിന്നും തീരെ ഭിന്നനാണ് താന്‍ എന്ന പ്രബലമായ തോന്നല്‍ തന്നെ. ഞാന്‍ ഇതു ചെയ്യും എന്നത് അഹങ്കാരമാണ്.  ഞാന്‍ ഇതു ചെയ്യില്ല,  അതും അഹങ്കാരം തന്നെ. നിങ്ങള്‍ പറയുന്ന സ്വരത്തില്‍നിന്ന് അതു വ്യക്തമാവും.  ചെയ്തതോ ചെയ്യാനിരിക്കുന്നതോ ആയ ഏതൊരു കര്‍മ്മത്തെക്കുറിച്ചുള്ള കര്‍തൃത്വഭാവവും അഹങ്കാരമാണ്.
മന:ശുദ്ധിയുടെ മൂന്നാമത്തെ ലക്ഷണം എന്റേത്'എന്ന ഭാവം ഇല്ലാതാവലാണ്. ഉടമസ്ഥതയോട്, വസ്തുക്കള്‍ എന്റേതാണ് എന്ന തോന്നലിനോട് ബന്ധപ്പെട്ടു മാത്രമേ മമത്വം ഉണ്ടാവൂ. ആദ്യം ഇതു ലൗകികവസ്തുക്കളെക്കുറിച്ചാവാം, പീന്നീട് ആധ്യാത്മികനേട്ടങ്ങളെക്കുറിച്ചും.  ഇതു ക്രമേണ കുറഞ്ഞ് അവസാനം തീരെ ഇല്ലാതായിത്തീരണം.
ജീവന്മുക്തിക്കു മുമ്പ് ബന്ധനത്തെപ്പറ്റി തോന്നിയിരുന്നതുപോലെ, ജീവന്മുക്തി കൈവരുമ്പോള്‍ മുക്തിയെപ്പറ്റിയും, സ്വാതന്ത്ര്യത്തെപ്പറ്റിയും, ബോധിക്കാന്‍ തുടങ്ങുന്നു.  മുക്തിബോധം കൊണ്ട് ബന്ധനം തീരെ ഇല്ലാതായശേഷം, മുക്തിബോധവും നീങ്ങിപ്പോകുന്നു; അങ്ങനെ ജീവന്മുക്തന്‍ ബന്ധനവും മുക്തിയുമില്ലാത്ത മനോഹരമായ അവസ്ഥയിലെത്തിച്ചേരും. വാസ്തവത്തില്‍ ബന്ധവും മുക്തിയും അദ്ദേഹത്തിനു പ്രധാനമല്ലാതായിത്തീരുന്നു.
ചുറ്റും അനാത്മാവിനെ കാണുന്നതുമൂലം സാധകന്‍ ആദ്യം ആത്മസാക്ഷാത്കാരം ആഗ്രഹിക്കുന്നു; എന്നാല്‍ ആത്മസാക്ഷാത്കാരം സിദ്ധിക്കുന്നതോടെ ആത്മാവില്‍നിന്നു വ്യതിരിക്തമായ ഒന്നും തന്നെയില്ല, അനാത്മാവെന്ന പ്രതീതി തന്നെ അസ്ഥാനത്താണ്, എന്നു വ്യക്തമാവും. അനാത്മാവിനെ ഉപേക്ഷിച്ച് അന്വേഷിക്കേണ്ടതായി ഒരു ആത്മാവില്ലെന്നു ബോധ്യമാവും. അഹങ്കാരം ശമിക്കുന്ന അത്ഭുതകരമായ അവസ്ഥയാണത്. വായ സംസാരിക്കുന്നതും, മനസ്സ് ചിന്തിക്കുന്നതും, ബുദ്ധി അറിയുന്നതുമൊക്കെ അകത്തുള്ള ദ്രഷ്ടാവിനെ മുന്‍നിര്‍ത്തിയാണ്. ദ്രഷ്ടാവിനോടുള്ള ഈ ആശ്രയം തുടര്‍ന്നുപോകും; എന്നാല്‍ അഹങ്കാരമോ അഭിമാനമോ, താനാണ് കാരണമെന്ന ഭാവമോ,  ഉണ്ടാവില്ല.
അങ്ങനെ, ആഗ്രഹങ്ങളില്ലാതാവുക, അഹങ്കാരം നശിക്കുക, മമത്വം ഇല്ലാതാവുക, എന്നിവ പരിശുദ്ധിയോടൊപ്പം ഒരേ കാലത്ത് ഉദിക്കുന്നതാണ്. ധാര്‍മികവും ആധ്യാത്മികവുമായ എല്ലാ അഭ്യാസങ്ങളും പരിശുദ്ധിയുണ്ടാക്കാന്‍വേണ്ടി മാത്രം രൂപപ്പെടുത്തിയവയാണ്. ഈ അഭ്യാസങ്ങളിലൂടെ പരിശുദ്ധി കൈവന്നു കഴിഞ്ഞാല്‍, ധ്യാനത്തില്‍ നിമഗ്നനാവുന്നത് അനായാസവും സഹജവുമായിത്തീരും.
ചിലപ്പോള്‍ പ്രഭാഷണം കേട്ട്, അല്ലെങ്കില്‍ പുസ്തകം വായിച്ച്, ആളുകള്‍ക്കു ധ്യാനമഭ്യസിക്കാന്‍ താത്പര്യമുണ്ടാകാം; എന്നാല്‍, ലൗകിക ചിന്തകളില്‍ അത്യധികം കുടുങ്ങിയിരിക്കുക കാരണം, ആദ്യഘട്ടത്തിലെ ധ്യാനം  അവര്‍ക്കു  ചിത്തശുദ്ധി വരുത്താനാണ് സഹായിക്കുക. മനസ്സ് ശുദ്ധമായി, ലൗകികവസ്തുക്കളെക്കുറിച്ചുള്ള ചിന്തകളൊക്കെ ഒതുങ്ങിക്കിട്ടാന്‍ വളരെ സമയം പിടിച്ചേക്കാം. അപ്പോഴേ അവര്‍ക്കു ശരിക്കും മനസ്സ് നിശ്ചലമായി ധ്യാനമഗ്നതയുണ്ടാവുകയുള്ളൂ.  
ചുരുക്കത്തില്‍, ധ്യാനിക്കുമ്പോള്‍ ധ്യേയവസ്തുവിലാവും ശ്രദ്ധ. ധ്യേയം നീങ്ങി സ്വന്തം മനസ്സിനെക്കുറിച്ചുമാത്രം ബോധവാനായിത്തുടങ്ങുമ്പോള്‍ ധ്യാനം കാര്യക്ഷമമാവുന്നു. ചുരുക്കത്തില്‍, ധ്യാനത്തില്‍ അതിരുകവിഞ്ഞ ആകര്‍ഷണം തോന്നേണ്ടതില്ല. മനസ്സ് ശുദ്ധമായി, ലൗകികാഭിലാഷങ്ങള്‍ ഇല്ലാതായി, അഹങ്കാരം നശിക്കുമ്പോള്‍, ധ്യാനം തന്നത്താന്‍ വന്നുകൊള്ളും.
മനസ്സ് തനിയേ ആത്മാവില്‍ ലയിക്കും.  ധ്യാനനിമഗ്നനാവുന്ന അവസ്ഥയെത്തുടര്‍ന്നു നിങ്ങള്‍ അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങും. എന്താണീ നിമഗ്നത? എന്തിലാണ് ഞാന്‍ നിമഗ്നനാവുന്നത്? മറ്റു സമയങ്ങളില്‍ കിട്ടാത്ത എന്തൊന്നാണ് ഈ അവസ്ഥയില്‍ എനിക്കു ലഭിക്കുന്നത്?'ഇതാണ് മനനം. അവസാനം അതു നിങ്ങളെ ആത്മസാക്ഷാത്കാരത്തിലേക്കു നയിക്കും.
ധ്യാനവും വന്നുപോകുന്ന, ആഗന്തുകമായ, ഒരവസ്ഥയാണ്. മറ്റെല്ലാത്തിനും പോലെ അതിനും ആദിയും അന്തവുമുണ്ട്.  നിത്യസത്യത്തെ സാക്ഷാത്കരിക്കാനാണ് ഉദ്ദേശമെങ്കില്‍, തുടക്കവും അവസാനവുമുള്ള ധ്യാനത്തിനപ്പുറം പോകണം. 'ഞാന്‍ സദാ ആത്മാവാണ്. ഇതറിയുന്നതിനു മുമ്പും ഞാന്‍ ആത്മാവുതന്നെയായിരുന്നു. ഞാന്‍ എന്നും ഇതുതന്നെയായിരിക്കും' എന്ന പരമജ്ഞാനം കൈവരിച്ചേ തീരൂ.  ഈ സാക്ഷാത്കാരം ശാശ്വതമായിരിക്കും.  
ഇതൊരു നിമിഷം കൊണ്ട് സാധിച്ചെന്നുവരില്ല; നീണ്ട കാലം പലതവണ പരിശ്രമിക്കേണ്ടിവന്നേക്കാം; എന്നാല്‍ നിങ്ങള്‍ ആത്മാര്‍ഥതയോടെ യത്‌നിക്കുന്നപക്ഷം, ഈ അന്തിമസാക്ഷാത്കാരം സിദ്ധിച്ചേ തീരൂ.  അതു പിന്നെ ഒരിക്കലും മങ്ങിപ്പോവുകയില്ല; വിട്ടുപി
രിയുകയില്ല.
യം ലബ്ധ്വാ ചാപരം ലാഭം
മന്യതേ നാധികം തതഃ
യസ്മിന്‍  സ്ഥിതോ ന ദുഃഖേന
ഗുരുണാപി വിചാല്യതേ         (ഭഗവദ്ഗീത 6.22)
എന്തു ലഭിച്ചാലാണോ, അതിനു മീതെയൊരു ലാഭമില്ലെന്നു തോന്നുന്നത്, ഏറ്റവും വലിയ ദു:ഖവും ആപത്തും നിങ്ങളെ ഇളക്കി മറിക്കാതിരിക്കുന്നത്, അതാണ്  ദു:ഖസ്പര്‍ശമേശാത്ത ഉത്തുംഗമായ യോഗസ്ഥിതി.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍

No comments: