Friday, June 22, 2018

അക്ഷയ തൃതീയയിലെ ദാനത്തിന്റെ മഹിമഅക്ഷയ തൃതീയയില്‍ അനുഷ്ഠിക്കേണ്ട പുണ്യ കര്‍മ്മങ്ങളില്‍ മുഖ്യമായത് ദാനം നല്‍കലാണ്. അക്ഷ യ തൃതീയയില്‍ അനുഷ്ഠിക്കേണ്ട ദാനങ്ങളെക്കുറിച്ച് വിവിധ പുരാണങ്ങളില്‍ പറയുന്നുണ്ട്. മധുവൈരിയായ ഭഗവാന്റെ പ്രീതിക്കായി അന്നേ ദിനം ദാനം ചെയ്യുന്നവര്‍ക്ക് അക്ഷയ ഫലം ലഭിക്കും എന്ന് സ്‌കന്ദപുരാണം. ബുധനാഴ്ചയോടും രോഹിണി നക്ഷത്രത്തോടും ചേര്‍ന്നു വരുന്ന വൈശാഖമാസത്തിലെ ശുക്ല പക്ഷ തൃതീയയില്‍ ചെയ്യപ്പെടുന്ന ദാനം അക്ഷയമായിരിക്കും. സകല രസങ്ങളോടും കൂടിയ അന്നം, ജലകുംഭം, നാനാവിധ ഫലങ്ങള്‍, ഗോക്കള്‍, ഭൂമി, സ്വര്‍ണ്ണം, വസ്ത്രം എന്നിങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും; ഏറ്റവും ഉത്തമമെന്നും തോന്നുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യണം. ഈ തിഥിയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷയം സംഭവിക്കുകയില്ല. എന്ന് ഭവിഷ്യ പുരാണം. വൈശാഖ ശുക്ലതൃതീയയില്‍ ബ്രാഹ്മണര്‍ക്ക് ഭവിഷ്യപുരാണം ദാനം ചെയ്താല്‍ അശ്വമേധയജ്ഞഫലം ലഭിക്കുമെന്ന് സൗരപുരാണം.യാതൊരുവന്‍ അക്ഷയ തൃതീയയില്‍ ഗംഗാതീരത്തുവെച്ച് ഘൃതധേനു ദാനം ചെയ്യുന്നുവോ അവന്‍ സഹസ്രസൂര്യ•ാര്‍ക്കു സമ തേജസ്വിയും സമ്പൂര്‍ണസൗഭാഗ്യവാനും ആകും. ഹംസഭൂഷിതമായ വിമാനത്തിലേറി അവന്‍ പിതൃക്കളോടൊത്ത് ബ്രഹ്മലോകത്തു ചെല്ലും. അന്ത്യത്തില്‍ മോക്ഷവും ലഭിക്കും എന്ന് നാരദീയ പുരാണം. സ്വര്‍ണ്ണം, അന്നം, വസ്ത്രംഎന്നിവ ദാനം ചെയ്യേണ്ട ദിനമാണ് അക്ഷയ തൃതീയ (എന്നാല്‍ സ്വര്‍ണ്ണം വാങ്ങാന്‍ നല്ല ദിവസം എന്നാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്). നാരദീയ പുരാണത്തിലെ പരാമര്‍ശം കാണുക. അക്ഷയായാം തു യോ ദേവീ സ്വര്‍ണ്ണം ഷോഡശമാസികം ദദാതി ദ്വിജമുഖ്യായ സോളപി ലോകേഷു പൂജ്യതേ അന്നദാനാദ്വിഷ്ണുലോകം ശൈവം വൈ തിലദാനതഃ ബ്രാഹ്മം രത്‌നപ്രദാനേന ഗോഹിരണ്യേന വാസവം ഗാന്ധര്‍വം സ്വര്‍ണവാസോഭിഃ കീര്‍ത്തിം കന്യാപ്രദാനതഃ വിദ്യയാ മുക്തിദം ജ്ഞാനം പ്രാപ്യ യായന്നിരഞ്ജനം (നാരദീയമഹാപുരാണം ഉത്തരഭാഗം 41: 63-66) അക്ഷയ തൃതീയയില്‍ ബ്രാഹ്മണര്‍ക്കു സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍ ലോകപൂജിതനായിത്തീരും. അന്നദാനം ചെയ്താല്‍ വിഷ്ണു ലോകവും തിലദാനത്താല്‍ ശിവലോകവും രത്‌നദാനത്താല്‍ ബ്രഹ്മലോകവും പശുക്കളും സ്വര്‍ണ്ണവും ദാനം ചെയ്താല്‍ ഇന്ദ്രലോകവും സ്വര്‍ണസഹിതമുള്ള വസ്ത്രദാനത്താല്‍ ഗന്ധര്‍വലോകവുംകന്യാദാനത്താല്‍ കീര്‍ത്തിയും ലഭിക്കും. വിദ്യാദാനത്താല്‍ മോക്ഷദായകമായ ജ്ഞാനം നേടി നിരഞ്ജനബ്രഹ്മത്തെ പ്രാപിക്കും. അക്ഷയതൃതീയ നാളില്‍ ദേവന്മാരേയോ പിതൃക്കളേയോ, മുനിമാരെയോ ഉദ്ദേശിച്ച് ചെയ്യപ്പെടുന്ന ദാനതര്‍പ്പണാദികള്‍ അക്ഷയഫലം നല്‍കുമെന്ന് സ്‌കന്ദമഹാപുരാണം സൂചിപ്പിക്കുന്നു. പദ്മ പുരാണത്തിലേയും, മത്‌സ്യ പുരാണത്തിലേയും, ബ്രഹ്മ പുരാണത്തിലേയും പരാമര്‍ശങ്ങള്‍ മുന്‍പ് നല്‍കിയിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. അക്ഷയതൃതീയയിലെ ദാനത്തിന്റെ വൈശിഷ്ട്യത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് ശങ്കരാചാര്യസ്വാമികളുമായി ബന്ധപ്പെട്ട ''സ്വര്‍ണ്ണനെല്ലിക്ക'' ഐതിഹ്യവും. ബാലബ്രഹ്മചാരിയായ ശങ്കരന്‍ ഒരിക്കല്‍ അക്ഷയതൃതീയ നാളില്‍ കുന്നത്തുനാട്ടിലുള്ള പുന്നോര്‍ക്കോട് ഒരു ബ്രാഹ്മണഗൃഹത്തില്‍ ഭിക്ഷയാചിച്ചുചെന്നു. പഴമയുടെ പ്രൗഢിയുണ്ടെങ്കിലും സാമ്പത്തികനിലതികച്ചും പരിതാപകരമായ അവസ്ഥയിലായിരുന്നു ആ ഇല്ലം. ഒരു അന്തര്‍ജ്ജനം മാത്രമേ അവിടെ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ. ഭിക്ഷയാചിച്ച് അതിതേജ്വസിയായ ഒരു ബാലന്‍ ഇല്ലത്ത് വന്നുചേര്‍ന്നതുകണ്ട് അന്തര്‍ജ്ജനം വിഷാദമഗ്നയായി. ഭിക്ഷയാചിച്ച് വരുന്നവരെ പ്രത്യേകിച്ച് ബ്രഹ്മചാരികളെ വെറുംകയ്യോടെ മടക്കി അയക്കുന്ന പതിവ് ഈ മനയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭിക്ഷ നല്‍കുവാന്‍ ഒരു മണി അരിയോ പണമോ അവിടെ ഉണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ ആ സാധുസ്ത്രീ ബാലനോട് പറഞ്ഞു: 'കുഞ്ഞേ, ഇവിടെ ഭിക്ഷ തരുവാന്‍ തക്കതായി യാതൊന്നും ഇരുപ്പില്ല. ദയവായി ക്ഷമിക്കുക.' അന്തര്‍ജ്ജനത്തിന്റെ നിസ്സഹായാവസ്ഥ കണ്ട ശങ്കരന്‍ പറഞ്ഞു: ''അമ്മേ അവിടുന്ന് അകത്തുപോയി നോക്കുക. എന്തെങ്കിലും ഒന്ന് എനിക്കു തരാനായി ഉണ്ടാകും.''അന്തര്‍ജ്ജനം ഇല്ലത്തിനകത്തേക്കു പോവുകയും എല്ലായിടവും പരതുകയും ചെയ്തു. ഒടുവില്‍ ഒരു ചെറിയനെല്ലിക്ക ലഭിച്ചു. മനസ്സില്ലാമനസ്സോടെ; അല്പം നിരാശയോടെ അവര്‍ അതുമായി ശങ്കരനു മുന്നിലെത്തി. ''ഈ നെല്ലിക്ക മാത്രമാണ് ഗൃഹത്തില്‍ അവശേഷിക്കുന്നത്. ഇത് സ്വീകരിച്ചാലും.'' എന്ന് പറഞ്ഞ് അവര്‍ ആ നെല്ലിക്ക ശങ്കരന്റെ ഭിക്ഷാപാത്രത്തില്‍ സമര്‍പ്പിച്ചു. അന്തര്‍ജ്ജനത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ശങ്കരാചാര്യര്‍ ആ നെല്ലിക്ക സ്വീകരിക്കുകയും മഹാലക്ഷ്മിയെ സ്തുതിച്ച് കനകധാരാസ്തവം രചിച്ചു ചൊല്ലുകയും ചെയ്തു. തനിക്ക് ഭിക്ഷ നല്‍കിയ അന്തര്‍ജ്ജനത്തിന്റെ ദാരിദ്ര്യം മാറുവാന്‍ ലക്ഷ്മീദേവി പ്രസാദിക്കണമെന്ന് ശങ്കരന് അറിയാമായിരുന്നു. ശങ്കരന്റെ സ്തുതിയില്‍ സംപ്രീതയായ മഹാലക്ഷ്മി ആകാശത്തു നിന്ന് സ്വര്‍ണ്ണനെല്ലിക്കകള്‍ വര്‍ഷിച്ചു. ദേവീ കടാക്ഷത്തില്‍ നിന്നും പൊഴിഞ്ഞ ആ സ്വര്‍ണ്ണ നെല്ലിക്കകള്‍ ശങ്കരന്‍ അന്തര്‍ജ്ജനത്തിനു സമര്‍പ്പിച്ചു. ഇല്ലത്തെ ദാരിദ്ര്യം മാറുകയും പില്‍ക്കാലത്ത് സമ്പല്‍സമൃദ്ധിയോടെ ''സ്വര്‍ണ്ണത്തുമന'' എന്ന് അവിടം അറിയപ്പെടുകയും ചെയ്തു. പിന്നീട് ഒരിക്കലും ആ മനയില്‍ ദാരിദ്ര്യം ഉണ്ടായിട്ടില്ല എന്നാണറിവ്.അക്ഷയ തൃതീയയില്‍ പൂര്‍ണ്ണ മനസ്സോടെ സല്‍പാത്രത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഉത്തമ ദാനത്തിനു അക്ഷയമായ ഫലം ലഭിക്കുക തന്നെ ചെയ്യും. ശങ്കരാചാര്യ സ്വാമികളുമായി ബന്ധപ്പെട്ട ഈ ഐതിഹ്യം അക്ഷയ തൃതീയയിലെ ദാനത്തിന്റെ മഹിമയ്ക്ക് നിദര്‍ശനമാണ്. അക്ഷയ തൃതീയയുടെ മഹത്വത്തെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം.പുരാണ പരാമര്‍ശങ്ങളെല്ലാം അക്ഷയ തൃതീയയിലെ ദാനത്തിന്റെ മാഹാത്മ്യമാണു വര്‍ണ്ണിക്കുന്നത്. അേന്ന ദിവസം തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട വസ്തുക്കള്‍ വാങ്ങിക്കൂട്ടുവാനല്ല തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവ ദാനം ചെയ്യാനാണ് പുരാണങ്ങള്‍ ഉപദേശിക്കുന്നത്. അക്ഷയതൃതീയാ പുണ്യം നേടുവാന്‍ ആഗ്രഹിക്കുന്നവരേ, സ്വര്‍ണ്ണാഭരണങ്ങള്‍ക്കു പുറകേ പായാതെ ചുറ്റുമൊന്നു കണ്ണോടിക്കൂ. അവശരും ആര്‍ത്തരുമായ നിങ്ങളുടെ സഹോദരങ്ങളെ കാണൂ. അവര്‍ക്കായി തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കൂ. മാനവസേവയാണു മാധവസേവ. മാധവമാസത്തിലാകുമ്പോള്‍ അതു കൂടുതല്‍ സാര്‍ത്ഥകമാകുന്നു. 'ദാനം ചെയ്യൂ. അക്ഷയ പുണ്യം നേടൂ' എന്നാവട്ടെ ഇനിയുള്ള പ്രചാരണങ്ങള്‍. ..janmabhumi

No comments: