Sunday, June 24, 2018

വിരസത അനുഭവിക്കാത്തവര്‍ ഇന്നു വളരെ ചുരുക്കമായിരിക്കും. കൊച്ചുകുട്ടികളെയും യുവാക്കളേയും വൃദ്ധന്മാരെയുമൊക്കെ ഒരുപോലെ വിരസത അലട്ടുന്നുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോള്‍ മാത്രമല്ല സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൂടെ ഇരിക്കുമ്പോള്‍ പോലും നമ്മള്‍ വിരസത അനുഭവിക്കുന്നു. ഒന്നും ചെയ്യാതിരിക്കുമ്പോള്‍ മാത്രമല്ല ഒരേ ജോലി തന്നെ തുടരുമ്പോഴും  വിരസത നമ്മളെ വേട്ടയാടുന്നു. 
ഫോണ്‍ വിളിച്ച് ആളെ കാത്തിരിക്കുമ്പോള്‍ കേള്‍ക്കുന്ന സംഗീതം നമുക്കു വിരസത ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്.  അത്രയും സമയം പോലും സ്വസ്ഥമായിരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അപ്പോഴേക്കും അസ്വസ്ഥതയും മടുപ്പും അനുഭവപ്പെടുന്നു. ഇതുകൊണ്ടാണ് ഫോണ്‍ബൂത്തില്‍ വച്ചിരിക്കുന്ന നോട്ടുബുക്കിലും മേശപ്പുറത്തും മറ്റും ജനങ്ങള്‍ പലതും കുത്തിക്കുറിച്ചു വച്ചിരിക്കുന്നതായി നാം കാണുന്നത്.
ഈ ലോകത്തിലെ ഏതു വസ്തുവായാലും ശരി അധികകാലം സന്തോഷം തരാന്‍ അതിനാവില്ല. ഏറ്റവും രുചിയുള്ള ഭക്ഷണമായാലും ഏറ്റവും നല്ല സംഗീതമായാലും, ജോലിയായാലും കുറച്ചു കഴിയുമ്പോള്‍ മടുക്കും. അതിന്റെ പുതുമ നഷ്ടപ്പെട്ട് നമുക്കു വിരസത അനുഭവപ്പെടുന്നു. 
 ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരാള്‍ക്ക് ലോകസുന്ദരിയോട് വളരെ ആകര്‍ഷണം തോന്നി. അവളെ വിവാഹം കഴിക്കുവാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചു. അങ്ങനെയിരിക്കെ അവളെ നേരില്‍ കാണാനും പരിചയപ്പെടാനും അയാള്‍ക്ക് അവസരം ലഭിച്ചു. പരിചയം വളര്‍ന്ന് സ്‌നേഹമായി. ഒടുവില്‍ അയാള്‍ അവളെ വിവാഹം കഴിച്ചു. ആദ്യമാദ്യം എന്തു ചെയ്യുമ്പോഴും അവളെക്കുറിച്ചു തന്നെ ചിന്തിച്ചു കൊണ്ടിരിന്നു. അത് അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കിയിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും സ്ഥിതിയാകെ മാറി. അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അയാള്‍ തെറ്റുകള്‍ കാണാന്‍ തുടങ്ങി. ക്രമേണ അയാള്‍ക്ക് അവളോടുള്ള ആകര്‍ഷണം കുറഞ്ഞുവന്നു. അവളുടെ സാമീപ്യം തന്നെ അയാള്‍ക്ക് അരോചകമായി മാറി. ഒടുവില്‍ അവര്‍ വിവാഹമോചനം നടത്തി. ഇതാണ് ലോകത്തിന്റെ സ്ഥിതി. വിശ്വസുന്ദരിയായാലും വിശ്വസുന്ദരനായാലും ശരി പുതുമ നശിച്ചാല്‍, നമുക്കു തുടക്കത്തില്‍ അവരുടെ സാമീപ്യത്തില്‍ ലഭിച്ചിരുന്ന ഉന്മേഷവും ആനന്ദവും കുറഞ്ഞുവരും, അവസാനം മടുപ്പാവുകയും ചെയ്യും. 
ഏതൊരു വസ്തുവിനും പുതുമ ഉള്ളതായി നമുക്ക് അനുഭവപ്പെടുന്നത് നമുക്ക് അതിനോടു പ്രിയം അല്ലങ്കില്‍ സ്‌നേഹമുള്ളതുകൊണ്ടാണ്. ലാഭനഷ്ടചിന്തയില്ലാതെ ഏതിനേയും സ്‌നേഹിക്കാന്‍ ശീലിച്ചാല്‍ ഏതു വസ്തുവിലും നമുക്ക് ആനന്ദം കണ്ടെത്താന്‍ കഴിയും.
വിരസതയെ അതിജീവിക്കാനായി പലരും ചെയ്യുന്നത് അതിനെ നേരിടുന്നതിനു പകരം അതില്‍ നിന്നു  ഒളിച്ചോടുകയാണ്.  അതായത് മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില്‍ അഭയം പ്രാപിക്കുന്നു. എന്നാല്‍ അവ ശരീരത്തിന്റെയും മനസ്സിന്റേയും ആരോഗ്യം തകര്‍ക്കുന്നുവെന്നു മാത്രമല്ല, ലഹരിയുടെ സ്വാധീനം തീരുമ്പോള്‍ വിരസത പൂര്‍വ്വാധികം ശക്തിയോടെ നമ്മെ പിടികൂടുകയും ചെയ്യുന്നു. മറ്റു ചിലര്‍ വിരസതയെ നേരിടാന്‍ ശ്രമിക്കുന്നത് രസകരമായ എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഇവിടെയും ഒരു പ്രശ്‌നമുണ്ട്. അതെപ്പോഴും പ്രാവര്‍ത്തികമാകണമെന്നില്ല. ഉദാഹരണത്തിന്, ഒഴിവു സമയത്ത് ബോറടി മാറ്റാനായി കടല്‍ത്തീരത്തോ പിക്‌നിക്കിനോ പോകുന്ന വഴി ട്രാഫിക്കില്‍ കുടുങ്ങി അവിടെയും വിരസത അനുഭവിച്ചെന്നു വരാം. അങ്ങനെ വിരസതയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ അതില്‍ത്തന്നെ ചെന്നുപെടുന്നു.
ലോകത്തിലെ ഒരു വസ്തുവിലും മനസ്സിന് അധികനേരം രസം കണ്ടെത്താനാവില്ല എന്ന സത്യം നമ്മള്‍ ആദ്യം തിരിച്ചറിയണം. എല്ലാ രസത്തിന്റെയും സ്രോതസ്സ് നമ്മുടെ ഉള്ളില്‍ തന്നെയാണ്.  ഏതു ബാഹ്യവസ്തുവിനെ നമ്മള്‍ ആസ്വദിക്കുമ്പോഴും സത്യത്തില്‍ നമ്മുടെ ഉള്ളില്‍ തന്നെയുള്ള ആനന്ദത്തെയാണ് അനുഭവിക്കുന്നത്. പട്ടി എല്ലിന്‍ കഷ്ണത്തില്‍ കടിച്ച് ആസ്വദിക്കും. എന്നാല്‍  സ്വന്തം മോണ കീറിവരുന്ന രക്തമാണ് താന്‍ ആസ്വദിച്ചത് എന്നു തിരിച്ചറിയുന്നില്ല.  ബാഹ്യമായ ഒരു വസ്തുവിനെയും ആശ്രയിക്കാതെ നമ്മുടെ ഉള്ളിലുള്ള ആ രസത്തെ കണ്ടെത്താനും ഉണര്‍ത്താനും നമ്മള്‍ ശീലിക്കണം. അതിനു സാധിച്ചാല്‍ ഏതു കാര്യം ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും മനസ്സിന്റെ ഉന്മേഷവും ആനന്ദവും നിലനിര്‍ത്താന്‍ നമുക്കു കഴിയും. രാഗദ്വേഷങ്ങള്‍ ഇല്ലാത്ത ശാന്തവും ഏകാഗ്രവുമായ മനസ്സില്‍ എപ്പോഴും ആനന്ദമുണ്ടാകും.
വിരസത മാറ്റാനുള്ള മരുന്ന്, തന്നില്‍ തന്നെ മനസ്സിനെ നിര്‍ത്താനുള്ള കഴിവുനേടുക അല്ലങ്കില്‍ ഏതിനേയും നിഷ്‌കാമമായി സ്‌നേഹിക്കാനുള്ള മനസ്സു വളര്‍ത്തിയെടുക്കുക എന്നതാണ്. ആ കഴിവ് ആര്‍ക്കുണ്ടായാലും അവര്‍ തീര്‍ച്ചയായും വിരസതയെ മറികടക്കും. അവര്‍ എന്നും സന്തോഷവാന്മാര്‍ ആയിരിക്കും.
 മാതാ അമൃതാനന്ദമയി

No comments: