Wednesday, June 27, 2018

പരീക്ഷണങ്ങളുടെ തീച്ചൂളയില്‍കൂടി ഭക്തനു ചിലപ്പോള്‍ കടന്നുപോകേണ്ടി വന്നേക്കാം. എന്നാല്‍ അത്തരം പരീക്ഷണങ്ങള്‍ ഭക്തനെ പരിക്ഷീണനാക്കുന്നില്ല. സന്ത് തുക്കാറാമിന്റെ അഭംഗുകളില്‍ വേദാര്‍ത്ഥങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. അന്നത്തെ ബ്രാഹ്മണരില്‍ ചിലര്‍ അതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. അവരുടെ പ്രേരണയാലായിരിക്കണം തുക്കാറാമിനെ പരസ്യമായി അപമാനിക്കാന്‍തന്നെ ഒരു വിഭാഗം ജനങ്ങള്‍ തയ്യാറായി. ''മഹാരാജ്,അങ്ങേക്ക് രാജോചിതമായ ഒരു സ്വീകരണം നല്‍കുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.'' അവര്‍ പറഞ്ഞു. തുക്കാറാമിനു സംഗതി മനസ്സിലായി. ഈശ്വരേച്ഛക്കു വഴങ്ങിക്കൊണ്ട് ആ ഭക്തോത്തമന്‍ അതിനെ അനുകൂലിച്ചു. ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ചിലര്‍ വന്ന് തുക്കറാമിന്റെ മുഖമാസകലം കരി പുരട്ടി.
ചിലര്‍ പഴയ ചെരുപ്പുകള്‍കൊണ്ട് കോര്‍ത്ത മാല അദ്ദേഹത്തെ അണിയിച്ചു. പിന്നെ ഒരു കഴുതയുടെ പുറത്ത് പൃഷ്ഠഭാഗത്തേക്കഭിമുഖമായി തുക്കാറാമിനെ ഇരുത്തി. ജനങ്ങളുടെ ഹര്‍ഷാരവങ്ങളില്‍ തുക്കാറാമും പങ്കുകൊണ്ടു. ഘോഷയാത്ര നീങ്ങാന്‍ തുടങ്ങിയപ്പോള്‍ തുക്കാറാം ജനങ്ങളോടു പറഞ്ഞു. ''എനിക്ക് ഒരാഗ്രഹമുണ്ട്. പാവങ്ങളായതുകൊണ്ട് ഞങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് ഘോഷയാത്രയൊന്നും സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് എന്റെ ഭാര്യ ഈ ഘോഷയാത്രയെങ്കിലും കാണട്ടെ. എന്റെ വീടിന്റെ മുന്നില്‍കൂടി ഈ ഘോഷയാത്ര കടന്നുപോയാല്‍ കൊള്ളാം. ഇതാണെന്റെ ആഗ്രഹം.'' ജനങ്ങള്‍ സമ്മതിച്ചു. ഘോഷയാത്ര നീങ്ങിത്തുടങ്ങി. കുറേ ദൂരം സഞ്ചരിച്ചപ്പോള്‍ അതാ വരുന്നു ശിവജി മഹാരാജിന്റെ ഗുരുവായ സമര്‍ത്ഥരാമദാസ്. ബഹുമാനാര്‍ത്ഥം ഘോഷയാത്ര നിന്നു. ''എന്താണീ് ഘോഷയാത്ര..'' രാമദാസ് ആരാഞ്ഞു. ''തുക്കാറാമിന്റെ ബഹുമാനാര്‍ത്ഥം'' ജനങ്ങളില്‍ ആരോ പറഞ്ഞു. അടുത്തു ചെന്നു നോക്കിയപ്പോഴാണ് വിഠോബയുടെ  ഏറ്റവും വലിയ ഭക്തനായ തുക്കാറാമാണ് കഴുതയുടെ പുറത്തിരിക്കുന്നതെന്നു രാജഗുരുവിനു മനസ്സിലായത്.
ഇത്ര ഘോരമായ അപമാനത്തിനിടയിലും നിര്‍വികാരനായി വിരാജിക്കുന്ന തുക്കാറാമിനെ അദ്ദേഹം പ്രണമിച്ചു. ജനങ്ങള്‍ സ്തബ്ധരായി. ''അഹോ കഷ്ടം,എത്രഘോരമായ പാപമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? ആ ഇരിക്കുന്നത് നിര്‍വികാരപരബ്രഹ്മസ്വരൂപമാണ്. ആ മഹാത്മാവിനെയാണല്ലോ നിങ്ങള്‍ ഇങ്ങിനെ നിന്ദിക്കുന്നത്.'' ജനങ്ങള്‍ തെറ്റു മനസ്സിലാക്കി രാജഗഗുരുവിനോട് ക്ഷമ ചോദിച്ചു. രാജഗുരു പറഞ്ഞു,''എന്നോട് ക്ഷമ ചോദിച്ചിട്ടു കാര്യമില്ല.ആ മഹാത്മാവിനോട്തന്നെ ക്ഷമ യാചിക്കുക.
'' ജനക്കൂട്ടം തുക്കാറാമിനെ നമസ്‌കരിച്ചു ക്ഷമ ചോദിച്ചു. ചിരിച്ചുകൊണ്ട് തുക്കാറാം പറഞ്ഞു,''ഇതൊരു ഉത്സവമല്ലേ. നിങ്ങള്‍ക്കെല്ലാം ആനന്ദത്തിന് വഴിയൊരുക്കിയതില്‍ എനിക്കു ചാരിതാര്‍ഥ്യമേയുള്ളു.''വിഠോബാ നാമാവലികൊï് അന്തരീക്ഷം മുഖരിതമായി. ഇതാണ് ഭക്തന്റെ ചിത്രം. ഭക്തന് ആരോടും വിദ്വേഷമില്ല. ആരോടും പരാതിയില്ല സ്തുതിനിന്ദകളില്‍ സമഭാവം പുലര്‍ത്തുന്ന ഭക്തന്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന ദേവനാണ്.   
janmabhumi

No comments: