Friday, June 22, 2018

സാംഖ്യസിദ്ധാന്തത്തിന്റെ ഉറവിടവും ജനനപ്രക്രിയയില്‍ സ്ത്രീ-പുരുഷന്മാരുടെ പങ്കാളിത്തത്തെക്കുറിച്ച് പ്രാചീനര്‍ക്കുണ്ടായിരുന്ന അറിവില്‍ നിന്നാണ് എന്ന് പണ്ഡിതന്മാര്‍ കരുതുന്നു. പുരുഷന്റെ പങ്ക് പ്രായേണ അവ്യക്തമായതിനാല്‍ സാംഖ്യസിദ്ധാന്തത്തിലും, ശാക്തസമ്പ്രദായത്തില്‍ ശക്തിക്കെന്നപോലെ, പ്രകൃതിക്കാണ് പ്രാ
ധാന്യം കല്‍പ്പിച്ചിരിക്കുന്നത്. ആ സിദ്ധാന്തപ്രകാരം പുരുഷന്റെ കേവലസാന്നിധ്യത്തില്‍ പ്രകൃതി പ്രപഞ്ചമായി പരിണമിക്കുകയാണ്. 
ഈ സാംഖ്യസിദ്ധാന്തത്തെ പിന്നീട് വൈദികചിന്തകര്‍ ഉള്‍ക്കൊള്ളുകയും സേശ്വരസാംഖ്യം എന്ന നിലയ്ക്ക് പുനരാവിഷ്‌കരിക്കുകയും ചെയ്തു. വൈദികഷഡ്ദര്‍ശനങ്ങളിലെ സാംഖ്യം ഇതാണ്. ഈ ആറു ദര്‍ശനങ്ങളിലെ പാതഞ്ജലയോഗവും ഇത്തരത്തില്‍ നാഥസമ്പ്രദായത്തിന്റെ അവിഭാജ്യഘടകമായ ഹഠയോഗത്തിന്റെ ഒരു വിദൂരപ്പതിപ്പു മാത്രമാണ് എന്നു സൂക്ഷ്മവിശകലനത്തില്‍ വ്യക്തമാകും. ഈ വിഷയം നമുക്ക് വൈദികഷഡ്ദര്‍ശനങ്ങളെക്കുറിച്ചു പഠിക്കുമ്പോള്‍ വിശദമാക്കാം.
  കാലക്രമത്തില്‍ പുരുഷന്റെ പങ്കിനെക്കുറിച്ചു കൂടുതല്‍ അറിഞ്ഞപ്പോള്‍ കാശ്മീരത്തിലെ പ്രത്യഭിജ്ഞാദര്‍ശനമുള്‍പ്പടെയുള്ള ശൈവസമ്പ്രദായങ്ങളില്‍ ഇന്നു കാണുന്ന തരത്തില്‍ ശിവനു കൂടുതല്‍ പ്രാ
ധാന്യം കൈവന്നു. വൈദികസമ്പ്രദായത്തിലും പുരുഷനു തന്നെയാണ് മുന്‍തൂക്കം. തന്ത്രത്തിലാകട്ടെ ശിവനും ശക്തിക്കും തുല്യപ്രാധാന്യം നല്‍കിയിരിക്കുന്നു. ശക്തി ഇല്ലെങ്കില്‍ ശിവനില്ല; ശിവനില്ലെങ്കില്‍ ശക്തിയുമില്ല എന്ന നിലയ്ക്കുള്ള അവിനാഭാവസംബന്ധം ആണ് അതില്‍ ശിവനും ശക്തിക്കും കല്‍പ്പിച്ചിരിക്കുന്നത്. അര്‍ദ്ധനാരീശ്വരസങ്കല്‍പ്പം ഇവിടെ ഓര്‍ക്കാം.
വന, ഗ്രാമതലങ്ങളിലെ, പല പ്രദേശങ്ങളിലായി, നിരവധി ഗോത്രങ്ങളിലായി, പല തരത്തിലുള്ള അമ്മദൈവാരാധന ഭാരതത്തില്‍ നിലനിന്നു പോന്നിരുന്നു. തലമുറകളായി തുടര്‍ന്ന, വൈവിധ്യമാര്‍ന്ന, ആ ആചാരാനുഷ്ഠാനങ്ങളും ദേവതാസങ്കല്‍പ്പങ്ങളും ക്രമേണ സ്വാംശീകരിക്കപ്പെട്ട,് ഇഴപി
രിക്കാനാവാത്ത വിധം, ശാക്തസമ്പ്രദായത്തിന്റെ ഭാഗമായിത്തീര്‍ന്നു. തന്ത്രഗ്രന്ഥങ്ങളില്‍, പ്രത്യേകിച്ച് യാമള, ഡാമരാദികളില്‍, ഈ അലിഞ്ഞുചേരലിന്റെ തെളിവുകള്‍ വേണ്ടത്ര കാണാം.
ഉദാഹരണത്തിന് ജയദ്രഥയാമളത്തിലെ ദേവതാനാമങ്ങള്‍ കാണുക- കാളികാ, സങ്കര്‍ഷിണീ, കാലസങ്കര്‍ഷിണീ, ചര്‍ച്ചികാ, ഡാമരകാളീ, ഗ്രഹണേശ്വരീ, ഏകതാരാ, ശവശാബരീ, ഇന്ദീവരകാളികാ, ധനദാകാളികാ, രമണീകാളികാ, ഈശാനകാളികാ, വജ്രവതീ, രക്ഷാകാളീ, മന്ത്രമാതാ, ജീവകാളീ, സപ്താക്ഷരാ, ഋക്ഷകര്‍ണ്ണീ, ഭൈരവഡാകിനീ, കാലാന്തകീ, വീര്യകാളീ, പ്രജ്ഞാകാളീ, സപ്താര്‍ണ്ണകാളീ, സിദ്ധിലക്ഷ്മീ തുടങ്ങിയവ. സമ്മോഹനതന്ത്രത്തിലും ഇതുപോലെ നൂറോളം ദേവിമാരുടെ പട്ടിക കാണാം.
 13-14 നൂറ്റാണ്ടുകളായപ്പൊഴേക്കും ഇത്തരത്തില്‍ നിരവധി ദേവതകള്‍ സ്വീകരിക്കപ്പെടുകയോ പുതുതായി കല്‍പ്പിക്കപ്പെടുകയോ ചെയ്തു എന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇവയില്‍ പലതും പ്രാദേശികമായി ആരാധിച്ചു വന്നവയാണെങ്കിലും പില്‍ക്കാലത്ത് സംസ്‌കൃതനാമങ്ങളാല്‍ അറിയപ്പെടുന്നവയായി. മഹാകാലസംഹിതയില്‍ തമിഴകത്തെ പ്രധാന നാടന്‍ ദേവതയായ മാരിയമ്മന്റെ സംസ്‌കൃതഭാഷാമന്ത്രം കൊടുത്തിരിക്കുന്നതു കാണാം. ആ മന്ത്രത്തില്‍ മാരി എന്ന പേരും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മന്ത്രശാസ്ത്രവും വളര്‍ന്നുവന്നപ്പോള്‍ മിക്കവാറും എല്ലാ ദേവതകള്‍ക്കും പ്രാദേശികഭാഷയിലും സംസ്‌കൃതത്തിലും മന്ത്രങ്ങള്‍ നല്‍കപ്പെട്ടു. ശിശുരൂപത്തിലുള്ള ഗണപതിയ്ക്ക് ചെങ്കണപതിമന്ത്രം എന്ന പേരില്‍ ഒരു മലയാളഭാഷാമന്ത്രം കാണപ്പെടുന്നു.
 ഈ മാതൃദേവതാരാധനയില്‍ ലോകത്തെല്ലായിടത്തും തന്നെ ഭൂമി ഒരു പ്രധാനദേവതയായിരുന്നു. ദി ഇന്‍ഡ്യന്‍ മദര്‍ ഗോഡസ്സ് എന്ന പുസ്തകത്തില്‍ എന്‍. എന്‍. ഭട്ടാചാര്യ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കാണപ്പെടുന്ന, കാര്‍ഷികവിളവ്, പ്രജനനം എന്നിവയുമായി ഭൂമിയെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള, ഇത്തരം ആരാധനകളെ വര്‍ണ്ണിക്കുന്നുണ്ട്. കൃഷി പ്രധാന ഉപജീവനമാര്‍ഗമായി സ്വീകരിച്ച യൂറോപ്പിലെ ജര്‍മാനിക് പ്രവിശ്യകളിലെ ജനത, പെറൂവിയക്കാര്‍, ഇന്‍ഡൊനേഷ്യക്കാര്‍, ജാവക്കാര്‍, റോമക്കാര്‍, ട്യൂട്ടോണിയന്‍ ജനത, കെല്‍റ്റുകള്‍, ബ്രിട്ടൂഷുകാര്‍, ഫിന്നുകള്‍, അര്‍മേനിയയിലെ പ്രാ
ചീനവംശജര്‍, അമേരിക്കന്‍ ഇന്‍ഡ്യന്‍ ഗോത്രക്കാര്‍, ബാബിലോണിയക്കാര്‍, കരീബിയന്‍ ജനത, ആഫ്രിക്കന്‍ ഗോത്രക്കാര്‍, ചൈനക്കാര്‍, ജപ്പാന്‍കാര്‍ തുടങ്ങിയവരുടെ ഭൂമികേന്ദ്രിതമായ അമ്മദൈവാരാധനയെ ഭട്ടാചാര്യ വിവരിക്കുന്നു. 
  പ്രാകൃത കാര്‍ഷികഗോത്രങ്ങളിലെല്ലാം തന്നെ ഭൂമാതാവിനെ മൃഗബലിയും മാന്ത്രികച്ചടങ്ങുകളും കൊണ്ട് പ്രീതിപ്പെടുത്തിയിരുന്നതായി ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. ഭാരതത്തിലും വിളവിറക്കലും എടുക്കലുമായി ബന്ധപ്പെട്ട് ഇതു പരക്കെ പണ്ടുമുതലേ നടത്തിവന്നിരുന്നു. ഉത്തരേന്ത്യയിലാകമാനം ഭൂമിയെ പരിശുദ്ധമായി കരുതിപ്പോന്നിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഭൂമിക്ക് അല്‍ഭുതശക്തികളും ഔഷധഗുണവും ഉള്ളതായും കരുതി വന്നിരുന്നു.       
ഭാരതത്തില്‍ ദേവീസങ്കല്‍പ്പങ്ങളെല്ലാം തന്നെ കാര്‍ഷികവിളവും പ്രജനനവുമായി ബന്ധപ്പെട്ടവ ആണെന്ന് ആണ് അദ്ദേഹത്തിന്റെ നിഗമനം. രാജസ്ഥാനില്‍ ഗൗരി അഥവാ ഈശാനി എന്ന ദേവത ഇത്തരത്തില്‍ ആരാധിക്കപ്പെടുന്നു. മുളയിടല്‍ എന്ന ചടങ്ങ് തമിഴകത്തെന്ന പോലെ   വടക്കുപടിഞ്ഞാറന്‍ ഹിമാലയഭാഗങ്ങളിലുള്ളവര്‍, മുണ്ഡാ- ഒറാഓണ്‍ ഗോത്രങ്ങള്‍, ബോംബേ ഭാഗത്തെ പണ്ഡര്‍പൂര്‍ മുതലായ പ്രദേശങ്ങളിലുള്ളവര്‍, ഉത്തര-മധ്യ- പടിഞ്ഞാറു ഭാഗത്തെ പല ഗോത്രക്കാര്‍, ബംഗാള്‍, കാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ജനത എന്നിവര്‍ മാതൃദേവതാരാധനയുമായി ബന്ധപ്പെട്ട് വിശിഷ്യാ, നവരാത്രികാലങ്ങളില്‍ ആചരിച്ചുവരുന്നതായും ഭട്ടാചാര്യ തുടര്‍ന്നു വിവരിക്കുന്നു.
 ഈ മാതൃദേവതയെ സന്തതികളെ സംരക്ഷിക്കുന്നവളായും മൃഗസസ്യജാലങ്ങളെ രക്ഷിക്കുന്നവളായും ഗ്രാമ-പുര-ഗോത്രരക്ഷകിയായും മറ്റും വിവിധഗോത്രങ്ങളില്‍ ആരാധിക്കപ്പെട്ടുപോന്നു. പര്‍വതങ്ങള്‍, തടാകങ്ങള്‍, പുഴകള്‍ എന്നിവകളുടെ സംരക്ഷകിയായും അമ്മദൈവത്തെ കല്‍പ്പിച്ചുപോന്നിരുന്നു. മഹാഭാരതം, ബൗദ്ധസാഹിത്യം, പുരാണങ്ങള്‍ എന്നിവയില്‍ ഇതിനു തെളിവുകള്‍ കാണാം. രോഗവുമായി ബന്ധപ്പെട്ടും മാതൃദേവതാരാധന നടപ്പില്‍ വന്നു. ഉത്തരഭാരതത്തിലെ ശീതളാദേവി, തമിഴകത്തെ മാരി അമ്മന്‍ മുതലായ സങ്കല്‍പ്പങ്ങള്‍ ഇത്തരത്തിലുള്ളവയാണല്ലോ. ഇതുകൂടാതെ യുദ്ധദേവതാസങ്കല്‍പ്പത്തിലും പല തരം മാതൃദേവതകള്‍ ആരാധിക്കപ്പെട്ടു. ദുര്‍ഗാ, ചണ്ഡികാ, ചാമുണ്ഡാ, തമിഴകത്തെ കൊറ്റവൈ എന്നീ സങ്കല്‍പ്പങ്ങള്‍ ഇത്തരത്തില്‍ പ്രസിദ്ധങ്ങളാണല്ലോ. 
  രക്തദാഹികളായ ദേവീസങ്കല്‍പ്പങ്ങളും ആരാധിക്കപ്പെട്ടുപോന്നു. ഹര്‍ഷചരിതം, ബാണഭട്ടന്റെ കാദംബരീ, സുബന്ധുവിന്റെ വാസവദത്ത, ഭവഭൂതിയുടെ മാലതീമാധവം, ശൂദ്രകന്റെ മൃച്ഛകടികം, തമിഴ് മണിമേകലൈ, കഥാസരിത്സാഗരം എന്നിവയില്‍ ദേവീപ്രീതിക്കായി നരബലി നടത്തുന്നതിനെ വര്‍ണ്ണിച്ചിട്ടുണ്ട്. ആസ്സാമിലെ കാമാഖ്യയില്‍ നരബലി ഉണ്ടായിരുന്നത്രേ. ആസ്സാമിലെ ചുടിയാഗോത്രക്കാരുടെ കുലദേവത ഇത്തരത്തില്‍ നരബലി വേണ്ട ദേവി ആണത്രേ. രാജസ്ഥാന്‍, ഒറീസ്സാ, ബംഗാള്‍, തമിഴകം എന്നിവിടങ്ങളിലും ഇത്തരത്തില്‍ നര, മൃഗബലികള്‍ ദേവീപ്രീ
തിക്കായി നടന്നിരുന്നു. ഇന്‍ഡ്യയില്‍ അമ്മദൈവങ്ങള്‍ക്കാണ് ഇത്തരം ബലികള്‍ കൂടുതലും നല്‍കപ്പെട്ടിരുന്നത് എന്നു ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. .vamanan

No comments: