കര്‍ത്തവ്യമെന്നാലെന്താണ്? മാംസത്തിന്റെ, നമ്മുടെ ആസക്തിയുടെ, തള്ളിച്ചതന്നെ. ഒരു ആസക്തി ഉറച്ചുപോയാല്‍ നാം അതിനെ കര്‍ത്തവ്യമെന്നു വിളിക്കുന്നു. ഉദാഹരണത്തിന്, വിവാഹമെന്ന ഏര്‍പ്പാടില്ലാത്ത രാജ്യങ്ങളില്‍ ഭാര്യാഭര്‍ത്തൃകര്‍ത്തവ്യങ്ങളില്ല. വിവാഹം ഉണ്ടായിക്കഴിഞ്ഞാല്‍ അന്യോന്യാസക്തി ഹേതുവായി ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു പാര്‍ക്കുന്നു. ഇത്തരം ഒരുമിച്ചു ചേര്‍ക്കല്‍ ഏതാനും തലമുറകള്‍ കഴിയുമ്പോഴേക്ക് സ്ഥിരമായ ഒരേര്‍പ്പാടായിത്തീരുന്നു. അങ്ങനെ അതിനു സ്ഥിരത വന്നാല്‍ അതു കര്‍ത്തവ്യമായും തീരുന്നു. അതിനെ ഒരുതരം പഴകിയ രോഗമെന്നു പറയാം. അതു തീവ്രമാകുമ്പോള്‍ രോഗമെന്നും പഴകുമ്പോള്‍ സ്വപ്രകൃതി എന്നും പറയുന്നു. അതൊരു രോഗം തന്നെയാണ്. ഇങ്ങനെ ആസക്തി ചിരസ്ഥായിയായിത്തീരുമ്പോള്‍ നാമതിനെ കര്‍ത്തവ്യമെന്ന അന്തസ്സുള്ള പേരുകൊണ്ട് അഭിഷേകം ചെയ്യുന്നു; അതിന്‌മേല്‍ പൂവര്‍ച്ചിക്കുന്നു. അതിനുവേണ്ടി കാഹളം മുഴക്കുന്നു. അതിനെച്ചൊല്ലി മന്ത്രോച്ചാരണം നടക്കുന്നു. പിന്നെയങ്ങോട്ട്, ലോകമാകെ ഈ കര്‍ത്തവ്യത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലായി, അന്യോന്യം ആത്മാര്‍ത്ഥമായി കൊള്ളയടിക്കുകയായി.
കര്‍ത്തവ്യം നല്ലതുതന്നെ, മൃഗത്വത്തെ നിയന്ത്രിക്കാന്‍ ഉപകരിക്കുന്നിടത്തോളം. മറ്റൊരാദര്‍ശവും സ്വീകരിക്കാന്‍ കഴിവില്ലാത്തവരായി ഏറ്റവും താഴ്ന്നപടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യര്‍ക്ക് അത് അല്പം ഗുണം ചെയ്യും. എന്നാല്‍, കര്‍മ്മയോഗികളാകാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ത്തവ്യമെന്ന ഈ ആശയത്തെ ദൂരെ പരിത്യജിക്കണം. നിങ്ങള്‍ക്കും എനിക്കും ഒരു കര്‍ത്തവ്യവുമില്ല. നിങ്ങള്‍ക്ക് എന്തൊക്കെ ലോകത്തിനു ദാനം ചെയ്യാനുണ്ടോ അതൊക്കെ ഒരു തടസ്സവും കൂടാതെ ദാനം ചെയ്തുകൊള്ളുക; കര്‍ത്തവ്യത്തിന്റെ നിലയില്‍ വേണ്ടെന്നുമാത്രം. അതിനെപ്പറ്റി ചിന്തയേ വേണ്ട. നിര്‍ബ്ബന്ധത്തിനു വിധേയരാകരുത്. നിങ്ങള്‍ നിര്‍ബ്ബന്ധത്തിനു വിധേയരാകേണ്ട കാര്യമെന്ത്? നിര്‍ബ്ബന്ധത്തിനു വഴങ്ങി ചെയ്യുന്ന ഏതുകര്‍മ്മവും സക്തിയെ വളര്‍ത്തുവാനുതകും. നിങ്ങള്‍ക്ക് എന്തെങ്കിലും കര്‍ത്തവ്യം ഉണ്ടായിരിക്കേണ്ട ആവശ്യമെന്ത്? സര്‍വ്വവും ഈശ്വരങ്കല്‍ അര്‍പ്പിക്കുക. കര്‍ത്തവ്യബോധമാകുന്ന വഹ്‌നി സകലജനങ്ങളേയും എരി പൊരികൊള്ളിക്കുന്ന ഈ ഭയങ്കര തീച്ചൂളയില്‍, നിങ്ങള്‍ ഈശ്വരാര്‍പ്പണമാകുന്ന അമൃതം പാനം ചെയ്തു സുഖികളായിരിക്കുക. നാമെല്ലാം ഭഗവാന്റെ ഇച്ഛ നടത്തുകമാത്രമാണ് ചെയ്യുന്നത്; സമ്മാനങ്ങളോടും ശിക്ഷകളോടും നമുക്കൊരു ബന്ധവുമില്ല. സമ്മാനം വേണമെങ്കില്‍ ശിക്ഷയും സ്വീകരിക്കണം. ശിക്ഷയില്‍നിന്ന് ഒഴിയാനുള്ള ഏകമാര്‍ഗ്ഗം സമ്മാനം വേണ്ടെന്നു വെയ്ക്കുകയാണ്. ദുഃഖത്തില്‍ നിന്ന് മോചനത്തിനുള്ള ഒറ്റ വഴി സുഖം ഉപേക്ഷിക്കുകയാണ്. എന്തെന്നാല്‍, ഇവ രണ്ടും പരസ്പരബദ്ധങ്ങളത്രേ. ഒരുവശം സൗഖ്യം, മറു വശം ദുഃഖം; ഒരുവശം ജീവിതം, മറുവശം മരണം. മരണത്തെ അതിക്രമിക്കാനുള്ള ഒറ്റവഴി ജീവിതത്തോടുള്ള തൃഷ്ണ വെടിയുകയാകുന്നു. ജീവിതവും മരണവും രണ്ടു കാഴ്ചപ്പാടില്‍നിന്നു കാണുന്ന ഒരേ വസ്തുവാണ്. ദുഃഖമില്ലാത്ത സുഖമെന്നും മരണമില്ലാത്ത ജീവിതമെന്നുമുള്ള സങ്കല്പങ്ങള്‍ സ്‌കൂള്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പറ്റിയതാണ്. ചിന്തകന്മാര്‍ അവയുടെ അന്യോന്യവിരുദ്ധത മനസ്സിലാക്കി രണ്ടിനേയും ത്യജിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യത്തിനും പ്രശംസയോ പാരിതോഷികമോ കാംക്ഷിക്കാതിരിക്കുക. നാം ഒരു സത്പ്രവൃത്തി ചെയ്തുകഴിയുമ്പോഴേയ്ക്കും അതിനു ബഹുമതി കിട്ടണമെന്നാഗ്രഹിച്ചു തുടങ്ങുന്നു. നല്ലൊരു കാര്യത്തിനുവേണ്ടി കുറച്ചു പണം സംഭാവന ചെയ്താല്‍ ഉടന്‍തന്നെ നമ്മുടെ പേരു പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിക്കാണുവാന്‍ അഭിലാഷമായി. അത്തരം ആഗ്രഹങ്ങളുടെ ഫലമായി ദുഃഖം വന്നേ തീരൂ.
ലോകത്തിലുണ്ടായിട്ടുള്ളവരില്‍ ഏറ്റവും വലിയ ആളുകള്‍, അറിയപ്പെടാതെ മറഞ്ഞുപോവുകയാണുണ്ടായിട്ടുള്ളത്. ലോകത്തിനു യാതൊരറിവുമില്ലാത്ത അത്തരം മഹാത്മാക്കളോടു താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ അറിവില്‍പ്പെട്ടിട്ടുള്ള ബുദ്ധനും ക്രിസ്തുവുമെല്ലാം രണ്ടാംകിടയില്‍ നില്ക്കുന്ന മഹാപുരുഷന്മാര്‍മാത്രം. ഇത്തരം അജ്ഞാതരായ മഹാത്മാക്കള്‍ ശതക്കണക്കിന് എല്ലാ രാജ്യങ്ങളിലും ജീവിച്ചിരുന്ന് നിശ്ശബ്ദ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ നിശ്ശബ്ദരായി ജീവിക്കുന്നു, നിശ്ശബ്ദരായി ഇവിടം വിടുന്നു. കാലാന്തരത്തില്‍ അവരുടെ ആശയങ്ങള്‍ ബുദ്ധന്മാരിലും ക്രിസ്തുമാരിലുംകൂടി പ്രകാശിക്കുന്നു; ഈ ഒടുവില്‍ പറഞ്ഞ കൂട്ടര്‍ മാത്രമാണ് നമ്മുടെ അറിവില്‍പ്പെടുന്നത്. ഏറ്റവും ഉന്നതരായ വ്യക്തികള്‍ തങ്ങളുടെ വിജ്ഞാനം ഹേതുവായി എന്തെങ്കിലും പേരോ പ്രശസ്തിയോ കാംക്ഷിക്കുന്നവരല്ല. അവര്‍ തങ്ങള്‍ക്കുവേണ്ടി അവകാശവാദമൊന്നും പുറപ്പെടുവിക്കുന്നില്ല; സ്വന്തം പേരില്‍ മതങ്ങളോ സമ്പ്രദായങ്ങളോ സ്ഥാപിക്കുന്നുമില്ല. അങ്ങനെയുള്ള സമാരംഭങ്ങളില്‍നിന്ന് അവരുടെ പ്രകൃതി ആകമാനം പിന്‍വലിയുന്നു. ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിവില്ലാത്ത, പ്രേമവായ്പിനാല്‍ ഉരുകുന്ന, ശുദ്ധസാത്വികന്മാരാണവര്‍.
അങ്ങനെയുള്ള ഒരു യോഗിയെ ഞാന്‍ ഇന്ത്യയിലെ ഒരു ഗുഹയില്‍ കണ്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ള വലിയ അദ്ഭുതപുരുഷന്മാരില്‍ ഒരാളാണദ്ദേഹം. അദ്ദേഹത്തിലുള്ള മനുഷ്യന്‍ തീരെ മാഞ്ഞുപോയി, സര്‍വ്വാത്മകമായ ദിവ്യത്വം (ചൈതന്യം) മാത്രമേ അവശേഷിച്ചിരുന്നുള്ളു. അദ്ദേഹത്തിന്റെ വ്യക്തിത്വബോധം നിശ്ശേഷം നശിച്ചിരിക്കുന്നു. തന്റെ ഒരു കൈ ഒരു ജന്തു വന്നു കടിച്ചെടുത്താല്‍ മറ്റേ കൈകൂടി ആ ജന്തുവിന് കൊടുക്കാനും, അത് ഈശ്വരേച്ഛയെന്നു പറയുവാനും അദ്ദേഹം സന്നദ്ധനാണ്. തനിക്കു വന്നുചേരുന്ന ഏതനുഭവവും ഈശ്വരനില്‍നിന്നുവരുന്നതുതന്നെ. അദ്ദേഹം ആളുകളുടെ മുമ്പില്‍ സ്വയം പ്രത്യക്ഷപ്പെടുന്നില്ല. എങ്കിലും പ്രേമത്തിന്റേയും, സത്യവും മധുരവുമായ ആശയങ്ങളുടേയും കലവറയാകുന്നു അദ്ദേഹം...janmabhumi
No comments:
Post a Comment